Thursday, 19 June 2014

നഗ്നമനുഷ്യര്‍


നഗ്നമനുഷ്യര്‍


ശരത്‌ബാബു പല്ലന
..........................

"നിനക്കെപ്പോഴെങ്കിലും എന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ?" ചോദ്യം കേട്ട് പരിചിതമല്ലാത്ത ഭൂഖണ്ഡത്തില്‍ തനിച്ചെത്തിപ്പെട്ടവന്‍റെ മാനസ്സികാവസ്ഥയോടെ അവന്‍ അവളെ നോക്കി. അവള്‍ പുഞ്ചിരിച്ചു.
"
എനിക്കറിയാം, നിന്‍റെ എല്ലാ ശ്രമങ്ങളും പരാജയങ്ങളായിരുന്നു. ഒരു എട്ടുകാലിയെപ്പോലെ എന്‍റെ കുളിമുറിയുടെ പിന്‍ചുവരിലൂടെ നീ വലിഞ്ഞു കയറി തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ തിരിച്ചറിയുമായിരുന്നു. പക്ഷേ വലിഞ്ഞുകയറാനുള്ള ധൈര്യം പിടിച്ചു നില്‍ക്കുന്ന കാര്യത്തില്‍ നിനക്കില്ല, ശരിയല്ലേ?"
ഒരു കള്ളന്‍റെ മുഖഭാവത്തോടെ അവന്‍ തലകുനിച്ച് നിന്നു. അവന്‍റെ നിസ്സഹായവസ്ഥ കണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ട് അവള്‍ അവന്‍റെ മുഖം പിടിച്ചുയര്‍ത്തി. എന്നിട്ട് ശബ്ദം താഴ്ത്തി അവള്‍ ചോദിച്ചു.
"
നിനക്കെന്നെ കാണണോ?"
ഭയത്തോടെയും പ്രതീക്ഷയോടെയും അവിശ്വാസത്തോടെയും അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.

"
പറയൂ, കാണണോ നിനക്കെന്നെ?"

"
ങ്ഉം" അവന്‍ മൂളി.

"
പക്ഷേ അതിനു മുന്‍പ് എനിക്ക് നിന്നെ കാണണം"
പറഞ്ഞു കൊണ്ട് അവള്‍ അവന്‍റെ തോളില്‍ കരം അമര്‍ത്തി. അവളുടെ കണ്ണുകളിലെ അപ്പോഴത്തെ ഭാവം കണ്ട് അവള്‍ തെല്ലൊന്ന് പകച്ചുപോയി.

"
എന്താ നിനക്ക് സമ്മതമല്ലേ?"

അവന്‍ തലയാട്ടി. അവള്‍ അവനോട് ചേര്‍ന്നു നിന്നു. അവന്‍റെ നെഞ്ചിടിപ്പുയരുന്നത് വ്യക്തമായും അവള്‍ക്കപ്പോള്‍ കേള്‍ക്കാമായിരുന്നു.

"
നിനക്കറിയാമോ മനുഷ്യര്‍ ശരിക്കും നഗ്നരാണ്. ശരീരത്തിനോടൊപ്പം വസ്ത്രങ്ങള്‍ ഇല്ലാത്ത ജീവിയാണ് മനുഷ്യന്‍. തൂവലുകളോ ചെതുമ്പലുകളോ രോമപ്പുതപ്പുകളോ ഇല്ലാത്ത മനുഷ്യന്‍. കൃത്രിമ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന നഗ്നരായ മനുഷ്യര്‍, നഗ്നത വിലക്കപ്പെട്ട മനുഷ്യര്‍"
അവളുടെ ശ്വാസം അവന്‍റെ നഗ്നമായ കഴുത്തില്‍ തട്ടി.

"
അതുകൊണ്ടാണ് നീ കൃത്രിമവസ്ത്രങ്ങള്‍ ഇല്ലാത്ത ഇണയുടെ ശരീരം കാണാന്‍ ആഗ്രഹിക്കുന്നത്, ഇണയുടെ നഗ്നത ഇതുവരെ കണ്ടിട്ടില്ലാത്ത ഞാനും"

അവള്‍ പറഞ്ഞതൊന്നും അവന് മനസ്സിലായില്ലെങ്കിലും താന്‍ നഗ്നനാണെന്ന് അവനപ്പോള്‍ തിരിച്ചറിഞ്ഞു. തന്‍റെ ശ്വാസത്തിനരികില്‍ ആദ്യമായ് ഒരു നഗ്നത വിരിയുന്നതും അവന്‍ കണ്ടു.

തൂവലുകളോ ചെതുമ്പലുകളോ രോമപ്പുതപ്പുകളോ കട്ടിപ്പുറംതോടുകളോ കൃത്രിമവസ്ത്രങ്ങളോ ഇല്ലാത്ത രണ്ടു മനുഷ്യര്‍. രണ്ടു നഗ്നമനുഷ്യര്‍.