Thursday, 19 June 2014

വെളിച്ചത്തിലലിയുന്ന ഇരുള്‍ 2



വെളിച്ചത്തിലലിയുന്ന ഇരുള്‍ (കഥ - ഭാഗം-2)

ശരത്ബാബു പല്ലന.
...........................................................................................................................

ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് അയാള്‍ വേഗത്തില്‍ നടന്നു. അയാള്‍ക്കെത്രയും പെട്ടെന്ന് മുരളുന്ന പങ്കയുടെ താഴെ മുഷിഞ്ഞ വസ്ത്രങ്ങള്‍ നിറഞ്ഞ കിടക്കയ്ക്ക് മുകളില്‍ മലര്‍ന്ന് കിടക്കണമായിരുന്നു. പക്ഷേ ആ നടത്തത്തില്‍ എന്തോ നഷ്ടപ്പെട്ടതായി ഒരു തോന്നല്‍ അയാള്‍ക്കനുഭവപ്പെട്ടു.

എന്തായിരിക്കും അതെന്ന് അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കി. താനിന്ന് ആ പുസ്തകശാലയുടെ മുന്നിലൂടെ പോയിരുന്നില്ലായെന്ന് അപ്പോഴാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്. പുസ്തകശാല ലക്ഷ്യമാക്കി അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ഓടി. പക്ഷേ തെരുവിലെ എല്ലാക്കടകളും അപ്പോഴേക്കും അടച്ചിട്ടുണ്ടായിരുന്നു, പുസ്തകശാലയും. നിരാശയോടെ അയാള്‍ തന്‍റെ ഒറ്റമുറിയിലേക്ക് നടന്നു. ഉത്സവം നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ.

അടുത്ത പ്രഭാതത്തില്‍ അയാള്‍ക്ക് വീണ്ടും ഫ്രഞ്ചുകാരി ഫോട്ടോഗ്രാഫറെ കിട്ടി. അവരോടൊത്ത് കറങ്ങി നടന്നിട്ട് വൈകുന്നേരമായപ്പോള്‍ പ്രതിഫലവും വാങ്ങി അയാള്‍ മദ്യശാല ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് പുസ്തകശാലയിലെ യുവതിയെ അയാളോര്‍ത്തു. മദ്യശാല എന്ന തീരുമാനം തല്‍ക്കാലം മാറ്റിയിട്ട് അയാള്‍ പുസ്തകശാലയിലേക്ക് നടന്നു.

അയാള്‍ നടന്നു വരുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു. പക്ഷ അയാള്‍ തൊട്ടുമുന്നില്‍ എത്തിയതും അവള്‍ നോട്ടം പിന്‍വലിച്ചു. അയാള്‍ ഒരു പുസ്തകത്തിന്‍റെ വില ചോദിച്ചു. അവള്‍ അതിന്‍റെ വില പറഞ്ഞു. അവളിപ്പോള്‍ തന്നെ നോക്കുന്നില്ല എന്നത് അയാളെ നോവിച്ചു. വില ചോദിച്ച പുസ്തകം അവള്‍ അയാള്‍ക്ക് പൊതിഞ്ഞു കൊടുത്തു. പുസ്തകവും വാങ്ങി അയാള്‍ വീണ്ടും മദ്യശാലയിലേക്ക് നടന്നു.

മണിക്കൂറുകളോളം നിശബ്ദനായിരുന്ന് അയാള്‍ മദ്യപിച്ചു. മദ്യശാലയില്‍ നിന്നും നിര്‍വികാരതയോടെ അയാള്‍ പുറത്തിറങ്ങി. വെളിച്ചം അയാളെ വീണ്ടും അലോസരപ്പെടുത്താന്‍ തുടങ്ങി. പുസ്തകശാല അടച്ചിട്ടില്ലായിരുന്നു. പുസ്തകശാലയിലെ യുവതി വീണ്ടും തന്നെത്തന്നെ നോക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അവള്‍ക്കരികിലേക്ക് നടന്നു. അവള്‍ പെട്ടെന്ന് ഭയപ്പെട്ടതുപോലെ. അവള്‍ പുറംതിരിഞ്ഞു നിന്നു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടോ എന്ന് അയാള്‍ക്ക് സംശയം തോന്നി.

"ആരാണ് നീ?" അയാള്‍ ചോദിച്ചു.

