നഷ്ടപ്പെട്ട ആത്മാക്കള്‍ (കഥ - ഭാഗം-1)
ശരത്ബാബു പല്ലന.
........................................................................................................................
"എനിക്കൊന്ന് നാട്ടില്‍ പോകണം"
അങ്ങനെയൊരു കാര്യം ഞാന്‍ പറഞ്ഞത് രേണുക ഇതുവരെ കേട്ട മട്ടില്ല. എന്തിന് എന്നൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. ചിലനേരങ്ങളില്‍ അവളുടെ മൌനം എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കും.
ചുളുവുകള്‍ വീഴാന്‍ ആഗ്രഹിക്കാത്ത കിടക്കവിരിയുടെ അങ്ങേത്തലയ്ക്ക് അവള്‍ പുറംതിരിഞ്ഞു കിടക്കുന്നു. ഒരു കരസ്പര്‍ശനത്തിനായി അവള്‍ കൊതിക്കുന്നുണ്ടായിരിക്കാം. പക്ഷേ ഞാന്‍ അതിന് മുതിര്‍ന്നില്ല. നിര്‍വികാരത ഞാനും പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. കണ്ണുകളടച്ച് ഞാന്‍ കിടന്നു.
ഒരു കടത്തുവള്ളത്തിന്‍റെ അണിയത്ത് തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ ബാലനെ ഞാന്‍ കണ്ടു. കരയ്ക്ക് നില്‍ക്കുന്ന രണ്ടു വൃദ്ധരുടെ നിലവിളി ഞാന്‍ കേട്ടു. മുത്തച്ഛനും മുത്തശ്ശിയും. മുത്തച്ഛന്‍ പുഴയിലേക്ക് എടുത്ത് ചാടുന്നു. വള്ളത്തിനരികിലേക്ക് മുത്തച്ഛന്‍ നീന്തി വന്നു. അണിയത്ത് തൂങ്ങിക്കിടന്ന എന്നെ ഉയര്‍ത്തി വള്ളത്തിനുള്ളിലേക്കിട്ടിട്ട് മുത്തച്ഛന്‍ വള്ളത്തിനകത്തേക്ക് കയറി. മുത്തച്ഛന്‍ എന്നെ വാരിയെടുത്തു ഉമ്മ വെച്ചു. മുത്തച്ഛന്‍ വല്ലാതെ കിതയ്ക്കുന്നു. ഇത്തിരിനേരം ശ്വാസം വലിച്ച് വിട്ടിട്ട് മുത്തച്ഛന്‍ വീണ്ടുമെന്നെ ഉമ്മവെച്ചു. പുഴയില്‍ ഓരുവെള്ളമായിരുന്നത്രേ. മുത്തച്ഛന്‍റെ ശരീരത്തിലൂടെ ഒഴുകുന്ന വെള്ളത്തിന് ഉപ്പുരസം. അതെ എന്‍റെ ചുണ്ടുകളില്‍ ഇപ്പോഴും അതേ ഉപ്പുരസം.
ഞാന്‍ ഞെട്ടി കണ്ണുതുറന്നു. രേണുക എന്നെ ചുംബിച്ചു കൊണ്ടേയിരിക്കുന്നു. എന്‍റെ ചുണ്ടുകളില്‍ അവളുടെ കണ്ണീരിന്‍റെ ഉപ്പുരസം.
"എന്തിനാ കരയുന്നത്?"
"എനിക്കറിയില്ല" അവള്‍ പറഞ്ഞു. മൊബൈല്‍ ഫോണിലെ അലാറം ചിലച്ചപ്പോള്‍ ഞാന്‍ വീണ്ടും കണ്ണു തുറന്നു. രേണുക എന്‍റെ നെഞ്ചില്‍ തലവെച്ച് കിടന്ന് ഉറങ്ങുന്നു. കിടക്കവിരി അപ്പോഴും ചുളുങ്ങിയിട്ടില്ലായിരുന്നു.
ഡല്‍ഹിയിലെ തണുത്തവെളുപ്പാന്‍ കാലങ്ങളെ എനിക്ക് വെറുപ്പാണ്. രണ്ടോ മൂന്നോ ശക്തിയായ എന്‍റെ തുമ്മലുകള്‍ക്ക് ശേഷം അവള്‍ ഞെട്ടിയുണര്‍ന്നു.
"എന്ന് നിങ്ങള്‍ പുകവലി നിര്‍ത്തുന്നോ അന്ന് നിങ്ങളുടെ ഈ നശിച്ച തുമ്മല്‍ നില്‍ക്കും."
അവള്‍ ഈര്‍ഷ്യയോടെ പറഞ്ഞിട്ട് കിടക്കവിട്ടെഴുന്നേറ്റ് പോയി. തുമ്മല്‍ പിന്നേയും മിനിട്ടുകള്‍ നീണ്ടു. മോര്‍ണിംഗ് അലര്‍ജ്ജി. ഡല്‍ഹി എന്ന മഹാനഗരം എനിക്ക് തന്ന സമ്മാനം. പ്രാതലിന് മുന്നിലിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു.
"എന്തിനാ നാട്ടില്‍ പോകുന്നത്?"
"മുത്തച്ഛനേയും മുത്തശ്ശിയേയും ആവാഹിച്ചിരുത്തുന്നു."
"ഓഹോ, അപ്പോള്‍ നിങ്ങള്‍ക്കാവാം, എനിക്ക് പറ്റില്ല, അല്ലേ?"
"എന്ത്?"
"അന്ധവിശ്വാസം" ഞാന്‍ മറുപടി പറഞ്ഞില്ല.
"ഇത് ഇരട്ടത്താപ്പാണ്" അവളുടെ സ്വരത്തില്‍ പുച്ഛരസം. അവളുടെ പാചകത്തില്‍ ഏറ്റവും മികച്ചത് സാമ്പാര്‍ ആണ്. മുന്നിലിരിക്കുന്ന സാമ്പാറിനോടും എനിക്കപ്പോള്‍ ദേഷ്യം തോന്നി.
