Thursday, 19 June 2014

സുന്ദരിയും വിരൂപനും


സുന്ദരിയും വിരൂപനും


ശരത്‌ബാബു പല്ലന
...........................................

നിന്നെപ്പോലൊരുത്തനെ അവളെങ്ങനെ പ്രേമിച്ചെടാ! ഒരുപാട് സുഹൃത്തുക്കള്‍ എന്നോടങ്ങനെ ചോദിച്ചിട്ടുണ്ട്. പെണ്ണ് പ്രേമിക്കുന്നത് സൌന്ദര്യം നോക്കിയല്ലായെന്ന് അവള് നിന്നെ പ്രേമിച്ചപ്പോള്‍ മനസ്സിലായെന്ന് ചിലരെന്നോട് പറഞ്ഞു. ഒരുമിച്ച് കൈകള്‍ കോര്‍ത്തു നടന്നപ്പോഴൊക്കെ അതിശയം നിറഞ്ഞ കണ്ണുകള്‍ അവളേയും അസൂയ നിറഞ്ഞ കണ്ണുകള്‍ എന്നേയും മാറി മാറി നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് ചോദിച്ചു. "അളിയാ, അവള് നിന്നെ പ്രേമിച്ചതിന്‍റെ രഹസ്യം ഒന്നു പറഞ്ഞു തരാമോ?" അന്നാദ്യമായി എനിക്ക് എന്‍റെ മുഖത്തെ സംശയം തോന്നി. അത്രയ്ക്ക് വിരൂപനാണോ ഞാന്‍? കണ്ണാടിയില്‍ നോക്കിയിട്ട് അല്ലായെന്ന് ഉറപ്പുപറയാന്‍ കഴിയുന്നില്ല. ഞാന്‍ സുന്ദരനല്ല എന്നാല്‍ വിരൂപനമല്ല, അതായിരുന്നു എന്‍റെ അതുവരെയുള്ള ധാരണ. എനിക്കും ഒരു സംശയം ഉണ്ടായി, അവളെന്തായിരിക്കും എന്നെ പ്രേമിച്ചത്?

"
ഗിരീ, നീയെന്താ അങ്ങനെ ചോദിച്ചത്? എനിക്കറിയില്ല ഞാനെങ്ങിനെയാ നിന്നിലേക്കടുത്തതെന്ന്. ഒന്നെനിക്കറിയാം നിന്‍റെയടുത്തിങ്ങനെ ഇരിക്കുമ്പോള്‍ സമയത്തെ ആരെങ്കിലും പിടിച്ചുനിര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്. നിന്‍റെയീ കണ്ണുകളില്‍ തെളിഞ്ഞു കാണുന്ന എന്നേയും നോക്കിയിരിക്കുന്നത് ഒരുപാട് ഞാന്‍ ഇഷ്ടപ്പെടുന്നു." അവള്‍ പറഞ്ഞു.
ശ്വാസത്തിനൊപ്പം ഉയര്‍ന്നു താഴുന്ന അവളുടെ മാറിടങ്ങള്‍ എന്നെയപ്പോള്‍ വല്ലാതെ ഭ്രമിപ്പിച്ചു. അവളുടെ മേല്‍ചുണ്ടിന് മുകളില്‍ കുഞ്ഞ് വിയര്‍പ്പ് കണങ്ങള്‍. കാറ്റിനും അവള്‍ക്കും സുഗന്ധം.

"
ഞാന്‍ സുന്ദരനല്ലല്ലോ, പിന്നെന്താ നീയെന്നെ സ്നേഹിച്ചത്?"

അവള്‍ അതിശയത്തോടെ എന്നെ നോക്കി.

"
അപ്പോള്‍ ഞാന്‍ സുന്ദരിയാണോ? കോല് പോലെ കുറെ നീളമല്ലാതെ വേറെന്തുണ്ടെനിക്ക്? നീയെന്താ എന്നെ സ്നേഹിച്ചത്?" എന്‍റെ മുന്നില്‍ നില്‍ക്കുന്ന യവനശില്‍പ്പം എന്നോട് ചോദിച്ചു.

കാലമൊരുപാട് കഴിഞ്ഞ് ഇന്നെന്‍റെ മനസ്സിനോട് ഞാന്‍ ചോദിക്കുന്നു. അവളെന്തായിരിക്കും എന്നില്‍ നിന്നും അകന്ന് പോയത്! അവള്‍ തന്‍റെ സ്വന്തം സൌന്ദര്യത്തെ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ? അതോ ഞാന്‍ വിരൂപനാണെന്ന് അവള്‍ മനസ്സിലാക്കിയതായിരിക്കുമോ!

അല്ലെങ്കില്‍ പിരിയുമ്പോള്‍ അവള്‍ പറയില്ലായിരുന്നല്ലോ ഞാന്‍ നിന്നെ അന്ധമായി സ്നേഹിച്ചു അതാണെനിക്ക് പറ്റിയ തെറ്റ് എന്ന്!

അവള്‍ പോയത് നന്നായി. ഇപ്പോള്‍ ആരും എന്നെ തുറിച്ച് നോക്കുന്നില്ലല്ലോ!