ശബ്ദം (കഥ - ഭാഗം: രണ്ട് )
ശരത്ബാബു പല്ലന
..............................................................................................................................
പ്രണയം മനുഷ്യനെ അന്ധനാക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ആ വാക്കുകളെ ഞാന്‍ എന്നിലൂടെ വായിച്ചുനോക്കി. നൂര്‍ജഹാന്‍ എന്ന പെണ്‍കുട്ടി.
എടരിക്കോട് സ്കൂളിലെ മാപ്പിളപ്പാട്ട് നന്നായി പാടുന്ന ആ പെണ്‍കുട്ടിയോട് അതേ സ്കൂളില്‍ പഠിച്ച എനിക്ക് തോന്നിയ ഒരു ആകര്‍ഷണം. അത് പിന്നെ ആരാധനയായി. ആരാധന പിന്നെ പ്രണയമായി. എന്‍റെ ആദ്യത്തെ പ്രണയം. ഒരു പക്ഷേ ഒരേ ഒരു പ്രണയം.
പക്ഷേ എനിക്കൊപ്പം ജീവിക്കാന്‍ സര്‍വ്വവും ഉപേക്ഷിച്ച് എന്നോടൊത്ത് വരാന്‍ അവള്‍ തയ്യാറായ ഒരു നിമിഷം ഉണ്ടായിരുന്നു. ആ അനുകൂല നിമിഷത്തില്‍ ഞാനെന്തിനാണ് അവളില്‍ നിന്നും ഒളിച്ചോടിയത്? പ്രണയം മനുഷ്യനെ അന്ധനാക്കുമെങ്കില്‍ ഞാന്‍ അവളില്‍ നിന്നും ഒളിച്ചോടുമായിരുന്നോ?
ജീവിതത്തിന് ചില നിര്‍ണ്ണായക വഴിത്തിരിവുകള്‍ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു. പ്രീഡിഗ്രി അവസാനവര്‍ഷ പരീക്ഷ അടുക്കുമ്പോഴാണ് എനിക്ക് ആദ്യമായി കടുത്ത ചെവിവേദന വന്നത്. ശരീരത്തിന്‍റെ ബാലന്‍സ് തന്നെ തെറ്റി പോയ ചെവി വേദന. നടക്കാന്‍ ശ്രമിച്ചാല്‍ നടക്കാന്‍ വയ്യ, മുന്‍പില്‍ കുന്നും തടവും മാത്രം.
ചെവിയിലെ പെരിലിംഫ് എന്ന ദ്രാവകമാണത്രേ ശരീരത്തിന്‍റെ ബാലന്‍സ് നില നിര്‍ത്തുന്നത്, ബയോളജി ക്ലാസില്‍ നാന്‍സി ടീച്ചര്‍ പഠിപ്പിച്ച ഓര്‍മ്മ എനിക്കുണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ മികച്ചൊരു ഇ എന്‍ ഡി സ്പെഷ്യലിസ്റ്റിന്‍റെ അരികില്‍ അച്ഛന്‍ എന്നെ എത്തിച്ചു.
സ്റ്റേപ്പിസ് എന്ന ചെവിയിലെ ചെറിയ അസ്ഥി ദ്രവിച്ചു തുടങ്ങിയത്രേ. രവീന്ദ്രന്‍ എന്ന മികച്ച ഭിക്ഷഗ്വരന്‍ അത് കണ്ടെത്തി. ഏറ്റവും അടുത്ത ദിവസം തന്നെ എന്‍റെ ചെവിയില്‍ ശസ്ത്രക്രിയ നടത്തി. പതിമൂന്ന് ദിവസം ഞാന്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ കിടന്നു.
ആ പതിമൂന്ന് ദിവസവും എന്‍റെ പ്രിയപ്പെട്ട നൂര്‍ജാ എന്നെ കാണാന്‍ വന്നിരുന്നു. അങ്ങനെയാണ് അമ്മയും വിദ്യേച്ചിയും മനസ്സിലാക്കിയത് അവള്‍ക്കെന്നോട് പ്രണയമാണെന്ന്.
അടുത്ത ചെക്കപ്പ് ദിവസം രവീന്ദ്രന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു.
