Thursday, 19 June 2014

നഗ്നന്‍ 1



നഗ്നന്‍ ( കഥ - ഭാഗം - ഒന്ന്)

ശരത്ബാബു പല്ലന
.................................................................................................................................

ഞാന്‍ നഗ്നനാണ്. എപ്പോഴാണ് ഞാന്‍ നഗ്നനായത്! മഞ്ഞ് വീണു ഘനീഭവിച്ചു തുടങ്ങിയ ഈ രാത്രിയുടെ അന്ത്യയാമത്തില്‍ ശരീരം തണുത്ത് മരവിച്ച് തുടങ്ങിയപ്പോഴാണ് നഗ്നനാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.

സൂചിമുനകള്‍ ശരീരത്തിലേക്ക് തുളച്ചു കയറുന്നതു പോലെ വേദനിപ്പിക്കുന്ന തണുപ്പ്. ഞാന്‍ എന്‍റെ നഗ്നതയിലേക്ക് നോക്കി. വാര്‍ദ്ധക്യം ബാധിച്ച എന്‍റെ മനസ്സിനെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന, യൌവ്വനത്തിനോട് യാത്ര പറയാന്‍ മടിക്കുന്ന എന്‍റെ ശരീരം. യുദ്ധങ്ങളുടെ ബാക്കിപത്രമായി ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത വടുക്കള്‍ എന്‍റെ അഹങ്കാരത്തെ നോക്കി ചിരിക്കുന്നു.

ഇത് ആദ്യമായിട്ടാണ് ഞാന്‍ എന്‍റെ നഗ്നത ഇങ്ങനെ സശ്രദ്ധം വീക്ഷിക്കുന്നത്,

ഒരുപക്ഷേ പുരുഷനഗ്നതയും. അല്ലെങ്കിലും പുരുഷന്‍ അന്വേഷിക്കുന്നത് സ്ത്രീയുടെ നഗ്നത ആണല്ലോ! പൂത്തുലഞ്ഞ മരത്തിലെ ഇതളുകള്‍ അടര്‍ന്നു തുടങ്ങിയ പൂങ്കുലയായി യൌവ്വനം ഇനിയും അവശേഷിച്ചിട്ടില്ലാത്ത ഈ അവസ്ഥയിലും സ്വന്തം നഗ്നതയില്‍ എനിക്ക് ലജ്ജ തോന്നാത്തതെന്തായിരിക്കും! വെളുത്ത മേഘങ്ങളെപ്പോലെ മഞ്ഞ് പുതച്ചു കിടക്കുന്ന ഈ നഗരം ഏതായിരിക്കും?

ശരീരത്തിലേക്ക് തുളച്ച് കയറുന്ന തണുപ്പ് എന്നെ ഒരു പുതപ്പ് കണ്ടെത്തുവാന്‍ നിര്‍ബന്ധിതനാക്കുന്നു. മനുഷ്യനൊഴിച്ചുള്ള സകലജീവജാലങ്ങളും എത്രഭാഗ്യം ചെയ്തവര്‍. അവര്‍ക്ക് തണുപ്പകറ്റാന്‍ വസ്ത്രങ്ങളുടേയോ പുതപ്പുകളുടേയോ ആവശ്യമില്ല.

ഒരു കഷണം തുണി അന്വേഷിച്ചു ഞാന്‍ നടന്നു. നാണം മറയ്ക്കാനല്ല, തണുപ്പകറ്റാന്‍. ദൂരെ എവിടെയോ ഒരു തിരിവെട്ടം കാണുന്നു. ആ വെട്ടം ലക്ഷ്യമാക്കി ഞാന്‍ നടന്നു. ഇപ്പോള്‍ എന്നെ മുന്നോട്ട് നടത്തുന്നത് ആ പ്രതീക്ഷയാണ്. ഒരു നറുതിരിവെട്ടം നല്‍കുന്ന പ്രതീക്ഷയില്‍ മുന്നോട്ട് ചലിക്കുന്ന ഓരോ മനുഷ്യന്‍റേയും പ്രതീകമാണിപ്പോള്‍ ഞാന്‍.

വലിയൊരു പേരാല്‍മരത്തിന്‍റെ ചുവട്ടില്‍ ഇനിയും അണഞ്ഞിട്ടില്ലാത്തൊരു വിളക്ക് മരം. സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി എനിക്ക്. മനുഷ്യന്‍റെ സന്തോഷങ്ങള്‍ അങ്ങനെയാണ്, വിഷാദവുമായി സൌഹൃദം കൂടുമ്പോഴും ചെറിയ നേട്ടങ്ങള്‍, ചെറിയ കണ്ടെത്തലുകള്‍, ചെറിയ അറിവുകള്‍ അവനെ വലിയ സന്തോഷത്തിലേക്ക് ഒരു നിമിഷത്തേക്കെങ്കിലും കൂട്ടിക്കൊണ്ട് പോകും. മനുഷ്യന്‍ സദാ ദുഖിതനാണ്. സന്തോഷം അവന് അതിഥിയാണ്. വന്നുകഴിഞ്ഞാല്‍ ഏത് നേരത്തും യാത്ര പറയാതെ പോകുന്ന അതിഥി.

പൊഴിഞ്ഞു കിടക്കുന്ന പേരാലിലകള്‍ ഞാന്‍ തടുത്ത് കൂട്ടിയിട്ടു. ദീപസ്തംഭത്തിലെ തിരിവെട്ടത്തില്‍ നിന്നും ഇലക്കൂനയിലേക്ക് ഞാന്‍ അഗ്നിപകര്‍ന്നു.

സാവധാനം പുകഞ്ഞു പുകഞ്ഞു ഇലക്കൂന ആളിക്കത്താന്‍ തുടങ്ങി. അഗ്നിനാളങ്ങള്‍ നൃത്തം ചെയ്തുതുടങ്ങിയപ്പോള്‍ എന്‍റെ സന്തോഷം വര്‍ദ്ധിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. നഗ്നത മറയ്ക്കാതെ തന്നെ എന്‍റെ തണുപ്പ് അകലുന്നു. ഞാന്‍ പിന്നെയും ഇലകള്‍ തടുത്തുകൂട്ടി. ആളിക്കത്തുന്ന ഇലക്കൂനയക്ക് അരികില്‍ ഞാന്‍ കുത്തിയിരുന്നു. എന്‍റെ ചര്‍മ്മം ചൂടാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടുള്ള സുഖാനുഭവങ്ങളില്‍ ഏറ്റവും മികച്ചത് ഇത് തന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഇലക്കൂനയ്ക്കരികില്‍ ഞാന്‍ കിടന്നു, കൈകള്‍ പിണച്ച് കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തിരുകി. ഇതിലും സുഖകരമായി ഞാന്‍ എവിടെയെങ്കിലും കിടന്നിട്ടുണ്ടെങ്കില്‍ അത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരുന്നിരിക്കും, തീര്‍ച്ച. ആ ഗര്‍ഭസ്ഥ ശിശുവിനെപ്പോലെ തന്നെ ഞാനും ഇപ്പോള്‍ നഗ്നനാണ്. മനുഷ്യശരീരത്തിലെ ഏറ്റവും ക്രൂരമായ വടു പൊക്കിള്‍ചുഴിയാണെന്ന് എനിക്ക് തോന്നി.

