ശബ്ദം (കഥ - ഭാഗം: ഒന്ന് )
ശരത്ബാബു പല്ലന
..............................................................................................................................
മാല്‍പേ ബീച്ചിലെ ആ മനോഹരമായ സായാഹ്നം ഒരിക്കല്‍ക്കൂടി എന്‍റെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കടലിരമ്പത്തിന്‍റെ ശ്രുതിയില്‍ നീ പാടുന്ന ഗസല്‍ കേട്ട് ഒരിക്കല്‍ക്കൂടി നിന്‍റെ മടിയില്‍ തലവെച്ച് കിടക്കണം.
സൂര്യന്‍ മറഞ്ഞ് ഇരുട്ട് വീഴുന്നതറിയാതെ കണ്ണുകളടച്ച് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയിലേക്ക് മനസ്സിനെ യാത്ര ചെയ്യാന്‍ വിട്ട് നിന്‍റെ മധുരസ്വരങ്ങള്‍ക്കൊപ്പം പ്രണയത്തിന്‍റെ ആരോഹണാവരണോഹണങ്ങളിലൂടെ എനിക്ക് സഞ്ചരിക്കണം.
നൂര്‍ജഹാന്‍, ആ അനുരാഗഗാനത്തിനൊടുവില്‍ എന്‍റെ കവിള്‍ത്തടത്തിലേക്ക് ഇറ്റുവീണ നിന്‍റെ കണ്ണുനീര്‍ത്തുള്ളിയ്ക്ക് കടല്‍ത്തിരകള്‍ വിതറിയ ജലശീകരങ്ങളേക്കാള്‍ ഉപ്പുണ്ടായിരുന്നു.
നൂര്‍ജാ, നിനക്ക് ഓര്‍മ്മയുണ്ടോ ആദ്യമായി ഞാന്‍ നീ പാടിയ മാപ്പിളപ്പാട്ട് കേട്ടത്. എടരിക്കോട് സ്കൂളിലെ നമുക്കേറ്റവും പ്രിയപ്പെട്ട സ്റ്റേജില്‍ നിന്ന് നീ പാടിയത്. സുറുമയെഴുതിയ നിന്‍റെ കണ്ണുകള്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന എന്നെത്തേടി വന്നിരുന്നെങ്കില്‍ എന്ന് ആ പഴയ പത്താംക്ലാസ്സ്കാരന്‍ അന്നത്തെപ്പോലെ തന്നെ ഇന്നും ആഗ്രഹിക്കുന്നു.
പക്ഷേ നീ നിന്‍റെ കാല്‍വിരലുകളിലേക്ക് നോക്കി നിന്നാണ് അന്ന് പാടിയത്. പിന്നീട് നീ ആദ്യമായി എന്‍റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു പാടിയത് ഓര്‍മ്മയുണ്ടോ? തിരൂരിലെ ആ പഴയ പാരലല്‍ കോളേജിന്‍റെ പുറക് വശത്തെ അശോകത്തിന്‍റെ ചുവട്ടില്‍. അശോകപ്പൂക്കളേക്കാള്‍ ഭംഗി നിനക്കായിരുന്നു.
തേഞ്ഞിപ്പാലത്ത് പ്രീഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടിയിട്ടും പോകാതിരിക്കുന്നത് മണ്ടത്തരമായിരുന്നുവെന്ന് അന്ന് എല്ലാവരും പറയുമായിരുന്നു. നീ അത് പറഞ്ഞപ്പോള്‍ മാത്രമായിരുന്നു ചെയ്തത് മണ്ടത്തരമായിരുന്നില്ലെന്ന് ഞാനുറപ്പിച്ചത്. നീ ആദ്യമായി എന്നോട് മിണ്ടിയത് അന്നായിരുന്നു. നിന്‍റെ പാട്ടിനേക്കാള്‍ മധുരം പലപ്പോഴും നിന്‍റെ മൊഴികള്‍ക്കാണ്.