"ഹേമന്ത്, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയം കണ്ണ് ആണ്. അതു കഴിഞ്ഞാല്‍ ചെവി. പിന്നെ മൂക്ക്, നാക്ക് അവസാനമാണ്. ത്വക്കിനെ നമുക്ക് മറ്റ് നാല് ഇന്ദ്രിയങ്ങള്‍ക്കും ഒപ്പം നിര്‍ത്താം. എങ്കിലും കണ്ണും ചെവിയുമാണ് പ്രധാനം. ഈ ഭാഗങ്ങളില്‍ നാഡീകോശങ്ങള്‍ ധാരാളം ഉള്ളതിനാല്‍ ഇവിടെ സംഭവിക്കുന്ന ചെറിയ ക്ഷതം പോലും അസഹനീയ വേദനയായി നമുക്ക് അനുഭവപ്പെടും. അത്തരത്തിലൊരു വേദന ആയിരുന്നു ഹേമന്തിന്. അത് നമ്മള്‍ ചികിത്സിച്ച് ഭേദമാക്കി. പക്ഷേ ഒരു കാര്യമുണ്ട് ഇനിയൊരിക്കലും ഹേമന്തിന്‍റെ വലത്തെച്ചെവി കേള്‍ക്കില്ല"
ഡോക്ടര്‍ പറഞ്ഞത് ഞാന്‍ നിര്‍വികാരതയോടെ കേട്ടു.
"ഇനി മുതല്‍ ഇടത്തേ ചെവികൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കുക."
ആശുപത്രിയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ആലോചിച്ചു. ഇനിമുതല്‍ ഇടത്തേച്ചെവി കൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കുകയെന്ന് ഡോക്ടര്‍ എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ഇടത്തേച്ചെവിയ്ക്ക് കേള്‍വിയുണ്ട്, പിന്നെ ഒരു ശ്രമത്തിന്‍റെ കാര്യമില്ലല്ലോ. പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് മനസ്സിലായി ഒരു ചെവികൊണ്ട് മാത്രം കേള്‍ക്കുകയെന്നത് അത്യന്തം ശ്രമകരമായ കാര്യം തന്നെയാണെന്ന്.
അന്നൊക്കെ നൂര്‍ജ വളരെ ശബ്ദം കുറച്ചായിരുന്നു സംസാരിച്ചിരുന്നത്. വലത് വശത്തിരുന്ന് അവള്‍ സംസാരിച്ചാല്‍ എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിയില്ല. എന്‍റെ ഇടതുവശത്തിരുന്നു സംസാരിക്കാന്‍ ക്രമേണ അവള്‍ ശീലിച്ചു തുടങ്ങി. അവള്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങിയത് എനിക്ക് വേണ്ടിയായിരുന്നു. ഇപ്പോഴും അവള്‍ ഉറക്കെയാണ് സംസാരിക്കുന്നത്. അമ്മയും ഉറക്കെ സംസാരിച്ചു തുടങ്ങിയിരുന്നു.
സ്ത്രീകളുടെ സ്നേഹവും കരുതലും അങ്ങനെയാണ്, നമ്മുടെ ഏറ്റവും ചെറിയ കുറവുകള്‍ പോലും മനസ്സിലാക്കി അവര്‍ പെരുമാറും. ആ പെരുമാറ്റം നമുക്കു വേണ്ടി അവര്‍ ശീലമാക്കും. സ്ത്രീയുടെ മനശാസ്ത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗതിയും അതുതന്നെ.
നൂര്‍ജാ, എന്‍റെ ഇടത്തേച്ചെവിയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. രഹസ്യം പറയുമ്പോള്‍ നിന്‍റെ ചുണ്ടുകളുടെ സ്പര്‍ശനമേല്‍ക്കാന്‍ അതിന് ഭാഗ്യമുണ്ട്.