ഏതോ ആരവം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പകുതികത്തിയ ഇലകള്‍ സൃഷ്ടിച്ച വൃത്തത്തിനു നടുവിലെ ചാരത്തില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. സ്വര്‍ണ്ണ നിറത്തിലെ സൂര്യപ്രകാശം മണ്ണിലേക്ക് വീണിരിക്കുന്നു. നേരം പുലര്‍ന്നിട്ട് ഏറെ ആയിരിക്കുന്നു.

ആരാടാ അത്?

ഏത് നാണംകെട്ടവനാടാ അത്?

ഉടുതുണിയില്ലാതെ കിടക്കുന്നത് കണ്ടില്ലേ, ജന്തു!

ഏതോ പ്രാന്തനാണെന്ന് തോന്നുന്നു, അല്ലാതെ ഇങ്ങനെ തുണിയില്ലാതെ പെരുവഴിയില്‍ കിടക്കുമോ?

പ്രാന്താണെങ്കില്‍ കല്ലെറിഞ്ഞ് ഓടിക്കെടാ നായയെ.

അരുത്, കല്ലെറിയരുത്! സ്ഥിരബുദ്ധിയില്ലാത്തവനാണെന്ന് തോന്നുന്നു. അല്ലാതിങ്ങനെ സംഭവിക്കുമോ?

ചിലപ്പോള്‍ പുകവലിച്ചു കയറ്റിയോ, മദ്യം കഴിച്ച് ലക്കുകെട്ടോ ഇങ്ങനെ സംഭവിക്കാമല്ലോ!

ഏതെങ്കിലും തേവിടിശ്ശിയുടെ അടുത്തു നിന്നും ഇറങ്ങി ഓടിയതായിക്കൂടെ?

ഒടുവില്‍ ഉയര്‍ന്ന അഭിപ്രായം കേട്ട് ആള്‍ക്കൂട്ടം ആര്‍ത്ത് ചിരിക്കുന്നു. ഭയന്നിട്ടല്ല, ഭയം എനിക്കില്ല. എങ്കിലും ഞാന്‍ അനങ്ങാതെ കിടന്നു.

തേവിടിശ്ശിയുടെ അടുത്ത് നിന്നും ഇറങ്ങിയോടിയെങ്കില്‍ ഉടുതുണി കൈയ്യിലെങ്കിലും എടുത്തോണ്ട് ഓടണ്ടേ!

എല്ലാവരും വീണ്ടും ആര്‍ത്തു ചിരിക്കുന്നു.

എങ്ങനെ ഓടിയതാണെങ്കിലും ഇവിടെ സ്ത്രീകളും കുട്ടികളും ഉള്ളതാ. ഇങ്ങനെ ഒരുത്തന്‍ തുണിയില്ലാതെ കിടന്നാല്‍ ശരിയാകുമോ? ഇവന്‍ ആരാണെന്ന് നമുക്ക് അറിയണ്ടേ?
വരുത്തനാണെന്ന് തോന്നുന്നു.

ആള്‍ക്കൂട്ടം എനിക്ക് ചുറ്റും അണിനിരന്നു. അവരിലൊരാള്‍ എന്നെ എഴുന്നേല്‍പ്പിച്ച് ഇരുത്തി.

ഏതാ നീ?

ആരാണ് നീ?

ഞാന്‍ എന്നോട് തന്നെ സ്ഥിരം ചോദിക്കുന്ന ചോദ്യം. ഉത്തരം കിട്ടാത്ത പ്രഹേളികയായി എന്നോടൊപ്പം അവശേഷിക്കുന്ന ചോദ്യം. ആ ചോദ്യത്തിന് എങ്ങനെ ഞാന്‍ അവരോട് ഉത്തരം പറയും.

ഉത്തരം കിട്ടാത്തതിന്‍റെ ദേഷ്യത്തില്‍ ഒരുവന്‍ എന്‍റെ ചെകിട്ടത്ത് അടിച്ചു. അടുത്ത അടിയ്ക്കായി അവന്‍ കയ്യുയര്‍ത്തിയ നിമിഷത്തിന്‍റെ പകുതികൊണ്ട് ശരവേഗത്തില്‍ ഞാന്‍ അവന്‍റെ കൈയ്യില്‍ പിടുത്തമിട്ടു. പ്രാണന്‍ പുറത്തേക്ക് ചാടാന്‍ വെമ്പുന്ന വേദനയോടെ അവന്‍ അലറി. അവന്‍റെ കൈയ്യുടെ സന്ധികളുടെ ബന്ധം മാറുന്നത് ഞാന്‍ ഉറപ്പാക്കി.

അവനെ രക്ഷിക്കാനായി എന്നെ വട്ടം ചുറ്റിപ്പിടിച്ചവരെല്ലാം എന്‍റെ ശരീരത്തിന്‍റെ കരുത്ത് തിരിച്ചറിഞ്ഞ് പകച്ചു പോയി. എന്നിലെ യുദ്ധക്കൊതിയന്‍ പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റു. ഒരു കാട്ടുപന്നിയെപ്പോലെ ഞാന്‍ മുരണ്ടു.

എന്‍റെ ചെകിട്ടത്തടിച്ചവനെ ആറുവാര ദൂരേയ്ക്ക് ഞാന്‍ ചുഴറ്റിയെറിഞ്ഞു. എന്‍റെ ശരീരത്തിലെ പിടിവിട്ട് ആളുകള്‍ ഭയന്ന് പിന്നോട്ട് മാറി.

ഭ്രാന്തന്‍..

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. കൂട്ടത്തില്‍ മാന്യനെന്ന് തോന്നിച്ച ഒരുവന്‍ പറഞ്ഞു.
സുഹൃത്തേ, താങ്കള്‍ ആരാണെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. ആദ്യം താങ്കള്‍ നാണം മറയ്ക്കൂ.

അയാളെ തറപ്പിച്ചു നോക്കിയിട്ട് ഞാന്‍ അവിടെ നിന്നും നടന്നു.