അവള്‍ മറുപടി പറഞ്ഞില്ല. അയാള്‍ പിന്നെ അവിടെ നിന്നില്ല. തന്‍റെ ഒറ്റമുറി ലക്ഷ്യമാക്കി അയാള്‍ തിരിച്ചു നടന്നു, ഭ്രാന്തമായ വേഗത്തില്‍. പൊതിക്കെട്ടിലെ അവസാനത്തെ ബീഡി കഴിഞ്ഞിട്ടും അയാളുടെ മനസ്സിന് ഒരു ആശ്വാസം കിട്ടിയില്ല. അയാള്‍ അവിടെ നിന്നും ഉപേക്ഷിക്കപ്പെട്ട പഴയ സിനിമാക്കൊട്ടകയിലേക്ക് പോയി. അവിടെ രഹസ്യമായി കഞ്ചാവ് വില്‍ക്കുന്നവന്‍റെ കയ്യില്‍ നിന്നും അയാള്‍ ഒരു പൊതി കഞ്ചാവ് വാങ്ങി.

പേപ്പര്‍ ചുരുട്ടി കഞ്ചാവ് കത്തിച്ച് വലിയ്ക്കാന്‍ അയാള്‍ക്ക് നല്ല വശമായിരുന്നു. പക്ഷേ ആ കഞ്ചാവിനും അയാളുടെ ഉള്‍ച്ചൂടകറ്റാനുള്ള ശേഷി ഇല്ലായിരുന്നു. അയാള്‍ വീണ്ടും മുരളുന്ന ഫാനിന്‍റെ ചുവട്ടിലെത്തി. യുവതിയുടെ കയ്യില്‍ നിന്നും വാങ്ങിയ പുസ്തകം അയാള്‍ കണ്ടു. അയാള്‍ അത് കയ്യില്‍ എടുത്തു. അതിന്‍റെ പൊതി അഴിച്ചു പുസ്തകം പുറത്തെടുത്തു. പുസ്തകം തുറന്നു നോക്കിയപ്പോള്‍ ആദ്യത്തെ ഒഴിഞ്ഞ വെള്ളക്കടലാസില്‍ എന്തോ കുത്തിക്കുറിച്ചിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അതു വായിച്ചു. എനിക്ക് നിങ്ങളെ അറിയാം സുഷുമ്നയിലൂടെ ഒരു വിറയല്‍ ശരീരത്തിലാകെ പടരുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

എപ്പോഴായിരുന്നു അവള്‍ പുസ്തകത്താളില്‍ ഈ കുറിപ്പ് എഴുതിയത്. പുസ്തകം പൊതിയുന്നതിനിടയ്ക്ക് വിദഗ്ദ്ധമായി അവള്‍ ചെയ്തതായിരിക്കാം. എവിടെ വെച്ചായിരിക്കും ഇതിനു മുന്‍പ് അവള്‍ തന്നെ കണ്ടിട്ടുള്ളത്. തന്‍റെ ചീഞ്ഞളിഞ്ഞ ഭൂതകാലം അവള്‍ക്കറിയാമായിരിക്കുമോ! പക്ഷേ, അങ്ങനെയെങ്കില്‍ അവളുടെ കണ്ണുകള്‍ക്ക് കരുണയോടെ തന്നെ നോക്കാന്‍ കഴിയില്ല.

ഇതിനു മുന്‍പ് താന്‍ കഴിഞ്ഞ നഗരത്തിലെ വസന്തകാലങ്ങളില്‍ എപ്പോഴെങ്കിലും അവള്‍ തന്നെ കണ്ടിട്ടുണ്ടായിരിക്കാം. അതിന് ശേഷം എല്ലാവരാലും വെറുക്കപ്പെട്ട കാലത്തെക്കുറിച്ച് അവള്‍ക്കറിവില്ലായിരിക്കാം. അവളുടെ ഭയന്ന കൂരമാന്‍റേത് കണക്കെയുള്ള കണ്ണുകളെക്കുറിച്ചോര്‍ത്തപ്പോള്അയാളുടെ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു സന്തോഷം തിരതല്ലി.