ആ വാക്കുകള്‍ ഞാന്‍ ഡയറിയില്‍ എഴുതിയിട്ടു. അച്ഛന്‍ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞത് അങ്ങനെയാണ്. അച്ഛന്‍റെ റിട്ടയര്‍മെന്‍റ് ആയിരുന്നു നേരിടേണ്ടി വന്ന ഏറ്റവും വലിയ സത്യം. ആലപ്പുഴ ലക്ഷ്മിത്തോപ്പ്കാരന്‍ ബാലസുബ്രഹ്മണ്യനും കുടുംബവും ഇതുവരെ മലപ്പുറം ജില്ലയിലെ എടരിക്കോട് എന്ന സ്ഥലത്തായിരുന്നു. ഇനി അവരെന്തിന് എടരിക്കോട് താമസിക്കണം.
നാട്ടില്‍ അച്ഛാമ്മയും കൊച്ചച്ഛനും ചിറ്റയും മക്കളുമുണ്ട്. ലക്ഷ്മിത്തോപ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലുമുറികളും അടുക്കളയുമുള്ള ഓടിട്ട ഒരു ചെറിയ വീട്. ഞങ്ങളുടെ പൊന്നച്ഛന്‍, അതായത് അച്ഛന്‍റെ അച്ഛന്‍റെ അദ്ധ്വാനമാണത്രേ ലക്ഷ്മിത്തോപ്പ് എന്ന ഓണം കേറാമൂലയിലെ ആ വീട്. ഇടയ്ക്ക് കൂടി ഒരു കൈത്തോട് ഒഴുകുന്ന ഏഴ് സെന്‍റ് ഭൂമി അച്ഛന്‍റെ പേരില്‍ അവിടെയുണ്ട്.
അമ്മയെ വിവാഹം കഴിച്ച കാലത്ത് പൊന്നച്ഛന്‍ അച്ഛന് വീട് വെയ്ക്കാന്‍ വേണ്ടി വാങ്ങിയിട്ടതാണ് ആ സ്ഥലം. ഞാന്‍ ജനിച്ച് ഒരു വയസ്സ് ആയപ്പോള്‍ അച്ഛന് മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പില്‍ പ്യൂണായി ജോലി കിട്ടി. ഇരുപത്തിരണ്ട് വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ക്ലര്‍ക്ക് ആയി അച്ഛന്‍ വിരമിച്ചു.
വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു എന്‍റെ നീക്കങ്ങള്‍. ഡിഗ്രിയ്ക്ക് തേഞ്ഞിപ്പാലത്ത് തന്നെ അഡ്മിഷന്‍ തരപ്പെടുത്തി. അച്ഛനും അമ്മയും വിദ്യേച്ചിയും എന്നെ ഹോസ്റ്റലില്‍ ആക്കിയിട്ട് നാട്ടിലേക്ക് പോയി. നാട്ടില്‍ നങ്ങ്യാര്‍കുളങ്ങര കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്താം എന്ന് അച്ഛന്‍ തീരുമാനിച്ചതായിരുന്നു. അച്ഛന്‍ തീരുമാനം നടപ്പിലാക്കുകയും ചെയ്തേനേ. പക്ഷേ അതിനെ ഞാന്‍ അതിജീവിച്ചത് രവീന്ദ്രന്‍ എന്ന നല്ല മനുഷ്യനിലൂടെ ആയിരുന്നു.
ഡോക്ടറും രോഗിയും തമ്മില്‍ അഭേദ്യമായ ഒരു ഹൃദയബന്ധമുണ്ട്. അതിന് ഉദാഹരണമാണ് ഞാനും രവീന്ദ്രന്‍ ഡോക്ടറും. അദ്ദേഹം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു മകനെപ്പോലെ.
"മിസ്റ്റര്‍ ബാലസുബ്രഹ്മണ്യന്‍, താങ്കളുടെ മകനെ ഞാനായിരുന്നു ഇതുവരെ ചികിത്സിച്ചിരുന്നത്. ഓപ്പറേഷന്‍ നടത്തിയതും ഞാന്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു അവസ്ഥയാണ് താങ്കളുടെ മകന്‍റേത്. അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള നിരീക്ഷണങ്ങളും പരിശോധനയും എനിക്ക് തന്നെ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം"
ഡോക്ടറുടെ വാക്കുകള്‍ക്ക് മുമ്പില്‍ അച്ഛന്‍ മുട്ടു മടക്കി.
