Thursday, 19 June 2014

നരനാരായണന്മാര്‍ 1



നരനാരായണന്മാര്‍ - കഥ (ഭാഗം - ഒന്ന്)

ശരത്ബാബു പല്ലന
.................................................................................................................

അങ്ങനെ അയാളുടെ അവസാനത്തെ കാമുകിയും നീണ്ട പത്ത് ദിവസത്തെ പ്രണയത്തിനു ശേഷം അയാളുടെ പ്രണയത്തെ തിരസ്കരിച്ചു. അയാളെത്തന്നെ തിരസ്കരിച്ചു. അപ്പോഴാണ് വീണ്ടും ആ ചോദ്യം അയാളുടെ മനസ്സിനെ വേട്ടയാടാന്‍ എത്തിയത്. ഉത്തരമില്ലാത്ത ആ ചോദ്യത്തിന്‍റെ മുന്നില്‍ നിന്നും ഒളിച്ചോടാനാണ് അയാള്‍ അപ്പോള്‍ ആഗ്രഹിച്ചത്. കുറച്ച് നേരം മുന്‍പ് വരെ താന്‍ സ്വപ്നാടത്തിലായിരുന്നോ എന്ന് അയാള്‍ക്ക് ചെറിയ സംശയം തോന്നാതിരുന്നില്ല. പടിക്കെട്ടുകള്‍ കടന്ന് അയാള്‍ ദൂരേയ്ക്ക് നടന്നു.

ഇനി നടക്കാന്‍ പോകുന്നത് തീക്കാറ്റ് വീശുന്ന മരുഭൂമിയിലൂടെയാണ്. ആ മരുഭൂമിയ്ക്കപ്പുറത്ത് ഒരു കടല്‍ ഉണ്ട്. അയാളെ ആശ്വസിപ്പിക്കാനായി ഇരുകൈകളും നീട്ടി കാത്തിരിക്കുന്ന കടല്‍. അയാളെ പ്രണയിക്കാന്‍ ആ കടലിന് മാത്രമേ കഴിയൂ. പക്ഷേ ഉത്തരമില്ലാത്ത ചോദ്യം ഒരു വേതാളത്തെപ്പോലെ അയാളുടെ തോളില്‍ അപ്പോഴേക്കും അള്ളിപ്പിടിച്ചു കഴിഞ്ഞിരുന്നു. ഇനി അതിനേയും ചുമന്ന്, ആ ചോദ്യം ഉയര്‍ത്തുന്ന പുതിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പരാജിതനായി എത്ര ദൂരം അയാള്‍ക്കാ മരുഭൂമിയിലൂടെ നടക്കാന്‍ കഴിയും!

കടല്‍ത്തീരത്തെത്തും മുന്‍പ് താന്‍ തളര്‍ന്ന് വീണു പോയാല്‍ ഇനിയൊരിക്കല്‍ കൂടി എഴുന്നേറ്റ് നടക്കാന്‍ കഴിയുമോ എന്ന് അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അയാള്‍ നടന്നു. ആ വേതാളത്തെയും ചുമന്നുകൊണ്ട്. ഉത്തരമില്ലാത്ത ചോദ്യം എന്ന വേതാളം.

കഥ വായിച്ചു തീര്‍ന്നപ്പോള്‍ കിഷോര്‍മാധവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. അയാളുടെ മുഖത്തെ അപ്പോഴത്തെ ഭാവം എന്തെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അയാളിരിക്കുന്ന തൊട്ടരികിലുള്ള ചാരുബെഞ്ചില്‍ ഞാന്‍ മലര്‍ന്ന് കിടക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കി ചിരിച്ചു. ആ പുഞ്ചിരിയ്ക്ക് ഒരു പ്രത്യേക സൌന്ദര്യം ഉണ്ട്. കിഷോര്‍ മാധവന്‍റെ ഏറ്റവും വലിയ ഗുണം നിഷ്കളങ്കമായി പുഞ്ചിരിക്കാനുള്ള ഈ കഴിവാണ്.

"മാഷേ, മാഷിന്‍റെ ചില കഥകള്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്താറുണ്ട്, പക്ഷേ ഈ കഥ എന്നെ സങ്കടപ്പെടുത്തുന്നില്ല. പകരം കഥ തന്നെ ഒരു വേതാളമായി എന്നെ ചുറ്റി വരിയുന്നു. എന്നോടും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍"

ഞാന്‍ ഒരു സിഗററ്റ് കത്തിച്ചു വലിച്ചു. സിഗററ്റിന്‍റെ മണം കിഷോറിന് ഇഷ്ടമല്ലെന്നെനിക്കറിയാം. അയാള്‍ അതെന്നോട് മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കപ്പോള്‍ ഒരു സിഗററ്റ് വലിക്കണമായിരുന്നു.

കിഷോര്‍, പ്രണയവസ്തു ദൂരക്കാഴ്ചയില്‍ സുന്ദരമായിരിക്കും. അടുത്തെത്തു മ്പോഴാണ് അതിലെ പുഴുക്കുത്തുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്" ഞാന്‍ പറഞ്ഞു.

ഈ കഥയിലെ നായികയ്ക്ക് അതാണോ സംഭവിച്ചത്? എനിക്കങ്ങിനെ തോന്നുന്നില്ല, എനിക്ക് നായികയോട് ആദരവ് തോന്നുന്നു."

കിഷോര്‍, നിങ്ങള്‍ മാത്രമേ അങ്ങനെ ചിന്തിക്കൂ"

ഏയ് അല്ല മാഷേ, ഈ കഥ വായിക്കുന്ന ആര്‍ക്കും അങ്ങനെ തോന്നും, കഥ എഴുതിയ മാഷിനോടും അത് തോന്നും"

അപ്പോള്‍ തിരസ്കരിക്കപ്പെട്ട ആ നായകനോ

അയാള്‍ ഒരേ സമയം നായകനും വില്ലനുമാണ്"

കിഷോര്‍, ഞാനാണ് ആ നായകന്‍"

അയാള്‍ അവിശ്വാസത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി.

മാഷേ, ഇത് മാഷിന്‍റെ അനുഭവമാണോ?”

ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

"ശരി മാഷേ, ഈ കഥയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇനി ഞാന്‍ ആളല്ല"

അതെന്താ കിഷോര്‍?”

അറിയില്ല മാഷേ, ഞാന്‍ എപ്പോഴും നിങ്ങളുടെ ഭാഗത്താ"

അയാള്‍ പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണ്. കിഷോര്‍ മികച്ചൊരു എഴുത്തു കാരനാണ്. അയാള്‍ ജോലി ചെയ്യുന്ന ആഴ്ചപ്പതിപ്പില്‍ അയാള്‍ക്ക് സ്വന്തമാ യൊരിടമുണ്ട്. പക്ഷേ അവിടെ എന്നെ പ്രൊമോട്ട് ചെയ്യാന്‍ അയാള്‍ ആഗ്രഹിക്കുന്നു. തിരസ്കരിക്കപ്പെട്ട കവിതകളിലൂടെയാണ് അയാള്‍ ആദ്യമായി എന്നെ കാണുന്നത്. ഒരുപക്ഷേ നരേന്ദ്രന്‍ മികച്ചൊരു എഴുത്തുകാരനാണെന്ന് ആദ്യം പറഞ്ഞത് അയാളായിരുന്നു. അതിന് മുന്‍പ് ഒരു പത്രാധിപര്‍ എന്നോട് പറഞ്ഞു.