"ഞാന്‍ ദൈവീകമായ എന്തുകാര്യം പറഞ്ഞാലും അത് അന്ധവിശ്വാസം, നാട്ടിലെ തിരുമേനി പ്രശ്നം വെച്ച് പറഞ്ഞതാ നിങ്ങള്‍ക്ക് സര്‍പ്പദോഷം ഉണ്ടെന്ന്. അന്ന് പറഞ്ഞു, കാശ് പിടുങ്ങാന്‍ പലരും പലതും പറയുമെന്ന്. ഇവിടെ ഈ ഫ്ലാറ്റില്‍ വെച്ച് ഞാന്‍ കണ്ടു, സര്‍പ്പങ്ങള്‍ ഇണയാടുന്നത്. അതും അന്ധവിശ്വാസം. അവറ്റകള്‍ ഇണയാടുവല്ലത്രേ, രണ്ടു പാമ്പുകള്‍ അവരുടെ ടെറിറ്ററിയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്യുവാണു പോലും. നാഗങ്ങള്‍ കണ്‍കണ്ട ദൈവങ്ങളാണ്. പക്ഷേ അതൊക്കെ നിങ്ങള്‍ക്ക് അന്ധവിശ്വാസം. അപ്പോള്‍ ഈ ആവാഹിച്ചിരുത്തല്‍ അന്ധവിശ്വാസമല്ലേ?"
സംസാരിച്ച് തീര്‍ന്നപ്പോള്‍ അവള്‍ കാരണമില്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഇത് അന്ധവിശ്വാസമായിരിക്കാം കുട്ടീ, പക്ഷേ ഇതിന് എന്‍റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഞാന്‍ മനസ്സില്‍ പറഞ്ഞു.
രേണുകയുടെ പുതിയ സ്കൂട്ടറിന്‍റെ പുറകില്‍ ഇരുന്നാണ് ഹസര്‍ത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയത്. ഒരിക്കലും ആളൊഴിയാത്ത ആറാം നമ്പര്‍ പ്ലാറ്റ്ഫോറത്തില്‍ ട്രയിന്‍ എന്നേയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.
"ഒണ്‍ലി ടെന്‍ ഡേയ്സ്, അതിനു മുന്‍പ് ഇവിടെ എത്തിയിരിക്കണം. പിന്നെ സ്വാതന്ത്ര്യം കിട്ടിയ ദിവസങ്ങള്‍ കുടിച്ച് കൂത്താടി ആഘോഷിച്ചിട്ട് ഇവിടെ വന്ന് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ ഞാന്‍ തിരിഞ്ഞു കൂടി നോക്കില്ല, പറഞ്ഞേക്കാം" രേണുകയുടെ അന്ത്യശാസനം.
മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ്സ് സാവധാനം പ്ലാറ്റ്ഫോറത്തില്‍ നിന്നും നീങ്ങി. പിന്നെ ഡല്‍ഹിയെന്ന ശ്വാസം മുട്ടിയ്ക്കുന്ന നഗരത്തില്‍ നിന്നും രക്ഷപെട്ടോടുന്നത് പോലെ ട്രയിന്‍ അതിവേഗം കൂകിപ്പാഞ്ഞു, ആ മഹാസമതലത്തിലൂടെ ദക്ഷിണദിക്ക് ലക്ഷ്യമാക്കി.
യാത്ര തുടങ്ങിയടത്ത് തന്നെ മനസ്സ് ഒട്ടിക്കിടക്കുന്ന യാത്രകള്‍ ഉണ്ട്. യാത്രയേക്കാള്‍ മുന്‍പേ മനസ്സ് യാത്ര ചെയ്തു തുടങ്ങുന്ന ചില യാത്രകളും ഉണ്ട്. എന്നാല്‍ ഈ യാത്ര അങ്ങനെയല്ലായിരുന്നു. യാത്രയുടെ വേഗതയേക്കാള്‍ കൂടുതല്‍ വേഗത്തിലെത്താന്‍ ശരീരത്തെ മുന്നോട്ട് തെള്ളാന്‍ മനസ്സ് വെമ്പുന്ന ഒരു യാത്ര. മുന്നോട്ട് കുതിക്കുന്ന മനസ്സ് ഇടയ്ക്കിടെ പിന്തിരിഞ്ഞു നിന്ന് ശരീരത്തെ മുന്നോട്ട് വലിക്കാന്‍ ശ്രമിയ്ക്കുന്ന യാത്ര.
"നാട്ടില്‍ എവിടാ?" ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വൃദ്ധന്‍. അയാളുടെ മുഖത്ത് വല്ലാത്തൊരു തേജസ്സ് ഉള്ളതുപോലെ. അയാള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.
"ചെങ്ങന്നൂര്‍" ഞാന്‍ മറുപടി പറഞ്ഞു.
"വസന്ത് എന്നോ മറ്റോ അല്ലേ പേര്?"
"അതെ! വസന്ത് എന്നുതന്നെ. ശ്രീലവസന്ത്, അതാ മുഴുവന്‍ പേര്"
"അതെ ശ്രീലവസന്ത്, എനിക്കറിയാം വസന്തിനെ. ഡെല്‍ഹിയില്‍ ചുരുക്കം ചിലര്‍ക്കിടയില്‍ ശ്രീലവസന്ത് എന്ന പേരിന് വളരെയധികം പോപ്പുലാരിറ്റി ഉണ്ട്."
"അത് എങ്ങനെ?"