കുറേനാളുകള്‍ക്ക് ശേഷം അയാള്‍ സമാധാനത്തോടെ കണ്ണുകള്‍ അടച്ചു കിടന്നു. രാവിലെ പുതിയൊരു സഞ്ചാരിയെത്തേടി അയാള്‍ ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് നിന്നു. ഒരുപാട് സമയം കഴിഞ്ഞിട്ടും അയാള്‍ക്ക് നല്ലൊരു സഞ്ചാരിയെ കിട്ടിയില്ല. നിരാശയോടെ അയാള്‍ മദ്യശാലയിലേക്ക് പോകാന്‍ ഒരുങ്ങി. പെട്ടെന്നാണ് അയാള്‍ അവളെക്കുറിച്ച് ഓര്‍ത്തത്.

അയാള്‍ നേരെ പുസ്തകശാലയിലേക്ക് പോയി. അവിടെ സാമാന്യം തിരക്കുണ്ടായിരുന്നു. എങ്കിലും അവള്‍ അയാള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു. അവള്‍ അരികില്‍ വരാന്‍ വേണ്ടി അയാള്‍ അവിടെ നിശ്ചലം നിന്നു. ഒടുവില്‍ അവള്‍ അയാള്‍ക്കരികില്‍ എത്തി. അവള്‍ക്ക് നന്ത്യാര്‍വട്ടപ്പൂക്കളുടെ ഗന്ധമാണെന്ന് അയാള്‍ക്ക് തോന്നി.

"പറയൂ, എന്നെ എങ്ങനെയാണ് പരിചയം?"

"ഇപ്പോള്‍ പോകൂ, ഞാന്‍ പിന്നീട് പറയാം" അവള്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

അയാള്‍ വീണ്ടും ക്ഷേത്രത്തിനരികിലേക്ക് പോയി. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ അയാള്‍ തന്‍റെ ഒറ്റമുറിയിലേക്ക് തിരിച്ചുപോയി. അവളുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ പുസ്തകം അയാള്‍ കിടന്ന കിടപ്പില്‍ വായിച്ചു തീര്‍ത്തു. പുസ്തകങ്ങള്‍ അയാള്‍ വായിക്കുന്നത് അങ്ങനെയാണ്.

കുറെനാളത്തെ ദീര്‍ഘനേരത്തെ വായനയ്ക്ക് ശേഷം ക്ഷീണിതനായ അയാള്‍ പുറത്തെ പെട്ടിക്കടയില്‍ പോയി ഭക്ഷണം കഴിച്ചു. എന്നിട്ട് അയാള്‍ വീണ്ടും പുസ്തകശാലയിലേക്ക് പോയി. അവളുടെ മുഖം മ്ലാനമായിരുന്നു അപ്പോള്‍. അയാള്‍ മറ്റൊരു പുസ്തകം കൂടി വാങ്ങി. അവളെപ്പോലെ ശബ്ദം താഴ്ത്തി അയാള്‍ ചോദിച്ചു.

"ദയവായി പറയൂ, എങ്ങനെയാണ് എന്നെ പരിചയം?" അവളുടെ കണ്ണില്‍ നിന്നും രണ്ട് നീര്‍മുത്തുകള്‍ തറയില്‍ വീണുടഞ്ഞു.

" എനിക്കറിയില്ല, എനിക്ക് വെറുതെ അങ്ങനെ തോന്നിയതായിരിക്കാം"

അയാള്‍ കുറേനേരം നിശ്ചലനായി നിന്നു. എന്നിട്ട് അല്‍പം കൂടി ഉയര്‍ന്ന ശബ്ദത്തിലും അസഹിഷ്ണുതയോടും കൂടി അയാള്‍ ചോദിച്ചു.

"പിന്നെ എന്തിനാണ് അതെഴുതിയത്?"

"ദയവായി പോകൂ, എനിക്ക് ഭ്രാന്താണ്"

"ഭ്രാന്ത് നിനക്കല്ല, എനിക്കാണ്"

മദ്യശാലയോടും അയാള്‍ക്ക് വെറുപ്പ് തോന്നി. വീണ്ടും മുരളുന്ന പങ്കയുടെ കീഴില്‍ അയാള്‍ അഭയം തേടി. ഇതുപോലെ എന്നോ ഒരു ദിവസം അവള്‍ തന്നോട് ഇതേവാക്കുകള്‍ പറഞ്ഞിട്ടുള്ളത് പോലെ ഒരു തോന്നല്‍ അയാളില്‍ ഉണ്ടായി.

