Thursday, 19 June 2014

പ്രണയോന്മാദം


പ്രണയോന്മാദം


ശരത്‌ബാബു പല്ലന
............................

ചിലപ്പോള്‍ ഞാന്‍ ആശിച്ച് പോകാറുണ്ട്, ഞാന്‍ നിന്‍റെ വിയര്‍പ്പുതുള്ളിയായിരുന്നെങ്കില്‍. നിന്‍റെ നെറ്റിമുതല്‍ ചുംബിച്ച് നിന്‍റെ മൂക്കിന്‍തുമ്പിനെ തലോടിയിറങ്ങി നിന്‍റെ മേല്‍ചുണ്ടിനെ നനച്ച് നിന്‍റെ കവിള്‍ത്തടങ്ങളെ തൊട്ടുരുമ്മി നിന്‍റെ കഴുത്തിലെ വലംപിരിശംഖിന്‍റെ ചുറ്റുകളിലൂടെ ചാലുകള്‍ തീര്‍ത്ത് നിന്‍റെ വക്ഷോജങ്ങള്‍ക്കിടയിലൂടെ പുഴ പോലൊഴുകി നിന്‍റെ അണിവയറിനെ ശാദ്വലമാക്കി നിന്‍റെ പൊക്കിള്‍ചുഴിയെ നനച്ച് നിന്നെ കുളിരണിയിച്ച് നിന്‍റെ കാല്‍പാദങ്ങളില്‍ വീണ് ചിന്നിച്ചിതറുന്ന വിയര്‍പ്പുതുള്ളി ആയിരുന്നെങ്കില്‍ ഞാന്‍!

മണല്‍ക്കാറ്റില്‍ പെട്ടുപോയ ജീവിതത്തെ പ്രണയത്തിന്‍റെ മൂടുപടത്തിലൊതുക്കി ആ മൂടുപടത്തിനുള്ളിലെ നമ്മള്‍ മാത്രമുള്ള ലോകത്തിരുന്നു എനിക്ക് നിന്നെ മതിവരുവോളം ചുംബിക്കണം. അപ്പോള്‍ പ്രണയത്തിന് ഉപ്പുരസമായിരിക്കും, നിന്‍റെ വിയര്‍പ്പിന്‍റെ ഉപ്പുരസം.

സ്വപ്നപ്പൂക്കള്‍ വിരിഞ്ഞ രാമോഹച്ചെടികളിലെ മുള്ളുകള്‍ കൊണ്ട് പഴുത്ത് വിങ്ങുന്ന ഹൃദയത്തില്‍ പ്രണയത്തിന്‍റെ അവശേഷിച്ച ഉപ്പുനീര് വീണ് നീറുന്നു. ആ നീറ്റലിലാണ് പ്രണയം ഒരു ഉന്മാദമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

ഞാന്‍ ഇന്നൊരു പ്രണയശില്‍പ്പം കൊത്തിയുണ്ടാക്കും. അപ്പോള്‍ നീ സംശയിക്കും ഞാനൊരു ശില്‍പി ആണോയെന്ന്. അല്ല, ഞാന്‍ ശില്‍പിയല്ല. ഞാന്‍ ചിത്രകാരനാണ്, പ്രണയം തുളുമ്പുന്ന നിന്‍റെ കണ്ണുകള്‍ മാത്രം വരച്ച് അതിലേക്ക് മാത്രം നോക്കിയിരിക്കുന്ന ചിത്രകാരന്‍. എങ്കിലും ഞാനൊരു ശില്‍പം കൊത്തിയെടുക്കാനുദ്ദേശ്ശിക്കുന്നു. ഒരു വെണ്ണക്കല്‍ ചതുരസ്തംഭത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന നിന്‍റെ നഗ്നത. ആ ചതുരം എനിക്കായി നീ കാത്തുവെച്ച പ്രണയത്തിന്‍റെ കിടപ്പറയുടെ പ്രതിബിംബം ആയിരിക്കും. നിന്‍റെ കണ്ണുകള്‍ കൂമ്പിയടഞ്ഞിരിക്കും, സുഖകരമായ ഒരു ആലസ്യത്തിലെന്നോണം. ശില്‍പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന നിന്‍റെ ഒരേയൊരു കൈ, നിന്‍റെ ഇടംകൈ, അത് ആകാശത്തേക്കുയര്‍ന്ന് നില്‍ക്കും, നിന്‍റെ സുഖകരമായ ആലസ്യത്തിന്‍റെ നിര്‍വൃതിയെന്നോണം. നിന്‍റെ അരക്കെട്ടില്‍ ചുറ്റിക്കിടക്കുന്ന ഒരു പാമ്പിനേയും ഞാന്‍ കൊത്തിയുണ്ടാക്കും, എന്‍റെ വിഷകാമത്തിന്‍റെ പ്രതീകമെന്നോണം. ആ പാമ്പിന് രണ്ട് തലയുണ്ടായിരിക്കും, ഒന്ന് നിനക്ക് നേരേയും മറ്റേത് നിനക്കെതിരെയും.

കാണുന്നവര്‍ വിചാരിക്കും നീ പ്രണയബിംബമാണെന്ന്. പക്ഷേ എന്‍റെ പ്രണയത്തിന്‍റ ബിംബങ്ങളില്‍ മാത്രം നീ ഒതുങ്ങിനില്‍ക്കുമോ?

ഇനിയൊരു തണുത്ത കാറ്റ് വീശട്ടെ, നിന്‍റെ ആത്മാവിന്‍റെ ചൂട് തേടി ഞാന്‍ എത്താം.