"ങ്ങളിനി ഒരു കാര്യം ചെയ്യ്, ഒരു കാസറ്റ് വാങ്ങി തന്നോളീ, ഞാന്‍ പാടി റെക്കോഡ് ചെയ്ത് കൊണ്ട് തരണുണ്ട്"
"നൂര്‍ജാ, എന്‍റെ അച്ഛന്‍ നിന്‍റെ ഉപ്പയെപ്പോലെ ഗള്‍ഫ്കാരനൊന്നും അല്ല. എടരിക്കോട് സ്കൂളിലെ വെറുമൊരു ശിപായിയാ, മൂപ്പരുടെ കയ്യില്‍ ടേപ്പ് റെക്കോര്‍ഡര്‍ മേടിക്കാനുള്ള കാശൊന്നും ഇല്ല"
"ന്‍റെ റബ്ബേ, ങ്ങളെന്നെ കൊലയ്ക്ക് കൊടുക്കും, എന്നും ങ്ങനെയീ റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടിപാടി തന്നാല് പാട്ടും പടിപ്പുമൊക്കെ ഒറ്റടിക്കങ്ങ് നിന്നോളും"
"നൂര്‍ജാ, നീയെന്താ എന്നെ എപ്പോഴും ങ്ങള്, ങ്ങള് എന്ന് വിളിക്കുന്നേ?"
മറുപടി ആദ്യം ഒരു കൂര്‍ത്ത നോട്ടമായിരുന്നു.
"നിനക്കെന്നെ പേര് വിളിച്ചൂടേ"
"ങ്ങളെന്താ എന്നെ നൂര്‍ജഹാനെന്ന് തികച്ച് വിളിക്കാണ്ട്, നൂര്‍ജാ, നൂര്‍ജാന്ന് വിളിക്കണേ"
"അത്, നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായത് കൊണ്ട്"
"മണ്ടിക്കോണം ഇവിടെ നിന്ന്, ഉമ്മായെങ്ങാനും അറിഞ്ഞാലുണ്ടല്ലോ"
"അറിഞ്ഞാല്?"
"ങ്ങള്‍ക്ക് പ്രാന്താണ്, ങ്ങടെ കൂടെ ഇവിടെ വന്നിരിന്ന് പാട്ട് പാടുന്ന എനിക്കും പ്രാന്താണ്"
"പിന്നേം പിന്നേം ങ്ങള് ങ്ങള് ങ്ങള് ങ്ങള്"
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് റെയില്‍വേ പാളം മുറിച്ചു കടന്നു. അനിഷ്ടത്തോടെ ഞാന്‍ പ്ലാറ്റ്ഫോറത്തില്‍ നിന്നപ്പോള്‍ അവള്‍ പെട്ടെന്ന് തിരിഞ്ഞു നിന്നു.
"ഞാനെന്താ ങ്ങളെ പേര് വിളിക്കാത്തതെന്നറിയോ?"
അവളെപ്പോലെ ഒന്ന് കൂര്‍പ്പിച്ച് നോക്കാന്‍ ഞാനും ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല.
"ഉമ്മ ഉപ്പാനെ പേര് വിളിക്കില്ല" പറഞ്ഞുതീര്‍ന്നതും അവള്‍ ഒരു ഓട്ടമായിരുന്നു.
പുറകേ ഓടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാന്‍ മറ്റൊരു ലോകത്തിലായിരുന്നു.
നൂര്‍ജാ, നീയെന്നെ ആദ്യമായി പേര് വിളിച്ചതും മാല്‍പേ ബീച്ചില്‍ വെച്ചായിരുന്നു.
"ഹേമന്ത്, ഹ എന്ന അക്ഷരം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അന്ന്. ഇന്നും. നമ്മുടെ രണ്ടുപേരുടേയും പേരുകളില്‍ പൊതുവായിട്ടുള്ള അക്ഷരം. രാത്രിയില്‍ പഠിക്കാനിരിക്കുമ്പോള്‍ കണക്ക് ബുക്കിന്‍റെ പുറകില്‍ ഞാന്‍ നൂര്‍ജഹാന്‍ഹേമന്ത് എന്ന് ഒത്തിരി വട്ടം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും ഹിന്ദിയിലും. പിന്നെ ഞാനത് നൂര്‍ജാഹേമന്ത് എന്ന് തിരുത്തിയെഴുതി.