കുതിരയെ ചേര്‍പ്പിക്കുന്നവനാണെന്ന് തോന്നുന്നു!

ആരെങ്കിലും രാജകിങ്കരന്‍മാരെ വിവരം അറിയിക്കൂ..

ഞാന്‍ കൂസലില്ലാതെ മുന്നോട്ട് നടന്നു. ജാലകപ്പാളികളുടെ മറവില്‍ നിന്ന് സ്ത്രീകള്‍ അത്ഭുതം കൊണ്ട് കണ്ണുതള്ളുന്നതും തൊട്ടടുത്ത നിമിഷം നാണം കൊണ്ട് കണ്ണുപൊത്തുന്നതും ഞാന്‍ കണ്ടു. എന്‍റെ നഗ്നതയില്‍ എനിക്ക് അഹങ്കാരം തോന്നി.

ഞാന്‍ അട്ടഹസിച്ചു ചിരിച്ചു. ആ ചിരി ഒരു നഗരം മുഴുവനും ഭയപ്പാടോടെ കേള്‍ക്കുന്നത് കണ്ട് എന്‍റെ ഉള്ളില്‍ ഉന്മാദം പൂത്തു.

ഏകാന്തത ഉത്സവമാകുന്നത് ഉന്മാദത്തിലാണ്. ഞാനിപ്പോള്‍ ആ ഉത്സവത്തിമിര്‍പ്പില്‍ ആണ്.

അശ്വാരൂഢരായ പടയാളികള്‍ എന്നെത്തേടി വന്നപ്പോള്‍ ഞാന്‍ നടക്കുകയല്ലായിരുന്നു, എന്നാല്‍ ഓടുകയുമല്ലായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന എന്‍റെ നഗ്നതയിലേക്ക് പടയാളികളില്‍ ചിലര്‍ അവിശ്വസനീയതയോടെ നോക്കി.

അങ്ങ്?

ഒരുവന്‍ ചോദിച്ചു. അവനെന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചറിയപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ ഓടി, കുതിരകളേക്കാള്‍ വേഗത്തില്‍. പുറകില്‍ ഒരു പടയാളി വിളിച്ചു പറയുന്നു.

അത് പുരൂരവസ്സ് മഹാരാജാവാണ്.

കുതിരകള്‍ക്ക് വേഗത്തില്‍ പായാന്‍ കഴിയാത്ത ഒരു ഇടവഴിയിലേക്ക് ഞാന്‍ ഓടിക്കയറി. ആ ഓട്ടത്തില്‍ എനിക്ക് ഒറ്റലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചറിഞ്ഞവര്‍ എന്നെ കണ്ടെത്തരുത്.

എത്ര ദൂരം ഞാന്‍ ഓടിക്കടന്നുവെന്ന് എനിക്കറിയില്ല. രാവിലെ കണ്ട നഗരവാസികളില്‍ ഒരുവന്‍ പറഞ്ഞ വാക്കുകളാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. കുതിരയെ ചേര്‍പ്പിക്കുവനാണ് ഞാനെന്ന് അവന് തോന്നിയത്രേ. ഞാന്‍ കുതിരയോടൊത്ത് ഇണ ചേരാന്‍ പോന്നവനാണെന്നാണ് അവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. അവന്‍റെ വാക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു.

വെണ്‍മേഘങ്ങള്‍ക്കിടയിലൂടെ വായൂവേഗത്തില്‍ പായുന്ന പെണ്‍കുതിര തന്നെയായിരുന്നു അവള്‍. ഒടുവില്‍ എന്നെ കുതറിത്തെറുപ്പിച്ച് ചിറകുകള്‍ വെച്ച് പറന്നുപോയ പെണ്‍കുതിര. അല്ല! അവള്‍ കുതിര അല്ലായിരുന്നു. അവള്‍ ഒരു ആട്ടിന്‍കുട്ടി ആയിരുന്നു. സ്നേഹത്തോടെ എന്‍റെ മടിത്തട്ടില്‍ മുഖമുരുമ്മി കിടന്ന ഒരു ആട്ടിന്‍കുട്ടി. അവള്‍ ഇപ്പോള്‍ എവിടെയാണ്?

ഉര്‍വശീ നീ എവിടെയാണ്?

കണ്ണുതുറന്ന് നോക്കിയപ്പോള്‍ എന്‍റെ ചുറ്റും വീണ്ടും ആള്‍ക്കൂട്ടം. അവരെല്ലാവരും കൈകൂപ്പി നില്‍ക്കുന്നു. എന്നെ ആരോ വെളുത്ത പട്ട് ഉടുപ്പിച്ചിരിക്കുന്നു. കൂട്ടത്തില്‍ പ്രായമായ ഒരു സ്ത്രീ എന്‍റെ മുന്നില്‍ വന്ന് മുട്ടുകുത്തിയിരുന്നു. അവരുടെ കണ്ണുനീര്‍ത്തുള്ളികള്‍ എന്‍റെ കാല്‍പാദത്തില്‍ വീണത് ഞാന്‍ തിരിച്ചറിഞ്ഞു.

മഹാരാജന്‍, അങ്ങേയ്ക്ക് ഈ ഗതി വന്നല്ലോ. ആര്‍ക്ക് വേണ്ടിയാണ് അങ്ങ് ഈ വിധത്തില്‍? അങ്ങയെ ഉപേക്ഷിച്ചു പോയ ആ ആട്ടക്കാരിയ്ക്ക് വേണ്ടിയോ? അങ്ങയെപ്പോലൊരു മഹാപുരുഷന് ആ ദേവദാസി ഒട്ടും ഭൂഷണമല്ലെന്ന് ഇനിയെങ്കിലും അങ്ങ് തിരിച്ചറിയൂ. അങ്ങയേക്കാള്‍ അവളിഷ്ടപ്പെടുന്നത് അമരാവതിയിലെ ദേവദാസിത്തെരുവുകളാണെന്ന് ഇനിയെങ്കിലും അങ്ങ് തിരിച്ചറിയൂ.

ഞാന്‍ അവിടെ നിന്നും മെല്ലെ എഴുന്നേറ്റു.

ഉര്‍വശീ, എനിക്കിത് കേള്‍ക്കേണ്ടി വന്നല്ലോ!

