Thursday, 19 June 2014

നഷ്ടപ്പെട്ട ആത്മാക്കള്‍ 2



നഷ്ടപ്പെട്ട ആത്മാക്കള്‍ (കഥ - ഭാഗം-2)

ശരത്ബാബു പല്ലന.

............................................................................................................................

അമൃത മുത്തശ്ശിയെ വല്ല്യമ്മേ എന്നാണ് വിളിക്കുന്നത്. അമൃതയും മുത്തശ്ശിയും തമ്മില്‍ ഇതിനോടകം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആത്മബന്ധം രൂപപ്പെട്ടെന്ന് മുത്തശ്ശന്‍റെ മരണത്തോട് അനുബന്ധിച്ച് ചെങ്ങന്നൂര്‍ നിന്ന പതിനാറ് ദിവസം കൊണ്ട് എനിക്ക് മനസ്സിലായി.

അമൃതയോടും പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരിഷ്ടം എനിക്കും ആ പതിനാറ് ദിവസങ്ങള്‍ക്കിടയിലെന്നോ രൂപപ്പെട്ടു. ഭ്രാന്തന്‍ദിനങ്ങളുടെ ലഹരിയില്‍ കുടുങ്ങിയ നാളുകള്‍ അവളേയും ഓര്‍മ്മച്ചിത്രമാക്കി. ചെങ്ങന്നൂരിലെ വീട്ടില്‍ വല്ല്യമ്മാവനും കുടുംബവുമാണ് ഇപ്പോള്‍ മുത്തശ്ശിക്കൊപ്പം. എന്‍റെ വഴിപിഴച്ച പോക്ക് വിരമിച്ച പട്ടാളക്കാരനായ അമ്മാവന് അത്ര ദഹിച്ച മട്ടല്ല. അതുകൊണ്ട് തന്നെ ആയിരിക്കും അമ്മാവന്‍ എന്നെ വിളിക്കാത്തതും എന്നെ വിളിക്കുന്നതില്‍ നിന്നും മാമിയേയും മക്കളേയും തടയുകയും ചെയ്യുന്നത്.

ചെറിയമ്മാവനും കുടുംബവും അടുത്ത് തന്നെ പുതിയൊരു വീട് വെച്ച് താമസിക്കുന്നുണ്ട്. ഇടയ്ക്കെപ്പോഴെങ്കിലും വഴക്ക് പറയാനെങ്കിലും വിളിക്കുന്ന ചെറിയമ്മാവനും മുത്തശ്ശിയുടെ കാര്യം വിളിച്ചു പറഞ്ഞില്ല. എനിക്ക് അമൃതയോട് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര നന്ദി തോന്നി. മുത്തശ്ശന്‍റെ പഴയ കട്ടിലില്‍ ഒരു ശുഷ്കിച്ച രൂപം. എന്‍റെ മുത്തശ്ശി.

"എന്‍റെ മോന്‍ വന്നോ?" ഞാന്‍ മുത്തശ്ശിയുടെ കൈകള്‍ എടുത്ത് ഉമ്മ വെച്ചു.

"ഇതെന്താ താടിയും മുടിയുമൊക്കെ വളര്‍ത്തി ആകെ കോലം കെട്ട്,
ഏതോ പെണ്ണിനെ പ്രേമിച്ച് കിട്ടാത്തതിനാണോ എന്‍റെ മോന്‍ ഇങ്ങനെ നടക്കുന്നേ?, എന്‍റെ മോന് മുത്തശ്ശന്‍ ഒരുപാട് കഥ പറഞ്ഞുതന്നു. പക്ഷേ പുരൂരവസ്സ് രാജാവിന്‍റെ കഥ മാത്രം പറഞ്ഞു തന്നില്ല" മുത്തശ്ശി പറഞ്ഞു.

കുറെനാളുകള്‍ക്ക് ശേഷം ഞാന്‍ മദ്യപിക്കാതിരുന്ന ആ രാത്രിയില്‍ മുത്തശ്ശി മരിച്ചു. ഞാന്‍ എന്ന വേദന മാത്രം മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട്. ശ്രീലവസന്ത് എന്ന യുവാവിനെ ആത്മാവ് കൊണ്ട് അനാഥനാക്കിക്കൊണ്ട്.

