വേളൂരി
ശരത്‌ബാബു പല്ലന
.................ചേറ് കലര്‍ന്ന തിരമാലകള്‍ കടല്‍ഭിത്തികളില്‍ തലതല്ലി കല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്നതു പോലെ കണ്ണുമൂടിക്കെട്ടിയ ആവേശങ്ങള്‍ക്ക് അലതല്ലിപ്പതഞ്ഞു നുരയായി ഒഴുകാന്‍ തടശിലയായി തീര്‍ന്നവള്‍ക്ക് കടപ്പുറം ഇട്ട പേരായിരുന്നു വേളൂരി. ശല്‍ക്കങ്ങളില്ലാത്ത മിനുസമുള്ള വെളുത്ത് സുന്ദരിയായ ചെറിയ മത്സ്യത്തിന്‍റെ പേര് ആരായിരിക്കും അവള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്! ആര്‍ക്കുമറിയില്ലെങ്കിലും വേളൂരി എന്ന് തന്നെയാണ് കൂരിക്ക കുത്തുന്ന കൊച്ചുകുട്ടികള്‍ പോലും അവളെ വിളിച്ചിരുന്നത്.
ഒരിക്കല്‍ ചൂടന്‍വല വള്ളം നിറയെ വേളൂരി കിട്ടിയപ്പോള്‍ മീന്‍ കണ്ട മരയ്ക്കാന്‍റെ മനുഷ്യഭാവങ്ങളേയും തോല്‍പ്പിക്കുന്ന മുഖഭാവത്തോടെ അണിയക്കാരന്‍ പറഞ്ഞു.
"കെടക്കണ കെടപ്പ് കണ്ടോന്‍റെ പൊന്നിന്‍ കുടമേ, തങ്ക ഗോപുരമേ, ചുമ്മാതാണോ ന്‍റെ പൊന്നമ്മച്ചീ നീര്‍ക്കുന്നത്തെ നളിനിയെ വേളൂരീന്ന് വിളിക്കുന്നേ, പളപളാന്നല്ലേ കെടക്കണേ"
അപ്പോഴാണ് മടക്കള്ളിയില്‍ ഇരിക്കുന്ന ഞാന്‍ മനസ്സിലാക്കിയത് വേളൂരിയുടെ യഥാര്‍ത്ഥപേര് നളിനി എന്നാണെന്ന്.
"നളിനാക്ഷിയെ അങ്ങാട്ട് നെരത്തിനെടാ, അണിയമങ്ങാട്ട് കുത്തിക്കെടക്കട്ട്" അണിയക്കാരന്‍ വീണ്ടും പറഞ്ഞു.
"പ്ഫാ... നടുക്കടലേ കെടന്ന് കണ്ട എന്ധ്യാനിച്ചികളുടെ പേര് പറയുന്നോടാ പുളുന്താനേ" ഉടമക്കാരനും എന്‍ജിനോട്ടക്കാരനുമായ വീപ്പര്‍ അണിയക്കാരനെ ആട്ടി.
മീനും വള്ളവും കരയ്ക്കടുക്കുന്നതുവരെ അണിയക്കാരന്‍ നളിനിയെക്കുറിച്ച് പിന്നെ മിണ്ടിയില്ല.
ഒരു വെള്ളുകൊട്ടയുമായി കറിക്ക് മീനെടുക്കാന്‍ നളിനി വള്ളത്തിനടുത്തെത്തി. ആദ്യമായിട്ടാണ് ഞാന്‍ അവരെ ശ്രദ്ധിക്കുന്നത്. എന്‍റെ മനസ്സ് പറഞ്ഞു, ഇവരെ വേളൂരിയെന്ന് വിളിയ്ക്കുന്നത് വഷളത്തരമാണ്, മത്സ്യദേവതയെന്ന് വിളിച്ചാലും തെറ്റില്ല. അത്രയ്ക്കുണ്ട് മേനിയഴക്.
"ടീ പുളുന്താച്ചീ, കൊണ്ടുപോയി പീരപറ്റിച്ചിട്ട് നാല് കപ്പേം പുഴുങ്ങി വെയ്യ്, ഞാനങ്ങാട്ട് വരുന്നുണ്ട്" ഉടമക്കാരന്‍ കുട്ടനിറയെ മീന്‍ കോരി കൊടുത്തുകൊണ്ട് നളിനിയോട് പറഞ്ഞു. നടുക്കടലിലെ അയിത്തം കരയ്ക്കില്ലായിരിക്കാം!
എന്‍ജിനും ചുമന്നുകൊണ്ട് പുതമണ്ണിലൂടെ നടക്കുമ്പോള്‍ ഇടത്താങ്ങിന് കൂടെക്കൂടിയ കേളുവാശാന്‍ ചോദിച്ചു. "മകന് ആ നളിനിയാരാന്ന് മനസ്സിലായോ?"
ഇല്ല.
"മകന്‍റച്ഛന്‍ പണ്ട് കെട്ടിക്കോളാം എന്ന് പറഞ്ഞതാ ആ പെണ്‍കൊച്ചിനെ. അന്ന് വള്ളത്തീന്ന് വീണ് അരതളര്‍ന്ന അവളുടെ അച്ഛനേം പ്രാന്ത് പിടിച്ച അമ്മേം കളഞ്ഞിട്ട് അവളെങ്ങാട്ടുമില്ലെന്ന് പറഞ്ഞു"
പുതമണ്ണ് വേളൂരിമീന്‍ പൊലെ തിളങ്ങുന്നതായി എനിക്ക് തോന്നി.