"ദയവായി പോകൂ, എനിക്ക് ഭ്രാന്താണ്"

എന്നോ ഒരിക്കല്‍ ഈ വാക്കുകള്‍ അവള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അതിന്‍റെ ആവര്‍ത്തനമായിരുന്നു ഇന്നത്തെ സംഭവം. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇതിന് മുന്‍പ് അവള്‍ ഇങ്ങനെയൊന്നും തന്നോട് സംസാരിച്ചിട്ടില്ലല്ലോ എന്ന യാഥാര്‍ത്ഥ്യ ബോധം അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കി. പക്ഷേ ഇതിന് മുന്‍പ് അവള്‍ അങ്ങനെപറയുന്നത് അവ്യക്തമായ ഒരു ചിത്രം പോലെ ഓര്‍മ്മയില്‍ തെളിയുകയും ചെയ്യുന്നു.

അയാളുടെ ശരീരമാകെ വെട്ടിവിയര്‍ത്തു. വിയര്‍പ്പിനെ ആറ്റിത്തണിപ്പിക്കാനെന്നോണം പങ്ക അതിദ്രുതം കറങ്ങിത്തുടങ്ങി. കഞ്ചാവ് കടലാസില്‍ ചുരുട്ടിയെടുത്ത് പങ്കയോട് മത്സരിച്ച് അയാള്‍ അത് കത്തിച്ചു വലിച്ചു. അവളുടെ മനോഹരമായ മുഖം അവ്യക്തമായി തുടങ്ങുന്നത് അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ ഓരോ പുകയും ആഞ്ഞ് വലിച്ചു കൊണ്ടിരുന്നു.

കുറെ സ്ത്രീകള്‍ ഒരുമിച്ച് അയാളെ വിവസ്ത്രനാക്കാന്‍ ശ്രമിയ്ക്കുന്നത് അയാള്‍ കണ്ടു. നഗ്നത മറയ്ക്കാന്‍ പാടുപെടുന്ന അയാളെ ആ സ്ത്രീകള്‍ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് മാന്തുന്നു. കൂട്ടത്തോടെ വിവസ്ത്രരാകുന്ന ആ സ്ത്രീകളുടെ ശരീരത്തിലൂടെ തേരട്ടകള്‍ ഇഴയുന്നു. അയാള്‍ പിന്തിരിഞ്ഞോടി.

ഷണ്ഡന്‍, ഷണ്ഡന്‍ എന്ന് ആരോ വിളിച്ചു പറയുന്നത് അയാള്‍ കേട്ടു. കഞ്ചാവ് പുകയുടെ ചൂടേറ്റ് അയാളുടെ പൊള്ളലേറ്റ ചുണ്ടുകള്‍ വീണ്ടും വിങ്ങി. പക്ഷേ ആ വിങ്ങല്‍ അയാള്‍ക്കൊരു വേദനയല്ലായിരുന്നു അപ്പോള്‍. പെട്ടെന്ന് മുറിയിലാകെ നന്ത്യാര്‍വട്ടപ്പൂക്കളുടെ സുഗന്ധം പരക്കുന്നതായി അയാള്‍ക്ക് തോന്നി.

അവള്‍ ആ മുഷിഞ്ഞ വസ്ത്രങ്ങള്‍ നിറഞ്ഞ കിടക്കയുടെ അറ്റത്ത് ഇരിയ്ക്കുന്നതായി അയാള്‍ക്ക് തോന്നി. അവളുടെ വിരലുകള്‍ തന്‍റെ നീറുന്ന ചുണ്ടുകളില്‍ മൃദുവായി സ്പര്‍ശിച്ചെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു. അയാളുടെ ബോധമണ്ഡത്തിലോ, അബോധമണ്ഡലത്തിലോ അവള്‍ അടുത്തുണ്ടെന്ന് കരുതി അയാള്‍ സുഖമായി ഉറങ്ങി. രാവിലെ വീണ്ടും സഞ്ചാരികളെത്തേടി അയാള്‍ ക്ഷേത്രത്തിലെത്തി. അയാളുടെ പക്കല്‍ പണം ഒന്നും ഇല്ലായിരുന്നു.