കൈതോലകള്‍ മടക്കിയുണ്ടാക്കിയ കളിവള്ളങ്ങള്‍. നൂറ് നൂറ് കളിവള്ളങ്ങള്‍ പമ്പയാറ്റിലൂടെ ഒഴുകി നടക്കുന്നു. ഞാനും ഒരു കളിവള്ളത്തിലാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കളിവള്ളങ്ങള്‍ ഒരുമിച്ച് ഒഴുകുന്നു. ദൂരെ ഒരു തുരുത്ത് കാണാം. പറന്ന് നടക്കുന്ന ആയിരമായിരം അപ്പൂപ്പന്‍താടികള്‍ നിലാവില്‍ തിളങ്ങുന്നു. വെള്ളത്തില്‍ എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തത്ര കുഞ്ഞ് നക്ഷത്രങ്ങള്‍ ഒഴുകിനടക്കുന്നു. ആ നക്ഷത്രങ്ങള്‍ക്ക് മീതെ കൂടി കളിവള്ളങ്ങള്‍ മുന്നോട്ട് പോകുന്നു. കളിവള്ളങ്ങള്‍ക്ക് വെള്ളിനിറം കിട്ടിയിരിക്കുന്നു. അപ്പൂപ്പന്‍താടികള്‍ അടിഞ്ഞു കൂടി ഉണ്ടായ ഒരു ദ്വീപ്. ആ ദ്വീപിനോട് ചേര്‍ന്ന് കളിവള്ളം നിന്നു. അതാ ആ ദ്വീപില്‍ ഇരുന്ന് സ്വര്‍ണ്ണം കൊണ്ടുള്ള വെള്ളക്കാകള്‍ കൊണ്ടും വെള്ളികൊണ്ടുള്ള ഈര്‍ക്കിലുകള്‍ കൊണ്ടും മുത്തശ്ശന്‍ കെട്ട്കുതിര ഉണ്ടാക്കുന്നു. മുത്തശ്ശിയും ഉണ്ട് അടുത്ത്.

"ദേ വാസുക്കുട്ടന്‍ വന്നു." മുത്തശ്ശി പറഞ്ഞു.

"വാടാ മക്കളേ, മൂത്തച്ചന്‍ മോന് കളിക്കാന്‍ കെട്ട്കുതിര ഉണ്ടാക്കുവാ"

ഞാന്‍ ഓടിച്ചെന്ന് കെട്ടുകുതിര വാങ്ങി. സ്വര്‍ണ്ണം കൊണ്ടുള്ള വാഴനാരില്‍ കെട്ടി അതും വലിച്ചു കൊണ്ട് ഞാന്‍ ഓടി. മുത്തശ്ശനും മുത്തശ്ശിയും ചിരിക്കുന്നു. ഞാന്‍ ഓടുകയാണ്. പൂമെത്ത വിരിച്ച വഴികളിലൂടെ, പിന്നീട് പൂഴിമണ്ണിലൂടെ, തുടര്‍ന്ന് ചെളിക്കുണ്ടുകളിലൂടെ. ഇപ്പോള്‍ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെയാണ് എന്‍റെ ഓട്ടം. ഉരുളന്‍ കല്ലുകള്‍ കൂര്‍ത്തകല്ലുകള്‍ ആയത് വളരെപ്പെട്ടെന്നാണ്. പോരെപ്പോരെ കൂര്‍ത്തമുള്ളുകളും കല്ലുകള്‍ക്കിടയിലുള്ള വഴിയിലൂടെയായി എന്‍റെയോട്ടം. എന്‍റെ കാലുകള്‍ മുറിഞ്ഞ് ചോരപൊടിക്കുന്നു. വലിച്ചു കൊണ്ട് ഓടിയ കെട്ട്കുതിര നഷ്ടപ്പെട്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ കൊച്ചുകുട്ടിയുമല്ല ഇപ്പോള്‍.

"വാസുക്കുട്ടാ, അവടെ നിക്കെടാ, എവിടേക്കാ ഈ കൊച്ചന്‍ അന്തംവിട്ടോടുന്നത്?" മുത്തശ്ശന്‍റെ വിളികേട്ട് ഞാന്‍ നിന്നു. മുത്തശ്ശനും മുത്തശ്ശിയും എന്‍റെ അരികില്‍ വന്നു നിന്നു.

"എവിടേയ്ക്കാ നിന്‍റെയീ ഓട്ടം?"

"പറഞ്ഞാല്‍ കേക്കാണ്ടായി ഇല്ലേ?"