മിസ്റ്റര്‍ നരേന്ദ്രന്‍, നിങ്ങള്‍ അശ്ലീല മാസികകളില്‍ എഴുതുന്നതായിരിക്കും നല്ലത്, അതാകുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് പണവും കിട്ടും, എഴുത്തില്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം ആത്മരതിയില്‍ എത്തിച്ചേരുകയും ചെയ്യാം, ഇത് നിരവധി സ്ത്രീകള്‍ വായിക്കുന്ന ആഴ്ചപ്പതിപ്പാണ്."

പക്ഷേ നരേന്ദ്രനെ ഏറ്റവും കൂടുതല്‍ വായിക്കുന്നത് സ്ത്രീകളായിരിക്കും എന്ന് ആ പത്രാധിപരുടെ മുഖത്ത് നോക്കി പറയാന്‍ കിഷോര്‍ മാധവനു കഴിഞ്ഞു.

അയാള്‍ എന്നെ ധൈര്യപൂര്‍വ്വം വായനക്കാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി. നരേന്ദ്രന്‍ എന്ന എഴുത്തുകാരനെ ആള്‍ക്കൂട്ടത്തില്‍ ചിലരെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയത് അന്നു മുതല്‍ ആണ്.

മാഷേ, നിങ്ങള്‍ എന്‍റെ ആരാണ്?” ആ ചോദ്യം നിരവധി തവണ അയാള്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ ആ ചോദ്യം ഇപ്പോള്‍ അയാളോട് ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

കിഷോര്‍ മാധവന്‍ താങ്കള്‍ ആരാണ്?”

ഞാന്‍ വെറുമൊരു ജേര്‍ണ്ണലിസ്റ്റ്"

താങ്കള്‍ എന്‍റെ ആരാണ്?”

അയാള്‍ ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍"

നമ്മള്‍ നരനാരായണന്മാരാണ്"

നരനാരായണന്മാരോ? അതെങ്ങനെ?”

ഞാന്‍ നരനും കിഷോര്‍മാധവന്‍ നാരായണനും, നരേന്ദ്രന്‍ എന്ന മനുഷ്യന്‍റെ നാരായണന്‍"

നിങ്ങള്‍ എഴുത്തുകാര്‍ക്ക് ചില നേരങ്ങളില്‍ വട്ടാണ്, എഴുന്നേല്‍ക്കൂ, വാ പോകാം"

ഒരു തമാശ ആസ്വദിച്ച മട്ടിലായിരുന്നു അയാള്‍. അയാളുടെ ബൈക്കിന് പിന്നിലിരുന്ന് കോഴിക്കോട് നഗരത്തിലൂടെ കറങ്ങിയപ്പോള്‍ നഗരത്തിന് ഇതുവരെ ഇല്ലാത്ത പുതുമ. ബീച്ചിലെ ചെറിയൊരു തട്ടുകടയുടെ മുമ്പില്‍ അയാള്‍ ബൈക്ക് നിര്‍ത്തി.

മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട അറ്റ്മോസ്ഫിയര്‍ കടല്‍ത്തീരമാണെന്ന് എനിക്ക റിയാം, ഈ തട്ടുകടയില്‍ നല്ല സൂപ്പര്‍ ഫുഡ് ഐറ്റംസും കിട്ടും"

വെള്ളയപ്പവും കൊഞ്ചുകറിയും കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കിഷോറിനോട് പറഞ്ഞു.

ഗെഡീ, ഞാന്‍ തമാശിച്ചതല്ല, യഥാര്‍ത്ഥ സുഹൃത്ത് ശരിക്കും ഈശ്വരനാണ്"
എനിക്ക് തൃശ്ശൂര്‍ ഭാഷ വഴങ്ങില്ലെങ്കിലും തനി തൃശൂര്‍കാരനായ കിഷോറിനെ ഗെഡീ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമാണ്.

അങ്ങനെയെങ്കില്‍ മാഷും എന്‍റെ ഈശ്വരനാണ്" കിഷോര്‍ മാധവന്‍ വീണ്ടും ചിരിച്ചു.

അല്ല ഗെഡീ, നരനാരായണന്മാര്‍, അതൊരു സങ്കല്‍പം മാത്രമല്ല, യാഥാര്‍ത്ഥ്യം കൂടിയാണ്. അര്‍ജ്ജുനന്‍ സുഹൃത്തിനെ ഈശ്വരനായി കണ്ടപ്പോള്‍ അയാള്‍ എല്ലായിടത്തും ജയിച്ചില്ലേ? അര്‍ജ്ജുനനും കൃഷ്ണനും നരനാരായണന്മാര്‍ എന്നല്ലേ അറിയപ്പെട്ടിരുന്നത്. സുഹൃത്തിനെ ഈശ്വരനായി കാണണമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണത്. അങ്ങനെ കാണുന്നവന്‍ എവിടെയും വിജയിക്കും"

സുഹൃത്തിന് ഈശ്വരന്‍ ആകാന്‍ കൂടി കഴിയണം മാഷേ"

കിഷോര്‍മാധവന് അത് കഴിയുന്നുണ്ട്, ഗെഡിയുടെ എല്ലാ സുഹൃത്തുക്കളും ഗെഡിയെ സ്നേഹിക്കുന്നത് അത് കൊണ്ടാണ്"

പക്ഷേ, ഞാന്‍ സ്നേഹിക്കുന്നതിനേക്കാള്‍ മാഷിനെ സ്നേഹിക്കുന്ന എത്രയോ സുഹൃത്തുക്കള്‍ മാഷിനുണ്ട്"

സുഹൃത്തുക്കള്‍ ഉണ്ട്, ഗെഡിയെ പോലെ ഇല്ല"

മാഷേ, ആ പെണ്‍കുട്ടി അന്ന് മാഷിനെ തള്ളിപ്പറഞ്ഞ കഥയാണോ മാഷ് ഈ കഥയില്‍ എഴുതിയത്?"

അവളോട് സാമ്യം തോന്നുന്നുണ്ടോ?”

ഉണ്ട് പക്ഷേ, കഥയില്‍ മറ്റൊരു കഥാപാത്രവും കൂടി ഉണ്ടായിരുന്നെങ്കില്‍ അതങ്ങ് ഉറപ്പിക്കാമായിരുന്നു."

ഏത് കഥാപാത്രം?”

മാഷിന്‍റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരന്‍"

ആര് വിഷ്ണുവോ?”