നമുക്ക് രണ്ടുപേര്‍ക്കും കൂടി ഒരു ഹ മതിയല്ലോ എന്നു വിചാരിച്ച്. നിനക്കറിയാമോ ഇപ്പോഴും ഉണ്ട് ഇടയ്ക്കിടയ്ക്ക് ആ വട്ട്. ഇപ്പോള്‍ കന്നടത്തിലും തമിഴിലും ഞാന്‍ നൂര്‍ജാഹേമന്ത് എന്നെഴുതും. ഒരിക്കല്‍ പ്രോഗ്രാമിന് കല്‍ക്കട്ടയില്‍ പോയപ്പോള്‍ അവിടെ വെച്ച് ഞാന്‍ ബംഗാളിയില്‍ എഴുതാന്‍ പഠിച്ചു"
"നൂര്‍ജഹാന്‍, ഇപ്പോള്‍ ഹ എന്ന അക്ഷരം നമുക്കിടയില്‍ അകലം തീര്‍ക്കുന്നു"
വീണ്ടും പഴയ കൂര്‍ത്ത നോട്ടം.
"നീയിപ്പോള്‍ എന്നെ ങ്ങളെന്ന് വിളിക്കുന്നില്ല, ഞാന്‍ നിന്നെ നൂര്‍ജയെന്നും വിളിക്കുന്നില്ല."
"നീയെന്നെ നൂര്‍ജയെന്ന് വിളിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, പക്ഷേ ങ്ങളെന്ന് ഇനിയെന്‍റെ നാവില്‍ വരാന്‍ ഞാന്‍ ഒത്തിരി ശ്രമിക്കേണ്ടി വരും"
"അത്രയ്ക്ക് അന്യനായോ ഞാന്‍?"
അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. എന്നിട്ടു പറഞ്ഞു.
"ഉമ്മ എളയാപ്പയെ പേരാ വിളിക്കുന്നത്"
"അത് അങ്ങനെയല്ലേ വേണ്ടത്?"
അവളുടെ ചിരിയില്‍ ഒരു പുച്ഛം ഉണ്ടായിരുന്നു.
"ഉപ്പയ്ക്ക് ഇനി സൌദിയില്‍ നിന്നും ഒരു മടക്കം ഉണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല ഹേമന്ത്. ഉപ്പ ഇനി വരില്ല. ഉപ്പയ്ക്കൊപ്പം അവിടെ കൂടിയാലോ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. പടച്ചോന്‍ അതിനും സമ്മതിക്കൂലാ."
"നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല"
"ഉമ്മ എന്തൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. മുഖം രക്ഷിക്കാന്‍ ഉമ്മയിപ്പോള്‍ എനിക്കും ഉപ്പയ്ക്കുമിടയില്‍ അവിഹിതം ആരോപിക്കുകയാ."
"നൂര്‍ജാ..."
"നിനക്കറിയാമോ, ഉപ്പയുടെ ഏറ്റവും ഇളയ അനിയനും ഞാനും തമ്മില്‍ അഞ്ച് വയസ്സിനുള്ള വ്യത്യാസമേ ഉള്ളൂ. ഉമ്മയ്ക്ക് എളയാപ്പയോടുള്ള സ്നേഹം ഒരു അമ്മയ്ക്ക് മകനോടെന്ന പൊലുള്ള സ്നേഹമല്ലായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു. ഉള്ളിലൊതുക്കി ഞാന്‍ ആരോടും പറയാതെ. അത്രയ്ക്കിഷ്ടമായിരുന്നു എനിക്കെന്‍റെ ഉപ്പയെ. ഉപ്പ ഒരിക്കലും, ഒരിക്കലും അത് അറിയരുതെന്ന് ഞാന്‍ കരുതി. പക്ഷേ എന്‍റെ പാവം ഉപ്പയോട് എനിക്ക് തന്നെ അത് പറയേണ്ടി വന്നു, എന്‍റെ വിവാഹത്തിന് ശേഷം. അറിയുമോ നിനക്ക്, സ്വന്തം കെട്ടിയോനും പെറ്റമ്മയും ഒരേ കിടക്കയില്‍ പുണര്‍ന്ന് കിടക്കുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില പെണ്‍കുട്ടികളില്‍ ഒരാളാണ് ഞാന്‍.."
