Thursday, 19 June 2014

ഗ്രീഷ്മവസന്തം 2


ഗ്രീഷ്മവസന്തം (കഥ - ഭാഗം 2)

ശരത്ബാബു പല്ലന

***********************************************************

"
ഹരീ, ഗ്രീഷ്മ വെറുമൊരു സ്റ്റുപ്പിഡ് ഗേള്‍ ആണ്, എന്ത് എവിടെ എങ്ങനെ സംസാരിക്കണം എന്നൊന്നും അവള്‍ക്കറിയില്ല, എന്നേക്കാള്‍ സ്വാതന്ത്ര്യം പലപ്പോഴും ഹരിയുടെ അടുത്ത് അവള്‍ എടുക്കുന്നുണ്ട്. എന്‍റെ അമ്മ പ്രസവിച്ചതല്ലേലും എനിക്കും ഉണ്ട് ബ്രദേഴ്സ്. ഞാന്‍ അവരുടെ പ്രൈവസിയില്‍ കൈകടത്താറില്ല."

"
അതിനിപ്പോള്‍ എന്തുണ്ടായി?"

"
ഞാന്‍ കോപ്പര്‍ ടി ഇട്ടിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കാര്യം അവള്‍ക്കുണ്ടോ?"

"
അവളും ഒരു പെണ്ണാ, നീ പറയാതെ തന്നെ അത് മനസ്സിലാക്കാനുള്ള സാമാന്യ പരിജ്ഞാനം ഒക്കെ അവള്‍ക്കുണ്ട്. പീരീഡ്സ് ഡേയ്സിലെ നിന്‍റെ മുഖത്തെ വിളര്‍ച്ച കണ്ടാല്‍ ആരും അത് സംശയിച്ചു പോകും."

"
ഹരിയുടെ സമ്മതത്തോടെയാ ഞാന്‍ അത് ചെയ്തത്. അത് ക്വസ്റ്റ്യന്‍ ചെയ്യേണ്ട ആവശ്യം ഗ്രീഷ്മയ്ക്കില്ല. അവള്‍ അവളുടെ ഭര്‍ത്താവിന്‍റേയും കൊച്ചിന്‍റേയും കാര്യം നോക്കിയാല്‍ മതി. എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കണ്ട"

"
സാമന്തേ, നീ വിദ്യാഭ്യാസമുള്ള പെണ്ണാണ്"

"
നിങ്ങളുടെ പെങ്ങള്‍ക്ക് വിദ്യാഭ്യാസവുമില്ല വിവരവുമില്ല"

"
അടിച്ചു നിന്‍റെ അണപ്പല്ല് കൊഴിക്കും ഞാന്‍, മിണ്ടാതിരിക്കെടീ അസത്തേ"

"
ഓഹോ അപ്പോള്‍ ഞാന്‍ തെറ്റുകാരിയായി അല്ലേ? ഹരീ ഇങ്ങനെ ഈ നരകത്തിലിട്ട് നശിപ്പിക്കാനാണോ എന്നെ വിവാഹം കഴിച്ചത്, ഇതിന് വേണ്ടിയാണോ ഹരിയുടെ കൂടെ ജീവിക്കാന്‍ ഞാന്‍ എന്‍റെ വീട്ട് കാരോട് ഫൈറ്റ് ചെയ്തത്?"

"
സാമന്തേ, നീ അവഗണിക്കേണ്ട കാര്യങ്ങള്‍ വലുതാക്കി ചിത്രീകരിക്കുന്നു"

"
എനിക്ക് എന്‍റേതായ പ്രൈവസി വേണം"

"
നിനക്ക് വിശേഷമുണ്ടാകാത്തതിനേക്കാള്‍ കൂടുതല്‍ അവളെ വിഷമിപ്പിക്കുന്നത് നിനക്കുണ്ടായ ഓവര്‍ ബ്ലീഡിംഗ് ആണ്"

"
ഓ മൈ ഗോഡ്, നിങ്ങള്‍ ബ്രദറും സിസ്റ്ററും തമ്മില്‍ ഈ വക കാര്യങ്ങള്‍ സംസാരിക്കുമോ? ഐ കാണ്ട് ബിലീവ് ഇറ്റ്. തൊലി ഉരിയുന്നു എന്‍റെ"

"
നിന്‍റെ വൃത്തികെട്ട കണ്ണുകൊണ്ട് നോക്കിയാല്‍ അങ്ങനെ ഒക്കെ തോന്നും"

"
ഒടുക്കം കുറ്റം എല്ലാം എന്‍റെ തലയില്‍."