അതെ, ആ ഐ എസ് ആര്‍ ഓ യിലെ സയന്‍റിസ്റ്റ്"

അതെ വിഷ്ണു"

മാഷേ ഈ കഥയില്‍ മൂപ്പരും കൂടി വേണമായിരുന്നു, എന്നാല്‍ ഒന്നുകൂടി ജോറാകുമായിരുന്നു. മൂപ്പര് അന്ന് മാഷിനോട് പറഞ്ഞെന്ന് പറഞ്ഞ വാക്കുകള്‍. ഹോ! അതെന്‍റെ മാഷേ അത് അയാള്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ."

ഏത് വാക്കുകള്‍?”

നീ എന്‍റെ ശരീരത്തിന്‍റെ ഭാഗം തന്നെയാണ്. നിന്നേക്കാള്‍ വലുതായിട്ട് വേറോരു വ്യക്തിയുമില്ലെന്ന് ഒരിക്കല്‍ മൂപ്പര് നിങ്ങളോട് പറഞ്ഞില്ലേ."

എന്‍റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമാണ് കിഷോര്‍ അത്. അതിനി ഓര്‍ത്തെടുക്കാന്‍ വയ്യ. അവന്‍റെ മുന്നില്‍ നിന്നും ഒരു കുറ്റവാളിയെ പ്പോലെ ഒളിച്ചോടേണ്ടി വന്ന ദിവസം."

ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റു. കടപ്പുറത്ത് ഒരുപാട് പേര്‍. പ്രണയിക്കുന്നവര്‍, സുഹൃത്തുക്കള്‍, കളികളില്‍ ഏര്‍പ്പെടുന്നവര്‍. കടപ്പുറത്താകെ ഉത്സവമാണ്. എല്ലാവരും സന്തോഷത്തിമിര്‍പ്പിലാണ്. കടലിന് അങ്ങനെ ഒരു കഴിവുണ്ട്. തന്‍റെ അടുത്ത് വരുന്നവരെ സന്തോഷിപ്പിക്കാനുള്ള കഴിവ്. സങ്കടപ്പെടുന്ന മനസ്സുകളും ഈ ആള്‍ക്കൂട്ടത്തില്‍ എവിടെയെങ്കിലും കാണും. അവരെയിപ്പോള്‍ കടല്‍ക്കാറ്റ് തഴുകി സാന്ത്വനിപ്പിക്കുന്നുണ്ടാവും. അങ്ങനെ അവരും സന്തോഷിക്കും, കടലിന്‍റെ മാസ്മരികതയില്‍.

മാഷേ എല്ലാവരും തള്ളി പറയുമ്പോഴും അയാള്‍ മാത്രം മാഷിനൊപ്പം നിന്നിട്ടില്ലേ?”
ഞാന്‍ ഉത്തരമൊന്നും പറഞ്ഞില്ല. കിഷോര്‍ പറഞ്ഞത് ശരിയായിരുന്നു.

അയാള്‍ക്കൊപ്പം സ്ഥാനമുണ്ടോ മാഷേ നിങ്ങളുടെ ഹൃദയത്തില്‍ മറ്റാര്‍ക്കെങ്കിലും?”

അത് വളരെ കുഴയ്ക്കുന്ന ചോദ്യമാണ് കിഷോര്‍. ഞാനൊരു ധ്രുവപ്പക്ഷിയാണ്. ഒരു ധ്രുവത്തില്‍ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് വെറുതെ പറക്കുന്ന ദേശാടനപ്പക്ഷി. നിങ്ങള്‍ രണ്ടുപേരും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്. കാലുകളൂന്നി ദാഹജലം കുടിച്ച ഓരോ ഭൂപ്രദേശത്തും അങ്ങനെ ഹൃദയത്തെ സ്വാധീനിച്ച പലരും ഉണ്ട്. അവരുടെയൊക്കെ കാരുണ്യമാണ് ഇന്നത്തെ ഞാന്‍"

എങ്കിലും നരേന്ദ്രന്‍റെ നാരായണന്‍ ശരിക്കും അയാള്‍ തന്നെയാണ്. മാഷിന്‍റെ ആ പഴയ കളിക്കൂട്ടുകാരന്‍"

കിഷോര്‍ പുഞ്ചിരിയോടെ പറഞ്ഞു.

ഗെഡിയെപ്പോലെ അയാളും ഒരു നാരായണന്‍ ആണ്" ഞാന്‍ കിഷോറിനോട് പറഞ്ഞു.

ഞങ്ങളുടെ മുന്നിലൂടെ രണ്ട് കൊച്ചുകുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കൊണ്ട് ഓടിക്കളിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പുതമണ്ണില്‍ കിടന്ന് കെട്ടിമറിയാന്‍ തുടങ്ങി. അത് വിഷ്ണുവും നരേന്ദ്രനും ആണെന്ന് എനിക്ക് തോന്നി.

കിഷോര്‍ എന്നെ ബസ്റ്റാന്‍ഡില്‍ കൊണ്ടുവന്നാക്കി. അയാള്‍ യാത്ര പറഞ്ഞു പോയപ്പോള്‍ വല്ലാത്തൊരു ശൂന്യത എനിക്കു ചുറ്റും പരക്കുന്നതായി തോന്നി. ഒരു വ്യക്തിയോട് യാത്ര പറയുമ്പോഴാണ് ആ വ്യക്തി നമ്മളെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

നാളെമുതല്‍ അയാള്‍ എന്‍റെ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചു കൊണ്ടിരിക്കും. അന്വേഷിക്കുവാന്‍ ആരെങ്കിലും ഉണ്ടാകുന്നത് ഏതു മനുഷ്യനും ഉള്ളാലെ ആഗ്രഹിക്കുന്ന സംഗതിയാണ്. സുഹൃത്തുക്കള്‍ നമുക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. അവര്‍ ഞാന്‍ എന്ന വാക്കില്‍ നിന്നും മാറി നമ്മള്‍ എന്നു പറയുന്നു.

നമ്മള്‍ എന്ന പദത്തിലാണ് സൌഹൃദത്തിന്‍റെ മഹേന്ദ്രജാലം ഒളിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നില്ല. അവര്‍ ഒരേ ബിന്ദുവിലേക്ക് നോക്കുന്നു. അതുകൊണ്ടാണ് സൌഹൃദം തോളോട് തോള്‍ ചേര്‍ന്ന് തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നത്. അവര്‍ ഒരേ ദിശയിലേക്കാണ് നോക്കുന്നത്. ആ ഒരേ ദിശയിലേക്കുള്ള നോട്ടം തന്നെയാണ് എന്നേയും കിഷോറിനേയും സുഹൃത്തുക്കളാക്കുന്നത്.

വിഷ്ണുവും എന്‍റെ സുഹൃത്തായിരുന്നു. എന്‍റെ ആദ്യത്തെ സുഹൃത്ത്. എനിക്കേറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരന്‍.