"നൂര്‍ജാ.. പ്ലീസ്"
"അബദ്ധമായിപ്പോയി ഹേമന്ത്, അതും ഞാന്‍ ഉള്ളിലൊതുക്കിയാല്‍ മതിയായിരുന്നു. പക്ഷേ ഞാന്‍ പൊട്ടിത്തെറിച്ചൂ, ഏതൊരു പെണ്ണിനേയും പോലെ. വേണ്ടായിരുന്നു, ആ പൊട്ടിത്തെറിയില്‍ തകര്‍ന്ന് പോയത് ഉപ്പ ആയിരുന്നു. ഉമ്മയുടെ വൈകല്യങ്ങളെക്കുറിച്ച് ഒരിക്കലും ഉപ്പയോട് പറയരുതായിരുന്നു. ചില അനിഷ്ട സംഭവങ്ങള്‍ നമ്മള്‍ ആരുമായും പങ്കു വെയ്ക്കാതിരിക്കുന്നതാണ് നല്ലത്, ആ അനിഷ്ട സംഭവം ഒരു ദൂരന്തമായി മാറും"
"വില്‍ യു സ്റ്റോപ് ദിസ്"
വീണ്ടും അതേ കൂര്‍ത്തനോട്ടം.
"പ്ലീസ് നൂര്‍ജാ, നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം, നീയൊരു പാട്ട് പാട്"
"നീയെന്നും എന്നേക്കാളധികം സ്നേഹിച്ചത് എന്‍റെ പാട്ടിനെ ആയിരുന്നു. അതു കൊണ്ടാണ് നീയെന്നെ കാണാഞ്ഞത്. ഇപ്പോള്‍ എന്നെ കേള്‍ക്കാത്തത്. നിനക്കിനിയും എന്നെ കാണാനോ കേള്‍ക്കാനോ കഴിയില്ല ഹേമന്ത്"
ആ വാക്കുകള്‍ എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു. നിനക്കിനിയും എന്നെ കാണാനോ കേള്‍ക്കാനോ കഴിയില്ല ഹേമന്ത്. അതെനിക്കു ചുറ്റും പ്രതിധ്വനികളായി മുഴങ്ങുന്നു, കടലിരമ്പത്തിന്‍റെ അകമ്പടിയോടെ. അന്ന് അവളുടെ ആ വാക്കുകള്‍ക്ക് മറുപടിയായി അവളുടെ ദൌര്‍ബല്യം ഞാന്‍ മുതലെടുത്തു.
"ശരിയാ നൂര്‍ജാ, എനിക്ക് നിന്നെ പലപ്പോഴും കേള്‍ക്കാന്‍ കഴിയില്ല. അരപ്പൊട്ടനല്ലേ ഞാന്‍, നിനക്കറിയാമല്ലോ അത്"
അവള്‍ പെട്ടെന്ന് വലംകൈയെടുത്ത് എന്‍റെ ചുമലില്‍ വെച്ചു. വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും അവളുടെ സ്പര്‍ശനം.
"സോറി ഹേമന്ത്"
"സത്യം നൂര്‍ജാ, ഞാന്‍ നിന്‍റെ പാട്ടിനെ ഒരുപാട് സ്നേഹിക്കുന്നു. ഒരു ചെവിയുടെ കേള്‍വി മാത്രം ദൈവം എനിക്ക് ബാക്കി തന്നതെന്തിനാണെന്നറിയാമോ?"
"എന്തിനാ?"