"ഹേമന്ത്, നീ നിന്‍റെ അച്ഛനെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഇരുപത് വര്‍ഷങ്ങള്‍ക്ക് മുകളിലായി സ്വന്തം നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നടന്നുപോയ ഇടവഴികളും കളിച്ചു നടന്ന മൈതാനങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ അവിടെയാണ്. അയാളുടെ ശരീരത്തിന്‍റെ ഓരോ പരമാണുവും അവിടേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കും. ഒരു മകനെന്ന നിലയില്‍ നിന്‍റെ കര്‍ത്തവ്യം അച്ഛന്‍റെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കുക എന്നതാണ്."
അടുത്ത ചെക്കപ്പ് ദിവസം ഡോക്ടര്‍ എന്നോട് പറഞ്ഞു.
ഒരിക്കല്‍ ഡോക്ടര്‍ എന്നോട് ചോദിച്ചു.
"എല്ലാ ചെക്കപ്പ് ദിവസങ്ങളിലും നിന്‍റെ കൂടെ വരുന്ന ആ മൊഞ്ചത്തി ഏതാ? എന്താ അവളെ നീ എനിക്ക് പരിചയപ്പെടുത്താത്തത്?"
നൂര്‍ജയെ ഞാന്‍ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തിയത് അങ്ങനെയാണ്.
"അപ്പോള്‍ ഇവള്‍ക്ക് വേണ്ടിയാണ് നീ നാട്ടില്‍ പോകാതെ ഇവിടെത്തന്നെ പറ്റിപ്പിടിച്ച് കിടക്കുന്നത്, അല്ലേ?"
നൂര്‍ജയുടെ ഡിഗ്രി പഠനവും പാരലല്‍ കൊളേജില്‍ തന്നെയായിരുന്നു. ഞങ്ങള്‍ക്ക് തമ്മില്‍ കാണാനുള്ള അവസരങ്ങളായിരുന്നു ചൊവ്വാഴ്ച ദിവസങ്ങളിലെ പ്രഭാതങ്ങള്‍. ചൊവ്വാഴ്ചകളിലായിരുന്നു എന്‍റെ ചെക്കപ്പ് നടന്നിരുന്നത്. അതുകൊണ്ട് തന്നെ ഇന്നും ഓരോ ചൊവ്വാഴ്ചകളും എനിക്ക് പ്രിയപ്പെട്ടതാണ്.
ഇന്നും ഒരു ചൊവ്വാഴ്ചയാണ്. ഇന്നത്തെ പ്രഭാതമുണര്‍ന്നത് ചെന്നൈ എന്ന മഹാനഗരത്തിലാണ്. ചെന്നൈയില്‍ ഇതിന് മുന്‍പ് വന്നിട്ടുള്ളത് നൂര്‍ജയെക്കാണാനാണ്. മറീന ബീച്ചിലെ ശബ്ദമുഖരിതമായ ഒരു വരണ്ടസായാഹ്നം. അവള്‍ എന്നില്‍ നിന്നും അകലാന്‍ പഠിച്ച് തുടങ്ങിയത് ആ സായാഹ്നത്തിലാണെന്ന് തോന്നുന്നു.
മംഗലാപുരത്തെ അവളുടെ സംഗീതഗുരു ജലീല്‍അഹമ്മദുമായി അവള്‍ പിണക്കത്തിലായി. അയാള്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്രേ. ഞാനും അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഉഡുപ്പിയിലെ സത്രത്തില്‍ വെച്ച് ഞങ്ങള്‍ ആത്മാവിന്‍റെ സംഗീതം പങ്കിട്ട ആ രാത്രി പുലര്‍ന്നപ്പോള്‍.
"വേണ്ട ഹേമന്ത്, എന്‍റെ ഈ ജന്മത്തിലെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു. നീ മറ്റൊരു വിവാഹം കഴിക്കണം. അതാണ് എന്‍റെ ആഗ്രഹം. വിവാഹിതരായാല്‍ നമുക്കൊരിക്കലും സന്തോഷമായിട്ട് ജീവിക്കാന്‍ പറ്റില്ല."