അസ്തമയ ചക്രവാളം ലക്ഷ്യമാക്കി ഒരു സമതലഭൂവിലൂടെ ഞാന്‍ നടന്നു. കാറ്റിന് ഞാന്‍ നടത്തിയ യുദ്ധങ്ങളുടെ ഗന്ധം. ആര്‍ക്ക് വേണ്ടിയായിരുന്നു ഞാന്‍ സമതലങ്ങള്‍ മുഴുവനും ചോര ചിന്തിയത്? യുദ്ധങ്ങള്‍ ജയിക്കുന്നതിലായിരുന്നു എന്‍റെ സംതൃപ്തി. അന്ന് ഞാന്‍ യുദ്ധങ്ങളെ പ്രണയിച്ചു. എന്‍റെ മുന്നില്‍ വന്നുപെടുന്ന ശത്രുവിന്‍റെ കണ്ണുകളിലെ ഭയത്തിന്‍റെ തിരയിളക്കമായിരുന്നു എന്‍റെ സംതൃപ്തി.

ചക്രവര്‍ത്തി അനുരഞ്ജനം നടത്തി എന്നെ ഒപ്പം നിര്‍ത്തിയത് അതുകൊണ്ടു തന്നെയാണ്. സിന്ധുവിനും ദൂരെ നിന്നുവന്ന ശത്രുക്കളെ തുരത്തിയോടിക്കാന്‍ ചക്രവര്‍ത്തി എന്നെ തുണയ്ക്ക് വിളിപ്പിച്ചതില്‍ ഞാന്‍ അഭിമാനിച്ചു. യുദ്ധം ജയിച്ചു വന്ന എന്നോട് ചക്രവര്‍ത്തി പറഞ്ഞു.

"വിജയിക്കാന്‍ വേണ്ടി മാത്രം ജനിച്ച പുരൂരവസ്സേ, നീ തേടിത്തന്ന ഈ വിജയത്തിന് പകരമായി ഞാനെന്താണ് തരേണ്ടത്? അമരാവതിയിലെ ഏത് അപ്സരസ്സിനെ വേണമെങ്കിലും നീ തിരഞ്ഞെടുക്കൂ."

"സ്ത്രീയോടൊത്തൊരു ആഘോഷത്തിന് എനിക്ക് താല്‍പര്യമില്ല ദേവരാജന്‍, അങ്ങയുടെ സ്നേഹം മാത്രം മതി എനിക്ക് സമ്മാനമായിട്ട്"

അന്ന് എനിക്ക് വേണ്ടിമാത്രം ചക്രവര്‍ത്തി ഒരു നൃത്തനാടകം നടത്തി. ലക്ഷ്മീസ്വയവരം.
ഞാന്‍ മറ്റാരെയും കണ്ടില്ല. ലക്ഷ്മിയായി നൃത്തമാടിയ ആ സുന്ദരിയെ മാത്രം കണ്ടു. നൃത്തത്തില്‍ അവള്‍ക്കത്ര പ്രാഗത്ഭ്യം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഏത് നര്‍ത്തകിയും കൊതിച്ചു പോകുന്ന, ഏത് പുരുഷനും ആയുധം വെച്ച് കീഴടങ്ങുന്ന മേനിയഴക് അവള്‍ക്കുണ്ടായിരുന്നു. സ്ത്രീയോട് ആദ്യമായി എനിക്ക് ആര്‍ത്തി തോന്നി. അവളുടെ കണ്ണുകളും സദാനേരവും എന്നില്‍ തന്നെ ആയിരുന്നു.

ആ രാത്രിയിലാണ് അവളെയോര്‍ത്ത് ഞാന്‍ ആദ്യമായി ഉറങ്ങാതിരുന്നത്. ആ രാത്രിയിലാണ് ഞാന്‍ ആദ്യമായി അവളെയോര്‍ത്ത് അനുരാഗം എന്ന തരളവികാരത്തെ തൊട്ടറിഞ്ഞത്.

അവള്‍ അമരാവതിയിലെ ഒരു അപ്സരസ്സ് ആണത്രേ. വിശ്വാവസുവിന്‍റെ സഹോദരിമാരേക്കാളും അപ്സരസ്സുകളില്‍ മുന്‍ഗണന ചക്രവര്‍ത്തിയുടെ സദസ്സില്‍ അവള്‍ക്കാണത്രേ. പേര് ഉര്‍വശി. വശീകരിക്കാന്‍ പോന്ന തുടകള്‍ ഉള്ളതു കൊണ്ടാണ് ഉര്‍വശി എന്ന് വിളിക്കുന്നതെന്ന് ഏതോ ദ്വാരപാലകന്‍ കളിയായി പറഞ്ഞതും ഞാന്‍ കേട്ടു.

സഹോദരിമാരേയും പ്രണയിച്ച പെണ്ണിനേയും ചക്രവര്‍ത്തിയുടെ വെപ്പാട്ടികളാക്കി മുഖ്യകാര്യസ്ഥനായി നടക്കുന്ന വിശ്വാവസുവിനോട് പണ്ടേ എനിക്ക് വെറുപ്പായിരുന്നു. അതുകൊണ്ട് തന്നെ അവന്‍റെ സഹോദരിമാരായ അപ്സരസ്സുകളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദേവദാസികളോടും എനിക്ക് താല്‍പര്യമില്ലായിരുന്നു.

ലക്ഷ്മിയായി വേഷം കെട്ടിയ ആ അപ്സരസ്സിനോട് തോന്നിയ താല്‍പര്യം അവള്‍ വിശ്വാവസുവിന്‍റെ സഹോദരിയല്ലെന്നറിഞ്ഞപ്പോള്‍ വര്‍ദ്ധിച്ചു. വിശ്വാവസുവിന്‍റെ സഹോദരിമാര്‍ക്ക് ഗര്‍വ്വ് കൂടുതലാണ്. മറ്റ് നാട്ടുരാജ്യങ്ങളിലെ ദേവദാസികളേക്കാള്‍ സ്ഥാനമാനങ്ങള്‍ അമരാവതിയില്‍ അവര്‍ക്ക് കിട്ടുന്നുണ്ട്. അവരെ ആരും ദേവദാസികളെന്ന് വിളിക്കില്ല.

അവര്‍ അപ്സരസ്സുകള്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. രംഭ, തിലോത്തമ, മഞ്ജുഘോഷ മുതലായ അപ്സരസ്സുകള്‍ക്ക് നാട്ടുരാജ്യങ്ങളിലെ രാജകുമാരിമാരേക്കാള്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ ആജ്ഞാശക്തി ഉണ്ടായിരുന്നു. രാജ്ഞിയേക്കാള്‍ ജനം ഭയന്നിരുന്നത് രാജാവിന്‍റെ വെപ്പാട്ടികളെ ആയിരുന്നു. മേനക മാത്രമായിരുന്നു അതിന് ഒരു അപവാദം.