"നിന്‍റെ പാട്ട് കേള്‍ക്കാന്‍"
"അന്നൊക്കെ ഞാന്‍ പാടിയിരുന്നതും നിനക്ക് വേണ്ടി മാത്രമായിരുന്നു, പക്ഷേ ഇന്ന് പാടുന്നത് കാശിന് വേണ്ടിയാ. കാശുണ്ടോ ലേബറാപ്പീസിലെ ക്ലര്‍ക്കിന്‍റെ കൈയ്യില്‍, എന്‍റെ പാട്ട് കേള്‍ക്കാന്‍"
"ശരിയാ, പക്ഷേ നിന്‍റെ ഒരു വേദിയുടെ പ്രതിഫലം തരാന്‍ എന്‍റെ ഒരുമാസത്തെ ശബളം തികഞ്ഞേക്കും"
"ഒരു മാസത്തെ ശബളം എനിക്ക് തരണം, എനിക്ക് അവകാശപ്പെട്ടതു തന്നെയാ, എത്ര പാട്ടാ ഞാന്‍ പാടി തന്നിട്ടുള്ളത്"
"പ്ലീസ്, നൂര്‍ജാ. വലിയ പോസ് കാണിക്കാതെ നീയൊന്ന് പാടൂ"
അവള്‍ കാലുകള്‍ പൂഴി മണലിലേക്ക് നീട്ടി വെച്ചു.
"ഇങ്ങു വാ, എന്‍റെ മടിയില്‍ തലവെച്ച് കിടക്ക്"
സൂര്യന്‍ ചുവന്നു തുടങ്ങിയിരുന്നു. അവളുടെ മൈലാഞ്ചി കൈകളോട് അസൂയ തോന്നിയിട്ടെന്നോണം. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
മൈലാഞ്ചി കൈകള്‍ എന്‍റെ കവിളില്‍ അമര്‍ന്നു. ആ കൈകള്‍ എന്നെ അവളുടെ മടിത്തട്ടിലേക്ക് ബലമായി പിടിച്ചു കിടത്തി. കടപ്പുറത്തിന്‍റെ തനത് വാസനയെ അത്തറിന്‍റെ മണം വിഴുങ്ങുന്നത് ഞാനറിഞ്ഞു.
മേഘരാഗത്തില്‍ അവള്‍ പാടിത്തുടങ്ങി. ഞാന്‍ അന്തിച്ചുവപ്പേറ്റ മേഘങ്ങളെ നോക്കി നിര്‍വൃതിയോടെ കണ്ണുകളടച്ചു. മേഘം മഴത്തുള്ളിയായി വീണതുപോലെ ഒരു കണ്ണുനീര്‍ത്തുള്ളി എന്‍റെ കവിളില്‍ വീണു. പിന്നെ കുറെ നേരം നിശബ്ദമായിരുന്നു. മേഘം മഴയായി പൊഴിഞ്ഞു തീര്‍ന്നതിന്‍റെ സാന്ദ്രമൌനം.
റ്റൈഡ് വാച്ചേഴ്സ് ഞങ്ങളുടെ അരികിലെത്തി രാത്രി എട്ടുമണിയ്ക്ക് ശേഷം ബീച്ചില്‍ ഇരിക്കുന്നതിന് നിയന്ത്രണം ഉണ്ടെന്ന് അറിയിച്ചു. പ്രണയജോഡികളെ ശല്യം ചെയ്യുന്ന ചില വഷളന്‍ സംഘങ്ങളുണ്ടത്രേ.
ഉഡുപ്പിയിലെ ഒരു സത്രത്തില്‍ ഞങ്ങള്‍ മുറിയെടുത്തു.
"ആ റിസപ്ഷനിസ്റ്റിന് നമ്മളെ അത്രയ്ക്ക് വിശ്വാസം വന്നിട്ടില്ല. നമ്മള്‍ ക്ഷേത്രത്തില്‍ വന്നതല്ലെന്ന് അവള്‍ക്ക് മനസ്സിലായി, അയാളെ തെറ്റു പറയാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ക്ക് മനസ്സിലായി ഞാനൊരു മേത്തച്ചിയാണെന്ന്"
അവളപ്പോള്‍ പഴയ കോഴിച്ചെനക്കാരി മുസ്ലീം പെണ്‍കുട്ടി അല്ലായിരുന്നു. ലോകപരിചയമുള്ള പക്വമതിയായ ഒരു സ്ത്രീയായിരുന്നു.
"പേടിയുണ്ടോ നിനക്ക്?"
ഞാന്‍ മറുപടി പറഞ്ഞില്ല. മൈലാഞ്ചി കൈക്കുമ്പിളില്‍ അവളെന്‍റെ മുഖം കോരിയെടുത്തു.