അയാള്‍ സമീപിച്ച സഞ്ചാരികളുടെയെല്ലാം ഉത്തരം ഒരു വഴികാട്ടിയെ ആവശ്യം ഇല്ല എന്നായിരുന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മടുത്തു. പിന്നീട് വന്ന സഞ്ചാരികളെയൊന്നും ശ്രദ്ധിക്കാതെ അയാള്‍ ക്ഷേത്രത്തിന് മുന്‍പിലെ കല്‍മണ്ഡപത്തില്‍ ഇരുന്നു. അങ്ങനെ എത്രനേരം ഇരുന്നെന്ന് അയാള്‍ക്കറിയില്ലായിരുന്നു. നന്ത്യാര്‍വട്ടപ്പൂക്കളുടെ സുഗന്ധം മൂക്കിലേക്ക് ഇരച്ചുകയറിയപ്പോള്‍ അയാള്‍ പെട്ടെന്ന് പിന്തിരിഞ്ഞു നോക്കി. തൊട്ടു പുറകില്‍ അവള്‍.

"ഇതാ ഇലക്കീറില്‍ ഇത്തിരി പ്രസാദമുണ്ട്, അതെടുത്തോളൂ"

അയാളുടെ ശരീരത്തില്‍ ഒരു വൈദ്യുതിപ്രവാഹം ഉണ്ടായി. ഇതിന് മുന്‍പ് ഇതെന്നാണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ അയാളുടെ ബോധമനസ്സും അബോധമനസ്സും ആ നിമിഷം മുതല്‍ കിണഞ്ഞു പരിശ്രമിച്ചു തുടങ്ങി.

"എന്താ ഒന്നും മിണ്ടാതിരിക്കുന്നത്, എന്തെങ്കിലും പറയൂ"

"എന്തെങ്കിലും പറയൂ" അവള്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ സ്വപ്ന ലോകത്തു നിന്നും തിരിച്ചു വന്നു.

"ഇന്നലെ രാത്രി പത്തുമണിയ്ക്ക് ശേഷം എന്തു ചെയ്യുകയായിരുന്നു?" അവള്‍ ചോദിച്ചു.

"പറയൂ" അവള്‍ വീണ്ടും നിര്‍ബന്ധിച്ചു.

"ഇന്നലെ രാത്രി ഞാന്‍ എന്‍റെ വാടകമുറിയില്‍ കിടക്കുകയായിരുന്നു"
കഞ്ചാവ് വലിച്ച കാര്യം അയാള്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിച്ചു. അവളുടെ മുഖത്ത് പെട്ടെന്ന് സങ്കടം വന്നു.

"ഇന്നലെ രാത്രി എന്നെക്കുറിച്ചോര്‍ത്തിരുന്നോ?" അവള്‍ ചോദിച്ചു.

"ഇന്നലെ രാത്രി നിന്‍റെ ഗന്ധം എനിക്കരികില്‍ ഉണ്ടായിരുന്നു." അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് അയാള്‍ കണ്ടു. അവള്‍ അയാളുടെ തൊട്ടരികില്‍ ഇരുന്നു.

"നിനക്ക് നന്ത്യാര്‍വട്ടപ്പൂവിന്‍റെ ഗന്ധമാണ്" അയാള്‍ പറഞ്ഞു.

"ഇതേ വാക്കുകള്‍ ഏതോ ഒരു ജന്മത്തില്‍ എന്നോട് പറഞ്ഞിട്ടുണ്ട്" അവളുടെ മുഖത്ത് ഒരു ദിവ്യപ്രകാശം ഉണ്ടെന്ന് അയാള്‍ക്ക് തോന്നി.

"അതാണ് ഞാന്‍ അറിയാം എന്ന് പറഞ്ഞത്, അതാണ് നിന്‍റെയീ കണ്ണുകള്‍ എന്നെ അസ്വസ്ഥയാക്കുന്നത്. ഏതോ ഒരു ജന്മത്തിന്‍റെ അറ്റത്ത് നമ്മള്‍ ഒരുമിച്ച് ഇങ്ങനെ ഇരിക്കുന്നത് വളരെ വ്യക്തമായി ഞാന്‍ കാണുന്നു"

അയാള്‍ അപ്പോള്‍ ആ ജന്മത്തെ തിരയുകയായിരുന്നു. "എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നുണ്ടോ?"

