ഗ്രീഷ്മവസന്തം (കഥ - ഭാഗം 1)
ശരത്ബാബു പല്ലന
***********************************************************
"ഞാന്‍ ഇന്നു വെളുപ്പിന് ഒരു സ്വപ്നം കണ്ടു, അതാ ഹരിയേട്ടനെ വിളിച്ചത്"
"നന്നായി ഒരു സ്വപ്നം കണ്ടപ്പോഴെങ്കിലും നിനക്ക് ഏട്ടനെ വിളിക്കാന്‍ തോന്നിയല്ലോ"
"ഏട്ടനും എന്നെ വിളിക്കാറില്ലല്ലോ"
"വിളിച്ചാല്‍ നീ ഉപദേശിക്കാന്‍ തുടങ്ങും, പിന്നെ എനിക്ക് ദേഷ്യം വരും, നീ കരയും, ഒരു കാരണവുമില്ലാതെ ഒരു വൈകുന്നേരത്തെ മനസ്സമാധാനം നീ കളയും, അതിലും ഭേദം വിളിക്കാതിരിക്കുന്നതല്ലേ"
"എല്ലാം ഏട്ടന്‍ തനിയെ വരുത്തിവെയ്ക്കണതല്ലേ?"
"ദേ.. തുടങ്ങി,"
"ഞാന്‍ ഒന്നും പറയുന്നില്ല"
"മോന്‍ എന്തിയേടീ?"
"മനുവേട്ടന്‍ പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്, സ്കൂളില്‍ പോകുന്നത് ഓട്ടോറിക്ഷയില്‍ ആയതിനാല്‍ ഞായറാഴ്ച ആകാന്‍ കാത്തിരിക്കുകയാ അവന്‍. രാവിലെ തന്നെ സൈക്കിളും എടുത്ത് ഇറങ്ങിയിരിക്കുകയാ"
"അവന്‍ തനിച്ചാണോ പോയിരിക്കുന്നേ?"
"എന്താ തനിച്ച് പോയാല്‍, അവന് അടുത്ത മകരത്തില്‍ പത്ത് തികയും"
"നീളം വെച്ചോ അവന്?"
"ഉം, ഹരിയേട്ടന്‍ കൊച്ചിലേ എങ്ങനിരുന്നോ അങ്ങനെ തന്നെ. ഏട്ടന്‍റെ സകലകുരുത്തക്കേടും പഠിച്ചും വെച്ചിട്ടുണ്ട്, ഈയിടെ സ്കൂളിലെ ടീച്ചറിനോട് പറയുവാ പഠിക്കുന്നത് ജോലി കിട്ടാന്‍ വേണ്ടിയല്ലാന്ന്, തറുതല പറച്ചില്‍ കൂടുതലാണെന്ന് ടീച്ചര്‍ പരാതിവരെ പറഞ്ഞു. ഞാന്‍ നല്ല ചുട്ടപെട കൊടുക്കും"
"നിനക്കും വിവരമില്ല, നീ പറഞ്ഞ ടീച്ചര്‍ക്കും വിവരമില്ല. പഠിക്കുന്നതെന്തിനാണെന്ന മറുചോദ്യം അവനോട് ചോദിച്ചായിരുന്നോ അവനോട് നിങ്ങളാരെങ്കിലും"
"ഉം കൊള്ളാം നല്ല കഥയായി, മനുവേട്ടന്‍ ചോദിച്ചു. അപ്പോള്‍ പറയുവാ, പഠിച്ചില്ലേല്‍ എല്ലാരും നമ്മളെ പറ്റിക്കും, അച്ഛനെ എല്ലാരും പറ്റിക്കുന്നത് അതുകൊണ്ടാന്ന്, പാവം മനുവേട്ടന്‍ അതുകേട്ട് കരഞ്ഞു പോയി. ഞാന്‍ നല്ല പെട കൊടുത്തു അസത്തിന്"
"നീ എടുക്കുന്ന കൈയെല്ലാം എന്‍റെ കുഞ്ഞിന്‍റെ പുറത്താണോടീ?"