ഒരുപക്ഷേ മേനക ഏറ്റവും വെറുക്കുന്നത് അപ്സരസ്സ് എന്ന സ്ഥാനപ്പേരിനെ ആയിരിക്കും. അതിനേക്കാള്‍ വെറുപ്പ് കുറവായിരിക്കും തന്നെ പ്രണയിച്ച് വഞ്ചിച്ച് ചക്രവര്‍ത്തിയുടെ വെപ്പാട്ടിയാക്കി മാറ്റിയ വിശ്വാവസുവിനോട് അവള്‍ക്ക്.

പക്ഷേ ഉര്‍വശിയെക്കുറിച്ച് ഇതിനു മുന്‍പ് കേട്ടിട്ടില്ല. അവളുടെ സൌന്ദര്യത്തെക്കുറിച്ച് ലോകം മുഴുവനും അറിഞ്ഞിട്ടും ഞാന്‍ മാത്രം എന്തായിരിക്കും അറിയാതിരുന്നത്!
ഈ രാത്രി അവളെന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍! ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി. പക്ഷേ ചക്രവര്‍ത്തിയോട് അവളെ അന്തിക്കൂട്ടിന് വേണമെന്ന് പറയാന്‍ ദുരഭിമാനം എന്നെ അനുവദിച്ചില്ല.

എന്നിലെ കാമാതുരനായ മനുഷ്യന്‍ ആ സൌന്ദര്യധാമത്തിന്‍റെ അംഗഭംഗി നിനച്ച് നീറി നീറി ഉറക്കം വരാതെ കിടന്നു.

പെണ്ണിന്‍റെ ശരീരം പുരുഷന് ഇനിയും മനസ്സിലാക്കാന്‍ പറ്റാത്ത ദുരൂഹതയാണെന്നും അതിന്‍റെ ആകര്‍ഷണ ശക്തിയ്ക്ക് അവന്‍റെ ചിന്തകളെത്തന്നെ മരവിപ്പിക്കാനുള്ള കെല്‍പുണ്ടെന്നും. ആ ശരീരത്തിന്‍റെ ഗന്ധത്തിനും മൃദുലതയ്ക്കും പുരുഷന്‍റെ ദൃഢതയേയും തീഷ്ണതയേയും അലിയിച്ച് ഇല്ലാതാക്കാനുള്ള ശക്തിയും ഉണ്ടെന്ന് ആ രാത്രി പുലര്‍ന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. ഉര്‍വശീ, നിന്‍റെ ആദ്യസ്പര്‍ശനത്തില്‍ ആണ് ഞാന്‍ അത് മനസ്സിലാക്കിയത്.

രക്ഷിക്കൂ എന്നൊരു നിലവിളി. അതൊരു പെണ്ണിന്‍റെ ശബ്ദമായിരുന്നു. അമരാവതിയിലെ ഉദ്യാനത്തിലൂടെ വെറുതെ നടന്നപ്പോഴാണ് ആ ശബ്ദം കേട്ടത്. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ഓടി. ഒരു താമരപ്പൊയ്കയുടെ തീരത്ത് ബലിഷ്ഠകായനായ ഒരുത്തന്‍റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ഒരു പെണ്ണ് കിണഞ്ഞ് പരിശ്രമിക്കുന്നു.

വായുവേഗത്തില്‍ ഞാന്‍ അവരുടെ അരികില്‍ എത്തി. അവനെ ഞാന്‍ തൊഴിച്ചകറ്റി. വേച്ചു പോയ അവന്‍ ഇര നഷ്ടപ്പെട്ട വ്യാഘ്രത്തിന്‍റെ ശൌര്യത്തോടെ എന്നെ തിരിച്ച് ആക്രമിക്കാന്‍ ഒരുങ്ങി. അവന്‍റെ ഭാവവ്യത്യാസം മനസ്സിലായതും ആക്രമിക്കാന്‍ അവസരം കൊടുക്കാതെ ഞാന്‍ അവനെ കീഴ്പ്പെടുത്തി. ഞരക്കത്തോടെ അവന്‍ മണ്ണില്‍ കമിഴ്ന്നു കിടന്നു. അവന്‍ കടന്നു പിടിച്ച പെണ്ണിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.

ഉര്‍വശി, സ്ഥാനം മാറിപ്പോയ വസ്ത്രങ്ങള്‍ നേരെയാക്കാന്‍ ശ്രമിച്ച് പരിഭ്രമത്തോടെ വിയര്‍ത്ത് കുളിച്ച് അവള്‍ നില്‍ക്കുന്നു. നര്‍ത്തകിയുടെ വേഷത്തിനേക്കാള്‍ ലാസ്യഭാവമുണ്ട് അവളുടെ ആ നില്‍പ്പിന്. ഒരു നിമിഷം ഞാന്‍ മതിമറന്നു നിന്നുപോയി. ആ അവസരം മാത്രം മതിയായിരുന്നു ശത്രുവിന് വീണ്ടും പടയൊരുക്കം നടത്താന്‍. ചാടിയെഴുന്നേറ്റ അവന്‍ എനിക്ക് തടയിടാന്‍ കഴിയുന്നതിന് മുന്‍പേ ഉര്‍വശിയെ വീണ്ടും അവന്‍റെ കൈവലയത്തിലാക്കി. ഇത്തവണ അവന്‍റെ ഉടവാള്‍ അവളുടെ കഴുത്തിനോട് ചേര്‍ത്ത് അവന്‍ എനിക്ക് അടുക്കരുതെന്ന മുന്നറിയിപ്പ് തന്നു.

പക്ഷേ പുരൂരവസ്സിന്‍റെ ശരീരത്തിന് മനസ്സിനേക്കാള്‍ വേഗതയുണ്ടെന്ന് അവന് അറിയില്ലായിരുന്നു. അവന് ചിന്തിക്കാന്‍ സമയം കിട്ടുന്നതിന് മുന്‍പേ അവന്‍ എന്‍റെ ഒരു കൈയ്യില്‍ ബന്ധിക്കപ്പെട്ടു. മറുകൈ കൊണ്ട് ഞാന്‍ ഉര്‍വശിയുടെ മേലുള്ള അവന്‍റെ പിടുത്തം വിടുവിച്ചു. ഊര്‍ന്ന് താഴേക്ക് വീഴാന്‍ ഒരുങ്ങിയ അവളെ ഞാന്‍ ഇടംകൈ കൊണ്ട് എന്നോട് ചേര്‍ത്ത് നിര്‍ത്തി. ശത്രുവിനെ ഞാന്‍ ദൂരേയ്ക്ക് തൊഴിച്ചകറ്റി. പിന്നെ അവന്‍ അവിടെ നിന്നില്ല. ഓടി രക്ഷപെട്ടു.