"ഇല്ല, ഒരിക്കലുമില്ല. അഥവാ ഇതൊരു ഭ്രമകല്‍പ്പന മാത്രമാണെങ്കില്‍, ഭ്രമത്തെ ഞാന്‍ സ്നേഹിക്കുന്നു. കാരണം എനിക്ക് ജീവിക്കാന്‍ കൊതി തോന്നുന്നു" അയാള്‍ പറഞ്ഞു.

"ശരിക്കും എന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ടോ?"

"നിന്‍റെ തോന്നലുകള്‍ എന്‍റേതും കൂടി ആണെങ്കില്‍ അതിലൊരു സംശയത്തിന്‍റെ ആവശ്യമുണ്ടോ?" അയാള്‍ ചോദിച്ചു.
കുറച്ചു സമയം അവള്‍ ഒന്നും മിണ്ടാതെയിരുന്നു. ഒടുവില്‍ ചോദിച്ചു.

"ഞാന്‍ പോകട്ടെ?"

"പോകാന്‍ പറയാന്‍ എനിക്ക് പറ്റില്ല" അയാള്‍ പറഞ്ഞു. അവള്‍ നിസ്സഹായതയോടെ അയാളെ നോക്കി.

"പൊയ്ക്കോളൂ" അവള്‍ നടന്നകന്ന് പോകുമ്പോള്‍ തനിക്ക് ചുറ്റും ശൂന്യതയുടെ ഒരു വലയം വികസിച്ചു വരുന്നത് അയാള്‍ തിരിച്ചറിഞ്ഞു. വീണ്ടും അയാള്‍ തുരുമ്പെടുത്ത പങ്കയുടെ ചുവട്ടില്‍ ആശ്വാസം തേടിയെത്തി. അയാള്‍ക്ക് ആ മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുത്ത് മാറ്റണമെന്ന് തോന്നി.

കെട്ടിടത്തിന് പുറകിലുള്ള കിണറ്റിനടുത്ത് ചെന്ന് അയാള്‍ വസ്ത്രങ്ങള്‍ കഴുകിയിട്ടു. എന്നിട്ടയാള്‍ വീണ്ടും മുറിയിലേക്ക് വന്നു. വസ്ത്രത്തിലെ അഴുക്കുകള്‍ അലക്കിയാല്‍ പോകും. ശരീരത്തിലെ ചില കറകള്‍ എത്ര അലക്കി വെളുപ്പിച്ചാലും പോകില്ല. ഹൃദയത്തിനുള്ളിലാണ് ആ കറയെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ അഴുക്ക് ചുമന്നു കൊണ്ടു നടക്കണം. അയാള്‍ക്ക് ഒരു ബീഡി വലിയ്ക്കണമെന്ന് തോന്നി.

എന്തുകൊണ്ടോ പുറത്തെ പെട്ടിക്കടയില്‍ പോയി ബീഡി വാങ്ങാന്‍ അയാള്‍ക്ക് തോന്നിയില്ല. അയാളുടെ ചുണ്ടുകള്‍ നീറുന്നുണ്ടെന്ന് അപ്പോഴാണ് അയാള്‍ ഓര്‍ത്തത്. വേദനകളുമായി പൊരുത്തപ്പെട്ട് പോകാന്‍ ഇതിനോടകം അയാള്‍ പരിശീലിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഉള്ളറകളിലെ ചില നീറ്റലുകള്‍, ചില നോവുകള്‍, ചില മുറിവുകള്‍, അതിനോടൊന്നും പൊരുത്തപ്പെട്ട് പോകാന്‍ ഇനിയും അയാള്‍ പരിശീലിച്ച് കഴിഞ്ഞിരുന്നില്ല. ചുണ്ടുകളിലെന്ന പോലെ ആ മുറിവുകളിലും അവളുടെ വിരല്‍സ്പര്‍ശനം സ്വപ്നത്തിലെങ്കിലും അനുഭവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു.

നന്ത്യാര്‍വട്ടപ്പൂക്കളുടെ സുഗന്ധം ഒരിക്കല്‍ക്കൂടി ആ മുറിയില്‍ എത്താന്‍ അയാള്‍ കൊതിച്ചു. അയാള്‍ കറങ്ങുന്ന പങ്കയില്‍ ദൃഷ്ടി പതിച്ചു കൊണ്ട് കിടന്നു. അയാള്‍ മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുകയായിരുന്നു. സ്വരം നഷ്ടപ്പെട്ട ഒരു ഗന്ധര്‍വ്വനായിരുന്നു അയാളപ്പോള്‍.