"പിന്നെ, ഏട്ടനെ നമ്മടെ അമ്മ പുന്നാരിച്ച് വളര്‍ത്തിയ പോലെ വളര്‍ത്തണോ?"
"പാറൂ, എങ്ങനെ തുടങ്ങിയാലും നീ ഒടുക്കം ഇങ്ങനെയൊക്കെയേ സംസാരിക്കൂ, അതാ ഞാന്‍ നിന്നെ വിളിക്കാത്തത്"
മറുവശത്ത് ഒരു കരച്ചില്‍ ശബ്ദം.
"ഒടുക്കം മോങ്ങാനും തുടങ്ങി. ഈ മോങ്ങല്‍ ഇനിയും നിര്‍ത്താനായില്ലേടീ"
"ഞാന്‍ അറിയാതെ കരഞ്ഞു പോയതാ, ഏട്ടന്‍ എന്നെ എത്ര നാള് കൂടിയാണെന്നറിയാമോ പാറൂ എന്ന് വിളിക്കുന്നത്!"
കുറെയധികം നേരം ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏട്ടനെന്താ ഒന്നും മിണ്ടാത്തേ?"
"എന്ത് സ്വപ്നമാ നീ കണ്ടത്?"
"ഒരു ദുസ്വപ്നമാ ഏട്ടാ, വെളുപ്പിനെ കണ്ടത് കൊണ്ട് ഫലിക്കുമോ എന്നൊരു ഭയം"
"ഫലിക്കട്ടെ"
"ഒരു, ഒറ്റ ഇടി വെച്ച് തന്നാലുണ്ടല്ലോ"
"ഹ ഹ ഹ! കാര്‍ത്തികപ്പള്ളിയില്‍ കിടക്കുന്ന നീ എങ്ങനാടീ ഇങ്ങ് മദ്രാസില്‍ കിടക്കുന്ന എന്നെ ഇടിക്കുന്നേ"
"ഏട്ടനെ ഫ്ലൈറ്റ് പിടിച്ച് വന്ന് ഇടിക്കണം, അതാ സത്യത്തില്‍ വേണ്ടത്"
"എങ്കില്‍ ഉച്ചയ്ക്കത്തെ ഫ്ലൈറ്റിന് നീയിങ്ങ് കയറി വാ"
"കാര്‍ത്തികപ്പള്ളിയില്‍ എയര്‍പോട്ട് പണിയട്ട്, എന്നിട്ട് ഞാന്‍ വരാം"
ഞാന്‍ വീണ്ടും ഉറക്കെ ചിരിച്ചു. വലിയ സങ്കടത്തോടെ അവള്‍ പറഞ്ഞു.
"ഏട്ടാ, ഏട്ടന്‍ ഓടിച്ച ബൈക്ക് ആക്സിഡന്‍റില്‍ പെടുന്നതായി ഞാന്‍ സ്വപ്നം കണ്ടു."
"അത്രേയുള്ളോ! എന്നിട്ട് ഏട്ടന്‍ മരിച്ചോടീ?"
"ഏട്ടാ കളി വേണ്ട ട്ടോ, പണ്ട് ഞാന്‍ ഇതുപോലൊരു ദുസ്വപ്നം കണ്ടിട്ട് ഏട്ടനോട് പറഞ്ഞതല്ലേ, ഇന്ന് കളിക്കാന്‍ പോകണ്ടാന്ന്, എന്നിട്ട് അന്ന് കേള്‍ക്കാണ്ട് ഫുട്ബോള്‍ കളിക്കാന്‍ പോയ ഏട്ടന്‍റെ കാല് ഒടിഞ്ഞില്ലേ? അതാ എനിക്ക് പേടി. ഏട്ടന്‍ ഇനി ബൈക്ക് ഓടിക്കണ്ട കേട്ടോ"
"എന്ന് തീരുമെടീ പാറൂ, നിന്‍റെ അന്ധവിശ്വാസം?"
"അല്ലെങ്കിലും അനുസരണ പണ്ടേ ഇല്ലല്ലോ, എന്‍റെ പൊന്നേട്ടനല്ലേ കുറച്ച് ദിവസത്തേക്ക് ഏട്ടന്‍ വണ്ടി കൈകൊണ്ട് തൊടണ്ട"
ഒടുവില്‍ അവള്‍ തേങ്ങിപ്പോയി. ഞാന്‍ കുറെനേരം മിണ്ടാതെ നിന്നു.