ആലപ്പാട്ട് കടപ്പുറത്ത് കിടന്ന് അവര്‍ കെട്ടിമറിയുകയാണ്. നരേന്ദ്രനും വിഷ്ണുവും. അവരിപ്പോള്‍ യുദ്ധം ചെയ്യുകയാണ്. അവരിപ്പോള്‍ നരേന്ദ്രനും വിഷ്ണുവും അല്ല. അവര്‍ ദുര്യോധനനും ഭീമനുമാണ്. അവര്‍ വീറോടെ, വാശിയോടെ യുദ്ധം തുടരുന്നു. ദുര്യോധനന്‍റെ മൂക്കിലും ചെവിയിലും വായിലുമെല്ലാം കരിമണ്ണ് കുത്തിക്കയറി. ജയിക്കേണ്ടത് ഭീമന്‍ തന്നെയാണ്. അതുകൊണ്ട് തോല്‍വി ഉറപ്പിച്ച് തന്നെയാണ് ദുര്യോധനന്‍ യുദ്ധം ചെയ്യുന്നത്. ഭീഷ്മപിതാമഹന്‍റെ ഗര്‍ജ്ജനം കേട്ടാണ് അവര്‍ കളി നിര്‍ത്തിയത്. അതുകൊണ്ട് ദുര്യോധനനായ ഞാന്‍ തല്‍ക്കാലത്തേക്ക് രക്ഷപെട്ടു. വിഷ്ണുവിന്‍റെ അപ്പൂപ്പന്‍ ഒരു അടുമ്പിവള്ളിയും പറിച്ചു കൊണ്ട് ഞങ്ങളെ തല്ലാന്‍ വന്നു. ഞങ്ങള്‍ ഓടി.

ഭീഷ്മര് വരുന്നേ, ഓടിക്കോ" വിഷ്ണു വിളിച്ചു പറഞ്ഞു.

അതാദൂരെ പഴയകടല്‍ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കരികില്‍ നിറയെ കള്ളിമുള്‍ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ അവിടേയ്ക്കാണ് ഓടിയത്. അവിടെ ഞങ്ങള്‍ ഒളിച്ചിരുന്നു.

നിന്‍റെ അപ്പാപ്പന്‍ ഇവിടോട്ട് വരുമെടാ വിച്ചുപ്പാപ്പേ" ഞാന്‍ പറഞ്ഞു.

വിച്ചുപ്പാപ്പ, അങ്ങനെയാണ് ഞാന്‍ അവനെ വിളിച്ചിരുന്നത്. എനിക്ക് ഒരു വയസ്സുള്ളപ്പോഴായിരുന്നു അവന്‍റെ ജനനം. അവനെ ഞാന്‍ ആദ്യം പാപ്പേ, പാപ്പേ എന്നു വിളിച്ചു. പിന്നെ വിഷ്ണുവെന്ന അവന്‍റെ പേര് എന്‍റെ നാവില്‍ വഴങ്ങാതായപ്പോള്‍ വിഷ്ണു വിച്ചു ആയി. വിച്ചുപ്പാപ്പ കള്ളിമുള്‍ച്ചെടികളുടെ അരികിലൂടെ മുട്ടിലിഴഞ്ഞ് രണ്ട് ഭീമന്‍ കരിങ്കല്ലുകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി.

ഇന്ദ്രുവേ ഇവിടെ വന്നിരിയെടാ, അപ്പാപ്പന്‍ വന്നാലും കാണില്ല"

അവന്‍ എനിക്കായി ഒതുങ്ങി കിടന്നു. ഞാനും ആ ചെറിയ വിടവിലേക്ക് നൂഴ്ന്ന് കയറി. അപ്പോഴാണ് ഞങ്ങളാ കാഴ്ച കണ്ടത്. കള്ളിമുള്‍ ചെടികള്‍ക്കിടയില്‍ മൂന്ന് പൂച്ചക്കുഞ്ഞുങ്ങള്‍. ആ പൂച്ചക്കുഞ്ഞുങ്ങളേയും നോക്കി തോളോട് തോളുരുമ്മി ഞങ്ങള്‍ എത്ര നേരം കിടന്നുവെന്ന് ഓര്‍മ്മയില്ല.

അച്ചാമ്മേ ആ പൂച്ചമുള്ള് ഒള്ളിടത്ത് മൂന്ന് പൂച്ചക്കുഞ്ഞുങ്ങള്‍ ഉണ്ട് അച്ചാമ്മേ"
അവന്‍റെ അച്ചാമ്മ ഞങ്ങളുടെ കരിമണ്ണ് പുരണ്ട മേല് കഴുകി തരുന്നതിനിടയില്‍ വിച്ചു പറഞ്ഞു.

അയ്യോ, പൂച്ച പെറ്റ് കിടക്കിന്നിടത്തൊന്നും പോവല്ലേ പൊന്നിന്‍കുടങ്ങള്‍, പൂച്ച മക്കളെ മാന്തും" അച്ചാമ്മ പറഞ്ഞു.

അച്ചാമ്മേ അത് പൂച്ചയുടെ ആട്ടൂട്ട്രി ആണോ അച്ചാമ്മേ? പൂച്ച പ്രശവിക്കണ ആട്ടൂട്ട്രി?” വിച്ചു ചോദിച്ചു.

അയ്യേ ഈ വിച്ചൂന് ഒന്നും അറിയില്ല. അത് പൂച്ചേടെ ആശൂത്രി അല്ല. പൂച്ച യ്ക്കൊന്നും ആശൂത്രി ഇല്ല" ഞാന്‍ പറഞ്ഞു.

പോടാ ഇന്ദ്രൂ, അത് പുച്ചേടെ ആട്ടൂട്ട്രിയാ, അല്ലേ അച്ചാമ്മേ, അത് പൂച്ചേടെ ആട്ടൂട്ട്രിയല്ലേ?”

ആങ്, ആന്ന് പൊന്നേ, അത് പുച്ചേടെ ആശൂത്രിയാ" അച്ചാമ്മ പറഞ്ഞു.

കൃഷ്ണനും അര്‍ജ്ജുനനും യുദ്ധം കഴിഞ്ഞെത്തിയോടാ?”

ഞങ്ങളുടെ ഭീഷ്മപിതാമഹന്‍ എത്തി. അപ്പാപ്പന്‍ ഞങ്ങളെ തല്ലില്ലെന്ന് ഞങ്ങള്‍ക്കറിയാം. അഥവാ തല്ലിയാലും ഞങ്ങള്‍ക്ക് നോവില്ല. ഒരിക്കല്‍ ഞങ്ങള്‍ക്ക് നോവുന്ന രണ്ട് പെട കിട്ടി. രഹസ്യമായി കായലില്‍ കുളിക്കാന്‍ പോയതിനായിരുന്നു അത്.