"നീ എന്താ ശാന്തേടുത്തും ശ്രീധരന്‍റടുത്തും ഒന്നും പോകാത്തത്, നിന്‍റെ അമ്മയും അച്ഛനുമല്ലേ അവര്? നിന്‍റെ കുട്ടിക്കാലത്ത് ശാന്തയുടെ അസുഖവും നിന്‍റെ അച്ഛന്‍റെ ജോലിയുടെ കഷ്ടപ്പാടും കൊണ്ടല്ലേ അവര് നിന്നെ നോക്കാനായി ഞങ്ങളെ ഏല്‍പിച്ചത്?, അല്ലാതെ അവര്‍ക്ക് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടാണോടാ വാസുക്കുട്ടാ"

"എടാ വാസുക്കുട്ടാ, പെറ്റതള്ളയെ കരയിക്കുന്നത് അത്ര നല്ലതല്ല"

"ഞങ്ങടെ മോളാടാ അവള്, അവള്‍ക്ക് നൊന്താല്‍ ഞങ്ങള്‍ക്കും നോവും"

"അയ്യോ എന്‍റെ കുഞ്ഞിന്‍റെ കാലില്‍ ചോര!" മുത്തശ്ശി പെട്ടെന്ന് ഉറക്കെ കരഞ്ഞു. അപ്പോഴാണ് മുത്തശ്ശന്‍ അത് ശ്രദ്ധിക്കുന്നത്.

"അയ്യോ! എന്താടാ മക്കളേ ഇത്?" മുത്തശ്ശന്‍ പെട്ടെന്ന് മുട്ടുകുത്തിയിരുന്നു. എന്നെ തറയില്‍ പിടിച്ചിരുത്തിയിട്ട് എന്‍റെ കാല്‍പാദങ്ങള്‍ എടുത്ത് മടിയില്‍ വെച്ചു.

"ഒത്തിരി മുറിഞ്ഞ് കൊച്ചേ, കൊച്ചിന്‍റെ നേര്യതിന്‍റെ കോന്തല ഇങ്ങ് കീറിക്കേ, ചോര തുടക്കട്ടെ" മുത്തശ്ശന്‍ മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി നേര്യത് കീറിക്കൊടുത്തു. മുത്തശ്ശന്‍ അതുകൊണ്ട് എന്‍റെ കാല്‍പ്പത്തി തുടച്ചു. ആ കൈകള്‍ കൊണ്ട് അരുമയോടെ എന്‍റെ കാല്‍പാദങ്ങളില്‍ തലോടി. ആ വിരല്‍ത്തുമ്പുകളുടെ സ്നേഹസ്പര്‍ശനങ്ങളില്‍ ലയിച്ച് ഞാന്‍ സ്വയംമറന്ന് കിടന്നു.

ഇടയ്ക്ക് ഞാന്‍ കണ്ണുകള്‍ തുറന്ന് നോക്കി. മുകളില്‍ അതിവേഗത്തില്‍ കറങ്ങുന്ന ഫാന്‍. ഞാന്‍ ട്രയിനിലെ ബര്‍ത്തില്‍ കിടക്കുകയാണ് ഇപ്പോള്‍. മുത്തശ്ശനും മുത്തശ്ശിയും എവിടെ? പക്ഷേ മുത്തശ്ശന്‍റെ ആ നനുത്തസ്പര്‍ശം ഇപ്പോഴും കാല്‍പാദങ്ങളിലുണ്ട്. ഞാന്‍ കാല്‍ച്ചുവട്ടിലേക്ക് നോക്കി. എന്‍റെ കാല്‍പാദത്തില്‍ പിടിച്ചു കൊണ്ട് ശങ്കരനാരായണന്‍ സാര്‍ പുഞ്ചിരിയോടെ നില്‍ക്കുന്നു.

"എഴുന്നേല്‍ക്കെടോ, നാസിക് ആയി." സാര്‍ പറഞ്ഞു.

സമയം ഒന്‍പത് മണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ടോയ്ലറ്റില്‍ പോയി. ടോയ്ലറ്റിന്‍റെ ചുവരുകളില്‍ നിറയെ അശ്ലീല ചിത്രരചനകളുടെ പൂര്‍ണ്ണതയെത്താത്ത രൂപങ്ങള്‍. വിലകുറഞ്ഞ രതിവൈകൃത വിവരണങ്ങള്‍. കൂട്ടത്തില്‍ ചില അശ്ലീലവര്‍ഗ്ഗീയ ചിന്തകളും. ഇന്ത്യന്‍യുവത്വത്തിന്‍റെ ചീഞ്ഞളിഞ്ഞ ഉള്ളറകളുടെ നിഗൂഢ ലോകമാണ് പലപ്പോഴും ട്രയിന്‍ ടോയ്ലറ്റുകള്‍. കൂടുതലും മലയാളത്തിലാണ് എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി.