"ഏട്ടാ, ഞാന്‍ ശ്രീക്കുട്ടനെ തിരക്കിപ്പോകുവാ, ഞാന്‍ വിളിക്കാന്‍ ചെന്നില്ലേല്‍ അവന്‍ കാപ്പികുടിക്കാന്‍ പോലും വരാതെ സൈക്കിളേല്‍ തെണ്ടി നടക്കും, ഞാന്‍ വെക്കുവാ"
അവള്‍ ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ചെന്നൈ എന്ന ആ മഹാനഗരം ആ നനുത്ത പ്രഭാതത്തിലും വെന്തുരുകുന്നതായി എനിക്ക് തോന്നി. തലേ രാത്രി ചിന്നദുരൈയുമായി ചേര്‍ന്ന് കഴിച്ച വില കുറഞ്ഞ റമ്മിന്‍റെ ചുവയുള്ള മഞ്ഞവെള്ളം വായിലേക്ക് തികട്ടി വന്നു. ഇന്നലെ ഇത്തിരി കൂടുതല്‍ കഴിച്ചിരുന്നു.
കുളിച്ച് കഴിഞ്ഞിട്ടും ഒരു സുഖമില്ല. ശരീരമാകെ വെട്ടിവിയര്‍ക്കുന്നു. പനിയ്ക്കുന്നതു പോലെ. ഷണ്‍മുഖത്തിന്‍റെ ടീ ഷോപ്പില്‍ പോയി എരുമപ്പാലിന്‍റെ ചായ കുടിച്ചിട്ടും ഒരു സുഖമില്ല. ശര്‍ദ്ദിക്കണമെന്ന് ഒരു തോന്നല്‍. സമയം ഒന്‍പത് മണിയായിക്കാണും പക്ഷേ ചെന്നൈ നഗരം ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. ഈ നഗരത്തില്‍ വസന്തമില്ല, ഈ നഗരത്തില്‍ വസന്തവും ഗ്രീഷ്മമാണ്. ഈ നഗരത്തെ ഞാന്‍ വല്ലാതെ മടുത്ത് തുടങ്ങിയിരിക്കുന്നു.
ബാത്റൂമില്‍ കയറി അണ്ണാക്കില്‍ വിരലിട്ട് ഛര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം. വായില്‍ നിറച്ച് പിത്തത്തിന്‍റെ കയ്പ് രുചി. മണ്‍കൂജയില്‍ നിന്നും തണുത്ത വെള്ളം കുടിച്ചപ്പോള്‍ തെല്ലൊരാശ്വാസം. വണ്ടിയുമെടുത്ത് പുകഴേന്തി സാറിന്‍റെ വീട്ടിലേക്ക് വിടാം എന്ന് വിചാരിച്ചതാണ് എങ്കിലും നേരം വെളുത്തപ്പോള്‍ പാറു വിളിച്ചു പറഞ്ഞ കാര്യം ഓര്‍ത്തപ്പോള്‍ വേണ്ടാ എന്ന് വിചാരിച്ചു. ഇന്ന് എങ്ങോട്ടും തെണ്ടാന്‍ പോകണ്ട. കാണേണ്ടവരെല്ലാം എന്നെത്തേടി ഈ ലോഡ്ജ് മുറിയിലേക്ക് വരട്ടെ.