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞരാത്രി മുഴുവനും ഞാന്‍ സ്വപ്നം കണ്ടു കിടന്നവള്‍ ഇപ്പോള്‍ എന്‍റെ ഇടംകൈയുടെ വലയത്തിനുള്ളില്‍. അവളുടെ വിയര്‍പ്പ് എന്‍റെ ശരീരത്തിലെ വിയര്‍പ്പിനോടൊട്ടി, അവളുടെ മൃദുലത എന്‍റെ ദൃഢപേശികളില്‍ അമര്‍ന്ന്, അവളുടെ ശ്വാസവായു എന്‍റെ നെഞ്ചിന് ചെറുചൂട് പകര്‍ന്ന് നല്‍കി, എന്‍റെ കണ്ണുകളിലേക്ക് ആഴത്തിലിറങ്ങുന്ന നോട്ടവുമായി അവള്‍ നില്‍ക്കുന്നു, ഒരു ആട്ടിന്‍കുട്ടിയെപ്പോലെ പതുങ്ങി. അവളെയൊന്ന് ആഞ്ഞു പുല്‍കാനാണ് എനിക്കപ്പോള്‍ തോന്നിയത്.

രക്ഷിക്കാന്‍ എത്തിയവനും അത്തരത്തില്‍ പെരുമാറരുതല്ലോ. പക്ഷേ, ഉര്‍വശീ, എന്‍റെ സര്‍വ്വ ഇന്ദ്രിയങ്ങളും നല്‍കിയ പ്രചോദനത്താല്‍ ഉണ്ടായ വികാരത്തള്ളലിനെ നിലയ്ക്ക് നിര്‍ത്താന്‍ എന്നിലെ മനുഷ്യന്‍ എന്നോട് നടത്തിയ യുദ്ധമാണ് ഞാന്‍ നിനക്ക് നല്‍കിയ ആദരവ്. അകലേക്ക് നടന്നുപോയപ്പോള്‍ മൂന്ന് തവണ നീയെന്നെ തിരിഞ്ഞു നോക്കി. നിന്‍റെ നീലമിഴികളെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത് അപ്പോഴാണ്. നിന്‍റെ ഗന്ധം, നിന്‍റെ വിയര്‍പ്പിന്‍റെ നനവ്, നിന്‍റെ ശരീരത്തിന്‍റെ മൃദുത്വം, നിന്‍റ ശ്വാസഗതി, അതെല്ലാം ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

ഉര്‍വശീ, ഈ രാത്രി എനിക്ക് നിന്നെ ആഞ്ഞ് പുല്‍കണം. നിന്‍റെ മുടിക്കെട്ടില്‍ വിരലുകള്‍ ഓടിച്ച് നിന്‍റെ ഗന്ധത്തില്‍ അലിഞ്ഞ് എനിക്ക് കിടക്കണം. ഇടയ്ക്കിടെ നിന്‍റെ മൃദുചുംബനങ്ങള്‍ എന്‍റെ നെറ്റിയില്‍ ഏറ്റുവാങ്ങിക്കൊണ്ട്.

ഏതോ ഒരു ചെറിയഗ്രാമം. നഗരത്തിന്‍റെ പൊലിമകളില്ലാത്ത ചെറുവഴികള്‍. ഉര്‍വശീ, ഇവിടെ എവിടെയാണ് നീയെന്നെ കാത്ത് നില്‍ക്കുന്നത്? നീയെന്നെ ഉപേക്ഷിച്ചിട്ട് പോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഉര്‍വശീ, ഞാനിപ്പോള്‍ നഗ്നനല്ല, എന്നാല്‍ അര്‍ദ്ധനഗ്നനാണ്.

"പ്രഭോ, ഞാന്‍ വെറുമൊരു ദേവദാസിയാണ്. അങ്ങയുടെ ശരീരത്തെ എനിക്ക് സ്വീകരിക്കാം. പക്ഷേ അങ്ങ് വെച്ച് നീട്ടുന്ന ഈ പ്രണയം സ്വീകരിക്കാന്‍ നിയമങ്ങള്‍ എന്നെ അനുവദിക്കില്ല"

"ഉര്‍വശീ, പ്രണയത്തിന് മുന്നില്‍ ഒരു നിയമം മാത്രമേ ഉള്ളൂ. പ്രണയിക്കുകയെന്ന നിയമം. വിപ്രര്‍ അവര്‍ക്കുവേണ്ടിയും രാജാക്കന്‍മാര്‍ക്കു വേണ്ടിയും ഉണ്ടാക്കിയ ദേവദാസി നിയമങ്ങളെ തിരുത്തിയെഴുതിക്കാനുള്ള കെല്‍പ്പ് എനിക്കുണ്ട്"

"അങ്ങ് എന്നെ വിഷമവൃത്തത്തിലാക്കുന്നു. എനിക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല"

"നിന്‍റെ മറുപടിയ്ക്കായി ഉദ്യാനത്തില്‍ ഞാന്‍ കാത്തിരിക്കും, ഇന്ന് രാത്രിയില്‍"

അവള്‍ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എനിക്കവളോടുള്ള വികാരം അവള്‍ക്കെന്നോടും ഉണ്ടെന്ന് അവളുടെ കണ്ണുകളില്‍ നിന്നും ഇതിനോടകം ഞാന്‍ വായിച്ചെടുത്തിരുന്നു. ഇപ്പോള്‍ എനിക്ക് അവളോടുള്ളത് കാമം എന്ന വ്യര്‍ത്ഥ വികാരമല്ല. മറിച്ച് പ്രണയമാണ്. എന്നെ ഞാനായി മാറ്റുന്ന പ്രണയം.
ഞാന്‍ കാത്ത് നിന്നത് വെറുതെ ആയില്ല. അവള്‍ വന്നു.

മേല്‍വസ്ത്രമുയര്‍ത്തി ശിരസ്സുവഴി മൂടി, മുഖം പാതി മറച്ചു മന്ദം മന്ദം നടന്ന് അവള്‍ എന്‍റെ അരികിലെത്തി. ഞാന്‍ അവളുടെ ഇരുചുമലുകളിലും കരങ്ങള്‍ അമര്‍ത്തി. ഒന്നും മിണ്ടാതെ അവള്‍ എന്‍റെ മാറിനോട് ഒട്ടി നിന്നു. ആവേശത്തോടെ ഞാനവളെ വാരിപ്പുണര്‍ന്നു.

നിന്‍റെ ആ ഗന്ധം എവിടെപ്പോയി! നിന്‍റെ ശരീരത്തിന്‍റെ മൃദുത്വം എവിടെപ്പോയി. നിന്‍റെ ശ്വാസത്തിന്‍റെ ആ മനോഹരതാളം എവിടെപ്പോയി! അതിന്‍റെ സുഖകരമായ ഊഷ്മളത എവിടെപ്പോയി!

ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അത് എന്‍റെ ഉര്‍വശി അല്ലായിരുന്നു.

"കുടലേ, ആരാണ് നീ?"

എന്‍റെ ബീഭത്സഭാവം കണ്ട് അവള്‍ പകച്ചുപോയി.

"ഞാന്‍.. ഞാന്‍, ഉന്മദ"

"ഉര്‍വശി എവിടെ?"

"അങ്ങ് എന്നെ ശിക്ഷിക്കരുത് മഹാരാജന്‍. ഞാന്‍ പ്രണയിക്കുന്ന പുരുഷന്‍റെ ആഗ്രഹം നിമിത്തം എനിക്കീ ചതിക്ക് കൂട്ട് നില്‍ക്കേണ്ടി വന്നു. ഉര്‍വശിയിപ്പോള്‍ അയാളുടെ കയ്യില്‍ പെട്ടിട്ടുണ്ടാകും"

"ആരാണവന്‍?"

"ദുര്‍മ്മദന്‍"

"എവിടെയുണ്ട് അവനിപ്പോള്‍?"

ഒറ്റിക്കൊടുക്കാന്‍ കാമുകി ആദ്യം മടിക്കും.

"ജീവന്‍ വേണമെങ്കില്‍ പറഞ്ഞോളൂ"

"ഉദ്യാനത്തിന്‍റെ അഗ്നികോണില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കും"

ഞാന്‍ അവിടേയ്ക്ക് ഓടി. ദുര്‍മ്മദനെ പല്ലും നഖവും കൊണ്ട് എതിര്‍ക്കുന്ന ഉര്‍വശിയെ ആണ് ഞാന്‍ കണ്ടത്. ഭീരുവായ ആ ഗന്ധര്‍വ്വന്‍ എന്നെക്കണ്ടതും അവിടെ നിന്നും ഓടി രക്ഷപെട്ടു. ഒരു നിമിഷം എന്നെ ദൈന്യതയോടെ നോക്കിയിട്ട് ഉര്‍വശി അവിടെ നിന്നും ഓടിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ നിരാശനായി കുറച്ച് സമയം ഞാന്‍ അവിടെ നിന്നു.

ഞാന്‍ ദേവദാസി മന്ദിരത്തില്‍ എത്തി. ഉര്‍വശിയുടെ അറവാതില്‍ ഞാന്‍ തള്ളിത്തുറന്നു. അവള്‍ പെട്ടെന്ന് കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. അവളെന്തോ പറയാന്‍ ആഞ്ഞതും ഞാന്‍ അവളുടെ വായ് പൊത്തി. കൈ തിരിച്ചെടുത്തിട്ടു ഞാനവളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു.

അവളുടെ കണ്ണുകള്‍ കൂമ്പിയടയുന്നത് ഞാന്‍ കണ്ടു. അവളുടെ കണ്ണുനീരിന്‍റെ ഉപ്പുരസം അറിഞ്ഞതും ഞാന്‍ അവളുടെ കണ്ണുകളില്‍ മാറി മാറി ചുംബിച്ചു. രണ്ടു കൈകളും കൊണ്ട് അവളെ കോരിയെടുത്ത് ദേവദാസി മന്ദിരത്തിന്‍റെ പുറത്തേക്ക് ഞാനിറങ്ങി. നിലാവിലൂടെ ഞാന്‍ അവളെയും ചുമന്ന് നടന്നു.

ഉര്‍വശീ, നീ എന്‍റേതാണ്. എന്‍റെ മാത്രം.

ഉര്‍വശീ, ഞാന്‍ നിന്നെയും ചുമന്ന് നടക്കുകയാണ്. നീ എനിക്ക് ഒരു ഭാരമല്ല.
ഇതാ, ഈ ഗ്രാമത്തിലെ വീടുകളുടെ ഉമ്മറത്തിരിക്കുന്ന ഓരോരുത്തരും എഴുന്നേറ്റ് നിന്ന് നമ്മളെ നോക്കുന്നു. അവരൊക്കെ നമ്മളെക്കണ്ട് അസൂയപ്പെടട്ടേ. എത്ര ദൂരം വേണമെങ്കിലും നിന്നെയും ചുമന്ന് കൊണ്ട് ഞാന്‍ നടക്കും.

നോക്കൂ, ഏതോ ഒരാള്‍ ദീപകന്യകയുടെ വിഗ്രഹവും ചുമന്ന് നടന്നു പോകുന്നു. കോലം കണ്ടിട്ട് ഒരു ഭ്രാന്തനാണെന്ന് തോന്നുന്നു.

ആരോ അടുത്ത വീട്ടുകാരനോട് പറയുന്നു.

അയാള്‍ക്ക് ശരിക്കും ഭ്രാന്ത് തന്നെ!

കേള്‍ക്കുന്നില്ലേ ഉര്‍വശീ, ഞാന്‍ നിന്നെ ചുമന്നു നടക്കുന്നത് കണ്ട ഏതോ ഭ്രാന്തന്‍ ഏതോ ദീപകന്യകാ വിഗ്രഹവും ചുമന്ന് നടക്കുന്നത്രേ. പക്ഷേ നമുക്കത് നോക്കി നില്‍ക്കാന്‍ സമയമില്ല. നിന്നെയും ചുമന്ന് എനിക്ക് ഒരുപാട് ദൂരങ്ങള്‍ നടക്കേണ്ടതുണ്ട്.
ഉര്‍വശീ, നീയെന്നെ ഉപേക്ഷിച്ചു പോയി എന്നത് എന്‍റെ തോന്നല്‍ മാത്രമായിരുന്നു. ദാ അവിടെ കാണുന്ന കളത്തട്ടില്‍ ആരുമില്ല. ഈ രാത്രി നമുക്കവിടെ വിശ്രമിക്കാം.

ഞാന്‍ അവളെ ചുമലില്‍ നിന്നും താഴെയിറക്കി. അവള്‍ക്കെന്നോട് എന്തോ പരിഭവമുണ്ട്. അവളൊന്നും മിണ്ടുന്നില്ല. അവളെ നെഞ്ചോട് ചേര്‍ത്തു പുല്‍കാന്‍ അവള്‍ അനുവദിക്കുന്നില്ല. കൈകള്‍ മുന്‍വശത്തേക്ക് തന്നെ നീട്ടി അവള്‍ നില്‍ക്കുകയാണ്.

