Thursday, 19 June 2014

കാണാമറുക്



കാണാമറുക്


ശരത്‌ബാബു പല്ലന
.........................

അമലാതെരേസെയുടെ മുതുകെല്ലുകള്‍ക്കിടയിലായി ഒരു കറുത്തമറുക് ഉണ്ടത്രേ. വിനയന്‍റെ വെളിപ്പെടുത്തല്‍ എന്നെ അഭ്തുപ്പെടുത്തി. ഇവനിതെങ്ങനെ കണ്ടെത്തി!

"നീയെങ്ങനെ അത് കണ്ടെത്തി?"

"അവള്‍ പാര്‍ട്ടിയ്ക്ക് വന്നപ്പോള്‍ പുറക് വശം മുഴുവന്‍ തുറന്ന ഒരു ബ്ലൌസ് അല്ലേ ഇട്ടത്, മുടി മെടഞ്ഞ് മുന്നോട്ടും ഇട്ടു. അപ്പോള്‍ കണ്ടതാ"

"വായിനോക്കിയെന്ന് കേട്ടിട്ടുണ്ട്. പുറംനോക്കി, മറുക് നോക്കി, എന്‍റെ വിനയാ നിന്നെ നമിച്ചു"

"നീയെന്ത് വര്‍ത്തമാനമാ ഈ പറയുന്നത്, അവള് പ്രദര്‍ശിപ്പിച്ചതല്ലേ ഞാന്‍ നോക്കിയത്, അതുപോട്ടെ, ഞാന്‍ പറയാന്‍ വന്ന കാര്യം വേറെയാ"

"അവള്‍ ഭാഗ്യം ഉള്ളവളാ, കാണാമറുക് ഭാഗ്യമാ"

അഞ്ചു വര്‍ഷം മുന്‍പ് എന്‍റെ പ്രിയ സുഹൃത്ത് വിനയ് ഐപ് എന്നോട് ആദ്യമായി അമലയെക്കുറിച്ച് പറഞ്ഞത് അങ്ങനെ ആയിരുന്നു. ഇന്ന് ഈ കോഫി ഹൌസില്‍ എന്‍റെ മുന്നില്‍ അവന്‍ ഇരിക്കുമ്പോള്‍ പ്രസരിപ്പുള്ള ആ പഴയ ചെറുപ്പക്കാരന്‍ ഒരു ഓര്‍മ്മ മാത്രമായി അവശേഷിച്ചു.

"അമല ഒരു ഭാഗ്യം കെട്ടവളാടാ, അല്ലെങ്കില്‍ അവള്‍ എന്നെ സ്നേഹിക്കുമോ, ഇപ്പോഴും എനിക്ക് വേണ്ടി കാത്തുനില്‍ക്കുമോ"

ഒരു മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് വിനയന്‍ ജയിലില്‍ ആയിരുന്നു ഇതുവരെ. അവരുടെ പുനസമാഗമത്തിന് ഈ കോഫി ഹൌസില്‍ വേദിയൊരുക്കിയത് ഞാനായിരുന്നു.

വിനയ്, അമലയുടെ ശരീരത്തിലെ കാണാമറുകുകള്‍ നിന്‍റെ ഭാഗ്യമാണ്. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞങ്ങളിരിക്കുന്ന ടേബിളിനരികിലേക്ക് അപ്പോള്‍ അമല നടന്നെത്തി. അവര്‍ക്കായി സ്വകാര്യത സമ്മാനിച്ചു കൊണ്ട് ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു. അമലയുടെ പുറത്തേക്ക് ഞാന്‍ ഒന്നു പാളിനോക്കി. സമൃദ്ധമായ മുടിക്കെട്ട് അവളുടെ മുതുകിനെ മറച്ചിരിക്കുന്നു. എനിക്ക് അവളുടെ കാണാമറുക് കാണാന്‍ കഴിഞ്ഞില്ല. അമലയുടെ കാണാമറുക്. ഞാന്‍ കോഫീഹൌസിന് പുറത്തേക്കിറങ്ങി.