വല്ലാത്ത ചൂട്. കുംഭമാസമാണെന്ന് തോന്നുന്നു. നാട്ടില്‍ വല്യകുളങ്ങര അശ്വതി ഈ മാസത്തിലാണ്. വസന്തത്തിന്‍റെ ആരംഭം. പാറു ശ്രീക്കുട്ടന്‍റെ വയസ്സ് പറഞ്ഞത് ഞാനോര്‍ത്തു. വരുന്ന മകരത്തില്‍ പത്ത് തികയുമെന്ന്. ഇക്കഴിഞ്ഞ മകരത്തില്‍ ഒന്‍പത് തികഞ്ഞ് പത്ത് തുടങ്ങിയെന്ന് പറഞ്ഞാല്‍ പോരായിരുന്നോ! അവളെപ്പോഴും അങ്ങനെയാ. കഴിഞ്ഞതിനെ വില കുറച്ചും വരാന്‍ പോകുന്നതിനെ ഗൌരവത്തോടെയും കാണും. പക്ഷേ എന്‍റെ കാര്യത്തില്‍ മാത്രം അവള്‍ കഴിഞ്ഞുപോയ കാര്യങ്ങള്‍ വീണ്ടും വീണ്ടും ചികഞ്ഞെടുത്ത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. പാറൂ, ചിലനേരങ്ങളില്‍ നീ എന്നെ ഒരുപാട് കുത്തി നോവിക്കാറുണ്ട്.
ചിലപ്പോഴൊക്കെ പാറൂ നീയെന്നെ അതിശയിപ്പിക്കാറുണ്ട്. പണ്ട് വല്യകുളങ്ങര അശ്വതിയ്ക്ക് പുതുക്കുണ്ടം തേര് കയറുന്നത് കാണാന്‍ എന്‍റെ വിരലില്‍ തൂങ്ങി നടന്ന നീ ഇന്ന് എന്നെത്തന്നെ കൈപിടിച്ച് നടത്താന്‍ പ്രാപ്തയായിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ ഉത്സവങ്ങളുടെ ഓരോ തുടിപ്പും എന്നേക്കാളധികം നിനക്ക് ഹൃദിസ്ഥം. എന്‍റെ വിരലുപിടിച്ചു നീ നടന്ന ഓരോവഴിയും എന്നേക്കാളധികം നിനക്ക് ഹൃദിസ്ഥം. നിന്‍റെ കൈവെള്ളയുടെ മുറുക്കിപ്പിടുത്തത്തില്‍ നിന്നും സ്വയം വിരല്‍ ഊരിയെടുത്ത് ഞാന്‍ നടന്നുതുടങ്ങിയപ്പോഴാണ് ഞാന്‍ എന്നില്‍ നിന്ന് തന്നെ അകലേക്ക് നടന്നുതുടങ്ങിയത്.
ഒരുപക്ഷേ നിന്‍റെ ലോകം ആ നടവഴികള്‍ തന്നെ ആയി ചുരുങ്ങിപ്പോയതും ഒരു കാരണമായിരിക്കാം. കാര്‍ത്തികപ്പള്ളിയ്ക്ക് തെക്ക് ഭൂമിയുടെ ദക്ഷിണധ്രുവം ഓച്ചിറ ക്ഷേത്രവും വടക്ക് ഭൂമിയുടെ ഉത്തരധ്രുവം മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രവുമായി നീ നിന്‍റെ ലോകമൊതുക്കി. അല്ലെങ്കില്‍ ഒതുക്കപ്പെട്ടുപോയി. പക്ഷേ, ഞാനോ! അതിനപ്പുറത്ത് നീ ഇതുവരെ സങ്കല്‍പ്പിച്ചിട്ടില്ലാത്ത ഒരു ലോകത്ത് നിനക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുറെ മനുഷ്യരുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നഷ്ടപ്പെട്ട് പോയ ബാല്യത്തിലെ മഞ്ചാടിക്കുരുകളേയും കുന്നിക്കുരുമണികളേയും പോലും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാതെ വെറുതെ ഒരു യന്ത്രം പോലെ ജീവിക്കുന്നു.
രേവതിയുത്സവത്തിന് നിനക്ക് താലമെടുക്കാന്‍ കവുങ്ങിന്‍ പൂക്കുല എടുക്കാന്‍ കയറിയ ആ ബാല്യകാലത്തിലേക്ക് തിരിച്ചു പോകാന്‍ ചിലപ്പോഴൊക്കെ ഞാന്‍ അറിയാതെ കൊതിച്ചു പോകാറുണ്ട്. നിന്‍റെ കൂട്ടുകാരിയ്ക്ക് ആരുമറിയാതെ ഞാന്‍ പറിച്ചു കൊടുത്ത മുല്ലമൊട്ടുകളായിരുന്നു ഞാന്‍ നിന്നോട് ആദ്യം മറച്ച് വെച്ച രഹസ്യം. നീ കണ്ടുപിടിച്ച എന്‍റെ ആദ്യത്തെ രഹസ്യം. ശാരിക ഇപ്പോള്‍ നാട്ടില്‍ വരാറുണ്ടോ എന്നൊക്കെ നിന്നോട് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഭയമാണ്. അവളുടെ കാര്യങ്ങള്‍ പറഞ്ഞ് നീയെന്നെ കുത്തി നോവിക്കും.