കായലില്‍ മുങ്ങി ചത്താല്‍ എന്തു ചെയ്യുമായിരുന്നു. കുരുത്തം കെട്ടവന്‍മാര്‍, നിന്നെയൊന്നും ഞാന്‍ ഇനി വീടിന് വെളിയില്‍ ഇറക്കില്ല."
അപ്പാപ്പന്‍ ഞങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

ലക്ഷ്മിയായിരുന്നു ഞങ്ങളെ ഒറ്റിക്കൊടുത്തത്. കായലില്‍ ഇറങ്ങണ്ടാ ചേട്ടന്‍മാരേ, ലക്ഷ്മി മോള്‍ക്ക് പേടിയാണെന്ന് അവള്‍ പറഞ്ഞിട്ട് കൂട്ടാക്കാതെ, നീ പോടീ കാന്താരീ എന്നു പറഞ്ഞ് അവളെ ഓടിച്ചിട്ടാണ് ഞങ്ങള്‍ കായലില്‍ ഇറങ്ങിയത്. പക്ഷേ അവള്‍ ഞങ്ങളെ അന്ന് ഒറ്റിക്കോടുത്തത് നന്നായി. അല്ലെങ്കില്‍ അന്ന് ആ കായലില്‍ ഞങ്ങളുടെ ജീവിതം അവസാനിച്ചേനേ.

ജനാലയുടെ വെളിയില്‍ നിന്ന് ലക്ഷ്മി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ഇങ്ങനെ പൂട്ടിയിടുമെന്ന് അവള്‍ കരുതിയില്ല.

പച്ചപ്പുല്ലേ, താമരപ്പുല്ലേ പോ ആറുമാസം കൂട്ടില്ല" ഞങ്ങളൊന്നിച്ച് അവളോട് പറഞ്ഞു.

കായലീല്‍ കുളിക്കാന്‍ പോയീട്ടല്ലേ ഞാം പറഞ്ഞു കൊടുത്തേ. എന്നെ കൂട്ടുവെട്ടല്ലേ കഷ്ടമുണ്ട്" അത് പറഞ്ഞപ്പോള്‍ അവള്‍ കരയാറായി.

ഇല്ലില്ല നിന്നെ ഞങ്ങള് കൂട്ടുവെട്ടി. ഇനി ഞങ്ങള് നിന്നെ കളിക്കാന്‍ കൂട്ടില്, പോ പോ ഇവിടുന്ന് പോ."

അവള്‍ വലിയവായില്‍ കരഞ്ഞു കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി.

അന്ന് വൈകുന്നേരം വരെ മാത്രമേ അവളോടുള്ള പിണക്കത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഓലയുടെ ഈര്‍മ്പലില്‍ അടുമ്പിപ്പൂക്കള്‍ കോര്‍ത്ത് ഞങ്ങള്‍ മാലയുണ്ടാക്കി. ഇനി കല്യാണമാണ്.

ഇന്ദ്രൂ നീയാ പുജാരി. ഞങ്ങളാ കല്യാണം കഴിക്കുന്നേ" വിച്ചു പറഞ്ഞു.
ഞാന്‍ സമ്മതിച്ചു.

വേണ്ട, എന്നെ ഇന്ദ്രുച്ചേട്ടന്‍ കല്യാണം കഴിച്ചാല്‍ മതി" ലക്ഷ്മി പറഞ്ഞു.

വിച്ചുച്ചേട്ടന്‍ പൂജാരി ആയാല്‍ മതി" അവള്‍ കൂട്ടിച്ചേര്‍ത്തു.

അടുമ്പിമാലകള്‍ പൊട്ടിച്ചെറിഞ്ഞിട്ട് വിച്ചുപ്പാപ്പ പിണങ്ങിപ്പോയി. ഒടുവില്‍ കളി തല്കാലം തുടരാന്‍ ലക്ഷ്മി ഒരു ഒത്തുതീര്‍പ്പില്‍ എത്തി.

ഇന്ന് വേണേല്‍ വിച്ചുച്ചേട്ടന്‍ കല്യാണം കഴിച്ചോട്ടേ, നാളെ മുതല്‍ ഇന്ദ്രുച്ചേട്ടന്‍ കല്യാണം കഴിച്ചോണം"

അങ്ങനെ ഞങ്ങള്‍ ഇരുവരും കൂടി വിച്ചുവിന്‍റെ വീട്ടില്‍ എത്തി. വിച്ചു അവന്‍റെ അപ്പാപ്പന്‍റെ മടിയില്‍ ഇരിക്കുന്നു.

എടാ കിങ്കരന്‍മാരേ, ഇവള് നിങ്ങള് രണ്ടു പേരുടെയും പെങ്ങളാ, പെങ്ങന്‍മാരെ ആരെങ്കിലും കല്യാണം കഴിക്കുമോ?” അപ്പാപ്പന്‍ ചോദിച്ചു.

അടുത്തദിവസം വീണ്ടും കളികള്‍ തുടങ്ങി. ആലപ്പാട്ട് കടപ്പുറത്തെ ഞങ്ങളുടെ ഭാവനയിലെ കുരുക്ഷേത്ര ഭൂമിയില്‍ ഞാന്‍ കൌരവരായി, അവന്‍ പാണ്ഡവരും. ഭീഷ്മരായി, ദ്രോണരായി, ഭൂരിശ്രവസ്സായി, വികര്‍ണ്ണനായി, ദുശ്ശാസ്സനനായി, കര്‍ണ്ണനായി, ശകുനിയായി, ശല്യരായി ഞാന്‍ യുദ്ധഭൂമിയില്‍ അവനാല്‍ തോല്‍പ്പിക്കപ്പെട്ട് തോല്‍വി ആഘോഷിച്ചു കൊണ്ട് ഞാന്‍ കളികള്‍ ആസ്വദിച്ചു.

ദുര്യോധനന്‍റെ തോല്‍വിയ്ക്ക് ശേഷം അശ്വത്ഥാമാവിന്‍റെ ഊഴം വന്നു. ശിബിരത്തിലേക്ക് നുഴഞ്ഞു കയറി ധൃഷ്ടദ്യുമ്നനേയും പാണ്ഡവപ്പടയേയും ഇല്ലായ്മ ചെയ്യുന്ന അന്തിമ വിജയിയായ ദ്രൌണി. ന്യായമായും ഞാനാണ് ദ്രൌണി ആകേണ്ടത്. ഞാനണല്ലോ കൌരവന്‍! പക്ഷേ അവന്‍ ദ്രൌണിയായി. അവന്‍ ജയിച്ചു ഞാന്‍ തോറ്റു കൊടുത്തു. കര്‍ണ്ണന്‍റെ പിടിവാശികള്‍ക്ക് മുന്നില്‍ തോറ്റു കൊടുത്ത ദുര്യോധനനെപ്പോലെ. ഓരോ മനുഷ്യരും ദുര്യോധനന്‍റെ പ്രതിരൂപങ്ങളാണ്. സ്നേഹിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കുന്ന ദുര്യോധനന്‍, വെറുക്കുന്നവരെ സ്വയം നശിച്ചും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ദുര്യോധനന്‍. ഞാന്‍ ദുര്യോധനന്‍ ആണെന്ന് ഒരിക്കല്‍ വിഷ്ണു പറഞ്ഞു.