സാമന്തയും പാറുവും തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ തുടക്കം അതായിരുന്നു. ആ സംഭവത്തിന് ശേഷം വൈരാഗ്യബുദ്ധിയോടെ സാമന്ത ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപേഷിച്ചു. അവള്‍ ഗര്‍ഭിണി ആയതറിഞ്ഞ് പാറുവായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഒരു ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന അത്രയും പലഹാരങ്ങളുമായി പാറു അവളെ കാണാനെത്തി.

പാറുവിനോട് അന്ന് സാമന്ത കാട്ടിയ സമീപനമാണ് അമ്മയ്ക്കും അവളോട് അനിഷ്ടം തോന്നാന്‍ ഇടയായത്. അഞ്ചാം മാസം അവളുടെ അമ്മ വന്നു കൂട്ടിക്കൊണ്ട് പോയത് അവള്‍ക്ക് എന്നെന്നേക്കുമുള്ള രക്ഷപെടല്‍ ആയിരുന്നു. പ്രസവത്തിന് ശേഷം മുംബൈയിലേക്ക് കൂട് മാറിയതും സാമന്തയുടെ ബുദ്ധി ആയിരിക്കാം.

"
എന്തിനാ ഹരി നിങ്ങളെല്ലാവരും ഇപ്പോഴും അവളെ പെറ്റ് നെയിം വിളിക്കുന്നത്, നല്ലൊരു പേരുണ്ടല്ലോ അവള്‍ക്ക്. ഹരിയ്ക്ക് നാണമില്ലേ ഇപ്പോഴും അവളെ പെറ്റ് നെയിം വിളിക്കാന്‍"

മോള്‍ക്ക് പാര്‍വണേന്ദു എന്ന പേര് തിരഞ്ഞെടുത്തതിലും സാമന്തയ്ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് എന്നോ ഒരു നിമിഷത്തില്‍ ആ പേര് അവളോട് പറഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ ഒടുക്കം അവള്‍ക്ക് സമ്മതിക്കേണ്ടി വന്നു.

സാമന്തേ, നീ അവളെ വെറുക്കുന്നത് ഞാന്‍ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് കരുതിയല്ലേ. പക്ഷേ എന്‍റെ ആത്മാവിലേക്ക് ഒരിക്കലെങ്കിലും ഇറങ്ങി നോക്കിയിരുന്നെങ്കില്‍ ഞാന്‍ അവളെ സ്നേഹിച്ചിരുന്നില്ലെന്ന് നിനക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. കളിച്ചു നടക്കുന്ന പ്രായത്തില്‍ കയ്യില്‍ കിട്ടിയ കളിപ്പാട്ടത്തിനോട് തോന്നിയ ഒരു ഇഷ്ടം. കൊഞ്ചിക്കാന്‍ കിട്ടിയ ഒരു കൈക്കുഞ്ഞിനോടുള്ള വാത്സല്യം. അതു മാത്രമാണ് നീ പുറമേ കാണുന്ന, അന്ധമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സ്നേഹം. പക്ഷേ അതിനപ്പുറത്ത് ഞാന്‍ അവളെ സ്നേഹിച്ചിട്ടുണ്ടോ?

