അന്വേഷകന്‍
ശരത്‌ബാബു പല്ലന
-------------------മിര്‍ജം ഫെര്‍ഡിനാന്‍റ് എന്ന യൂറോപ്യന്‍ വനിത എന്നോട് പറഞ്ഞു.
"നിങ്ങള്‍ കേരളൈറ്റ്സ്, മിക്ക പുരുഷന്‍മാരും സ്ത്രീകളുടെ മാറിടത്തിലേക്ക് തുറിച്ച് നോക്കും, നിങ്ങളുടെ സുഹൃത്ത് സെലസ്റ്റിന്‍ ഞാന്‍ നഗ്നയാണെന്ന മട്ടിലാണ് നോക്കുന്നത്"
നിങ്ങള്‍ യൂറോപ്യന്‍സിന്‍റെ വസ്ത്രധാരണ രീതിയിലാണ് കുഴപ്പമെന്ന് വാദിക്കണമെന്ന് തോന്നിയെങ്കിലും അവള്‍ സെലസ്റ്റിന്‍റെ പേര് എടുത്തുപറഞ്ഞത് എന്നെ ധര്‍മ്മസങ്കടത്തിലാക്കി. മിര്‍ജത്തിന്‍റെ പരാതിയെക്കുറിച്ച് പിന്നീട് ഞാന്‍ സെലസ്റ്റിനോട് പറഞ്ഞു.
"എങ്ങനെ നോക്കാതിരിക്കും, എന്തൊരു സൈസാഡാ അവള്‍!"
അവന്‍റെ മറുപടി വളരെ ലാഘവത്തോടെ ആയിരുന്നു.
"നാളെ നിനക്ക് വേണ്ടപ്പെട്ട ഒരു പെണ്ണിനെ മറ്റൊരുവന്‍ ഇതുപോലെ തുറിച്ച് നോക്കിയാലോ?"
"അത് ഞാന്‍ സ്ത്രീകളെ നോക്കിയില്ലെങ്കിലും സംഭവിക്കാവുന്ന കാര്യമാണ്. പ്രകൃതിയുടെ ചോദനകളെ നിയന്ത്രിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. ഇനി ഞാന്‍ നിന്നോടൊരു സത്യം പറയട്ടെ, ആ തുറിച്ച് നോട്ടം ഉപബോധമനസ്സില്‍ അവര്‍ ആഘോഷിക്കുകയാണ്."
അവന്‍റെ ആ അഭിപ്രായത്തെക്കുറിച്ച് പിന്നീട് ഞാന്‍ ചിന്തിച്ചത് അവന്‍ മിര്‍ജത്തിനെ വിവാഹം കഴിച്ചു എന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ്. ഒരു യൂറോപ്യന്‍ ബാലെ നടി ഒരു ഇന്ത്യന്‍ സിനിമാ ഭ്രാന്തനെ പ്രണയിച്ചു വിവാഹം കഴിച്ചു എന്നതിനപ്പുറം എനിക്കതൊരു അത്ഭുത വാര്‍ത്ത ആയിരുന്നു. മധുവിധുവിന്‍റെ ആലസ്യത്തിന് ശേഷം അവന്‍ എന്നെ വിളിച്ചു.
"മിര്‍ജം എന്നെ പ്രണയിക്കുമെന്ന് നീ കരുതിയില്ല അല്ലേ, പണ്ട് എന്‍റെ നെഞ്ചത്താ അവന്‍റെ കണ്ണെന്ന് പറഞ്ഞവള് ഇപ്പോള്‍ എന്നെ നെഞ്ചോട് ചേര്‍ത്ത് കിടന്ന് ഉറങ്ങുന്നു."
ഒരു ഇന്തോയുറോപ്യന്‍ വിവാഹത്തില്‍ സംഭവിക്കാവുന്ന എല്ലാ സാംസ്കാരിക പൊരുത്തക്കേടുകള്‍ക്കും ശേഷം അവര്‍ വിവാഹ മോചിതരായി. പിന്നീട് എന്നെ കാണാന്‍ വന്നത് പഴയ ഭാഗ്യാന്വേഷി അല്ലായിരുന്നു.
"നിനക്കറിയുമോ, മിര്‍ജം എനിക്ക് എല്ലാമായിരുന്നു. ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ നെഞ്ചോട് ചേര്‍ത്തായിരുന്നു അവള്‍ ഉറക്കിയിരുന്നത്. എന്നിട്ടും അവളെന്നെ... നഷ്ടപ്പെട്ട് പോയ സ്തന്യത്തിനോടുള്ള ആര്‍ത്തി ആയിരിക്കാം, അല്ലെങ്കില്‍ മിടിക്കുന്ന ഹൃദയത്തില്‍ അലിഞ്ഞു ചേരാനുള്ള വെമ്പല്‍ ആയിരിക്കാം നമ്മളുടെ ദൃഷ്ടിയെ സ്ത്രീയുടെ മാറിടങ്ങളിലേക്ക് നയിക്കുന്നത്. അല്ലാതെ ഞരമ്പുകള്‍ നിറഞ്ഞ മാംസപിണ്ഡത്തിനോടുള്ള ഭ്രമമല്ല"
അവന്‍റെ ശബ്ദം ഒന്നിടറി.
