പ്രണയഹംസങ്ങള്‍
ശരത്‌ബാബു പല്ലന
...................................(ഓ എന്‍ വി യുടെ 'രണ്ടു ഹംസങ്ങള്‍' എന്ന കവിതയുടെ പ്രചോദനത്താല്‍)
ആത്മാവിലെവിടെയോ ആട്ടവിളക്ക് തെളിഞ്ഞു. പുറപ്പാടിന്‍റെ താളമായിരുന്നു അയാളുടെ ഹൃദയത്തിനപ്പോള്‍. അയാള്‍ അപ്പോള്‍ ശരിക്കും ഒരു ഹംസം ആയിരുന്നു. റഷ്യന്‍ കലാപാരമ്പര്യത്തിന് തിലകക്കുറി ചാര്‍ത്തി നില്‍ക്കുന്ന മോസ്കോ നഗരത്തിലെ ഇംപീരിയല്‍ ബോള്‍ഷോയ് തിയേറ്ററിലെ സര്‍ക്കിളില്‍ മറ്റൊരു ഹംസനടനത്തിനായി കാത്തിരിക്കുമ്പോള്‍ തനിക്ക് ചുറ്റും നളോദ്യാനം ഉണ്ടാകുന്നത് അയാള്‍ തിരിച്ചറിഞ്ഞു. ഇരുട്ടില്‍ നിന്നും അരിച്ചിറങ്ങിയ പ്രകാശം വേദിയെ ഒരു നീലത്തടാകമാക്കി മാറ്റിയത് അത്ഭുതത്തോടെ അയാള്‍ കണ്ടു.
അന്ന് അവളുടെ കണ്ണുകളിലും അതേ അത്ഭുതമായിരുന്നു. ഒരു റഷ്യക്കാരിയ്ക്ക് കഥകളി കാണണം എന്നതിലപ്പുറം അതിന് അയാള്‍ പ്രാധാന്യമൊന്നും കല്‍പ്പിച്ചില്ല. കളിയരങ്ങിലെ ഒരു മൂലയില്‍ താമരയിലയില്‍ ഉറങ്ങുന്ന ഹംസമായി കിടന്നപ്പോള്‍ പൂര്‍ണ്ണമായി മൂടാത്ത കണ്‍പോളകള്‍ക്കിടയിലൂടെ അയാള്‍ അവളുടെ മിഴികളിലെ തിരയിളക്കം കണ്ടു. നളനെയോ ദമയന്തിയെയോ അവള്‍ക്ക് കാണേണ്ട. അവളുടെ കണ്ണുകള്‍ തനിക്ക് ചുറ്റുമാണ് എന്നത് അയാളെ പുളകിതനാക്കി. പ്രണയദൂതുമായി പോകുന്ന ഹംസത്തിനെ ഒരു പെണ്‍കൊടി പ്രണയത്തോടെ നോക്കുന്നുവോ!
രണ്ടാം ദിവസം ആട്ടം കഴിഞ്ഞപ്പോള്‍ വേഷമഴിച്ചു കൊണ്ടിരുന്ന അയാളുടെ അരികിലേക്ക് അവളെത്തി. അവള്‍ക്ക് അയാളെ തൊടണം. അവള്‍ക്ക് തൊടാന്‍ പാകത്തില്‍ അയാള്‍ നിന്നു കൊടുത്തു. അയാളുടെ കവിളില്‍ തഴുകിക്കൊണ്ട് അവള്‍ പറഞ്ഞു. "ഞാനും ഒരു ഹംസമാണ്"
വേദിയിലെ കൃത്രിമ നീലത്തടാകത്തില്‍ ഹംസമായി അവളെത്തി. ഒഡേറ്റ, റോത്ബര്‍ട്ടിന്‍റെ ദുര്‍മന്ത്രമേറ്റ് ഹംസമായി മാറിയ സുന്ദരി. അവളുടെ കാമുകനായ സിയെഗ്ഫ്രിയെദ് ഒരു ഹംസമായിരുന്നെങ്കില്‍! ആ ഹംസം താനായിരുന്നെങ്കില്‍!
അതാ, സിയെഗ്ഫ്രിയെദ് റോത്ബര്‍ട്ടിന്‍റെ മകള്‍ ഒഡൈലിന് പ്രണയം വാഗ്ദാനം ചെയ്യുന്നു. ഹൃദയവേദനയോടെ ഹംസം ചോദിക്കുന്നു. "പ്രിയനേ, നീയെന്നെ തിരിച്ചറിയുന്നില്ലേ?"
വേദിയിലേക്ക് പറന്നിറങ്ങി അവളെ തൊടണമെന്ന് അയാള്‍ക്ക് തോന്നി, പക്ഷേ കഴിഞ്ഞില്ല. ഒഡേറ്റ എന്ന ഹംസം വേദിയിലെ തടാകത്തില്‍ വീണ് അലിഞ്ഞു കഴിഞ്ഞിരുന്നു. സ്വാന്‍ലേക്ക് ബാലെ അവസാനിച്ചപ്പോള്‍ താന്‍ ചിറകുകളില്ലാത്ത ഹംസമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അയാളുടെ പ്രണയത്തിന്‍റെ നളോദ്യാനത്തിലെ താമരയിലകള്‍ അപ്പോഴും ഒഴിഞ്ഞു കിടന്നു. അവിടെയൊരു സ്വാന്‍ലേക്ക് നടക്കുന്നുണ്ടോ! ഒഡേറ്റയും സിയെഗ്ഫ്രിയെദും അവിടെ നളന്‍റെയും ദമയന്തിയുടെയും വേഷം ആടാന്‍ എത്തുമോ?