തിരികെ സീറ്റില്‍ വന്നപ്പോള്‍ ശങ്കരനാരായണന്‍സാര്‍ എനിക്ക് ബ്രേക്ക്ഫാസ്റ്റ് വാങ്ങി വെച്ചിരിക്കുന്നു. നിരസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

"മുത്തശ്ശനെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ വസന്തിന്?" എന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് സാര്‍ ചോദിച്ചു. ഞാന്‍ അതെയെന്ന് തലയാട്ടി.

"യു ആര്‍ എ ലക്കിമാന്‍, മുത്തശ്ശന്‍റെ ആത്മാവ് ഇപ്പോഴും വസന്തിന്‍റെ കൂടെ ഉണ്ട്"

"അതൊരു സീക്രട്ടാണ്, എനിക്ക് ആത്മാക്കളുടെ സാന്നിദ്ധ്യം അറിയാനുള്ള കഴിവുണ്ട്." ഞാന്‍ സാറിനെ വിശ്വാസം വരാതെ നോക്കി.

"എടോ ഇയാളിന്ന് വെളുപ്പാന്‍ കാലത്ത് കിടന്ന് പിച്ചും പേയും പറയുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ഇയാള്‍ ഉറക്കത്തില്‍ കിടന്ന് മുത്തച്ചാ മുത്തച്ചാ എന്ന് വിളിക്കുന്നു." എനിക്ക് വല്ലാത്ത ജാള്യത അനുഭവപ്പെട്ടു.

"തന്‍റെ വെളുപ്പാന്‍കാലത്തെ മുത്തച്ചാ എന്ന വിളി എന്നിലെ മുത്തച്ചന് ഒരു നിമിത്തമായടോ" ഞാന്‍ അദ്ദേഹത്തെ ചോദ്യഭാവത്തില്‍ നോക്കി.

"ഞാന്‍ മുംബൈയിലുള്ള മകനെ രാവിലെ വിളിച്ചു. അപ്പോഴാ അറിഞ്ഞത് എന്‍റെ പേരക്കുട്ടി സ്റ്റെപ്പില്‍ നിന്നും വഴുതി വീണ് കൈയ്യൊടിഞ്ഞിരിക്കുകയാണെന്ന്, എന്തായാലും ഞാന്‍ കല്യാണില്‍ ഇറങ്ങാന്‍ പോകുവാ, അവിടുന്ന് പേരക്കുട്ടിയുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു. നാട്ടിലേക്ക് നാളെ പോകാം, എനിവേ ഇപ്പോള്‍ നമ്മള്‍ കല്യാണില്‍ വച്ച് തത്കാലം പിരിയുന്നു."

കല്യാണിലെ മനംമടുപ്പിക്കുന്ന ശബ്ദകോലാഹലത്തിലേക്ക് ട്രയിന്‍ എത്തിച്ചേര്‍ന്നു. ശങ്കരനാരായണന്‍സാര്‍ യാത്ര പറഞ്ഞിറങ്ങി.

"നീരജയുടെ ബുക്ക് എന്‍റെ ഒരു ഗിഫ്റ്റായി വെച്ചോളൂ" അദ്ദേഹം നടന്നുപോകുന്നതും നോക്കി ഞാന്‍ ട്രയിന്‍റെ വാതില്‍ക്കല്‍ നിന്നു. അദ്ദേഹത്തിന്‍റെ നടത്തത്തിന് എന്‍റെ മുത്തശ്ശന്‍റെ നടത്തവുമായി സാമ്യം ഉണ്ടെന്ന് എനിക്ക് തോന്നി. ട്രയിന്‍ പിന്നേയും നീങ്ങി. നിര്‍വികാരതയുടെ ഒരു പകലും അസ്വസ്ഥതയുടെ ഒരു രാത്രിയും സമ്മാനിച്ചു കൊണ്ട് എണ്ണമറ്റ തുരങ്കങ്ങള്‍ക്കിടയിലൂടെ അലറിപ്പാഞ്ഞ് കൊങ്കണതീരം കടന്ന് കേരളത്തിലെത്തി.

എറണാകുളം എത്തുന്നത് വരെയുള്ള സമയം കൊണ്ട് നീരജയുടെ നോവലിന്‍റെ ബാക്കി ഭാഗം വായിച്ചു തീര്‍ത്തു. നായികയുടെ ബാല്യകാലത്തു നിന്നും കൌമാരത്തിലേക്കും കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്കും ഉള്ള പ്രയാണത്തില്‍ നായികയുടെ മനസ്സിനെ പിടിച്ചുലച്ച സംഭവങ്ങളും അതിജീവനങ്ങളും കീഴടങ്ങലുകളും ചെറുത്തുനില്‍പ്പുകളുമാണ് നോവലിന്‍റെ ഇതിവൃത്തം. നായിക ആത്മാവ് കൊണ്ടനുഭവിക്കുന്ന അതിഭീകരമായ ഏകാന്തത നോവലിനെ ഭയപ്പെടുത്തുന്നതാക്കുന്നു.