"മാംസപിണ്ഡങ്ങളല്ലാത്ത സ്നേഹനെഞ്ചകങ്ങള്‍ ഞാന്‍ അന്വേഷിക്കട്ടെ" അവന്‍ പറഞ്ഞു.
എന്തിനെന്നറിയാതെ പൂക്കളെത്തേടുമ്പോള്‍ പ്രിയപ്പെട്ട ക്ലെയിംസ്, നിന്നെക്കാണാന്‍ ആരും വരില്ല. അത്രയ്ക്ക് പൊറുക്കാന്‍ കഴിയാത്ത അപരാധമാണ് നീ ചെയ്തത്. എങ്കിലും ഞാന്‍ നിന്നെക്കാണാന്‍ വന്നു. ഒരു പ്രതികാരത്തിന്‍റെ ആനന്ദമാണ് എനിക്കെന്ന് നീ തെറ്റിദ്ധരിക്കരുത്. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, ഒരുപക്ഷേ ശതദ്രുവിനെ സ്നേഹിച്ചതിനേക്കാള്‍ അധികം. ശതദ്രു, അവള്‍ സുന്ദരിയായിരുന്നു, അതുകൊണ്ട് തന്നെ നിരവധിപേര്‍ അവളുടെ പ്രണയം കൊതിച്ചിരുന്നു. അവള്‍ എന്നെ പ്രണയിച്ചതിന്‍റെ കാരണം ഇന്നും എനിക്കറിഞ്ഞു കൂടാ. നീ അവളെ ഇഷ്ടപ്പെടുന്നുവെന്ന് അവള്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ അത് അറിഞ്ഞതായി നിന്നോട് ഭാവിക്കാഞ്ഞത് ഒരുപക്ഷേ എന്‍റെ സ്വാര്‍ത്ഥത തന്നെയായിരിക്കാം. അവള്‍ എന്‍റേത് മാത്രമാണെന്ന് ഞാന്‍ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു കഴിഞ്ഞിരുന്നു.
ശതദ്രുവിന്‍റെ ഇടത്തേക്കണ്ണില്‍ നിന്നും ഉതിര്‍ന്ന അവസാനത്തെ തുള്ളി കണ്ണുനീരാണ് എന്‍റെ മനസ്സില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ഒരു മഹാസാഗരത്തിനേക്കാള്‍ വ്യാപ്തിയുണ്ട് അതിന്.
കഴിഞ്ഞ ആറുമാസക്കാലം നിന്‍റെ പേര് പോലും കേള്‍ക്കുന്നത് എനിക്ക് ഭയമായിരുന്നു ക്ലെയിംസ്. ലൈബ്രറിയ്ക്ക് പുറകിലെ കുറ്റിക്കാട്ടില്‍ അവളുടെ ശരീരം ഉപേക്ഷിച്ചപ്പോള്‍ കീറിപ്പറിഞ്ഞ അവളുടെ അവശേഷിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ടെങ്കിലും ആ നഗ്നതയുടെ ദൈന്യത നിനക്കൊന്ന് മുടാമായിരുന്നു. അവളുടെ കീഴ്ചുണ്ട് മുറിഞ്ഞ് തൂങ്ങി താഴത്തെവരി പല്ലുകള്‍ പുറത്ത് കാണാമായിരുന്നു. അവളുടെ വലത്തെക്കണ്ണ് തടിച്ച് വീര്‍ത്ത് കരിനീലിച്ച് കിടന്നിരുന്നു. അവളുടെ കൈകളിലേയും വാരിയെല്ലിലേയും അസ്ഥികള്‍ നുറുങ്ങിയിരുന്നു. ഹൃദയത്തിന്‍റെ മിടിപ്പ് മാത്രം അവശേഷിപ്പിച്ച് നീ അവളെ ഉപേക്ഷിച്ചു. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ ആ ഹൃദയമിടിപ്പും നിലച്ചു.
ശതദ്രുവിന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് തന്ന ഷോക്കില്‍ നിന്നും ഞാന്‍ ഇതുവരെ മുക്തനായിട്ടില്ല. ഒന്നു ചോദിച്ചോട്ടേ ക്ലെയിംസ്, ഇങ്ങനെ ക്രൂരമായി വേദനിപ്പിച്ചാണോ ഒരു പെണ്ണിന്‍റെ ശരീരം സ്വന്തമാക്കുന്നത്. സംതൃപ്തിയോടെ അവളെയൊന്ന് ചുംബിക്കാന്‍ പോലും നിനക്ക് കഴിഞ്ഞില്ലല്ലോ. പ്രാണന് വേണ്ടി പിടഞ്ഞുകൊണ്ടവള്‍ ഏല്‍പ്പിച്ച നഖക്ഷതങ്ങള്‍ നിന്‍റെ ദേഹത്തുണ്ടായി, പക്ഷേ അനുഭൂതിയുടെ നഖക്ഷതങ്ങള്‍ നിനക്കിപ്പോഴും അന്യമാണ്. നിനക്കവളുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിഞ്ഞിരിക്കാം, അവളെന്ന പെണ്ണിന്‍റെ ആഴങ്ങള്‍ നിനക്ക് അപ്പോഴും അന്യമായിരുന്നു.
നീ നിന്നെത്തന്നെ വഞ്ചിച്ചു.