"വസന്ത്, ഞാന്‍ ടൈംസ് ഓഫ് ഇന്‍ഡ്യയിലാണ്. അതുകൊണ്ട് തന്നെ വസന്തിന്‍റെ കാര്‍ട്ടൂണുകള്‍ ഞാന്‍ മിക്കവാറും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഒരു പരാതിയുണ്ടെനിക്ക്, താങ്കള്‍ക്ക് ഒരു പ്രൊഫഷണലിസത്തിന്‍റെ കുറവുണ്ട്. എന്നാലും താങ്കളുടെ കാരിക്കേച്ചറുകളുടെ ഒരു ആരാധകനാണ് ഞാന്‍. ബൈ ദ ബൈ എന്‍റെ പേര്. ശങ്കരനാരായണന്‍. സ്വദേശം കല്‍പാത്തി, പാലക്കാട്"
ഞാന്‍ പെട്ടെന്ന് എഴുന്നേറ്റുപോയി. ലോകം കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാണ് എന്‍റെ മുന്‍പില്‍ ഇരിയ്ക്കുന്നത്. കുറെ നാളായി പരിചയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍.
"ഹോ, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല സാര്‍. സാറിനെ ഇങ്ങനെ ഈ ട്രയിനുള്ളില്‍ വെച്ച് ആദ്യമായിട്ട് അടുത്ത് കാണാന്‍ പറ്റിയെന്ന്"
"ഇരിക്കൂ വസന്ത്, പക്ഷേ താങ്കളെക്കുറിച്ച് കേട്ടത് താങ്കള്‍ ഒരു ധിക്കാരി ആണെന്നായിരുന്നു. ഞാനിതുവരെ അത് മുഖവിലയ്ക്കെടുത്തിട്ടുമില്ല. എങ്കിലും മുന്‍നിര പത്രങ്ങള്‍ തന്ന ഓഫറുകള്‍ വേണ്ടെന്ന് വെച്ച് വെറുമൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സിവില്‍ എന്‍ജിനീയറായി തുടരുന്നതെന്തെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോള്‍ താങ്കളുടെ കാര്‍ട്ടൂണുകള്‍ വരുന്നത് ഡല്‍ഹിയില്‍ മാത്രമുള്ള ഒരു അന്തിപ്പത്രത്തിലും. എന്താണത്?" ഞാന്‍ മറുപടി പറയാതെ പുഞ്ചിരിച്ചു.
"താങ്കള്‍ താങ്കള്‍ക്ക് ലഭിച്ച കഴിവുകളെ ബഹുമാനിക്കുന്നില്ല" "ഞാന്‍ അങ്ങനെ കരുതുന്നില്ല സാര്‍"
ട്രയിന്‍ ആഗ്ര സ്റ്റേഷനിലെത്തിച്ചേര്‍ന്നു. അനശ്വര പ്രണയത്തിന്‍റെ നഗരത്തിന് ദുര്‍ഗന്ധം. പ്രണയനഷ്ടത്തിലുഴറുന്ന ഏതോ ആത്മാക്കള്‍ ശവക്കല്ലറകള്‍ തോണ്ടാന്‍ ശ്രമിയ്ക്കുന്ന ഒരു കാര്‍ട്ടൂണ്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. ആഗ്രയില്‍ നിന്നും ട്രയിന്‍ വിടുന്നതിന് മുന്‍പ് ഞാന്‍ അത് പേപ്പറിലേക്ക് പോയിന്‍റ് കൂടിയ കറുത്ത റയനോള്‍ഡ് പേന കൊണ്ട് പകര്‍ത്തി. ആ ചിത്രം ഞാന്‍ ശങ്കരനാരായണന്‍സാറിന് നേരെ നീട്ടീ. ശങ്കരനാരായണന്‍സാര്‍ അത് സാകൂതം നോക്കി. എന്നിട്ട് പോക്കറ്റില്‍നിന്നും ഒരു കറുത്ത സ്കെച്ച് പെന്‍ എടുത്തു.
"ഡു ഐ?" അദ്ദേഹം ചോദിച്ചു.
"ഒഫ്കോഴ്സ് സര്‍"
വളരെ വേഗത്തില്‍ അദ്ദേഹം ആ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു താജ്മഹല്‍ വരച്ചു വെച്ചു. അദ്ദേഹത്തിന്‍റെ കൈകളുടെ വേഗത എന്നെ അത്ഭുതപ്പെടുത്തി. ആ ചിത്രം നോക്കി അദ്ദേഹം പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്‍റെ കയ്യിലേക്ക് തിരിച്ചു തന്നു.
"യു ഡിഡ് ഇറ്റ് സാര്‍" ഞാന്‍ അവിശ്വസനീയതയോടെ പറഞ്ഞു.
"നിന്‍റെ വികൃതപ്രണയങ്ങള്‍ നിന്നെ നോക്കി ചിരിക്കുന്നു. അല്ലേ വസന്ത്?"
ഞാന്‍ അതെയെന്ന അര്‍ത്ഥത്തോടെ തലയാട്ടി. ഈ മനുഷ്യന് അതീന്ദ്രിയജ്ഞാനം വല്ലതുമുണ്ടോ! ഞാന്‍ അതിശയിച്ചു. ഈ ചിത്രം വരച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയിട്ട് അവശേഷിപ്പിച്ചത് അദ്ദേഹം വരച്ചു വെച്ചിരിക്കുന്നു. എന്‍റെ മനസ്സില്‍ തോന്നിയത് അദ്ദേഹം വിളിച്ചു പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഇദ്ദേഹം പ്രത്യേകതകള്‍ ഉള്ള മനുഷ്യന്‍ തന്നെയാണ്.
കംപാര്‍ട്ട്മെന്‍റിലെ ചില യാത്രക്കാര്‍ ഇതിനോടകം ശങ്കരനാരായണന്‍ സാറിനെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ അദ്ദേഹത്തിന് ചുറ്റും വട്ടം കൂടി. അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി അദ്ദേഹം അവരുടെ തന്നെ കാര്‍ട്ടൂണുകള്‍ വരച്ചു കൊടുക്കുന്നതും നോക്കി ഞാന്‍ അദ്ദേഹത്തിന്‍റെ കൈവേഗതയില്‍ അസൂയപൂണ്ടിരുന്നു.
ശങ്കരനാരായണന്‍ സാര്‍ അവരിലൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഇങ്ങനെയാണ് എനിക്ക് പ്രിയപ്പെട്ട ഓരോരുത്തരും ഒറ്റ നിമിഷം കൊണ്ട് എന്നില്‍ നിന്നും മറ്റുള്ളവര്‍ക്കിടയിലേക്ക് ചേക്കേറുന്നത്. നെല്‍വയലുകള്‍ക്കിടയിലൂടെ ട്രയിന്‍ അലറിക്കൂവിപ്പാഞ്ഞപ്പോള്‍ ഞാന്‍ എന്നിലേക്ക് തന്നെ വീണ്ടും ഒതുങ്ങി. ഗ്രാമക്കാഴ്ചകളിലൂടെ പൊടിപറത്തി പായുന്ന ട്രയിന്‍. ഓരോ ഗ്രാമങ്ങളും ഓരോ കാര്‍ട്ടൂണുകള്‍ ആണ്. മനുഷ്യന്‍റെ നഗരാഭിനിവേശത്തെ പരിഹസിക്കാന്‍ വേണ്ടി ദൈവം മുന്‍പേ വരച്ചു വെച്ച കാര്‍ട്ടൂണുകള്‍.
ഞാന്‍ നീരജാശ്രീറാമിന്‍റെ നോവലുകളെക്കുറിച്ച് പെട്ടെന്ന് ഓര്‍ത്തു. അവരുടെ 'ദ ലോക്ക്ഡ് ഹൌസ് ഇന്‍ ദ വില്ലേജ്' എന്ന നോവല്‍ വായിച്ച് എനിക്ക് നിരവധി തവണ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിട്ടുണ്ട്. അവരുടെ 'ടെന്‍ സേക്രഡ് ഫ്ലവേഴ്സ്' എന്ന നോവല്‍ വായിച്ച് ഞാന്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു സുഗന്ധം അനുഭവിച്ച് എത്രയോ രാത്രികളില്‍ നിശ്ചലമായി കിടന്നിട്ടുണ്ട്. അവരെഴുതിയ ഏറ്റവും സങ്കീര്‍ണ്ണമായ നോവലായിരുന്നു 'ദ വീപിംഗ് ട്യൂലിപ് ഇന്‍ കാഷ്മീര്‍'. പക്ഷേ ആ നോവല്‍ വായിച്ചപ്പോള്‍ അവര്‍ക്കുമാത്രമറിയാവുന്ന ഭൂമിയിലെ ഏതോ ഒരു സുന്ദരമായ ദ്വീപിനു ചുറ്റും വട്ടമിട്ട് പറക്കുന്നതായി എനിക്ക് തോന്നി.
ചിലപ്പോഴൊക്കെ അവര്‍ എനിക്ക് അക്ഷരങ്ങള്‍ കൊണ്ട് ചിറകുകള്‍ വെച്ചുതരും. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് നീരജാശ്രീറാം മരുഭൂമിയില്‍ ഇന്ദ്രജാലക്കമ്പുയര്‍ത്തി മരുപ്പച്ച സൃഷ്ടിക്കുന്ന ഒരു ജിപ്സിവുമണ്‍ ആയിരിക്കുമെന്ന്. എന്‍റെ ബാഗില്‍ അവരുടെ ടെന്‍ സേക്രഡ് ഫ്ലവേഴ്സ് ഇരിപ്പുണ്ട്. ഒന്നു കൂടി അതെടുത്ത് വായിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
"ബോറടിക്കുന്നെങ്കില്‍ ഈ പുസ്തകം വായിച്ചോളൂ"
ശങ്കരനാരായണന്‍സാര്‍ എനിക്ക് നേരെ ഒരു പുസ്തകം നീട്ടി. ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് അതു വാങ്ങി. നീരജാശ്രീറാം, ദ സ്റ്റോറി ഓഫ് എ റെഡ് ഫ്ലവര്‍. ഞാന്‍ അവിശ്വസനീയതയോടെ സാറിന്‍റെ മുഖത്തേക്ക് നോക്കി.
"നീരജയുടെ ഏറ്റവും പുതിയ ബുക്കാ, വസന്തിന് ഇഷ്ടപ്പെടും തീര്‍ച്ച"
സാര്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പുസ്തകത്തിന്‍റെ പുറംചട്ടയില്‍ ഇരുന്ന് നീരജാശ്രീറാമും പുഞ്ചിരിക്കുന്നു.
നിഷ്കളങ്കമായ കണ്ണുകള്‍ ഉള്ള ഒരു ചെറിയപെണ്‍കുട്ടി. അവളുടെ വീടിന് പുറകിലെ തൊടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന ചുവന്നപൂക്കളോട് അവള്‍ക്ക് തോന്നുന്ന ഇഷ്ടം. ഒരു പൂമ്പാറ്റയെ പ്പോലെ അവളും ആ പൂക്കളുമായി സൌഹൃദത്തിലായി. പിന്നീടെന്നോ അവള്‍ കരുതി താനും അതുപോലൊരു ചുവന്നപൂവാണെന്ന്. അവളുടെ അമ്മമ്മയും അപ്പുപ്പനും. അവരോടൊത്തുള്ള അവളുടെ ബാല്യകാലം. നീരജയുടെ കഥാലോകം അങ്ങനെയാണ്. എന്നോട് വളരെ വേഗത്തില്‍ താദാത്മ്യം പ്രാപിയ്ക്കും. പെറ്റിക്കോട്ടും ഇട്ട് തൊടിയിലൂടെ പാറിനടക്കുന്ന ആ പെണ്‍കുട്ടി പെട്ടെന്ന് ഒരു ആണ്‍കുട്ടി ആയത് പോലെ. ആ ആണ്‍കുട്ടിയ്ക്ക് എന്‍റെ മുഖം. അതെ ഞാന്‍ എന്‍റെ മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് കിടക്കുന്നു. മുത്തശ്ശന്‍ മഹാഭാരതം വായിക്കുന്നു. എന്നിട്ട് എനിക്ക് കഥ പറഞ്ഞുതരുന്നു. സുഭദ്രയുടെ വയറ്റില്‍ കിടന്ന് കഥ കേള്‍ക്കുന്ന അഭിമന്യുവിന്‍റെ കഥ. അമ്മയുടെ വയറ്റില്‍ ഞാന്‍ കിടന്നപ്പോള്‍ മുത്തശ്ശന്‍ മഹാഭാരതം കഥ പറഞ്ഞിട്ടുണ്ടത്രേ. ചുവന്ന പൂവിന്‍റെ കഥയിലെ അപ്പുപ്പന്‍ മരിച്ചപ്പോള്‍ ഞാന്‍ നീരജയുടെ പുസ്തകം മടക്കിവെച്ചു.
എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ട്രയിന്‍ ഇറ്റാര്‍സി എത്തിയിരുന്നു. ശങ്കരനാരായണന്‍സാര്‍ ലോവര്‍ ബര്‍ത്തില്‍ കിടന്ന് ശാന്തമായി ഉറങ്ങുന്നു. പാന്‍റ്രി കാറില്‍ നിന്നും എത്തിച്ച വെജിറ്റബിള്‍ ബിരിയാണി ഞാന്‍ കഴിച്ചു. നീരജയുടെ കഥാലോകത്തിന് എന്‍റെ ചില അനുഭവങ്ങളോടുള്ള സാദൃശ്യം ഓര്‍ത്തുകൊണ്ട് ഞാനും ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. കണ്ണടച്ചാല്‍ മുത്തശ്ശനും മുത്തശ്ശിയും പിന്നെ നിക്കറിട്ട് നടക്കുന്ന ചെറിയ വസന്തും.
"വാസുക്കുട്ടനെ പുഴയില്‍ ഇറക്കണ്ട കേട്ടോ" മുത്തശ്ശി മുത്തശ്ശനോട് പറഞ്ഞു.
"കൊച്ചേ, അവന്‍ നീന്ത് പടിക്കട്ടെ, അല്ലേല്‍ അവനിനീം ഇതുപോലെ പുഴയെറമ്പത്ത് പോയി സര്‍ക്കസ് കാണിക്കുമ്പോള്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും?"
മുത്തശ്ശന്‍ എന്നെ രണ്ടുദിവസം കൊണ്ട് നീന്തല്‍ പഠിപ്പിച്ചു. മൂന്നാം ദിവസം എനിക്ക് പനിപിടിച്ചു.
"ഞാന്‍ പറഞ്ഞതാ കൊച്ചനെ വെള്ളത്തിലെറക്കണ്ടാന്ന്, കേക്കണ്ടായോ, തോറ്റിയെടുത്ത് കൊണ്ടു നടക്കുന്ന കുഞ്ഞാ, മുത്തശ്ശന്‍ അവനേക്കാള്‍ കുഞ്ഞാണേല്‍ എന്തോ ചെയ്യാന്‍ പറ്റും"
എന്നെയും തോളിലിട്ട് ഹരിദാസ് വൈദ്യന്‍റെ വീട്ടിലേക്ക് ഓടുമ്പോള്‍ മുത്തശ്ശി പറഞ്ഞു. മുത്തശ്ശന് മറുപടിയൊന്നുമില്ല. പനിയാണേലും ഞാന്‍ ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. എനിക്ക് ഇന്ന് മുത്തശ്ശന്‍റെ നെഞ്ചില്‍ തലവെച്ച് കിടന്നുറങ്ങാം.
ഹരിദാസ് വൈദ്യന്‍ തന്ന മധുരമുള്ള ഹോമിയോ മരുന്നും കഴിച്ച് മുത്തശ്ശന്‍റെ തോളത്തിരുന്ന് ഞാന്‍ വീട്ടിലേക്ക് വന്നു. അന്ന് രാത്രി മുത്തശ്ശന്‍റെ നെഞ്ചത്ത് കമിഴ്ന്നു കിടന്ന് ഞാന്‍ ഉറങ്ങി. മുത്തശ്ശന്‍ അഗസ്ത്യന്‍റെ കഥ പറഞ്ഞു തന്നു. കടല്‍ കുടിച്ച് വറ്റിച്ച അഗസ്ത്യന്‍റെ കഥ.
"കടല്‍ മൊത്തം കുടിച്ചാല്‍ വയറ് പൊട്ടിപ്പോവില്ലേ മുത്തച്ചാ." ഞാന്‍ ചോദിച്ചു.
"അഗസ്ത്യന്‍ കുടിച്ചത് അറിവിന്‍റെ കടലാ മക്കളേ, മക്കളും അതുപോലെ അറിവുകള്‍ കുടിച്ച് വളരണം"
മുത്തശ്ശന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് മനസ്സിലായപ്പോള്‍ മുത്തശ്ശന്‍ അറിവുകളുടെ പഴന്തുണിക്കെട്ടായി ചിതയിലേക്ക് കിടന്നിരുന്നു. മറവിരോഗമായിരുന്നു മുത്തശ്ശന്.
ചെന്നൈയിലെ കൌമാരച്ചൂടിന്‍റെ തിളച്ചുമറിയല്‍ അസഹ്യമായിത്തീര്‍ന്ന ഒരു പകലില്‍ ഷെറിന്‍ ടീച്ചറുടെ മനംമടുക്കുന്ന വിയര്‍പ്പുനാറ്റത്തില്‍ നിന്നും രക്ഷപെട്ട് പമ്പയുടെ കുളിര് തേടി ചെങ്ങന്നൂരില്‍ എത്തിയ ആ പകല്‍. മുത്തശ്ശന്‍ എന്നെ തിരിച്ചറിയാതിരുന്ന ആ പകല്‍.
"പൊന്നച്ചാ വാസുക്കുട്ടന്‍ വന്നു." മുത്തശ്ശി മുത്തശ്ശനോട് പറഞ്ഞു.
"വന്നിട്ടെന്തേ? പാടത്ത് പോയി ചേറ് കുഴഞ്ഞായിരിക്കും വരവ്, ഞാന്‍ പുന്നാരിച്ചിട്ടാ, നല്ല അടികൊടുക്കണം കൊച്ചന്" മുത്തശ്ശന്‍ പറഞ്ഞു.
"ഇത് ഞാനാ മുത്തശ്ശാ, വാസുക്കുട്ടന്‍"
മുത്തശ്ശന്‍ വിശ്വാസം വരാതെ എന്നെ നോക്കി. മുത്തശ്ശന്‍റെ കടവായില്‍ നിന്നും ഉമിനീര്‍ ഒലിക്കുന്നു.
"വാസുക്കുട്ടന്‍ പള്ളിക്കൂടത്തിന്‍റെ മുന്നിലെ മാവേല്‍ കേറിയെന്ന് രാധാകൃഷ്ണന്‍ സാര്‍ പറഞ്ഞല്ലോ കൊച്ചേ, സാറിവിടെ ഇരിക്ക് സാറേ, പിള്ളേര് അങ്ങനാ, മാവേലും മരത്തേലുമൊക്കെ കേറുന്ന പ്രായമല്ലേ.." ഞാന്‍ രാധാകൃഷ്ണന്‍സാര്‍ ആണെന്നായിരുന്നു മുത്തശ്ശന്‍ കരുതിയത്.
"കൊച്ചേ, അവന്‍ രാധാകൃഷ്ണന്‍സാറിന്‍റെ ഇരട്ടപ്പേര് മൂത്രപ്പെരേല്‍ എഴുതിവെച്ചെന്ന്.. കേവലക്കേട് ഇത്തിരിയുണ്ട് സാറേ, തന്തേം തള്ളേം അടുത്തില്ലാതെ വളരുന്നതല്ലേ, അതാ. സാറങ്ങ് ക്ഷമിച്ചേക്ക്. കൊച്ചേ, അവന്‍ അടുക്കളേടെ പാതകത്തിന്നടീല്‍ ഒളിച്ചിരിക്കുവാരിക്കും. നീ കൊച്ചനെ തല്ലല്ലേ, സാറ് വെഷമിക്കണ്ട ഗുരുര്‍ ദേവോ ഭവ എന്ന് ഞാന്‍ അവനോട് പറയുന്നുണ്ട്."
മുത്തശ്ശന്‍ ഗുരുര്‍ദേവോ ഭവ, ഗുരുര്‍ദേവോ ഭവ എന്ന് പലവുരു ആവര്‍ത്തിച്ചു. ആ ആവര്‍ത്തനങ്ങള്‍ ഇടിമുഴക്കത്തോടെ എന്‍റെ ഹൃദയഭിത്തിയില്‍ ആഞ്ഞിടിച്ചു. മുത്തശ്ശന്‍ കിടക്കുന്ന മുറിയുടെ നാലുമൂലകളിലും നിന്ന് ഷെറിന്‍ടീച്ചര്‍ ഉന്മാദിനിയെപ്പോലെ ചിരിക്കുന്നു.
"ആരേം തിരിച്ചറിയുന്നില്ല മോനേ, എന്നേം തിരിച്ചറിയുന്നൊന്നുമില്ല. രാത്രിയില്‍ കിടന്ന് കഥ പറയുന്നത് കേള്‍ക്കാം. മോനെ അരികത്ത് കിടത്തി കഥപറയുന്നതായിട്ടാ പൊന്നച്ചന്‍റെ വിചാരമെന്നാ തോന്നുന്നെ" അതു പറഞ്ഞപ്പോള്‍ മുത്തശ്ശിയുടെ സ്വരം ഇടറി.
ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. മുത്തശ്ശന്‍ ഓരോ ഓര്‍മ്മകളും നശിച്ച് പുറകോട്ട് സഞ്ചരിക്കുന്നു. ഞാനോ പഴയ ഓര്‍മ്മകളെ മനപൂര്‍വ്വമോ അല്ലാതെയോ മറന്ന് മുന്നോട്ട് സഞ്ചരിക്കുന്നു. ഇതാ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടേയും ഓര്‍മ്മകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. മുന്‍പോ പിന്‍പോ ശൂന്യം. ഞാന്‍ കണ്ണുകള്‍ ഇറുക്കയടച്ചു. തൊണ്ട വരളുന്നത് പോലെ. ചുണ്ടുകളില്‍ ഷെറിന്‍ടീച്ചറുടെ ശരീരത്തിന്‍റെ ഉപ്പുരസം. ഞാന്‍ പിടഞ്ഞെഴുന്നേറ്റു. മുത്തശ്ശാ എനിക്ക് മാപ്പുതരൂ. എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു. ഞാന്‍ മുത്തശ്ശന്‍റെ മുറിയിലേക്ക് നടന്നു. മുത്തശ്ശന്‍ കട്ടിലില്‍ കിടക്കുന്നു. താഴെ തഴപ്പായ വിരിച്ച് മുത്തശ്ശിയും.
"എന്താ വാസുക്കുട്ടാ" മുത്തശ്ശി ചോദിച്ചു.
"എനിക്ക് മുത്തശ്ശന്‍റെടുത്ത് കിടക്കണം"
"പൊന്നച്ചന്‍ രാത്രി കിടന്ന് പെടുക്കും മോനേ, ഓര്‍മ്മയില്ലാണ്ട് ചെയ്യുന്നതാ"
"കുഴപ്പമില്ല മുത്തശ്ശീ" ഞാന്‍ മുത്തശ്ശന്‍റെ അടുത്ത് കിടന്നു.
"വാസുക്കുട്ടനാണോ?" മുത്തശ്ശന്‍ ചോദിച്ചു. സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നതെങ്ങനെയെന്ന് അന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി.
"ഉം" ഞാന്‍ മൂളി.
"കഥ കേള്‍ക്കണ്ടേ നിനക്ക്?"
"ഉം"
മുത്തശ്ശന്‍ കഥ പറഞ്ഞു. കചന്‍റെയും ദേവയാനിയുടേയും കഥ. അത് ഒരു പ്രേരണ ആയിരുന്നു. ഷെറിന്‍ ടീച്ചറുടെ കാന്തവലയത്തില്‍ നിന്നും രക്ഷപെടാന്‍ മുത്തശ്ശന്‍ മറവി കാര്‍ന്ന് തിന്നു തുടങ്ങിയ ബോധമനസ്സ് എന്നെ പ്രേരിപ്പിച്ചത് ആ കഥയിലൂടെയായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞാണ് മുത്തശ്ശന്‍ മരിച്ചത്. അന്ന് കോഴിക്കോട്ട് മാനാഞ്ചിറ സ്ക്വയറില്‍ തപ്സിയുടെ മടിയില്‍ തലവെച്ച് കിടന്നപ്പോള്‍ പ്രസ്സില്‍ നിന്നും തങ്ങളുടെ ഫോണ്‍ വന്നു.
"ജ്ജ് എബ്ടെ പോയി കുത്തീരിക്കാണ്, അന്‍റെ ഗ്രാന്‍ഡ് ഫാദര്‍ മയ്യത്തായീന്ന്...." ചിലര്‍ മരണങ്ങള്‍ ക്രൂരമായ ലാഘവത്തോടെ പറയും. തങ്ങള്‍ക്കറിയില്ല മരിച്ചത് ഈ ലോകത്തില്‍ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണെന്ന്.
"വാട്ട് ഹാപ്പന്‍ഡ് ശ്രീലൂ" തപ്സി ചോദിച്ചു.
"എന്‍റെ.. എന്‍റെ.. മുത്തശ്ശന്‍ പോയി" ഞാന്‍ അവളുടെ മടിയില്‍ മുഖം ചേര്‍ത്ത് വിതുമ്പിക്കരഞ്ഞു.
"എന്തിനാ കരയുന്നേ? നിനക്ക് ഞാനില്ലേ?"
"തപ്സീ, എന്‍റെ എല്ലാമായിരുന്നു മുത്തശ്ശന്‍"
"എല്ലാ മനുഷ്യരും പ്രായമാകുമ്പോള്‍ മരിക്കില്ലേ ശ്രീലൂ, ഞാനും ശ്രീലുവും എല്ലാവരും മരിക്കും, ബട്ട് ശ്രീലൂ, നീ മരിച്ചിട്ടേ ഞാന്‍ മരിക്കൂ. കാരണമെന്താണെന്നറിയ്വോ? ഞാന്‍ മരിക്കുന്നത് താങ്ങാനുള്ള കെല്‍പ്പ് എന്‍റെ ശ്രീലുവിനില്ല. ഐ ലവ് യു ശ്രീലു, ഐ ലവ് യു സോമച്ച്" തപ്സിയുടെ മടിയില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു.
"ശ്രീലൂ, വേര്‍ ആര്‍ യു ഗോയിംഗ്?" തപ്സി വിളിച്ചു ചോദിച്ചു.
ഞാന്‍ മറുപടി പറയാതെ നിര്‍വികാരതയോടെ മുന്‍പോട്ട് നടന്നു.
"എന്‍റെ പൊന്നേ, ഒന്ന് കണ്ണുതുറന്ന് നോക്കോ നമ്മുടെ വാസുക്കുട്ടന്‍ വന്നേ.. എന്‍റെ പൊന്നോ, എഴുന്നേറ്റിരുന്ന് അവനൊരു കഥ പറഞ്ഞു കൊടുക്കോ, അവനുമായിട്ട് ആറ്റില്‍ പോയി ഒന്ന് നീന്തിക്കുളിച്ചിട്ട് വായോ"
മുത്തശ്ശി എന്നെക്കണ്ടതും അലമുറയിട്ടു കരഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മാവന്‍മാര്‍ രണ്ടുപേരും മുങ്ങി ഈറണിഞ്ഞു വന്നു. മുത്തശ്ശന്‍റെ അനന്തരവന്‍മാരും മരുമക്കളായ എന്‍റെ അച്ഛനും കുഞ്ഞമ്മമാരുടെ ഭര്‍ത്താക്കന്‍മാരും മുത്തശ്ശനെ എടുത്തുയര്‍ത്തി ചിതയിലേക്ക് നടന്നു.
"എടാ വാസുക്കുട്ടോ, അവരോട് പറയെടാ നിന്‍റെ മുത്തച്ഛനെ കൊണ്ടുപോകല്ലേന്ന്" മുത്തശ്ശി വീണ്ടും അലമുറയിട്ട് കരഞ്ഞു. പക്ഷേ മുത്തശ്ശന്‍റെ ചേതനയറ്റ ശരീരത്തിന്‍മേല്‍ എനിക്കിപ്പോള്‍ അവകാശമില്ല. അവകാശമുള്ള അനന്തരവന്‍മാരും മരുമക്കളും അതും തോളിലേറ്റി ചിതയിലേക്ക് നടക്കുന്നു. അത് കത്തിച്ച് കളയാന്‍ മക്കള്‍ തൊട്ടുപുറകേയും. പക്ഷേ നശിക്കാത്ത ആ ചേതന എനിക്ക് മാത്രം സ്വന്തമാണെന്ന് ഞാന്‍ കരുതി. അങ്ങനെ കരുതിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വിദ്യുത് തരംഗം എന്‍റെ ശരീരത്ത് കൂടി പാഞ്ഞുപോയി. അവസാനമായി മുത്തശ്ശന് വായ്ക്കരിയിട്ടപ്പോള്‍ മുത്തശ്ശന്‍ തന്ന കുഞ്ഞുരുളച്ചോറുകള്‍ ഓര്‍മ്മയിലേക്ക് വന്നു. അതിന്‍റെ രുചി, അതിന്‍റെ സ്നേഹം, അതിന്‍റെ കരുതല്‍, എല്ലാമെനിക്ക് നഷ്ടപ്പെട്ടു, എന്നെന്നേക്കുമായ്.
ട്രയിന്‍ നിശ്ചലം കിടക്കുകയാണ്. ഫാന്‍ കറങ്ങുന്ന ശബ്ദം മാത്രം. ഞാന്‍ ബര്‍ത്തില്‍ നിന്നും എഴുന്നേറ്റു. ശങ്കരനാരായണന്‍സാര്‍ അപ്പോഴും സുഖമായി ഉറങ്ങുന്നു. ഞാന്‍ ടോയിലറ്റിലേക്ക് നടന്നു. രണ്ടു ടോയിലറ്റിനുള്ളിലും ആളുകള്‍ ഉണ്ട്. അടുത്ത കംപാര്‍ട്ട്മെന്‍റിലെ ടോയിലറ്റിലേക്ക് ഇടനാഴിയിലൂടെ നടന്നു ചെന്നു. ടോയിലറ്റില്‍ വെള്ളമില്ല. ഒന്ന് മുഖം കഴുകണം. ഞാന്‍ തിരികെ എന്‍റെ കംപാര്‍ട്ട്മെന്‍റില്‍ എത്തി. വാഷ്ബേസിന് മുന്നില്‍ നിന്ന് മുഖം കഴുകി. അപ്പോള്‍ ഒരു ടോയിലറ്റ് തുറന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി. ആശ്വാസത്തോടെ ഞാന്‍ ആ ടോയിലറ്റിലേക്ക് കയറാന്‍ ഒരുങ്ങി. ചെറുപ്പക്കാരന്‍ തെല്ലൊന്ന് ഭയന്നതുപോലെ. ഞാന്‍ ടോയിലറ്റ് ഡോര്‍ തുറക്കാന്‍ ആഞ്ഞതും അയാള്‍ എന്‍റെ കയ്യില്‍ കടന്നുപിടിച്ചു.
"സോറി സാര്‍, പ്രശ്നമാക്കരുത്" ഞാന്‍ ഒന്നും മനസ്സിലാകാതെ അയാളുടെ മുഖത്തേക്ക് നോക്കി.
"അതില്‍ എന്‍റെ ഗേള്‍ഫ്രണ്ടുണ്ട്, പ്ലീസ്, നാറ്റിക്കരുത്." ഞാന്‍ അവിടെ നിന്നും എന്‍റെ ബര്‍ത്തിലേക്ക് നടന്നു. എനിക്ക് വല്ലാത്ത ചമ്മല്‍ അനുഭവപ്പെട്ടു. ഞാന്‍ ബര്‍ത്തില്‍ കയറിക്കിടന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരനും ഗേള്‍ഫ്രണ്ടും അതുവഴി പൂച്ചകളെപ്പോലെ നടന്നു പോയി. ഞാന്‍ തപ്സിയെക്കുറിച്ച് ഓര്‍ത്തു. അവള്‍ക്കൊപ്പം ഇതുപോലൊരു ട്രയിനില്‍ ഹൌറയിലേക്ക് യാത്ര ചെയ്തത്. അന്ന് അവളെയൊന്ന് ചുംബിക്കാന്‍ ട്രയിന്‍റെ വാതില്‍ക്കലേക്ക് അവളെ നിര്‍ബന്ധിച്ച് കൊണ്ടുപോയത്. പക്ഷേ എത്ര ക്രൂരമായിട്ടായിരുന്നു ആ ട്രയിന്‍യാത്രയ്ക്ക് ശേഷം അവള്‍ എന്നെ ഉപേക്ഷിച്ചത്. അതിന് ശേഷം ഈ ലോകത്തിനോട് തന്നെ വെറുപ്പായിരുന്നു.
പെണ്ണില്‍ നിന്നും ലഹരിയിലേക്കുള്ള ദൂരം അതിസൂക്ഷ്മമാണ്. അല്ലെങ്കില്‍ രണ്ടും ലഹരി തന്നെയാണ്. ഒരു ലഹരി നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു ലഹരിയെ കൂട്ടുപിടിച്ചു. മദ്യം ബോധമനസ്സിനെ കീഴ്പെടുത്തിയ നാളുകളില്‍ ഒന്നില്‍ വീണ്ടുമൊരു വിളി. അമൃതയായിരുന്നു വിളിച്ചത്.
"വസന്ത് ചേട്ടനല്ലേ?"
"അതെ"
"ഞാന്‍ അമൃതയാ അറിയില്ലേ, ഇവിടെ വല്ല്യമ്മയ്ക്ക് ഒട്ടും മേലാ, ചേട്ടനെ കാണണമെന്ന് പറഞ്ഞ് ഒരേ കരച്ചില്‍"
മുത്തശ്ശന്‍റെ മരണത്തിന് പോയപ്പോള്‍ ആണ് അമൃതയെ ആദ്യം കാണുന്നത്. വല്ല്യമ്മാവന്‍റെ ഓഹരി വല്ല്യമ്മാവന്‍ വിറ്റത് അമൃതയുടെ അച്ഛനായിരുന്നു. അവര്‍ അവിടെ വീട് വെച്ചു താമസം തുടങ്ങിയിരുന്നു. അവളുടെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അയല്‍പക്കത്തെ വൃദ്ധനും വൃദ്ധയ്ക്കും അവള്‍ തുണയായത് അങ്ങനെയാണ്.