"ഞാനടുത്തുള്ളപ്പോള്‍ നീ ഒന്നിനേയും പേടിക്കരുത്" അവളെന്‍റെ നെറ്റിയില്‍ ചുംബിച്ചു.
"മാല്‍പേയിലെ കൊഞ്ചു കറി എന്‍റെ വയറിന് പിടിച്ചിട്ടില്ല. ഇവിടെ വന്ന് ഒരു മസാലദോശ കഴിച്ചാല്‍ മതിയായിരുന്നു. ഉഡുപ്പിയിലെ മസാലദോശയ്ക്ക് ഒരു പ്രത്യേകരുചിയാ. നാളെ നീ എനിക്കൊരു മസാലദോശ വാങ്ങിത്തരണം, വാങ്ങി തര്വോ?"
"ഉം"
"ചെക്കാ നിന്‍റെ നെറ്റിയില്‍ ഉപ്പുചുവ, കടല്‍ക്കാറ്റേറ്റതിന്‍റെയാ, ആദ്യം നീയൊന്ന് ഫ്രഷാക്. എന്നിട്ട് വേണം എനിക്ക് ഫ്രഷാകാന്‍. ഒത്തിരിക്കാര്യങ്ങള്‍ എനിക്ക് നിന്നോട് പറയാനുണ്ട്. ഈ ഒറ്റച്ചെവി എന്‍റെ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനുള്ളതാ."
ആ മുറിയിലെ നീലവെളിച്ചത്തില്‍ വലിയ കിടക്കയില്‍ അഭിമുഖമായി ഞങ്ങള്‍ കിടന്നു. അവളുടെ വെള്ള ചുരിദാറിന് ഇളംനീല നിറം.
ഞാന്‍ പറയാതെ തന്നെ അവള്‍ പാടിത്തുടങ്ങി. അലൈപായുതേ കണ്ണാ..
പാടിത്തീരുന്നതുവരെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ കിടന്നു.
"ഞാന്‍ കര്‍ണ്ണാട്ടികും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഉഡുപ്പിയല്ലേ, കണ്ണനു വേണ്ടിയും നിനക്ക് വേണ്ടിയും ഒരു കീര്‍ത്തനം. ഇഷ്ടപ്പെട്ടോ നിനക്ക്?"
"എനിക്ക് നീ ഹിന്ദുസ്ഥാനി പാടുന്നതാ കൂടുതല്‍ ഇഷ്ടം"
ഒരു നിമിഷം അവള്‍ കണ്ണുകളടച്ചു കിടന്നു. ആ കണ്‍പീലികള്‍ക്കപ്പോള്‍ മയില്‍പ്പീലിയേക്കാള്‍ സൌന്ദര്യം ഉണ്ടായിരുന്നു. അതെന്നെ വല്ലാതെ മോഹിപ്പിച്ചു. ആ കണ്ണുകളില്‍ ഒന്നു ചുംബിക്കാന്‍ കൊതിച്ചു. അവള്‍ കണ്ണുകള്‍ തുറന്ന് എന്നെ നോക്കി. വൃന്ദാവനസാരംഗിയില്‍ അവളൊരു പ്രണയഗാനം പാടിത്തുടങ്ങി. അവളുടെ കണ്ണുകളുടെ തിളക്കം കാണാന്‍ ശക്തിയില്ലാതെ ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു.
വിരലുകളുടെ മൃദുസ്പര്‍ശനം എന്‍റെ മുടിയിഴകള്‍ക്കിടയില്‍ അനുഭവപ്പെട്ടു. പാട്ടിന്‍റെ താളത്തിനെന്നോണം അവളെന്‍റെ നെറുകയിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വെച്ച് അവള്‍ പാട്ടു നിര്‍ത്തി. നെറുകയിലെ തലോടലും നിലച്ചു. ഒരു വിതുമ്പല്‍ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു.
"എന്തുപറ്റി നിനക്ക്, എന്തിനാ ഇങ്ങനെ ഒരു കാരണവുമില്ലാതെ കരയുന്നത്?"