മരിച്ചു പോയ അമ്മമ്മയുടെ ഓര്‍മ്മകളില്‍ അഭയം തേടുന്ന നായികയോട് നീ തന്നെയാണ് ഞാന്‍ എന്ന് മനസ്സ് കൊണ്ടുപറഞ്ഞു പുസ്തകം മടക്കിവെച്ചു. പുറംചട്ടയിലെ നീരജാശ്രീറാമിന് നന്ദി സൂചകമായി ഒരു പുഞ്ചിരിയും സമ്മാനിച്ചു.

കുടുംബവീടിന്‍റെ മുറ്റത്ത് ഹോമപ്പുര കെട്ടിയിട്ടുണ്ട്. ബന്ധുക്കള്‍ക്കിടയിലേക്ക് ഒരു അപരിചിതനെപ്പോലെ ഞാനെത്തി. വല്യമ്മാവന്‍റെ രണ്ടുപെണ്‍മക്കളും ഭര്‍ത്താക്കന്‍മാരും ഇളയമ്മമാരുടെ മക്കളും എന്‍റെ അനുജനും ഉണ്ട്. ബഹുമാനം കൊണ്ടോ പുച്ഛം കൊണ്ടോ എന്തുകൊണ്ടാണെന്നറിയില്ല അവരൊക്കെ അകലം പാലിയ്ക്കുന്നു. അമ്മയോ അച്ഛനോ ഇളയമ്മമാരോ ആരും കണ്ടതായി നടിക്കുന്നില്ല. ചെറിയമ്മാവന്‍റെ മകന്‍ എയര്‍ഫോഴ്സിലാണ്. അയാളുണ്ടായിരുന്നെങ്കില്‍ ഇത്രകണ്ട് ഒറ്റപ്പെടില്ലായിരുന്നു. അയാള്‍ക്ക് അവധികിട്ടിക്കാണില്ലായിരിക്കും. കുറച്ച് കഴിഞ്ഞപ്പോള്‍ ചെറിയമ്മാവനും ഭാര്യയും എത്തി.

"എത്തിയോ നീ, നീ വരുമെന്ന് എനിക്കറിയാം. അതാ നിന്നെ വിളിച്ചത്. അച്ഛന്‍റെയും അമ്മയുടേയും ചടങ്ങ് നടക്കുമ്പോള്‍ നീയില്ലേല്‍ അത് പൂര്‍ണ്ണമാകില്ല" ചെറിയമ്മാവന്‍ പറഞ്ഞു.

ആദ്യം ഗണപതിഹോമം, പിന്നെ ഭഗവതിസേവ. അതുകഴിഞ്ഞ് സുദര്‍ശനഹോമം. സുദര്‍ശനഹോമം കഴിഞ്ഞ് പരേതാത്മാക്കളുടെ ആവാഹനച്ചടങ്ങ്. കര്‍മ്മി മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയും ഹോമപ്പുരയിലേക്ക് ക്ഷണിച്ചു.

"ആത്മാക്കള്‍ അവരുടെ ലോകത്തേക്ക് പോകാതെ കുടുംബത്തിനോടൊപ്പം നില്‍ക്കുന്നത് ദോഷമാണ്. ആത്മാക്കള്‍ പോകാത്തത് സ്നേഹം കൊണ്ടാണ്. പക്ഷേ നമുക്കും അവര്‍ക്കും അത് നല്ലതല്ല. അതുകൊണ്ട് ഭഗവാനില്‍ അവര്‍ ലയിക്കണം. ഭഗവാനെ ഈ ശ്രീചക്രത്തിന്‍റെ മദ്ധ്യത്തിലെ കലശത്തില്‍ ഭര്‍ഭപ്പുല്ല് കൊണ്ട് ബന്ധിപ്പിച്ച് വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ സര്‍വ്വവ്യാപിയായ ഭഗവാന്‍ സകലത്തിലും വ്യാപിച്ചു പോകും. നമ്മുടെ ആവശ്യത്തിന് വേണ്ടി ഭഗവാനോട് അപേക്ഷിച്ച് ഇവിടെ പിടിച്ച് നിര്‍ത്തിയിരിക്കുകയാണ്" കര്‍മ്മി പറഞ്ഞു. ജോത്സ്യന്‍ പ്രശ്നം വെച്ച് ശുഭലക്ഷണം പറഞ്ഞു. കര്‍മ്മി ഹോമകുണ്ഡത്തില്‍ നെയ്യൊഴിച്ചു.