അന്ന് അതിന്‍റെ പേരില്‍ അവളോട് പിണങ്ങി യാത്രപോലും പറയാതെ അവിടെ നിന്നും പോയി. അപ്പോഴും അവളുടെ ഒരാഗ്രഹം ബാക്കി കിടപ്പുണ്ടായിരുന്നു. ഉഡുപ്പിയിലെ ഏതെങ്കിലും ഒരു ബ്രാഹ്മിണ്‍സ് ഹോട്ടലില്‍ നിന്നും ഒരു മസാലദോശ.
ശബ്ദങ്ങളില്ലാത്ത ചെന്നൈ നഗരം ഒരു അനുഭവം തന്നെയാണ്. ഞാനത് നേരിട്ട് അറിയുന്നു.
നിശബ്ദമായ സെന്‍ട്രല്‍ സ്റ്റേഷന്‍. റോഡിലൂടെ ശബ്ദമില്ലാതെ പായുന്ന വാഹനങ്ങള്‍. ശബ്ദമുണ്ടാക്കാതെ ചുണ്ടുകളും കൈകളും മാത്രം അനക്കി മുല്ലപ്പൂ വില്‍ക്കുന്ന തമിഴത്തികള്‍. വിദ്യേച്ചിയുടെ ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു, രണ്ടു ചെവികളുടേയും കേള്‍വി ശക്തി നഷ്ടപ്പെട്ട എനിക്ക് തുണയായി.
മൈലാപ്പൂരിലെത്തി രവീന്ദ്രന്‍ ഡോക്ടറുടെ വസതി കണ്ടെത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ചെന്നൈയിലാണെന്ന് വിദ്യേച്ചിയുടെ ഭര്‍ത്താവ് അന്വേഷിച്ചു കണ്ടുപിടിച്ചിരുന്നു. നഷ്ടപ്പെട്ട് പോയ കേള്‍വി തിരിച്ചു കിട്ടാനുള്ള നേര്‍ത്ത പ്രത്യാശയുടെ അവസാനത്തെ അന്വേഷണം ഇന്ന് ഇവിടെ രവീന്ദ്രന്‍ ഡോക്ടറുടെ മാലയിട്ട ചിത്രത്തിന് മുന്നില്‍ അവസാനിക്കുന്നു.
ഒരേ ഒരു തവണമാത്രമേ ഡോക്ടറുടെ മഞ്ചേരിയിലെ വീട്ടില്‍ പോയിട്ടുള്ളൂ. നൂര്‍ജ എനിക്കൊപ്പം ഇറങ്ങി വരാമെന്ന് പറഞ്ഞ അന്ന് രാത്രി.
"ഹേമന്ത്, ജീവിതം കുട്ടിക്കളിയല്ല. ഇത് നിന്‍റെ എടുത്ത് ചാട്ടമാണ്. നൂര്‍ജഹാന്‍ നല്ല പെണ്‍കുട്ടിയാണ്. പക്ഷേ അവളെ സ്വന്തമാക്കി ഒരു നല്ല ജീവിതം നയിക്കാനുള്ള കെല്‍പ് ഇന്ന് നിനക്കില്ല. മാത്രമല്ല അടുത്തമാസം ആദ്യം നിന്‍റെ സഹോദരിയുടെ വിവാഹവും."
"ഡോക്ടര്‍ എനിക്ക് അവളെ ഉപേക്ഷിക്കാന്‍ വയ്യ"
"അവളെ നീ ഉപേക്ഷിക്കണമെന്ന് ഞാന്‍ പറയില്ല. ബട്ട്, ലുക്ക് ബിഫോര്‍ യൂ ലീപ്. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, അവളെ കോണ്ടുപോയാല്‍ നീ എങ്ങനെ അവള്‍ക്ക് ചെലവിന് കൊടുക്കും?"