ശാരികയും ഞാനുമായിട്ടുണ്ടായ പ്രണയം പുകഴേന്തി സാറിനോട് ഞാനൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ സാര്‍ പറഞ്ഞു ശാരിക എന്‍റെ ഭാര്യ ആയിരുന്നെങ്കില്‍ നീയും ശാരികയുമായുള്ള സൌഹൃദത്തിന് ക്രമേണ അകല്‍ച്ച സംഭവിച്ചേനേ എന്ന്. അങ്ങനെ സംഭവിക്കാതിരുന്നത് കൊണ്ടാണ് നിങ്ങള്‍ക്കിടയിലുള്ള സൌഹൃദം ഇപ്പോഴും ശക്തമായി തുടരുന്നതെന്ന്.
സാമന്തയുടെ സ്ഥാനത്ത് ശാരിക ആയിരുന്നെങ്കില്‍ സാമന്തയോടുള്ള അനിഷ്ടം ശാരികയോട് നിനക്ക് ഉണ്ടാകാന്‍ തരമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
നാത്തൂന്‍ പോരിന്‍റെ മനശാസ്ത്രം വെച്ചാണെന്ന് തോന്നുന്നു പുകഴേന്തിസാര്‍ അങ്ങനെ പറഞ്ഞത്. സാമന്തയ്ക്കും നിനക്കും ഇടയില്‍ നാത്തൂന്‍പിണക്കം പൊട്ടിമുളച്ച് പടര്‍ന്ന് പന്തലിച്ച് ആഴത്തില്‍ വേരിറങ്ങി പകയുടെ ഒരു വടവൃക്ഷമായി ഒരിക്കലും നിലംപൊത്തില്ലെന്ന കണക്കെ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്നു. അതെന്ത് തന്നെ ആയാലും സാമന്തയോളം നിന്നെ തള്ളിപ്പറയാന്‍ ശാരികയ്ക്ക് ഒരിക്കലും കഴിയില്ല.
"ഏട്ടാ അവളൊരു പാവമാ, ഏട്ടനെന്ന് വെച്ചാല്‍ അവള്‍ക്ക് ജീവനാ"
"ഞാന്‍ അവളെ പ്രേമിക്കണമെന്നാണോ നീ പറഞ്ഞു വരുന്നത്?"
"പ്രേമിക്കാനൊന്നും ഞാന്‍ പറഞ്ഞില്ല, മോഹിപ്പിച്ചിട്ട് വഞ്ചിക്കരുത്"
"മോഹിപ്പിച്ചെന്നോ, ആര് ആരെ മോഹിപ്പിച്ചെന്ന്? പണ്ടെങ്ങാനും വല്ല പൂവോ കായോ ഒക്കെ പറിച്ച് കൊടുത്തതാണോ മോഹിപ്പിക്കല്‍?"
"പൂവും കായും പറിച്ചു കൊടുത്തത് മാത്രമല്ല ഏട്ടാ മോഹിപ്പിക്കല്‍, ആഞ്ഞിലിയുടെ ചോട്ടിലിരുന്ന് ചോറും കൂട്ടാനും കളിക്കുന്ന കാലത്ത് അച്ഛന്‍റേയും അമ്മയുടേയും വേഷം അനുകരിച്ചത് പോലും മോഹിപ്പിക്കല്‍ തന്നെയാ ഏട്ടാ. കോളേജില്‍ പോയി പുതിയ പെണ്‍പിള്ളാരെ കണ്ടപ്പോള്‍ ഏട്ടന്‍ അവളെ മറന്നു. അതാ സത്യം"
സത്യമായിരുന്നു അത്. സാമന്തയോടുള്ള പ്രണയം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്തായിരുന്നു പാറു അത് പറഞ്ഞത്. പിന്നീടൊരിക്കല്‍ അവള്‍ പറഞ്ഞു.