അവള്‍ തലയണയിലേക്ക് മുഖം അമര്‍ത്തി. അവളുടെ ഏങ്ങലടി അല്‍പ്പം ഉച്ചത്തിലായി. വിറയ്ക്കുന്ന കൈകളോടെ ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി. വിറയല്‍ നിലയ്ക്കാത്ത കൈകള്‍ അവളുടെ കണ്ണുനീര്‍ യാന്ത്രികമായി തുടച്ചു.
കൈകള്‍ പിന്‍വലിക്കാനൊരുങ്ങിയപ്പോള്‍ അവള്‍ എന്‍റെ കൈകളില്‍ ബലമായി പിടിച്ചു.
"ഇതെന്‍റെ സ്വപ്നമായിരുന്നു ഹേമന്ത്, എന്‍റെ ഏറ്റവും വലിയ സ്വപ്നം, നിന്‍റെ അരികത്ത് കിടന്ന് ഇങ്ങനെ പാട്ട് പാടണമെന്നത്, പക്ഷേ അതിങ്ങനെ ഒളിച്ചും പാത്തും കള്ളരെ പോലെ ഉഡുപ്പിയിലെ ഈ സത്രത്തില്‍"
"അങ്ങനെയെങ്കിലും നമ്മുടെ സ്വപ്നം നടന്നല്ലോ, പടച്ചോനോട് നന്ദി പറയ്"
"ഹേമന്ത്, എനിക്ക് നിന്‍റെ നെഞ്ചില്‍ തല വെച്ച് കിടന്നു പാടണം"
സ്വപ്നത്തിലെന്നപോലെ ഞാന്‍ കിടന്നു. എന്‍റെ നെഞ്ചിനെ നനച്ചുകൊണ്ട് വൃന്ദാവനസാരംഗി വീണ്ടും. ഞാന്‍ അവളുടെ പട്ടുപോലുള്ള മുടിയില്‍ വിരലോടിച്ചു കൊണ്ട് കിടന്നു. എന്‍റെ ചുമലില്‍ വള്ളിപോലെ കിടന്ന അവളുടെ കൈകളെടുത്തു ഞാന്‍ ചുംബിച്ചു.
സ്നേഹം നൊടിയിട കൊണ്ട് പ്രണയത്തിലേക്കും പ്രണയം ആര്‍ത്തിയിലേക്കും ആര്‍ത്തി ആസക്തിയിലേക്കും വഴിമാറിയത് ചുംബനങ്ങളുടെ സമ്മര്‍ദ്ദ വ്യത്യാസങ്ങളിലൂടെ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ പെട്ടെന്ന് പാടുന്നത് നിര്‍ത്തി.
"നിനക്കെന്‍റെ പാട്ട് കേള്‍ക്കണ്ടേ?"
മറുപടി ഞാന്‍ പറഞ്ഞില്ല. അവളെ ഞാന്‍ വരിഞ്ഞു മുറുക്കി. അവള്‍ പെട്ടെന്ന് കുതറി മാറി. അവളുടെ ഏറ്റവും മൂര്‍ച്ചയേറിയ നോട്ടം കണ്ടത് ഞാന്‍ അപ്പോഴാണ്. ആ ഒറ്റ നിമിഷം കൊണ്ട് എന്‍റെ ആവേശം തണുത്തുറഞ്ഞു പോയി.
അവള്‍ എന്‍റെ അരികില്‍ നിന്നും മാറി തിരിഞ്ഞു കിടന്നു. എന്‍റെ ഹൃദയമപ്പോള്‍ ശൂന്യമായിരുന്നു. എത്ര നേരം അങ്ങനെ കിടന്നുവെന്ന് എനിക്ക് ഓര്‍മ്മയില്ല.
"ഹേമന്ത്, നീ ഉറങ്ങിയില്ലേ"
ഞാന്‍ മറുപടി പറഞ്ഞില്ല.
"ഞാന്‍ പുതുമ നഷ്ടപ്പെട്ടവളാ ഹേമന്ത്, അന്യന്‍റെ എച്ചില്‍പാത്രം എന്തിനാ നിനക്ക്?"