ഏതൊരു പുരുഷനും സ്ത്രീയോടെന്ന പോലെ ഞാനവളോട് ആജ്ഞാപിച്ചു കൊണ്ടേയിരുന്നു. അനുസരിക്കാന്‍ അവള്‍ നിര്‍ബന്ധിത ആയിരുന്നു. ശമ്പളം കൊടുക്കേണ്ടാത്ത ദാസി. അതായിരുന്നു ശരിക്കും അവള്‍. അവള്‍ എന്തായി തീരണമെന്നോ അവളുടെ ഭാവി എങ്ങനെ ആയി തീരണമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഉള്ളതു പോലെ ഒരു പെങ്ങള്‍ എനിക്കുമുണ്ട് അത്രമാത്രം. ഞാന്‍ പ്രണയിക്കുമ്പോഴും അവള്‍ ആരെയും പ്രണയിക്കാന്‍ പാടില്ലെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം അത് എന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമാണ്. ആരെയെങ്കിലും പ്രേമിച്ചെന്നറിഞ്ഞാല്‍ ഞാന്‍ കൊന്നുകളയും എന്ന് എല്ലാ ആങ്ങളമാരെയും പോലെ ഞാനും ഭീക്ഷണിപ്പെടുത്തി.

അവള്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാവുമോ? ആരും അത് അന്വേഷിച്ചിട്ടില്ല. വിവാഹം കഴിക്കാന്‍ പോന്ന ചെറുക്കനെ അവള്‍ക്കിഷ്ടപ്പെട്ടോ എന്നു പോലും ആരും അന്വേഷിച്ചില്ല. ജീവിതത്തിന്‍റെ എല്ലാഘട്ടങ്ങളിലും അവളുടെ ആവശ്യങ്ങള്‍ അവസാനം മാത്രമേ എണ്ണത്തിലെടുക്കുകയുള്ളായിരുന്നു. പുകഴേന്തിസാറ് പറഞ്ഞിട്ടുള്ളത് പോലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളില്‍ ഒളിച്ചിരിക്കുന്ന ദുശ്ശള അവളിലും ഉണ്ടായിരുന്നിരിക്കാം, ഒരു പ്രതിഷേധവുമില്ലാതെ അവള്‍ ജീവിച്ചു. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നോ എന്ന് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഞാനും അന്വേഷിച്ചിട്ടില്ല.

കവുങ്ങിന്‍ ചുവട്ടില്‍ കൈകളുയര്‍ത്തി പൂക്കുലയ്ക്ക് വേണ്ടി കൊതിയോടെ നില്‍ക്കുന്ന പഴയ പെറ്റിക്കോട്ട് കാരിയുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു വരുന്നു. അവള്‍ക്കിപ്പോള്‍ ഒരാഗ്രഹം മാത്രമേ ഉള്ളൂ. ആ പൂക്കുല കൊണ്ട് താലമൊരുക്കി വല്യകുളങ്ങര അമ്പലത്തിലെ താലപ്പൊലിയ്ക്ക് താലമെടുക്കണം. നിന്‍റെ ഒരു ആഗ്രഹമെങ്കിലും ഏട്ടന്‍ സാധിച്ചു തന്നിട്ടുണ്ടല്ലോ. ഇനിയൊരിക്കല്‍ കൂടി നിനക്ക് വേണ്ടി കവുങ്ങില്‍ വലിഞ്ഞു കയറാന്‍ ഏട്ടന്‍ അതിയായി ആഗ്രഹിക്കുന്നു.

നാളെ പുലരുമ്പോള്‍ പാറു വന്നിരിക്കും. ഞാന്‍ വയ്യാതെ കിടക്കുകയാണെങ്കില്‍ അടങ്ങിയിരിക്കാന്‍ അവളെക്കൊണ്ട് കഴിയില്ല. ഞാന്‍ സ്വസ്ഥമായി ഉറങ്ങി.

ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് ഞാന്‍ ഉണര്‍ന്നു. പാറു വിളിക്കുന്നു. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"
ഏട്ടാ ഞാനാ"

"
മോളേ, നീ എവിടാ? നീ വരുന്നില്ലേ?"

"
ഞാന്‍ എങ്ങനെയാ ഏട്ടാ വരുന്നേ? ഞാന്‍ വന്നാല്‍ പിന്നെ മനുവേട്ടന്‍റെ കാര്യങ്ങള്‍ ആര് നോക്കും"

ഞാന്‍ കുറെ നേരം നിശബ്ദമായി കിടന്നു. മറുവശത്ത് ഞാനൊരു തേങ്ങല്‍ കേട്ടു.