"ഡോക്ടര്‍ ഞാന്‍ കൂലിപ്പണിയെടുത്ത് അവളെ പോറ്റിക്കോളാം"
"അപ്പോള്‍ നിന്‍റെ ഫ്യൂച്ചര്‍? അവളെ കൊണ്ടുപോയാല്‍ ഉണ്ടായേക്കാവുന്ന സാമുദായിക പ്രശ്നങ്ങള്‍, നിങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന സാംസ്കാരിക വൈജാത്യങ്ങള്‍, അതിലെല്ലാമുപരി അതിന്‍റെ പേരില്‍ നിന്‍റെ സഹോദരിയുടെ വിവാഹം തന്നെ മുടങ്ങിയേക്കാം, ഓര്‍ക്കുക, നിന്‍റെ അച്ഛന്‍റെ ഒരു ആയുസ്സിന്‍റെ സമ്പാദ്യമാണ് നിന്‍റെ സഹോദരിയുടെ വിവാഹം"
"ഡോക്ടര്‍ ഞാനെന്താ ചെയ്ക?"
"ഹേമന്ത്, നിനക്കിനിയും വിവാഹപ്രായം ആയിട്ടില്ല, പക്ഷേ മലപ്പുറത്തെ കള്‍ച്ചര്‍ അനുസരിച്ച് നൂര്‍ജഹാന്‍റെ വിവാഹ പ്രായം കഴിഞ്ഞു, എങ്കിലും നൂര്‍ജഹാനോട് നീ പറയൂ, നിനക്ക് വേണ്ടി വെയ്റ്റ് ചെയ്യാന്‍"
"ഡോക്ടര്‍, ഇനിയും അത് അവള്‍ക്ക് കഴിയില്ല"
"നാളെ ചൊവ്വാഴ്ചയല്ലേ, നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചല്ലേ വരുന്നത്. നമുക്ക് ഒരുമിച്ച് സംസാരിക്കാം"
"നാളെ... നാളെ അവള്‍ എന്‍റെ കൂടെ വരാന്‍ തയ്യാറായിട്ടായിരിക്കും ഹോസ്പിറ്റലിലേക്ക് വരുന്നത്"
ഡോക്ടര്‍ കുറേ നേരം മിണ്ടാതെ ഇരുന്നു. എന്നിട്ടു പറഞ്ഞു.
"ഹേമന്ത്, നാളെ നീ ചെക്കപ്പിന് വരണ്ട. അതാണ് ഈ വിഷയത്തില്‍ എന്‍റെ തീരുമാനം"
അന്ന് ആ ചൊവ്വാഴ്ച. നൂര്‍ജ എന്നെയും കാത്ത് മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഇ എന്‍ ടി ഡിപ്പാര്‍ട്ട്മെന്‍റിന് മുന്‍പില്‍ ആ കറുത്ത ചൊവ്വാഴ്ച. ഞാന്‍ അവളെ ആദ്യമായി വഞ്ചിച്ച ചൊവ്വാഴ്ച. ഞാന്‍ തിരൂര്‍ സ്റ്റേഷനില്‍ നിന്നും നാട്ടിലേക്ക് ട്രയിന്‍ കയറി, സ്വപ്നങ്ങളുപേക്ഷിച്ച്. അതുപോലെ ഈ ചൊവ്വാഴ്ച രാത്രി കേള്‍വിയെന്ന സ്വപ്നം നിശബ്ദമായ ചെന്നൈ മഹാനഗരത്തില്‍ ഉപേക്ഷിച്ചു ഞാന്‍ നാട്ടിലേക്ക് ട്രയിന്‍ കയറുന്നു.
ശബ്ദമില്ലാതെ ട്രയിന്‍ ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഹൃദയത്തില്‍ നിറയെ നൂര്‍ജയുടെ ശബ്ദമാണ്. സംസാരിക്കാന്‍ ഞാന്‍ മറന്നു പോയിരിക്കുന്നു. കേള്‍വിയില്ലാത്തവന്‍ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ!
അമ്മയുടെ സ്നേഹത്തോടെയുള്ള വിളി എനിക്കിനി കേള്‍ക്കാന്‍ കഴിയില്ലല്ലോ. അച്ഛന്‍ പ്രൌഢഗംഭീരമായ ശാസന എനിക്കിനി കേള്‍ക്കാന്‍ കഴിയില്ലല്ലോ. വിദ്യേച്ചിയുടെ അനിയന്‍കുട്ടാ എന്ന വിളി എനിക്കിനി കേള്‍ക്കാന്‍ പറ്റില്ലല്ലോ.