"എനിക്ക് ജീവിക്കാന്‍, എനിക്ക് മനുഷ്യനാകാന്‍, ഉമിത്തീ പോലെ നീറി നീറി പുകയുന്ന എന്‍റെ നെഞ്ചിനെ തണുപ്പിക്കാന്‍"
അവളെന്‍റെ നെഞ്ചിലേക്ക് മുഖം അമര്‍ത്തി കിടന്നു.
"വരാമെന്ന് ഞാന്‍ പറഞ്ഞതല്ലേ, എന്തായിരുന്നു കൊണ്ടു പോകാതിരുന്നത്?"
മറുപടി പറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു. കണ്ണുനീരില്ലായിരുന്നു, പക്ഷേ എന്‍റെ ഉള്ള് ഞാനറിയാതെ കരഞ്ഞത് അവള്‍ തിരിച്ചറിഞ്ഞു. അവള്‍ മുഖം ഉയര്‍ത്തി എന്‍റെ കണ്ണുകളില്‍ മൃദുവായി ചുംബിച്ചു.
ശ്രുതി ചേര്‍ത്ത് വെച്ച ഒരു മണിവീണ ആയിരുന്നു അവള്‍. തൊടുന്നിടത്തെല്ലാം സംഗീതം. മനോഹരമായ ഒരു സിംഫണിയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയത് പോലെ ആയിരുന്നു അവളുടെ ഹൃദയമിടിപ്പ് പോലും.
അവളുടെ നിശ്വാസങ്ങളില്‍ സംഗീതമുണ്ടായിരുന്നു. അവളുടെ ശീല്‍ക്കാരങ്ങള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങള്‍ പോലായിരുന്നു. എനിക്കിഷ്ടപ്പെട്ട സംഗീതോപകരണങ്ങളായി അവള്‍ അനുനിമിഷം മാറിക്കൊണ്ടിരുന്നു.
മണിവീണ കുറേ നേരം നിശബ്ദമായി ഒരു തംബുരുവായി വീണ്ടും ശ്രുതിമീട്ടി തുടങ്ങി. തംബുരു ഒരു വയലിന്‍ ആയി മാറി എന്നില്‍ പ്രണയമായി നിറഞ്ഞു. ഒരു മുരളികയായി മാറാന്‍ അവള്‍ കൊതിച്ചു. എന്നെ സംഗീതം പഠിപ്പിക്കാന്‍ സ്വയം അവള്‍ ഒരു പിയാനോ ആയി മാറി. പിന്നെയവള്‍ പ്രകൃതിയുടെ സംഗീതത്തിലേക്ക് വഴിമാറി.
ഒരു കുയിലിനെപ്പോലെ മധുരശബ്ദത്തില്‍ അസ്പഷ്ടമായി അവള്‍ എന്തൊക്കെയോ പറഞ്ഞു. ഒരു വെള്ളരിപ്രാവിനെപ്പോലെ കുറുകി. ഒടുവില്‍ അവള്‍, അവള്‍ തന്നെയായി മാറി. ഞങ്ങള്‍ വെറും മനുഷ്യജന്മങ്ങള്‍ മാത്രമായി. സ്ത്രീയും പുരുഷനും അവരുടെ ശബ്ദങ്ങളും മാത്രം.
ശ്വാസഗതി സാധാരണനിലയില്‍ ആക്കാന്‍ പാട് പെട്ടുകൊണ്ട് അവള്‍ എന്‍റെ നെറുകയില്‍ ചുംബിച്ചു. എന്നിട്ട് അവള്‍ പറഞ്ഞു.
"ങ്ങള്.. ങ്ങളെന്‍റെ പ്രാണനാ"
ശ്വാസഗതിയ്ക്കൊപ്പം ഉയര്‍ന്ന് താഴുന്ന അവളുടെ മാറില്‍ കവിള്‍ത്തടം അമര്‍ത്തി ഞാന്‍ കുറെ നേരം കിടന്നു.
"അന്ന് മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഇ എന്‍ ടി ഡിപ്പാര്‍ട്ട് മെന്‍റിന് മുന്‍പില്‍ ഞാന്‍ എത്ര നേരം കാത്തു നിന്നുവെന്ന് അറിയാമോ?"
ഒരു പുഴുവിനെപ്പോലെ ഞാന്‍ ചെറുതായി പോകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.