"
എന്‍റെ ഏട്ടന് വയ്യാണ്ടായെന്ന് കരുതിയാല്‍ ഞാനെങ്ങനാ ഏട്ടാ അടങ്ങിയിരിക്കുന്നേ? എങ്കിലും ഞാന്‍ വരില്ല. ഇപ്പോള്‍ ഏട്ടനെ നോക്കേണ്ട കടമ ഏട്ടത്തിയ്ക്കാ. ഞാന്‍ ഏട്ടത്തിയുടെ നമ്പര്‍ തപ്പിയെടുത്ത് മനുവേട്ടനെ കൊണ്ട് വിളിപ്പിച്ചു. ഏട്ടത്തിയും മോളും ഉറപ്പായിട്ടും വരും. ഇന്ന് രാത്രിയ്ക്കുള്ളില്‍ ഏട്ടത്തി വന്നില്ലേല്‍ ഏട്ടന്‍ എന്നെ വിളിച്ചാല്‍ മതി ഞാന്‍ പറന്നെത്തിക്കോളാം"

"
അവള്‍ വരില്ല പാറൂ"

"
വരും ഏട്ടാ, ഉറപ്പായിട്ടും വരും. വരാതിരിക്കാന്‍ ഏട്ടത്തിയെക്കൊണ്ട് പറ്റില്ല. പിന്നെ അമ്മയോടും അച്ഛനോടും ഒന്നും ഞാന്‍ പറഞ്ഞില്ല വെറുതെ എന്തിനാ അവരെ സങ്കടപ്പെടുത്തുന്നത്. ചിന്നദുരൈ എന്നയാള്‍ മനുവേട്ടനെ വിളിച്ചിരുന്നു. അയാള് പറഞ്ഞു ഏട്ടന്‍റെ കരള് ദ്രവിച്ചു തുടങ്ങീന്ന്"

"
ചിന്നദുരൈ വിളിച്ചിരുന്നോ, അവനെങ്ങനാ മനുവിന്‍റെ നമ്പര്‍ കിട്ടിയത്!"

"
ആ.. ആര്‍ക്കറിയാം, ഏട്ടനോട് എനിക്കിപ്പോ ദേഷ്യാ തോന്നുന്നേ. ഈ കുടിക്കണ നേരത്തൊക്കെ ഏട്ടന്‍ ഏട്ടന്‍റെ മോളുടെ കാര്യം ഓര്‍ക്കുമായിരുന്നോ? അച്ഛനുണ്ടായിരുന്നത് കൊണ്ടല്ലേ നമ്മള്‍ യാതൊരു അല്ലലും അറിയാതെ വളര്‍ന്നത്. അച്ഛനില്ലാതെ വളര്‍ന്ന ശാരികയുടെ ദുഖം നേരിട്ട് അറിഞ്ഞിട്ടുള്ളതാ ഞാന്‍"

"
എവിടെ തുടങ്ങിയാലും ഒടുക്കം നീ ശാരികയില്‍ കൊണ്ട് ചെന്ന് അവസാനിപ്പിക്കും"