ഇന്ദ്രാ, ലോക ക്ലാസിക്കുകളില്‍ സുഹൃത്തിന് ഏറ്റവും മികച്ച ഉദാഹരണം ദുര്യോധനന്‍ ആണ്, ശരിക്കും നീയൊരു ദുര്യോധനന്‍ ആണ്. എന്‍റെ ദുര്യോധനന്‍"

ഒരിക്കല്‍ നന്ദിനിയും പറഞ്ഞു ഞാന്‍ ദുര്യോധനന്‍ ആണെന്ന്. മുന്നോട്ട് കുതിക്കുമ്പോള്‍ പിന്‍വിളികള്‍ കേള്‍ക്കാന്‍ കൂട്ടാക്കാത്ത ദുര്യോധനന്‍. അവള്‍ പറഞ്ഞത് സത്യം തന്നെയാണ്. അവള്‍ക്കെന്നെ മനസ്സിലാക്കാന്‍ കഴിയും. കാരണം അവള്‍ എന്‍റെ വിച്ചുപ്പാപ്പയുടെ കൂടെപ്പിറപ്പല്ലേ.

ഇന്ദ്രേട്ടന്‍ ഒരു പൂച്ചയാണ്, നഖങ്ങള്‍ ഉള്ളിലേക്ക് വലിച്ച് പമ്മിയൊതുങ്ങി കിടക്കാന്‍ കൊതിക്കുന്ന ഒരു കണ്ടന്‍പൂച്ച" ഒരിക്കല്‍ അവള്‍ പറഞ്ഞു.

പൂച്ചകളെ കുറിച്ച് കൃത്യമായി പറയാന്‍ നീയാര്? പുച്ചേടെ ആട്ടൂട്ട്രിയിലെ ഡോക്ടറോ?” ഞാന്‍ ചോദിച്ചു.

പൂച്ചേടെ ആട്ടൂട്ട്രി.." അവള്‍ പൊട്ടിച്ചിരിച്ചു. ശരിക്കും അങ്ങനെയാണോ ഏട്ടന്‍ പറഞ്ഞത്?” അവള്‍ ചോദിച്ചു.

പിന്നീടൊരിക്കല്‍ അവള്‍ പറഞ്ഞു.

ഇന്ദ്രന്‍ നീ നരനല്ല, നരിയാണ്. ദ്രംഷ്ടകള്‍ ഉള്ള ഒരു നരി. ഞാന്‍ നീ ഒരു പൂച്ചയാണെന്ന് തെറ്റിദ്ധരിച്ചു."

എന്നെ ശരിക്കും നരി എന്ന് വിളിക്കുന്നത് രാമു ആണ്. പക്ഷേ ആ വിളിയില്‍ ഒരായുസ്സിന്‍റെ മുഴുവന്‍ സ്നേഹവും എനിക്കവന്‍ വാരിത്തന്നു. അവന്‍ ശരിക്കും ഒരു കുഞ്ഞനുജന്‍ ആണ്. അതേ സമയം പക്വതയുള്ള ജ്യേഷ്ഠനാകാനും കഴിയും.

ഒരിക്കല്‍ കാറ്റും കോളും നിറഞ്ഞ ആഴക്കടലില്‍ ഞങ്ങളുടെ വള്ളം ചെറുതായൊന്ന് ചരിഞ്ഞപ്പോള്‍ വലപ്പുറത്ത് അലസമായി കിടന്ന ശെല്‍വന്‍ വെള്ളത്തിലേക്ക് വീണു. അവന്‍റെ മുകളിലേക്ക് താങ്ങുവലയും ചൊരിഞ്ഞു വീണു. വല ചുറ്റി നീന്താന്‍ കഴിയാതെ ശെല്‍വന്‍ നടുക്കടലില്‍ കിടന്ന് പ്രാണന് വേണ്ടി പിടഞ്ഞു. എന്‍റെയും രാമുവിന്‍റേയും അരിമണിക്കൂറത്തെ കഠിന പ്രയത്നം കൊണ്ടാണ് ശെല്‍വന്‍ രക്ഷപെട്ടത്. വലപ്പുറത്ത് കിടന്നുറങ്ങിയതിന് ശെല്‍വനെ കണ്ണ് പൊട്ടുന്ന തെറി വിളിച്ചിട്ട് രാമു പറഞ്ഞു.

ഇന്ദ്രണ്ണാ, അണ്ണന്‍ നരനല്ല നരിയാ, അണ്ണന്‍ ഇല്ലായിരുന്നേല്‍ ഈ കഴുവേറി ശെല്‍വന്‍ ഇന്ന് ശരിക്കും കഴുവേറിയേനേ. അമ്പലപ്പുഴ മുതല്‍ തൃക്കുന്നപ്പുഴ വരെ ഇന്നിവന്‍റെ പടം ഒട്ടിച്ചു വെയ്ക്കാമായിരുന്നു. ഇന്ദ്രണ്ണാ, അണ്ണന്‍ നരിയാണ്ണാ നരി"

ശരിക്കും ശെല്‍വനെ രക്ഷപെടുത്താന്‍ എന്നേക്കാള്‍ അദ്ധ്വാനിച്ചത് രാമുവായിരുന്നു. പക്ഷേ അത് അവന്‍ എന്‍റെ കഴിവായിട്ട് കാണുന്നു. അന്നു മുതല്‍ അവന്‍ എന്നെ നരി എന്നാണ് വിളിച്ചിരുന്നത്.

ആലപ്പാട്ട് കടപ്പുറത്ത് നിന്നും തൃക്കുന്നപ്പുഴ കടപ്പുറത്തേക്കുള്ള കൂടുമാറ്റമാണ് എനിക്ക് രാമുവിനെ സമ്മാനിച്ചത്. അവനെപ്പോഴും കടലില്‍ തന്നെയായിരുന്നു. അവന്‍റെ പ്രായമുള്ള കുട്ടികള്‍ സ്ക്കൂളിലേക്ക് പോയപ്പോള്‍ അവന്‍ കടലിലേക്ക് പോയി. കടലിന്‍ പോയി കുടുംബം പുലര്‍ത്താന്‍ അവന്‍റെ അച്ഛനു കഴിയില്ലായിരുന്നു. അവനോളം കടലറിവുകള്‍ ഉള്ള മറ്റൊരു ചെറുപ്പക്കാരനില്ല. കടലറിവുകള്‍ എനിക്ക് പകര്‍ന്ന് തന്നത് അവനായിരുന്നു. ആദ്യം അവന്‍ പറഞ്ഞു.

അണ്ണന്‍ കടല്‍പ്പണിക്കാരന്‍ ആകണ്ട"

പക്ഷേ എനിക്കൊരു തൊഴില്‍ വേണമായിരുന്നു. ഞാന്‍ അവനോടൊപ്പം കടലില്‍ പോയി. ആ സൌഹൃദം കരയില്‍ അല്ലായിരുന്നു, കടലില്‍ ആയിരുന്നു തുടങ്ങിയത്. അതിന് കടലിനോളം ആഴം ഉണ്ടായിരുന്നു.