അയാളുടെ കൈയ്യില്‍ പിടിച്ച് ഒരു തംബുരുവും മീട്ടി അവളും കൂടെയുണ്ടായിരുന്നു. പിന്നീട് അയാള്‍ കണ്ടത് പുഴയ്ക്കിരുവശത്തുമായി നില്‍ക്കുന്ന രണ്ടുമരങ്ങളെയാണ്. ശിഖരങ്ങളും ഇലകളും പരസ്പരം ഉരുമ്മി നില്‍ക്കുന്ന രണ്ടുമരങ്ങള്‍. ഇപ്പോള്‍ അയാള്‍ ഒരു ആട്ടിടയനാണ്. ആട്ടിന്‍പറ്റങ്ങളെ തെളിച്ച് വരുന്ന അയാളെയും കാത്ത് മൂടുപടമണിഞ്ഞ ഒരു പെണ്ണ്.

അയാള്‍ പെണ്ണിന്‍റെ അരികിലെത്തി മുഖത്തെ മൂടുപടമുയര്‍ത്തി. അത് അവളായിരുന്നു. അയാള്‍ അവള്‍ക്ക് വേണ്ടി ഏതോ ഒരു സുഷിരവാദ്യം വായിക്കുന്നു. അവര്‍ രണ്ടുപേരുമൊന്നിച്ച് കളിമണ്ണ് ചവുട്ടിക്കുഴയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവള്‍ ഒരു കുശവത്തിയാണ്. അവള്‍ കറങ്ങുന്ന ചക്രത്തിനോടൊപ്പമുള്ള കളിമണ്ണ് മണ്‍പാത്രമായി പരുവപ്പെടുത്തുന്നു. അയാള്‍ കളിമണ്ണ് കുഴച്ച് ഒരു ശില്‍പം ഉണ്ടാക്കുന്നു. അവളുടെ ശില്‍പം. ഇപ്പോള്‍ അയാള്‍ ഒരു ചിത്രകാരനാണ്. അയാള്‍ അവളുടെ ചിത്രം വരയ്ക്കുന്നു.

അയാള്‍ നടുക്കടലിലൂടെ തോണി തുഴഞ്ഞു പോകുകയാണ്. അയാള്‍ ഒരു മുക്കുവനാണ്. ചക്രവാളത്തിനരികില്‍ അയാളെമാത്രം കാത്ത് ഒരു മത്സ്യകന്യക കിടപ്പുണ്ടായിരുന്നു. ആ മത്സ്യ കന്യകയ്ക്ക് അവളുടെ മുഖമായിരുന്നു. ഇപ്പോള്‍ അയാള്‍ ഒരു മലവേടനാണ്. അയാള്‍ വേട്ടയാടിക്കിട്ടിയ ഉരുവിനെയും ചുമന്ന് മലയറുന്നു. ദാഹിച്ചു വലഞ്ഞ അയാള്‍ക്ക് കുടിക്കാന്‍ മുളംകുറ്റിയില്‍ വെള്ളവുമായി അവളെത്തുന്നു. അവള്‍ അയാള്‍ക്ക് വെള്ളം നല്‍കുന്നു. അയാള്‍ ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നു. അയാള്‍ പെട്ടെന്ന് സ്വപ്നത്തില്‍ നിന്നും ചാടിയെഴുന്നേറ്റു.

ഏതോ ഒരു ജന്മത്തില്‍ അവള്‍ തന്‍റെ ദാഹമകറ്റാന്‍ വെള്ളം നല്‍കിയിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി. ഏതോ ഒരു ജന്മത്തില്‍ താന്‍ അവളുടെ തോളില്‍ തലചായ്ച്ച് കിടന്ന് വാവിട്ട് കരയുന്നത് അയാള്‍ കണ്‍മുന്നിലെന്നതു പോലെ കണ്ടു. അവള്‍ തന്‍റെയീ മുറിയിലേക്ക് കടന്നു വരാനും അവളുടെ തോളില്‍ തലചായ്ച്ച് കിടന്ന് മതിവരുവോളം പൊട്ടിക്കരയാനും അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അയാള്‍ നിശബ്ദമായി കരയുകയായിരുന്നു.