"
ഞാന്‍ മറന്നു പോകും ഏട്ടാ, ഇനിയൊരിക്കലും അവളെക്കുറിച്ച് ഏട്ടനോട് പറയരുതെന്ന് ഞാനെപ്പോഴും വിചാരിക്കും. പക്ഷേ അറിയാതെ സംഭവിച്ചു പോകും. ഏട്ടനോട് ആ കാര്യത്തില്‍ എനിക്ക് പിണക്കമൊന്നുമില്ല. അവളിപ്പോള്‍ സന്തോഷമായിട്ടാ ജീവിക്കുന്നത്. ഒരു കുട്ടിയുണ്ട്. ഒരു കുട്ടിയായി കഴിഞ്ഞാല്‍ എല്ലാ പെണ്ണുങ്ങളും കഴിഞ്ഞതൊക്കെ മറക്കും. അവളിപ്പോള്‍ ഏട്ടനെ കുറിച്ച് തിരക്കാറ് പോലുമില്ല. ഒരുപക്ഷേ ഏട്ടത്തിയുടെ സ്ഥാനത്ത് അവളായിരുന്നേലും അവളും ഇപ്പോള്‍ എന്നോട് പിണങ്ങിയേനേ. പെണ്ണുങ്ങള് അങ്ങനാ ഏട്ടാ, ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ അവര്‍ സ്വാര്‍ത്ഥരാ. മനുവേട്ടന്‍റെ കാര്യത്തില്‍ ഞാനും അങ്ങനെയാ. ഏട്ടന്‍ ഒരിക്കലും അവളേം ഏട്ടത്തിയേയുമായി താരതമ്യം ചെയ്യരുത്. ഏട്ടത്തിയുടെ ലോകം വേറെയാണ്, അത് മഹാദേവികാടിന്‍റെ നാല് അതിരുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ഏട്ടന്‍ ഒരിക്കലും ശ്രമിക്കരുത്. ഏട്ടന്‍ ഇനിയും ഏട്ടത്തിയെ മനസ്സിലാക്കിയിട്ടില്ല. എന്തിന് എന്നെപ്പോലും ഏട്ടന്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഏട്ടന്‍ ഏട്ടന്‍റെ ലോകത്താ ഇത്രയും നാള്‍ ജീവിച്ചത്. ഏട്ടന്‍ എല്ലാവരേയും മനസ്സിലാക്കാന്‍ ശ്രമിച്ചു തുടങ്ങണം. ഞാന്‍ വെയ്ക്കുവാ ഏട്ടാ. വൈകിട്ട് അമ്പലത്തില്‍ ഏട്ടന്‍റെ പേരില്‍ ഒരു ചുറ്റുവിളക്ക് നേര്‍ന്നിട്ടുണ്ട്. അതിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കണം. എണ്ണയൊഴിക്കാന്‍ രണ്ടു മൂന്ന് ചെക്കന്‍മാരെ ഏര്‍പ്പാടാക്കണം. ഏട്ടന്‍ ധൈര്യമായി കിടക്ക്, ഏട്ടത്തി വരും. ഞാന്‍ രാത്രിയില്‍ അമ്പലത്തില്‍ നിന്നും വന്നിട്ട് വിളിക്കാം"

ഞാന്‍ കണ്ണു തുറന്നു കിടന്നു. എവിടെ നിന്നോ വല്യകുളങ്ങര അമ്പലത്തില്‍ ചുറ്റുവിളക്ക് തെളിയുന്ന ഗന്ധം എന്‍റെ കിടക്കയ്ക്ക് ചുറ്റും പരന്നു.

പാറൂ, ഞാന്‍ പുസ്തകങ്ങള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. എനിക്കു ചുറ്റുമുള്ള മനുഷ്യരെ ഇതുവരെ വായിക്കാന്‍ ശ്രമിച്ചിട്ടില്ല.

ഒരു നനുത്ത വിരല്‍സ്പര്‍ശനം നെറ്റിയില്‍ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു. നിറമിഴികളോടെ സാമന്ത എന്‍റെ അരികിലായി ഇരിക്കുന്നു. തൊട്ടടുത്തായി കൌതുകത്തോടെ ഒരു കുരുന്ന് എന്നെ മിഴിച്ച് നോക്കുന്നു. എന്‍റെ മകള്‍. അവള്‍ എന്നെയൊന്ന് തൊട്ടുനോക്കി.

"
വഴക്കിടാന്‍ വേണ്ടി എന്നെ വിളിക്കുമല്ലോ. വയ്യാണ്ടായാല്‍ എന്നെ വിളിക്കില്ലേ? അപ്പോഴും പെങ്ങളെയേ വിളിക്കൂ അല്ലേ?"

എനിക്ക് ചിരിക്കാന്‍ തോന്നി. ഇവളുടെ സ്നേഹത്തിന്‍റെ രൂപം സ്വാര്‍ത്ഥതയാണ്. ആ സ്വാര്‍ത്ഥതയെ ആണ് ഞാന്‍ സ്നേഹിക്കേണ്ടത്.

ഞാന്‍ സാമന്തയുടെ കണ്ണുകളിലേക്ക് നോക്കി നിശബ്ദം കിടന്നു. എന്‍റെ മൌനത്തിന് അവളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.