അഗ്നി ആളികത്തി തുടങ്ങിയപ്പോള്‍ കര്‍മ്മി മുത്തശ്ശന്‍റെ പേരും നാളും പറഞ്ഞ് ആവാഹനമന്ത്രം ജപിച്ചു. ജോത്സ്യന്‍ കബഡി നിരത്തി. ഇല്ല ആവാഹിക്കപ്പെടുന്നില്ല. മുത്തശ്ശന്‍ തിരിച്ചു പോകാന്‍ ഒരുക്കമല്ല. ഏഴാമത്തെ തവണയും ശ്രമിച്ച് കര്‍മ്മി പരാജയപ്പെട്ടു. എന്‍റെ ശരീരം തളരുന്നതു പോലെ. ഞാനാകെ വിയര്‍ത്തു കുളിച്ചു. മുത്തശ്ശനെ ഒഴിവാക്കി കര്‍മ്മി മുത്തശ്ശിയെ ആവാഹിക്കാന്‍ ശ്രമിച്ചു. ഏഴുതവണ വീണ്ടും പരാജയപ്പെട്ടു.

"പേരറിയാത്ത പഴയ ആത്മാക്കള്‍ വല്ലതും ഉണ്ടേല്‍, ജ്ഞാത, ജ്ഞാത എന്ന് വിളിച്ചു നോക്കിയാലോ?" കര്‍മ്മി ജോത്സ്യനോട് ചോദിച്ചു. ജോത്സ്യന്‍ വീണ്ടും കവടി നിരത്തി.

"ഇല്ല, പേരറിയാത്ത ജ്ഞാതരായി പഴയ ആത്മാക്കള്‍ ഒന്നും തന്നെയില്ല" ജോത്സ്യന്‍ പറഞ്ഞു. കൂടുതല്‍ പണം പിടുങ്ങാന്‍ വേണ്ടിയുള്ള ജോത്സ്യന്‍റേയും കര്‍മ്മിയുടേയും ഒത്തുകളിയാണോ ഇതെന്ന് ഒരുവേള ഞാന്‍ സംശയിച്ചു.

"നേര്‍ച്ചക്കടം വല്ലതും കിടപ്പുണ്ടോന്ന് നോക്ക്" കര്‍മ്മി ജോത്സ്യനോട് പറഞ്ഞു. ജോത്സ്യന്‍ വീണ്ടും കവടി നിരത്തി.

"ഉം ഉണ്ട്, ഭഗവാന് തന്നെ ഒരു കടം കിടപ്പുണ്ട്. കൃഷ്ണന് നേര്‍ന്നത് കൊടുക്കാന്‍ മറന്നുപോയിട്ടുണ്ടോ ആരെങ്കിലും?" ഞങ്ങളോടായി ജോത്സ്യന്‍ ചോദിച്ചു. ഓരോരുത്തരും മുഖത്തോട് മുഖം നോക്കി. ഇല്ല എന്നായിരുന്നു എല്ലാവരുടേയും ഉത്തരം. ജോത്സ്യന്‍ വീണ്ടും കവടി നിരത്തി.

"ഉണ്ട്, ആത്മാവ് ദേഹത്തിരുന്നപ്പോള്‍ നേര്‍ന്നൊരു കടം ബാക്കിയുണ്ട്" ജോത്സ്യന്‍ പറഞ്ഞു.

"ആര്‍ക്കെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ? ഒന്ന് ഓര്‍ത്ത് നോക്ക്" കര്‍മ്മി പറഞ്ഞു.

മുത്തശ്ശന്‍ കചന്‍റേയും ദേവയാനിയുടേയും കഥ പറഞ്ഞു നിര്‍ത്തി. ഞാന്‍ മുത്തശ്ശന്‍റെ തണുത്ത കൈകളില്‍ മുറുകെ പിടിച്ചു.

"കൊച്ചേ, വാസുക്കുട്ടന്‍ എവിടെയാ പോയേ?, ആരോടും പറയാതെ എന്‍റെ കുഞ്ഞ് എന്തിനാ പോയേ? എന്‍റെ മോന് എന്ത് പറ്റീതാണോ ആവോ? ഏത് ദിക്കിലാണേലും ഒന്നും വരുത്താതെ കാത്തോണേ എന്‍റെ കൃഷ്ണാ" മുത്തശ്ശന്‍ പറഞ്ഞു.