നാളെ മുതല്‍ ഓഫീസില്‍ പോകണം. എസ്റ്റാബ്ലിഷ് മെന്‍റ് സെക്ഷനില്‍ ഇരിക്കാന്‍ ലേബര്‍ഓഫീസര്‍ നിര്‍ദേശം തന്നിട്ടുണ്ട്. അപ്പോള്‍ പൊതുജനങ്ങളുമായി ഇടപെടേണ്ട ആവശ്യങ്ങള്‍ കുറയും. എന്‍റെ ഓഫീസ്, ആലപ്പുഴ ലേബര്‍ ഓഫീസ്. എനിക്കൊത്തിരി സന്തോഷം തരുന്ന ഇടമാണ് അത്. അവിടെയാണ് നൂര്‍ജ എന്നെ തിരക്കി വന്നത്.
അവളുടെ വിവാഹത്തിന് ശേഷം നീണ്ട ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, എന്നെക്കാണാന്‍ വേണ്ടി മാത്രം അവള്‍ ആലപ്പുഴയിലെത്തി. അന്ന് അവള്‍ പ്രസിദ്ധഗായകന്‍ ജലീല്‍അഹമ്മദിന്‍റെ കൂടെ ആയിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവളെക്കാണാന്‍ അവളുടെ ക്ഷണപ്രകാരം മംഗലാപുരത്തേക്ക് പോയത്.
ആ കണ്ടുമുട്ടലില്‍ ആയിരുന്നു മാല്‍പേ ബീച്ചിലെ ആ മനോഹര സായാഹ്നവും ഉഡുപ്പിയിലെ സത്രത്തിലെ ആ രാത്രിയും ഉണ്ടായത. ഉഡുപ്പിയില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായും അവസാനമായും അവളോട് പിണങ്ങിയത്.
ഇപ്പോള്‍ അവള്‍ എവിടെ ആയിരിക്കും? പാരീസിലോ ലണ്ടനിലോ അതോ ഏതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിലോ. ഇന്ത്യയ്ക്ക് പുറത്ത് എവിടെയോ അവള്‍ ഉണ്ട്. അവളിപ്പോള്‍ ഒരു ഇറാനിയന്‍ ഗായക സംഘത്തിന്‍റെ കൂടെയാണ്.
കേള്‍വി നഷ്ടപ്പെട്ടതിന് ശേഷമുള്ള ജീവിതം രസകരമാണ്, പുതിയൊരു അനുഭവവും ആണ്. ലക്ഷ്മിത്തോപ്പിലെ പ്രഭാതങ്ങളില്‍ ഇപ്പോള്‍ കാക്കകളും കിളികളും കരയാറില്ല. ഇലഞ്ഞിത്തോട് വളഞ്ഞൊഴുകിന്നിടത്ത് ഇപ്പോള്‍ കള കള ശബ്ദമില്ല. അമ്മയുടെ പശുവും ആടുകളും കോഴികളും താറാക്കൂട്ടങ്ങളും ഇപ്പോള്‍ ശബ്ദമുണ്ടാക്കാറില്ല.
ഇടത്തെ ചെവിയ്ക്ക് തകരാര്‍ സംഭവിച്ചു തുടങ്ങിയപ്പോള്‍ ശബ്ദം എനിക്ക് അലര്‍ജി ആയിരുന്നു. ചെവിയ്ക്കുള്ളിലൂടെ കൂര്‍ത്ത കുന്തമുനകള്‍ തുളച്ച് കയറിപ്പോയി ഹൃദയമിടിപ്പിനെ ത്വരിതപ്പെടുത്തുന്ന അവസ്ഥ. അതിന് പരിഹാരം തലച്ചൊര്‍ തന്നെ കണ്ടെത്തി. ശബ്ദതരംഗങ്ങളെ സംവേദിച്ചെടുക്കുന്ന കലാപരിപാടി തലച്ചോര്‍ എന്നെന്നേക്കുമായി നിര്‍ത്തി വെച്ചു.