ബസ് മഞ്ചേരിയില്‍ എത്തിയെന്ന് ക്ലീനര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എന്‍റെ മനസ്സ് നിറയെ ഇതുവരെ കടലും കടല്‍ത്തീരവുമായിരുന്നു. ബസ്റ്റാന്‍ഡില്‍ കേ.സി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

വൈകിട്ട് തന്നെ വരാം എന്ന് പറഞ്ഞിട്ട് ഇതാണോടാ വൈകിട്ട്, ബാര്‍ അടയ്ക്കാന്‍ നേരമായി" കേ.സി പറഞ്ഞു.

കേ.സി അഥവാ കൃഷ്ണചന്ദ്രന്‍ മഞ്ചേരിയിലെ എന്‍റെ പ്രിയസുഹൃത്ത്. അവന്‍റെ ബൈക്കിന്‍റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരം മഞ്ചേരി ആണെന്ന് തോന്നും.

അളിയാ, നിന്‍റെ പുതിയ കഥ എന്നാ അച്ചടിച്ച് വരുന്നേ?”

പോടാ കോപ്പേ, നീ ബാറിലോട്ട് വണ്ടി വിട്"

അളിയാ നിനക്കൊരു സത്യം കേള്‍ക്കണോ?”

ഉം പറ, ഞാന്‍ ഈ ഡെയലി വെള്ളമടി നിര്‍ത്താന്‍ പോകുവാ"
അവന്‍ ഞങ്ങളുടെ റൂമിലേക്കാണ് വണ്ടി ഓടിച്ചത്.

അളിയാ പൊതുമരാമത്ത് വകുപ്പിലെ ഗുമസ്തന്‍മാരായ നമുക്ക് കള്ളിന് പഞ്ഞമില്ല, പക്ഷേ ഇതിങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ല."

അങ്ങനെ പറഞ്ഞെങ്കിലും കൃഷ്ണചന്ദ്രന്‍ ബാഗ് തുറന്ന് വിലകൂടിയ ഒരു കുപ്പി മദ്യം എടുത്തു.

കേറ്റിക്കോ, ആര്‍ത്തി തീരട്ട്, ചുവട്ടില്‍ ഇത്തിരി വെച്ചേക്ക് എനിക്കും"മദ്യപിച്ച് ലക്ക് കെട്ട് കൃഷ്ണചന്ദ്രനേയും കെട്ടിപ്പിടിച്ച് കിടന്ന് ഞാന്‍ ആ രാത്രിയില്‍ ഉറങ്ങി.

അടുത്തപ്രഭാതത്തില്‍ കൃഷ്ണചന്ദ്രന്‍ എന്നെ തട്ടിവിളിച്ചു.

ഡാ കോപ്പേ, നിന്‍റെ ഉണക്ക ഫോണ്‍ കിടന്ന് ചിലയ്ക്കുന്നു"

ഞാന്‍ പാതിയുറക്കത്തില്‍ ഫോണ്‍ ചെവിയില്‍ എടുത്തു വെച്ചു. മറുവശത്ത് രാമുവിന്‍റെ അമ്മയായിരുന്നു.

മോനേ നരേന്ദ്രാ ഞാന്‍ രാമുവിന്‍റെ അമ്മയാ. അവനിപ്പോള്‍ എല്ലാരോടും ഭയങ്കര ദേഷ്യം. മോനൊന്ന് വരാന്‍ പറ്റുമോ? മോന്‍ പറഞ്ഞാലേ അവന്‍ കേള്‍ക്കൂ"

എന്‍റെ ശരീരം ആകെ വിറയ്ക്കുന്നതായി എനിക്ക് തോന്നി. എന്‍റെ രാമു വീണ്ടും.. ഈശ്വരാ എന്‍റെ രാമുവിന് ഒന്നും വരുത്തരുതേ!

തൃക്കുന്നപ്പുഴയിലെ ചിരിക്കുന്ന പെണ്ണേ...തിരിഞ്ഞൊന്നു നോക്കെന്‍റെ പെണ്ണേ തിരമാല മോഹിച്ച ചിരി കൊണ്ട് തീരത്ത്, തിരിവെട്ടം തെളിയിച്ച പെണ്ണേ
നിലാവില്‍ തിളങ്ങി കിടക്കുന്ന നടുക്കടലില്‍ വള്ളത്തിന്‍റെ അണിയത്ത് മലര്‍ന്ന് കിടന്ന് രാമു പാടുന്നു. ആകാശത്ത് ചന്ദ്രനോടൊപ്പം എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങള്‍. വെണ്‍നുരകളില്‍ തിളങ്ങുന്ന പാര്. ഞാന്‍ രാമുവിന് വേണ്ടി എഴുതിയ പാട്ട്.

തൃക്കുന്നപ്പുഴയിലെ ചിരിക്കുന്ന പെണ്ണേ..

പെണ്ണിന്‍റെ ചിരിക്കു പിറകില്‍ ചതി ഉണ്ടായിരുന്നു. എന്‍റെ രാമുവിന്‍റെ മനസ്സിന്‍റെ താളം തെറ്റിച്ച ചതി.

കേസീ, എനിക്ക് നാട്ടില്‍ പോണം" ഞാന്‍ കൃഷ്ണചന്ദ്രനോട് പറഞ്ഞു.

കൃഷ്ണചന്ദ്രന്‍ എന്നെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. അടുത്ത ട്രയിന്‍ ക്രോസിംഗ് ഉള്ളതിനാല്‍ കൃഷ്ണചന്ദ്രന്‍ എന്നോടൊപ്പം ട്രയിനില്‍ കയറിയിരുന്നു.

അല്ലേല്‍ വേണ്ട, ഞാനും വരുന്നു തൃക്കുന്നപ്പുഴയ്ക്ക്, നിന്‍റെ ഫ്രണ്ട് എന്‍റേയും ഫ്രണ്ടല്ലേ. എനിക്കും കാണണം നിന്‍റെ രാമുവിനെ"

കൃഷ്ണചന്ദ്രന്‍ പെട്ടെന്ന് ടിക്കറ്റ് കൌണ്ടറിലേക്ക് ഓടി അവനും ടിക്കറ്റെടുത്ത് തിരിച്ചു വന്നു.

ചിലര്‍ അങ്ങനെയാണ്. തനിക്ക് ചുറ്റും ഉത്സവങ്ങള്‍ അവര്‍ എപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കും. അങ്ങനെയൊരാളാണ് കൃഷ്ണചന്ദ്രന്‍.

ഡാ, നമ്മള്‍ വരുന്നതു വരെ നിന്‍റെ ബൈക്ക്?” " ഞാന്‍ ചോദിച്ചു.