മുറിയിലാകമാനം നന്ത്യാര്‍വട്ടപ്പൂക്കളുടെ സുഗന്ധം വീണ്ടുമെത്തിയത് അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതാ അവള്‍ അയാളുടെ മുന്നില്‍ നിറഞ്ഞ പുഞ്ചിരിയോടെ നില്‍ക്കുന്നു.

"നീ പറഞ്ഞത് സത്യമാണ്. ഏതോ ഒരു ജന്മത്തിന്‍റെ അറ്റത്ത് വെച്ച് നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ട് ഇതിനു മുന്‍പ്, ഒരു ജന്മത്തില്‍ മാത്രമല്ല. നിരവധി ജന്മങ്ങളില്‍"

"അതെ സത്യമാണത്, നമ്മുടെ ആത്മാക്കള്‍ ജന്മാന്തരങ്ങളിലൂടെ കൈകോര്‍ത്ത് പിടിച്ചു കൊണ്ട് തീര്‍ത്ഥാടനം ചെയ്യുകയായിരുന്നു."

"അതെ, നമ്മള്‍ സ്നേഹിക്കുകയായിരുന്നു"

"സ്നേഹിക്കുമ്പോള്‍ നീയോ ഞാനോ ഇല്ല, നമ്മുടെ ആത്മാക്കള്‍ മാത്രം"

"എത്രയോ ജന്മങ്ങള്‍ നീയെന്‍റെ കണ്ണീര്‍ ഒപ്പിയിട്ടുണ്ട്, എത്രയോ ജന്മങ്ങള്‍ ഞാന്‍ നിന്‍റെ തോളില്‍ തല ചായ്ച്ച് വിങ്ങിപ്പൊട്ടിയിട്ടുണ്ട്. ഇതാ, ഈ ജന്‍മത്തിലും എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ നിന്‍റെ പാദങ്ങളെ നനയ്ക്കുന്നു."

"എന്‍റെ ഉള്‍ത്തടങ്ങളെ പൊള്ളിക്കാനുള്ള കരുത്തുണ്ട് നിന്‍റെ കണ്ണുനീരിന്"

അവള്‍ അയാളുടെ മുഖം കൈക്കുള്ളില്‍ കോരിയെടുത്തു. അവന്‍റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവളുടെ ദൃഷ്ടി ആഴ്ന്നിറങ്ങി. കണ്ണുകളിലൂടെ അവര്‍ പരസ്പരം അവരവരെത്തന്നെ കാണുകയായിരുന്നു.

"ഇതുവരെ നീ ഇരുട്ടിലായിരുന്നു. ഞാന്‍ നിന്‍റെ വെളിച്ചമാണ്. നിന്നെയാകെ മൂടി, നിന്‍റെ ഇരുളിനെ ഇല്ലാതാക്കാന്‍ വന്ന വെളിച്ചം" അവള്‍ പറഞ്ഞു.

"വെളിച്ചത്തിലലിയുന്ന ഇരുള്‍" അയാള്‍ പറഞ്ഞു.

"നമ്മുടെ ആത്മാക്കള്‍ തീര്‍ത്ഥാടനം നടത്തിയ ജന്മാന്തരങ്ങളുടെ വീഥികളിലൂടെ നമുക്ക് കൈ കോര്‍ത്തു പിടിച്ച് തീര്‍ത്ഥ യാത്ര പോകാം" അവള്‍ പറഞ്ഞു.

"ഈ തീര്‍ത്ഥയാത്രയായിരുന്നു ഞാന്‍ ഇത്രയും നാള്‍ പ്രതീക്ഷിച്ചിരുന്നത്" അയാള്‍ സന്തോഷത്തോടെ പറഞ്ഞു.

"വരൂ, നമുക്ക് യാത്ര തുടങ്ങാം" ജന്മാന്തരങ്ങളുടെ ഇടവഴിയിലെവിടെയോ വിരിഞ്ഞ ഒരു നന്ത്യാര്‍വട്ടപ്പൂവിന്‍റെ ഇതളില്‍ ഒരു മഞ്ഞുതുള്ളി വീണ് രജതശോഭ തീര്‍ക്കുന്നത് അവര്‍ ഒരുമിച്ച് കാണുകയായിരുന്നു.