"മുത്തശ്ശാ ഞാനിവിടെ ഉണ്ട്, മുത്തശ്ശന്‍റെ അടുത്തുണ്ട്"

"പഴയ ഓര്‍മ്മയില്‍ പറയുന്നതാ മോനേ, നീ പണ്ട് ആരോടും പറയാതെ നാട് വിട്ടുപോയില്ലേ, ആ കോഴിക്കോട്ട്കാരി പെണ്‍കൊച്ചിന്‍റെ പേരില്‍, ആ ഓര്‍മ്മ ആയിരിക്കും ഇപ്പോള്‍" മുത്തശ്ശി പറഞ്ഞു.

ഞാന്‍ കുറ്റബോധത്തോടെ നിശബ്ദം കിടന്നു. തപ്സിയുണ്ടാക്കിയ മുറിവുകള്‍ കൊണ്ട് ഭ്രാന്ത് പിടിച്ച ഞാന്‍ ഉണ്ടാക്കിയ മുറിവുകള്‍ക്ക് അതിനേക്കാള്‍ ആഴമുണ്ടായിരുന്നെന്ന് ഞാനപ്പോള്‍ തിരിച്ചറിയുകയായിരുന്നു.

പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴായിരുന്നു അവളെ പരിചയപ്പെട്ടത്. ആദ്യാനുരാഗത്തിന് ഇടയ്ക്കെവിടെയോ ഭംഗം വന്നപ്പോള്‍ അവള്‍ പറഞ്ഞു. "ഐ ഹേറ്റ് യു" പിന്നീടവള്‍ കുറെ ദിവസം മിണ്ടാതെ നടന്നപ്പോള്‍ ആത്മഹത്യ ചെയ്യണമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ അതിനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് നാടുവിട്ടു. രണ്ടാഴ്ച അലഞ്ഞുതിരിഞ്ഞു നടന്നപ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഭയമായി. തിരിച്ചെത്തി. അപ്പോഴേക്കും തപ്സിയെ അവളുടെ അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ചെന്നൈയിലെ എന്‍ജിനീയറിംഗ് പഠനം പകുതിവെച്ച് ഉപേക്ഷിച്ച് അതേ തപ്സിയെ അന്വേഷിച്ച് കോഴിക്കോട്ടേക്ക് പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിപ്പോയി. അതൊരു പാഠമായിരുന്നു. ഛര്‍ദ്ദിച്ച വസ്തു തിരിച്ചെടുക്കരുതെന്ന പാഠം.

"എട്ടും പൊട്ടും തിരിയാത്ത കൊച്ചനാ, തിരിച്ചു കൊണ്ടുത്തരണേ കൃഷ്ണാ, ഗുരുവായൂര് കൊണ്ടുപോയി ഒരു തുലാഭാരം നടത്തിയേക്കാവേ" മുത്തശ്ശന്‍ വീണ്ടും പറയുന്നു.

"ഒരു കടം ബാക്കി കിടപ്പുണ്ട് മോനേ, ഗുരുവായൂര് കൊണ്ടുപോയി തുളസിലകൊണ്ട് നിനക്കൊരു തുലാഭാരം, പൊന്നച്ചന്‍ അന്ന് നേര്‍ന്നതാ" മുത്തശ്ശി താഴെ തഴപ്പായയില്‍ കിടന്നു കൊണ്ട് പറഞ്ഞു.

"ഉണ്ട്, ഒരു കടം ബാക്കിയുണ്ട്. ഗുരുവായുര് എനിക്കൊരു തുലാഭാരം നേര്‍ന്നിട്ടുണ്ട് മുത്തച്ഛന്‍" ഞാന്‍ പറഞ്ഞു. കര്‍മ്മിയുടെ മുഖം പെട്ടെന്ന് പ്രകാശമാനമായി. അയാളുടെ മുഖത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു തേജസ്സ്. അയാള്‍ വീണ്ടും മന്ത്രം ജപിച്ചു.

"കൊച്ചുമകന്‍ തന്നെ കടം വീട്ടും, സന്തോഷമായി പൊയ്ക്കോ"

പിന്നീട് ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. എനിക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത മറ്റൊരു ലോകത്ത്.

"നീ വരുന്നില്ലേ വാസുക്കുട്ടാ, വര്‍ക്കലയ്ക്ക്?" ചെറിയമ്മാവന്‍ ചോദിച്ചു.

"ഇല്ല"

അത്താഴം വിളമ്പിത്തന്നത് അമ്മയായിരുന്നു. അമ്മയുടെ കണ്ണുകള്‍ തുളുമ്പി നില്‍ക്കുന്നു.

"രേണുകയ്ക്ക് സുഖമാണോ?" അമ്മ ചോദിച്ചു.