ഓ പിന്നേ, ആ കുന്ത്രാണ്ടം ആക്രിക്കാര്‍ക്ക് പോലും വേണ്ട, അതിവിടെ അങ്ങാടിപ്പുറം സ്റ്റേഷനില്‍ തന്നെ ഇരുന്നോളും, ഇത് നിന്‍റെ ഭൂതകാല ചുവടുകള്‍ പതിഞ്ഞ മണ്ണിലേക്കുള്ള എന്‍റെ യാത്രയാണ്. നമുക്ക് യാത്ര തുടങ്ങാം" കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണാ,നീ ജീവിതത്തില്‍ പ്രണയത്തിനാണോ സൌഹൃദത്തിനാണോ മുന്‍തൂക്കം കൊടുക്കുന്നത്?”

പ്രണയത്തിന്"

അതെന്താ?”

സൌഹൃദത്തിന് ഒരിക്കലും ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ അതിന് പ്രാധാന്യം കല്‍പിച്ച് കൊടുക്കണ്ട, അത് നഷ്ടപ്പെട്ടു പോകുമെന്ന് ഭയപ്പെടേണ്ട ആവശ്യവുമില്ല."

കൃഷ്ണാ, യൂ ആര്‍ ഗ്രേറ്റ്"

എന്‍റെ പൊന്നളിയാ, നീ സെന്‍റി അടിച്ച് ഒള്ള മൂഡ് കളയല്ലേ, നിന്‍റെ രാമുവിന് എന്തെങ്കിലും പ്രോബ്ലമുണ്ടേല്‍ അത് നേരെയാക്കാനാണ് നമ്മള്‍ പോകുന്നത്. സങ്കടപ്പെട്ടോ ടെന്‍ഷനടിച്ചോ ഒരു പ്രശ്നവും സോള്‍വ് ചെയ്യാന്‍ നമ്മളെക്കൊണ്ട് കഴിയില്ല. എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി വേണം നമുക്ക്."

അതെ അവന്‍ ഒരു പോസിറ്റീവ് എനര്‍ജിയാണ് എപ്പോഴും. എത്ര കുഴഞ്ഞു മറിഞ്ഞ വിഷയങ്ങളും പുഞ്ചിരിച്ചു കൊണ്ടാണ് അവന്‍ നേരിടുന്നത്. രാമുവിന്‍റെ വിഷയങ്ങള്‍ പുഞ്ചിരിച്ചു കൊണ്ട് നേരിടാന്‍ ഞാന്‍ തീരുമാനിച്ചു.

ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ച് തൃക്കുന്നപ്പുഴയില്‍ എത്തി. രാമുവിന്‍റെ വീട് അടഞ്ഞു കിടക്കുന്നു. എന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു.

അയ്യോ, രാമുവിന് കൂടുതലായി എലൈറ്റില്‍ കൊണ്ടുപോയി"

ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മികച്ച മാനസികാരോഗ്യ കേന്ദ്രമാണ് തൃക്കുന്നപ്പുഴ കിഴക്കേക്കരയിലെ എലൈറ്റ് ഹോസ്പിറ്റല്‍. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ അവിടെ എത്തി.

ആശുപത്രിയുടെ ഇടനാഴിയില്‍ രാമുവിന്‍റെ അച്ഛനും അമ്മയും എന്നെക്കണ്ടതും അവന്‍റെ അമ്മ പോട്ടിക്കരയാന്‍ തുടങ്ങി.

നമ്മുടെ പിടിവിട്ട് പോയി ഇന്ദ്രാ, നീ ഉണ്ടായിരുന്നേല്‍ ഈ ഗതി വരത്തില്ലായിരുന്നു" അവന്‍റെ അച്ഛന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

എനിക്ക്.. എനിക്കവനെ ഒന്നു കാണണം"

പറ്റില്ലെടാ, ആരും അവനെ കാണാന്‍ ഡോക്ടര്‍മാര്‍ സമ്മതിക്കില്ല."
ഞാന്‍ ഡ്യൂട്ടി ഡോക്ടറുടെ അടുത്ത് പോയി. പക്ഷേ ഡോക്ടര്‍ സമ്മതിച്ചില്ല.

എനിക്കിനി ഇവിടെ നിക്കാന്‍ വയ്യ കേ.സീ, നമുക്ക് പോകാം" ഞാന്‍ കൃഷ്ണനോട് പറഞ്ഞു.

രാത്രിവണ്ടിയ്ക്ക് തന്നെ തിരിച്ചു പോകാന്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റെടുത്ത് വണ്ടിയും കാത്ത് ഇരുന്നു. വണ്ടി എത്താറായെന്ന് അറിയിപ്പ് വന്നപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു.

നീ എന്‍റെ കൂടെ വരുന്നില്ല"

ഞാന്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

നീ രാമുവിന്‍റെ അവസ്ഥയില്‍ ആയിരുന്നെങ്കില്‍ എനിക്ക് നിന്നെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ലായിരുന്നു. ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോകില്ല. ഇപ്പോഴാണ് നീ ഇവിടെ വേണ്ടത്. ഇപ്പോള്‍ നീ അവന് വേണ്ടി കാത്തിരുന്നില്ലേല്‍, ഇനിയൊരിക്കലും ഒരുപക്ഷേ അവന് വേണ്ടി കാത്തിരിക്കേണ്ട ആവശ്യം നിനക്ക് വരില്ല."

വണ്ടി പ്ലാറ്റ്ഫോറത്തില്‍ എത്തിയപ്പോള്‍ കൃഷ്ണചന്ദ്രന്‍ വീണ്ടും പറഞ്ഞു.

ഇത് ഒരാള്‍ക്ക് മാത്രമുള്ള ടിക്കറ്റാണ്. നീ ഇവിടെ വേണം. നിന്‍റെ സാമീപ്യം കൊണ്ടുമാത്രം നിന്‍റെ രാമുവിന് തിരിച്ചു വരാന്‍ പറ്റും"

ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ കൃഷ്ണചന്ദ്രന്‍ കയറി. അവന്‍ പുഞ്ചിരിച്ചു കൊണ്ട് കൈവീശിയിട്ട് കംപാര്‍ട്ട്മെന്‍റിന്‍റെ ഉള്ളിലേക്ക് പോയി. ട്രയിന്‍ അകന്ന് പോകുന്നതും നോക്കി ഞാന്‍ നിന്നു. എന്‍റെ മനസ്സ് പറഞ്ഞു. അതാ പോകുന്നു മറ്റൊരു നാരായണന്‍.
തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്‍റെ മുകളില്‍ നിന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു.

പ്രണയം ഭ്രാന്താണ്. പ്രണയിക്കുന്നവര്‍ ശരിക്കും ഭ്രാന്തന്‍മാരാണ്. അതുകൊണ്ടാണ് പ്രണയനഷ്ടം ഭ്രാന്തിന്‍റെ ഉച്ചസ്ഥായിയിലേക്ക് അവരെ നയിക്കുന്നത്. എന്‍റെ രാമുവിനേയും ആ അവസ്ഥയില്‍ എത്തിച്ചത് പ്രണയനഷ്ടമാണ്. ഒരിക്കല്‍ ഞാനും സമാനമായ അവസ്ഥയില്‍ എത്തിയതാണ്. അന്ന് ഒരു കരസ്പര്‍ശം എനിക്ക് ധൈര്യം തന്നു.