ഇപ്പോഴത്തെ ജീവിതം എത്ര സുന്ദരമാണ്. ഇരമ്പല്‍ ഇല്ലാത്ത, ഹോണ്‍ മുഴക്കാത്ത വാഹനങ്ങള്‍ പാഞ്ഞു പോകുന്ന നാഷണല്‍ ഹൈവേ. കൊട്ടാരവളവില്‍ നിന്നും ആലപ്പുഴയിലേക്ക് കര്‍ കര്‍ ശബ്ദമില്ലാത്ത കെ എസ് ആര്‍ ടി സി ബസ് യാത്ര. മൌനമുറഞ്ഞ് കിടക്കുന്ന ആലപ്പുഴപ്പട്ടണം. ഏറ്റവും സുന്ദരമായ കാഴ്ചയാണത്.
ലേബര്‍ ഓഫീസില്‍ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല. മുന്‍വാതിലിലൂടെ നൂര്‍ജ നടന്നു വരുന്നത് പോലെ ഒരു തോന്നല്‍. തോന്നല്‍ നഷ്ടബോധമായപ്പോള്‍ ലീവ് എഴുതിവെച്ചിട്ട് പുറത്തേക്കിറങ്ങി.
നേരേ ബീച്ചിലെത്തി. കടലിരമ്പമില്ലാത്ത ആലപ്പുഴ കടപ്പുറം. മുന്നില്‍ എന്‍റെ സ്വപ്നങ്ങള്‍ പോലെ തകര്‍ന്നു കിടക്കുന്ന കടല്‍പ്പാലം. കാലങ്ങളായി കടലിരമ്പം കേള്‍ക്കാതെ കടലിനെ ചുംബിച്ചു കിടക്കുന്ന കടല്‍പ്പാലം. എത്ര നേരം അവിടെ ഇരുന്നെന്നറിയില്ല. നൂര്‍ജയുടെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു.
നൂര്‍ജാ, എനിക്ക് ചുറ്റുമുള്ള സാന്ദ്രമൌനത്തെ ഞാനിപ്പോള്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ എന്നെങ്കിലും നിന്നെക്കാണുമെങ്കില്‍ നിന്‍റെ പാട്ട് എനിക്ക് എനിക്ക് കേള്‍ക്കാന്‍ കഴിയില്ലല്ലോ.
ആ ചിന്തയിലാണ് കേള്‍വി നഷ്ടപ്പെട്ടതില്‍ എനിക്ക് ഏറ്റവും അഗാധമായ ദുഖം ഉണ്ടായത്. എന്‍റെ മുന്നിലെ കടലിനോളം അഗാധമായ ദുഖം.
നൂര്‍ജാ, ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ.
നീ പാടിക്കൊണ്ടിരിക്കുമ്പോള്‍ നിന്‍റെ മുന്നില്‍ കേള്‍വിയില്ലാതെ ഞാനിരിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല.
പൂഴിമണ്ണിലേക്ക് മലര്‍ന്ന് കിടന്ന് ആകാശത്തേക്ക് നോക്കി കിടന്നു. വെണ്‍മേഘങ്ങള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. മേഘമേ നീ പൊഴിയുമ്പോള്‍ നിന്‍റെ മഴശബ്ദം എനിക്കിനി കേള്‍ക്കാന്‍ പറ്റില്ല, നിന്‍റെ ഇടി ശബ്ദം എനിക്കിനി കേള്‍ക്കാന്‍ പറ്റില്ല.
മേഘങ്ങള്‍ ചുവന്ന് തുടങ്ങിയപ്പോഴാണ് സന്ധ്യ ആയത് ഞാനറിഞ്ഞത്. ഞാന്‍ കണ്ണുകളടച്ച് കിടന്നു.
അതെ, ഞാനിപ്പോള്‍ മാല്‍പേ ബീച്ചിലാണ്. എനിക്കിപ്പോള്‍ കടലിരമ്പം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. മേഘരാഗത്തില്‍ ഒരു അനുരാഗഗാനം ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ നൂര്‍ജ പാടുന്നു. എനിക്ക് വേണ്ടി പാടുന്നു. ഞാനിപ്പോള്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ്.
ഈ പാട്ട് തീരുമ്പോള്‍ മേഘം ഒരു ഒറ്റമഴത്തുള്ളിയായി എന്‍റെ കവിളില്‍ പതിക്കും.