നിന്‍റെ പരിഭവം മാറ്റാന്‍ എനിക്കറിയാം. ഞാന്‍ നിന്‍റെ പുറകില്‍ വന്ന് നിന്ന് നിന്നെ എന്‍റെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തും. എന്നിട്ട് നിന്‍റെ അണിവയറ്റില്‍ കൈകള്‍ അമര്‍ത്തി നിന്‍റെ പിന്‍കഴുത്തില്‍ ഞാന്‍ ചുംബിക്കും. എനിക്കറിയാം ചുംബനങ്ങളില്‍ നിനക്കേറ്റവും ഇഷ്ടപ്പെട്ടത് ആ നിലയാണ്.

ഞാന്‍ അങ്ങനെ ചെയ്തു.

ഉര്‍വശീ, ഞാന്‍ ചുംബിച്ചിട്ട് നീയെന്താണ് പ്രാവിനെപ്പോലെ കുറുകാത്തത്! പാമ്പിനെപ്പോലെ പുളയാത്തത്! ആട്ടിന്‍കുട്ടിയെപ്പോലെ നിന്‍റെ ശരീരം വിറകൊള്ളാത്തത്!

ഞാന്‍ അവളെ ചുംബിച്ചു കൊണ്ടേയിരുന്നു.

ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് ഏതോ ഒരു സ്ത്രീ അവിടെ വന്നു. ഇവള്‍ക്ക് നാണമില്ലേ! ഒരു സ്ത്രീയും പുരുഷനും കൂടി പ്രണയം പങ്ക് വെയ്ക്കുന്നിടത്ത് വന്നു നിന്ന് അത് വീക്ഷിക്കുന്നു.

പ്രഭോ, അങ്ങെന്താണീ ചെയ്യുന്നത്? ഈ വിധത്തില്‍ എനിക്ക് അങ്ങയെ കാണേണ്ടി വന്നല്ലോ!

ഞാന്‍ ഉര്‍വശിയെ ചുംബിക്കുന്നത് നിര്‍ത്തി. അപ്പോള്‍ വന്നു നിന്ന സ്ത്രീ എന്നോടു പറയുന്നു.

പ്രഭോ, ഞാന്‍ ഉര്‍വശിയാണ്. അങ്ങേക്ക് എന്നെ മനസ്സിലായില്ലേ?

എന്തിനാണ് ഈ സ്ത്രീ ഇങ്ങനെ പൊളിപറയുന്നത്. ഇവള്‍ ഉര്‍വശിയാണത്രേ.

ആ സ്ത്രീ എന്‍റെ കയ്യില്‍ നിന്നും ഉര്‍വശിയെ ബലമായി പിടിച്ചകറ്റി. ഉര്‍വശി മണ്ണിലേക്ക് കമിഴ്ന്നു വീണു.

ഇത് ഞാനല്ല, വിളക്കേന്തി നില്‍ക്കുന്ന സ്ത്രീയുടെ പ്രതിമയാണ്. വഴിവിളക്കിനായി കൊത്തിയുണ്ടാക്കിയ ദീപസ്തംഭം. ഇങ്ങോട്ട് നോക്കൂ ഞാനാണ് അങ്ങയുടെ ഉര്‍വശി.
ആ സ്ത്രീ എന്നെ ആലിംഗനം ചെയ്തു. അവള്‍ കരയുന്നു. എന്‍റെ കണ്ണുകളിലും കവിള്‍ത്തടങ്ങളിലും ചുണ്ടിലും മാറി മാറി ചുംബിക്കുന്നു.

പ്രഭോ, എന്നോട് ക്ഷമിക്കൂ, അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായ ഈ പാപിനിയോട് അങ്ങ് ക്ഷമിക്കൂ. ഉര്‍വശിയോട് ക്ഷമിക്കൂ..

ആ സ്ത്രീയുടെ വിരലുകള്‍ എന്‍റെ ശരീരത്തിലെ വടുക്കളില്‍ കൂടി പരതുന്നു. ഉര്‍വശി ചെയ്തിരുന്നത് പോലെ.

സൂക്ഷിച്ചു നോക്കൂ, ഞാന്‍ അങ്ങയുടെ ഉര്‍വശിയാണ്.

ഞാന്‍ ആ സ്ത്രീയെ തള്ളിയകറ്റിയിട്ട് തറയില്‍ കമിഴ്ന്നു കിടക്കുന്ന ഉര്‍വശിയെ നോക്കി.
അതൊരു ശിലയാണ്, ഈശ്വരാ ഇതുകൂടി കാണാനുള്ള പാപങ്ങള്‍ കൂടി ഞാന്‍ ചെയ്തിട്ടുണ്ടല്ലോ, എന്‍റെ പ്രാണന്‍ എന്നെ തിരിച്ചറിയുന്നില്ലല്ലോ.

അങ്ങനെ പറഞ്ഞുകൊണ്ട് ആ സ്ത്രീ എന്‍റെ ഉര്‍വശിയെ തിരിച്ചു കിടത്തി.

നോക്കൂ പ്രിയനേ, ഇത് ഒരു ശിലാവിഗ്രഹമാണ്. ഇവളുടെ കൈകള്‍ രണ്ടും ഇരുവശത്തേക്കും ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ടില്ലേ, ഇവളുടെ ഇരുകൈകളിലേയും ദീപസ്തംഭങ്ങളില്‍ നിന്നും എണ്ണ ഇപ്പോഴും ഒഴുകുന്നത് കണ്ടില്ലേ. പ്രിയനേ നീ ഇതിന്‍റെ ശിരസ്സിലൂടെ ഒന്ന് വിരലുകളോടിച്ചു നോക്കൂ, ഉര്‍വശിയുടെ മുടിയിഴകളിലൂടെ നിന്‍റെ വിരലുകളോടി കളിച്ചിരുന്നത് പോലെ ഇതിന്‍റെ ശിരസ്സിലൂടെ വിരലുകള്‍ ഓടിക്കാന്‍ നിനക്ക് കഴിയില്ല.

ഞാന്‍ എന്‍റെ ഉര്‍വശിയുടെ അരികില്‍ മുട്ടുകുത്തി ഇരുന്നു. അവളുടെ ശിരസ്സിലൂടെ വിരലുകളോടിച്ചു.

എനിക്ക് കഴിയുന്നില്ല, എന്‍റെ പ്രിയപ്പെട്ടവളുടെ മുടിയിഴകളിലൂടെ വിരലുകളോടിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്‍റെ ഉടലാകെ വെട്ടി വിയര്‍ത്തു. ദിഗന്തങ്ങള്‍ ഭേദിക്കുമാറുച്ചത്തില്‍ ഞാന്‍ അലറി.

ഉര്‍വശീ...