മോളുടെ കളിയും ചിരിയും കൌതുകങ്ങളും സംഭാഷണങ്ങളും കേട്ട് സമയം പോയത് ഞാന്‍ അറിഞ്ഞതേയില്ല. ഫോണ്‍ വീണ്ടും ചിലച്ചപ്പോഴാണ് സമയം രാത്രിയായത് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഫോണ്‍ എടുത്തു.

"
ഏട്ടാ ഞാനാ, ഏട്ടത്തിയും മോളും വന്നോ?"

"
വന്നു"

"
മോള് സുന്ദരിയാണോ ഏട്ടാ? ഏട്ടത്തിയെപ്പോലെ വെളുത്തിട്ടാണോ?"

"
സുന്ദരിയാ, നമ്മുടെ അമ്മയെ പോലെ"

പെട്ടെന്ന് അവള്‍ ഫോണ്‍ വെച്ചു.

"
ആരാ? ഗ്രീഷ്മയാണോ?"

"
ഉം"

സാമന്ത എന്‍റെ അരികില്‍ വന്നിരുന്നു. അവളെന്‍റെ നെഞ്ചിലേക്ക് തല ചായ്ച്ചു. മോള്‍ അവളുടെ കയ്യിലെ കളിപ്പാട്ടത്തിനോട് കഥ പറയുന്നു.

"
സോറി ഹരി, സോറി ഫൊര്‍ എവരിതിംഗ്" സാമന്ത ശബ്ദം കുറച്ച് പറഞ്ഞു. ഞാനവളുടെ നെറുകയില്‍ ചുംബിച്ചു. ഫോണ്‍ വീണ്ടും ചിലച്ചു.
ഞാന്‍ ഫോണെടുത്ത് ചെവിയില്‍ വെച്ചു.

"
ഏട്ടാ ഞാനാ, പെട്ടെന്ന് മോളുടെ കാര്യം കേട്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. അതാ ഞാന്‍ ഫോണ്‍ വെച്ചത്. എനിക്ക് മോളൂനെ കാണാഞ്ഞിട്ട് കൊതിയായിട്ട് മേല. ആശുപത്രീന്ന് ഡിസ്ചാര്‍ജ് ആയിട്ട് ഏട്ടനും ഏട്ടത്തിയും മോളും കൂടി മാതേകാട്ടേക്ക് വര്വോ?"

"
വരാന്‍ നോക്കാം"

"
ഏട്ടത്തിയെക്കൊണ്ട് സമ്മതിപ്പിക്കണം. എന്നിട്ട് എല്ലാരും കൂടി വരണം. എനിക്ക് മോളെ കാണാഞ്ഞിട്ട് വയ്യ ഏട്ടാ. എനിക്കും ഉണ്ടാവത്തില്ലേ ഏട്ടാ ആഗ്രഹങ്ങള്‍. ഏട്ടന്‍ എന്നെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ട് തൊട്ട് കൊണ്ടുനടന്നതു പോലെ അവളേയും എനിക്ക് അങ്ങനെ കൊണ്ട് നടക്കണമെന്ന്. വരണേ ഏട്ടാ ഞാന്‍ കാത്തിരിക്കും"

അവള്‍ ഫോണ്‍ വെച്ചു.

"
ഗ്രീഷ്മയാണോ?" സാമന്ത ചോദിച്ചു.

"
ഉം"

"
എന്തിനാ പിന്നേം വിളിച്ചത്?"

"
ജീവിതം ഗ്രീഷ്മവസന്തമാണെന്ന് പഠിപ്പിക്കാന്‍"

മോള്‍ ഓടി വന്നു സാമന്തയുടെ മടിയില്‍ കയറി ഇരുന്നു.

ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു.

പുതുക്കുണ്ടം തേര് വരുന്നത് കണ്ട് അത്ഭുതത്തോടെ കണ്ണും മിഴിച്ചു നില്‍ക്കുന്ന ഒരു പെറ്റിക്കോട്ട്കാരിയുടെ ചിത്രം എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. ആ പെറ്റിക്കോട്ടുകാരിയ്ക്ക് എന്‍റെ മകളുടെ മുഖം ആയിരുന്നു.