ആണെന്നും അല്ലെന്നും പറഞ്ഞില്ല. വെളുപ്പിന് തന്നെ എല്ലാവരും വര്‍ക്കലയിലേക്ക് പോയി. ആവാഹിച്ചെടുത്ത ആത്മാക്കളെ വര്‍ക്കല ജനാര്‍ദ്ദന ക്ഷേത്രത്തില്‍ കുടിയിരുത്താന്‍. ഞാന്‍ ആ പഴയ കുടുംബവീട്ടില്‍ തനിച്ചായി. രാവിലെ കുളിച്ച് ക്ഷേത്രത്തിലേക്ക് പോയി. പാര്‍വ്വതീ നടയില്‍ വെച്ച് അമൃതയെക്കണ്ടു.

"വന്നു എന്ന് ഞാന്‍ അറിഞ്ഞു. നിങ്ങള്‍ കുടുംബക്കാരെല്ലാരും ഉണ്ടായിരുന്നത് കൊണ്ടാ അങ്ങോട്ട് വരാഞ്ഞത്, അല്ല! വര്‍ക്കലയ്ക്ക് പോയില്ലേ വസന്ത് ചേട്ടന്‍?"

"ഇല്ല"

"അതെന്താ?"

"ഇന്നലെ വരെ രണ്ട് ആത്മാക്കള്‍ എന്‍റെ കൂടെയുണ്ടായിരുന്നു അമൃതാ. ഇന്നലെ എനിക്കവരെ നഷ്ടപ്പെട്ടു. എനിക്ക് കഴിയില്ല അതിന്, പൂര്‍ണ്ണമായും അനാഥനായി തിരികെപ്പോരാന്‍"

"ഉം ശരിയാ, വസന്ത് ചേട്ടനായിരുന്നു അവരുടെ ലോകം, പോകാഞ്ഞത് നന്നായി, അല്ലെങ്കില്‍ അവര്‍ തിരികെ കൂടെപ്പോന്നേനേ"

"അമൃതയുടെ ഭര്‍ത്താവ്?" വിഷാദപൂര്‍ണ്ണമായ ഒരു മന്ദഹാസം. അതില്‍ അല്‍പം ക്രൂരതയുണ്ട്, എന്നോട്.

"ഉണ്ട്, ചിലകാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാതിരിക്കുന്നതും സംസാരിക്കാതിരിക്കുന്നതുമാണ് കൂടുതല്‍ നല്ലത്" അവള്‍ പറഞ്ഞു.

"ഇപ്പോള്‍ പോയില്ലെങ്കിലും ഇനിയൊരിക്കല്‍ പോണം വര്‍ക്കലയ്ക്ക്, അവര്‍ കാത്തിരിക്കും വസന്ത് ചേട്ടനെ" അമൃത പുഞ്ചിരിയോടെ പറഞ്ഞു.

"ശരിയാ, പോണം. ഒരിക്കല്‍ അവിടെ പോകണം. മുരുകേഷ് പനയറയെന്നൊരു എഴുത്തുകാരനുണ്ട്. മൂപ്പരുടെ ഒരു കഥയില്‍ വര്‍ക്കലയില്‍ പോയി സ്വയം ബലിയിടുന്നൊരു കഥാപാത്രമുണ്ട്. അയാളെപ്പോലെ അവിടെപ്പോയി എനിക്കൊന്ന് സ്വയം ബലിയിടണം. എന്നിട്ട് ഒരു ആത്മാവായി അവിടെ കഴിയണം, എന്‍റെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം"

അമൃതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുന്നതിന് മുന്‍പേ അവള്‍ തിരിച്ചു നടന്നു. അവളെ പിടിച്ചു നിര്‍ത്തി നെറുകയില്‍ ഒന്ന് ചുംബിക്കണമെന്ന് എനിക്കപ്പോള്‍ തോന്നി. കണ്ണുനീര്‍പാടയില്‍ അവളുടെ ചിത്രം മങ്ങുന്നത് ഞാന്‍ അറിഞ്ഞു. ക്ഷേത്രത്തിന് പുറത്തിറങ്ങിയപ്പോള്‍ മൊബൈല്‍ഫോണ്‍ ചിലച്ചു. രേണുക. ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"വാസുക്കുട്ടാ... എവിടെയാ? വരുന്നില്ലേ? പിന്നയേ എളുപ്പം വാ, വാസുക്കുട്ടന്‍ ഒരു.. അച്ഛനാകാന്‍ പോകുന്നു"

അപ്പൂപ്പന്‍താടികള്‍ ലക്ഷ്യമാക്കിയൊഴുകുന്ന കളിവള്ളങ്ങള്‍ ഇപ്പോഴും എവിടെയോ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി.