നഗ്നന്‍ ( കഥ - ഭാഗം - രണ്ട്)
ശരത്ബാബു പല്ലന
.................................................................................................................................
പെട്ടെന്ന് ആ സ്ത്രീ എന്‍റെ അരികില്‍ വന്നിരുന്നു. അവള്‍ എന്‍റെ കാല്‍പാദങ്ങളില്‍ ശിരസ്സമര്‍ത്തി വിതുമ്പാന്‍ തുടങ്ങി. അവളുടെ വിതുമ്പല്‍ വാവിട്ടുള്ള നിലവിളിയായി.
ഇവളെന്തിനാണ് കരയുന്നത്!
കുറേനേരത്തെ കരച്ചിലിന് ശേഷം അവള്‍ എഴുന്നേറ്റിരുന്നു. അവളെന്‍റെ കവിളില്‍ തലോടുന്നു. അവള്‍ എന്‍റെ മുഖം അവളുടെ നെഞ്ചിനോട് ചേര്‍ത്ത് അമര്‍ത്തി. ഞാന്‍ ഒരു കൊച്ചുകുട്ടി ആയത് പോലെ.
പ്രിയനേ, നീയെന്നെ ഒന്നു ചുംബിക്കൂ, ചുംബനങ്ങള്‍ കൊണ്ട് പൊതിയൂ, എന്‍റെ മുടിയിഴകളിലൂടെ സ്നേഹത്തോടെ ഒന്നു വിരലുകളോടിക്കൂ, നിന്‍റെ കരവലയത്തിലമര്‍ത്തി എന്നെ ശ്വാസം മുട്ടിക്കൂ, അപ്പോള്‍ നിനക്ക് നിന്‍റെ ഉര്‍വശിയെ തിരിച്ചറിയാന്‍ പറ്റും.
ഞാന്‍ അവളുടെ നെഞ്ചിടിപ്പിന്‍റെ താളം എണ്ണുകയായിരുന്നു അപ്പോള്‍.
പറയൂ, നിനക്ക് നിന്‍റെ ഉര്‍വശിയെ കാണണ്ടേ?
"കാണണം"
എങ്കില്‍ എന്നെ ചുംബിക്കൂ. നിന്‍റെയീ ഞാണ്‍ തഴമ്പ് വീണ വിരലുകള്‍ കൊണ്ട് എന്‍റെ ശരീരമാകെ തഴുകി തലോടൂ, പ്രിയനേ, അപ്പോള്‍ ഞാന്‍ നിന്‍റെ ഉര്‍വശിയാകും..
ഞാന്‍ എഴുന്നേറ്റ് നിന്ന് ആകാശത്തേക്ക് നോക്കി. ചന്ദ്രനില്‍ നിന്നും ഒരുപാട് ദൂരെയല്ലാതെ അനുരാധ ഇടയ്ക്ക് മിന്നിത്തെളിയുന്നു. അവളപ്പോള്‍ എന്‍റെ കണ്ഠത്തില്‍ ചുംബിച്ചു. പെരുവിരലില്‍ ഉയര്‍ന്ന് അവള്‍ ചുണ്ടുകള്‍ എന്‍റെ ചുണ്ടോട് ചേര്‍ത്തു. അവളുടെ വിരലുകള്‍ എന്‍റെ മുതുകില്‍ അമര്‍ന്നപ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതു മൂലം ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു.
അവള്‍ പെട്ടെന്ന് ചുണ്ടുകള്‍ എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു.
"എന്തുപറ്റി?"
മറുപടി പറയാതെ ഞാന്‍ കരച്ചില്‍ തുടര്‍ന്നു.
"അയ്യോ! മുതുക് മുഴവന്‍ പൊള്ളലേറ്റിരിക്കുകയാണല്ലോ! ആ വിളക്കില്‍ നിന്നും തിളച്ച എണ്ണ വീണതാണോ? എങ്ങനെ പൊള്ളിയതാ ഇത്?"
എനിക്കും അറിയില്ലായിരുന്നു, എങ്ങനെ പൊള്ളലേറ്റു എന്നത്.
അവളെന്നെ കളത്തട്ടിലേക്ക് പിടിച്ചിരുത്തി. അവളെന്‍റെ മുതുകിലെ പൊള്ളല്‍ക്കുമിളകളില്‍ മൃദുവായി ചുംബിച്ചു. എന്‍റെ ശരീരത്തിലെ ഓരോ മുറിവുകളും അവളുടെ ചുണ്ടുകള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. ആകാശത്തേക്ക് നോക്കിയപ്പോള്‍ ചന്ദ്രന് തൊട്ടരികത്തായി തിളങ്ങി നില്‍ക്കുന്ന അനുരാധ നക്ഷത്രം. ഞാന്‍ അവാച്യമായ ഒരു അനുഭൂതിയോടെ കണ്ണടച്ചു.
"വരൂ"
അവളെന്നെ അവിടെ നിന്നും എങ്ങോട്ടേക്കോ കൂട്ടിക്കൊണ്ടുപോയി. ഒരു ആമ്പല്‍പ്പൊയ്കയുടെ തീരത്തെത്തിയപ്പോള്‍ അവളെന്നെ മണ്ണിലേക്ക് പിടിച്ചിരുത്തി.
"ഇവിടെ ഇരിക്കൂ, ഞാനിപ്പോള്‍ വരാം."
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തിരികെയെത്തി. അവളെവിടെ നിന്നോ മുറികൂട്ടി പറിച്ചു കൊണ്ടുവന്നു. ഇലച്ചാര്‍ പിഴിഞ്ഞ് എന്‍റെ മുറിവുകളില്‍ ഇറ്റിയ്ക്കുമ്പോള്‍ അവള്‍ തേങ്ങുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ തോളില്‍ വീഴുന്നു. ഞാനവളെ നോക്കിയപ്പോള്‍ അവള്‍ പുഞ്ചിരിച്ചു. വിഷാദം കലര്‍ന്ന പുഞ്ചിരി. അവളെന്‍റെ കവിളില്‍ ചുംബിച്ചു.
"എത്രയോ ചുംബനങ്ങള്‍ ഇതിനോടകം ഞാന്‍ തന്നു, എന്നെയെന്തേ തിരിച്ചു ചുംബിക്കാത്തത്?"
അവള്‍ മുറികൂട്ടിയുടെ ഗന്ധമുള്ള വലത് കൈപ്പത്തി എന്‍റെ ചുണ്ടിന് നേരെ നീട്ടി. അവളുടെ കണ്ണുകള്‍ക്കപ്പോള്‍ ഇന്ദ്രനീലക്കല്ലുകളുടെ തിളക്കമുണ്ടായിരുന്നു. എനിക്കത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളുടെ വിരലുകളില്‍ ചുംബിച്ചു. അവളുടെ കൈകളുടെ വിറയലില്‍ എനിക്ക് ഉര്‍വശിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടു. അവള്‍ക്ക് നല്‍കിയ ഓരോ ചുംബനത്തിലും ഞാന്‍ ഉര്‍വശിയെ തേടുകയായിരുന്നു. അവളുടെ നിശ്വാസങ്ങളില്‍, അവളുടെ നെടുവീര്‍പ്പുകളില്‍, അവളുടെ ശീല്‍ക്കാരങ്ങളില്‍ ഞാന്‍ ഉര്‍വശിയെ അന്വേഷിച്ചു.
"ഉര്‍വശീ"
ഞാന്‍ വിളിച്ചു.
"പ്രിയനേ, ഞാന്‍ ഇവിടെയുണ്ട്. നിന്‍റെ കരവലയത്തില്‍, നിന്‍റെ ചുംബനങ്ങളില്‍ അലിഞ്ഞില്ലാതാകാന്‍ കൊതിച്ചു.
അവള്‍ മുന്‍പേ പറഞ്ഞത് സത്യമായിരുന്നു. അവളിപ്പോള്‍ ഉര്‍വശിയായി.
ഉര്‍വശീ, നീ എങ്ങനെ ഇവിടെയെത്തി.
ഉര്‍വശീ, നീ എന്തേ നിന്‍റെ കടിഞ്ഞാണുകള്‍ പൊട്ടിച്ചെറിയാത്തത്! എന്നെയും ചുമന്ന് കൊണ്ട് വെണ്‍മേഘങ്ങള്‍ക്കിടയില്‍ കൂടി കുതിക്കാത്തത്!
ഇല്ല ഉര്‍വശീ, ഇങ്ങനെ വിധേയയായി കീഴടങ്ങിക്കിടക്കാന്‍ നിനക്കൊരിക്കലും കഴിയില്ല. നീയെന്നെ കീഴ്പ്പെടുത്തും, തീര്‍ച്ച. ആ സുന്ദര നിമിഷമെത്തുംവരെ ഞാണ്‍തഴമ്പ് പൂണ്ട എന്‍റെ കൈകള്‍ നിന്നെ തഴുകിക്കൊണ്ടേയിരിക്കും.
ഉര്‍വശീ, പെണ്ണ് അശ്വമാകുന്നതിന്‍റേയും അശ്വം ആട്ടിന്‍കുട്ടിയാകുന്നതിന്‍റേയും ഇടയിലുള്ള പരിണാമേന്ദ്രജാലങ്ങള്‍ എനിക്ക് അനുഭവിച്ചറിയണം, ഒരിക്കല്‍ക്കൂടി.
എന്‍റെ മനസ്സ് അവള്‍ കേട്ടതുപോലെ.
"പ്രിയനേ, നിന്‍റെ മുറിവുകള്‍ വേദനിക്കും"
"എന്‍റെ വേദനകളെ ഇല്ലാതാക്കാനുള്ള ആനന്ദം പകര്‍ന്നു തരാനുള്ള കെല്‍പ്പ് നിനക്ക് മാത്രമേ ഉള്ളൂ. മുറിവുകളെ ചുംബിക്കുമ്പാന്‍ നീയുണ്ടെങ്കില്‍ ആ മുറിവുകള്‍ പൊറുക്കാതിരിക്കുന്നതാണ് എനിക്കിഷ്ടം"
"നീ എന്നെ പ്രണയിച്ച് ശ്വാസം മുട്ടിക്കൂ."
അതൊരു ക്ഷണമാണ്. വെണ്‍മേഘങ്ങള്‍ക്കിടയില്‍ കൂടി കുതിച്ചു പായാനുള്ള ക്ഷണം. ആ ക്ഷണം ഞാന്‍ സ്വീകരിച്ചു.
അവളെന്നെ കീഴടക്കിത്തുടങ്ങി. ഞാന്‍ എന്നോട് തന്നെ കീഴടങ്ങി കണ്ണുകള്‍ അടച്ചു കിടന്നു. അവളുടെ ശരീരത്തിന് ഇലക്കൂനയിലെ അഗ്നിജ്വാലകളുടെ ചൂട് ആയിരുന്നു.
തോറ്റു കൊടുക്കുന്നതിലും കീഴടങ്ങുന്നതിലും ലഹരിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് നിന്നില്‍ നിന്നുമായിരുന്നു. മുറിവുകള്‍ ചുംബിക്കാനുള്ളതും ആയുധം പിടിച്ചുണ്ടായ തഴമ്പുകള്‍ താലോലിക്കാനുള്ളവയാണെന്നും എന്നെ പഠിപ്പിച്ചത് നീ ആയിരുന്നു.
ശത്രു പിടഞ്ഞു മരിക്കുമ്പോള്‍ ക്രൂരമായ ഒരുതരം സംതൃപ്തിയാണ്.
പക്ഷേ, നിന്നെ പുണര്‍ന്ന് ശ്വാസത്തിനായി സ്വയം പിടയുമ്പോഴുണ്ടാകുന്ന സംതൃപ്തിയ്ക്ക് പകരം നില്‍ക്കാന്‍ ഒരു ദിഗ്വിജയങ്ങള്‍ക്കും കഴിയില്ല. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞാതലോകമായ നിന്‍റെ മുന്നില്‍ കീഴടങ്ങുമ്പോള്‍ ഇതുവരെ നേടിയ മഹാവിജയങ്ങളേക്കാള്‍ മൂല്യം ആ കീഴടങ്ങലിലാണ്.
അതേ കീഴടങ്ങലിന്‍റെ ലഹരിയിലാണ് ഞാന്‍.
വെളുത്തമേഘങ്ങള്‍ക്കിടയിലൂടെ അശ്വം കുതിച്ചു കൊണ്ടേയിരുന്നു. ഓടിത്തളര്‍ന്ന അശ്വം വെണ്‍മേഘങ്ങള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നു. അനുരാധ നക്ഷത്രം ചന്ദ്രന്‍റെ തൊട്ടരികില്‍ എത്തി മിന്നി മിന്നി ചന്ദ്രന്‍റെ നിലാവില്‍ അലിഞ്ഞുചേര്‍ന്നു, ഞെട്ടറ്റ് പോയ ആമ്പല്‍ത്തണ്ട് പോലെ അവള്‍ എന്‍റെ നെഞ്ചിലേക്ക് കമിഴ്ന്നു വീണു.
ഒരു ആട്ടിന്‍കുട്ടിയെപ്പൊലെ അവള്‍ എന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തിക്കിടന്നു.
"ഉര്‍വശീ, ഞാനിപ്പോള്‍ നഗ്നനാണ്"
"ഞാനും"
"ഇതുപൊലൊരു രാത്രിയില്‍ എന്‍റെ നഗ്നതയുടെ പേരില്‍ കലഹിച്ചാണ് നീ എന്നെ പിരിഞ്ഞു പോയത്"
അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
വിയര്‍പ്പിന്‍റെ ഉപ്പ് എന്‍റെ മുറിവുകളെ നീറ്റുന്നുണ്ടായിരുന്നു, പ്രണയത്തിന്‍റെ ഉപ്പ് എന്‍റെ ഹൃദയത്തേയും.
"ഉര്‍വശീ, അന്ന് നിന്‍റെ അരുമകളായ ആട്ടിന്‍ കുട്ടികളെ രക്ഷിക്കണം എന്ന ചിന്ത മാത്രമേ എന്‍റെയുള്ളിലുണ്ടായിരുന്നുള്ളൂ, കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റ് പുറത്തേക്ക് പായുമ്പോള്‍ നഗ്നനായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞില്ല. ആട്ടിന്‍കുട്ടികള്‍ മരിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടിയിരിക്കുന്ന നിന്നെ ആശ്വസിപ്പിക്കാന്‍ അന്തപുരത്തിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് പാമ്പിനെപ്പോലെ ചീറുന്ന നിന്നെയാണ്. പ്രിയനേ എന്ന് വിളിച്ച നാവ് കൊണ്ട് എത്ര കൊള്ളിവാക്കുകള്‍ നീ പറഞ്ഞു, ഇന്ന് ഞാന്‍ തിരിച്ചറിയുന്നു ഉര്‍വശീ, ആ രാത്രിയിലെ അനിഷ്ട സംഭവങ്ങള്‍ നീ എന്നില്‍ നിന്നും പിരിഞ്ഞു പോകാനുള്ള കാരണങ്ങള്‍ ആക്കി മാറ്റുകയായിരുന്നു."
"എന്നോട് ക്ഷമിക്കൂ"
"ഇപ്പോള്‍ ഞാന്‍ ഒന്നുകൂടി തിരിച്ചറിയുന്നു, ഇതേ നഗ്നതയോടെ ഞാന്‍ എവിടേയ്ക്കെങ്കിലും ഓടിയാല്‍പോലും ഇനിയൊരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോകില്ല."
അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു.
"നിന്‍റെ നഗ്നത എന്നെ ജീവിപ്പിക്കുന്നു, എന്‍റെ നഗ്നത എന്നെ ജീര്‍ണ്ണിപ്പിക്കുന്നു. ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന എന്‍റെ നഗ്നതയ്ക്കുള്ളില്‍ നിന്‍റെ നഗ്നത പുതുജീവന്‍റെ നാമ്പായി തീരട്ടെ. പ്രിയനേ എനിക്ക് നിന്‍റെ മക്കളെ പെറ്റ് മുലയൂട്ടി വളര്‍ത്തണം"
ഞാനവളെ പ്രണയം കൊണ്ട് ശ്വാസംമുട്ടിച്ചു. അഴിഞ്ഞുവീണ ഉടയാടകള്‍ ഓരോന്നായി അവള്‍ ധരിച്ചു. പക്ഷേ ഞാനവളെ തടഞ്ഞു.
"ഈ രാത്രി മുഴുവന്‍ നമ്മള്‍ രണ്ടുപേരും നഗ്നരായിരിക്കും"
"ഈ ജന്മം മുഴുവന്‍ ഞാന്‍ നഗ്നയാണ്. എന്‍റെ നഗ്നതയ്ക്ക് മൂല്യമുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അതിനെ എന്‍റെ ഏറ്റവും മൂര്‍ച്ച കൂടിയ ആയുധമാക്കി. നിന്‍റെ ആയിരം അക്ഷൌഹിണിപ്പടയേക്കാള്‍ വിജയസാധ്യത ഇപ്പോഴും അതിന് തന്നെയാണ്. മിത്രാവരുണന്‍മാര്‍ എന്‍റെ നഗ്നതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയപ്പോഴാണ് അതിന്‍റെ പ്രഹരശേഷി ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് എത്രയോ സന്ന്യാസിമാര്‍, ബ്രഹ്മചാരികള്‍, രാജാക്കന്‍മാര്‍, കുബേരന്‍മാര്‍ എന്‍റെ മുന്നില്‍ മുട്ടു മടക്കി. പക്ഷേ.. പക്ഷേ.. സ്ത്രീയുടെ നഗ്നത പുരുഷന് പ്രണയിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് എന്നെ പഠിപ്പിച്ചത്, പ്രിയനേ നീയാണ്. എന്‍റെ സ്വകാര്യ അഹങ്കാരമായ ആ നഗ്നതയ്ക്ക് മേല്‍ വിശ്വാമിത്രന്‍ കാര്‍ക്കിച്ചു തുപ്പിയപ്പോഴാണ് നിന്‍റെ പ്രണയത്തിന്‍റെ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞത്."
"ഇനിയൊരിക്കലും എന്നെ നീ വിട്ടുപോകരുത് ഉര്‍വശീ"
"ദേവദാസികള്‍ക്ക് വിവാഹജീവിതം ശാസ്ത്രങ്ങള്‍ പോലും അംഗീകരിക്കുന്നില്ല. നമുക്ക് അത് തിരുത്താനും കഴിയില്ല. ഞാന്‍ തിരിച്ചുപോകും. ഊഴം വെച്ച് വീതിക്കപ്പെടുന്ന രാത്രികളുടെ മരവിപ്പുകള്‍ക്കൊടുവില്‍ ഏതെങ്കിലും ഒരു ശൈത്യകാലത്ത് നിന്‍റെ ശരീരത്തിന്‍റെ ചൂടേറ്റ് ചുട്ടുപഴുക്കാന്‍ ഞാന്‍ വരാം. പ്രതീക്ഷയോടെ, പ്രണയത്തോടെ ഈ ദേവദാസിപ്പെണ്ണിന് വേണ്ടി നീ കാത്തിരിക്കണം"
ഉര്‍വശീ, ഇന്നും ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെ, പ്രണയത്തോടെ. ഓരോ പുരുഷനും സ്ത്രീയുടെ മുന്നില്‍ ആത്മാവ് കൊണ്ട് നഗ്നരാണ്. പക്ഷേ നിങ്ങള്‍ സ്ത്രീകള്‍ നഗ്നരാകുമ്പോഴും ആത്മാവില്‍ വസ്ത്രം ധരിക്കുന്നവരാണ്.
നിന്‍റെ നഗ്നത ഇനിയും ആയുധമാക്കപ്പെടും, യുഗാന്ത്യം വരെ. എന്‍റെ നഗ്നത തെരുവില്‍ പരിഹസിക്കപ്പെടും.
ഉര്‍വശീ, പുരൂരവസ്സ് ഇപ്പോഴും നഗ്നനാണ്.