"ഏട്ടാ അവള്‍ക്ക് ഇറ്റാലോ കാള്‍വിനെയോ പൌലാകൊയ്ലോയോ മാര്‍ക്കസ് ഗബ്രിയേലിനേയോ ടോണിമോറിസനേയോ ഓര്‍ഹാന്‍പാമുക്കിനേയോ ഒന്നും അറിയില്ല. പക്ഷേ അവള്‍ക്ക് തകഴിയെ അറിയാം, ചങ്ങമ്പുഴയെ അറിയാം, എംടി യെ അറിയാം, എഴുത്തച്ഛനെ അറിയാം, ഓ എന്‍ വി യേയും വൈലോപ്പിള്ളിയേയും അറിയാം. അവള്‍ക്കേറ്റവും ഇഷ്ടം കുഞ്ഞുണ്ണി മാഷിനേയും വൈക്കം മുഹമ്മദ് ബഷീറിനേയും ആണ്. അവളൊരു തനി നാട്ടിന്‍പുറത്ത്കാരിയാ ഏട്ടാ. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും കുത്തിയോട്ടപ്പാട്ടിന്‍റെ താനവും ഒരിക്കലും കൂടിച്ചേരില്ല"
പാറൂ, നിന്‍റെ ചില വാക്കുകള്‍ ഞാന്‍ ആത്മാവില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ നീ വെടിപ്പാക്കി വെച്ചിരിക്കുന്ന ഭൂതക്കണ്ണാടികളാണ് ആ വാക്കുകള്‍ ഓരോന്നും.
"സാമന്ത സുന്ദരിയാണ്, ഏട്ടന് നന്നായിട്ട് ചേരുന്നുണ്ട്. പക്ഷേ അവളൊരു ഗൌഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ്. നമ്മുടെ സംസ്കാരമല്ല, മാതൃഭാഷ പോലും നമ്മുടേതല്ല. അവളൊരിക്കലും മലയാളത്തില്‍ ചിന്തിക്കില്ല. അവളുടെ ഭാഷ കൊങ്ങിണിയാണ്."
നിന്‍റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് ഇന്നെനിക്ക് ബോദ്ധ്യം വരുന്നു.
ഉള്ളില്‍ ചെറിയ പനി ഉള്ളതുപോലെ. ഒരു പാരസെറ്റമോള്‍ ടാബ്ലെറ്റ് കഴിച്ചു. ഭക്ഷണവും മദ്യവുമായി ചിന്നദുരൈ എത്തുന്നതും കാത്ത് ഞാന്‍ കിടന്നു.
"എന്‍റെ ഒരു ഗതികേട് നോക്കണേ, ഒന്നുകില്‍ ചന്ദ്രദത്തന്‍റെ മകള്‍, അല്ലേല്‍ ഹരിദത്തിന്‍റെ പെങ്ങള്‍. ഇതാണ് എന്‍റെ അഡ്രസ്സ്. ഇനി ഏതെങ്കിലും ഒരു കോന്തന്‍ കെട്ടിക്കൊണ്ട് പോയാല്‍ അയാളുടെ ഭാര്യയെന്ന് അറിയപ്പെടും. അച്ഛന്‍ എനിക്ക് ഒന്നാംതരം ഒരു പേര് ഇട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ നോക്കുമ്പോഴാ എനിക്ക് അങ്ങനെ ഒരു പേര് ഉള്ള കാര്യം ഞാന്‍ തന്നെ ഓര്‍ക്കുന്നത്. ഗ്രീഷ്മ.. എത്ര നല്ല പേരാ അത്. ആരെങ്കിലും അത് വിളിക്കുമോ എന്ന് ചോദിച്ചാല്‍ അതില്ല. ആ ശാരിക പാറൂ പാറൂന്ന് വിളിച്ച് പുറകെ നടന്ന് നടന്ന് ലോകര് മുഴുവനും എന്നെ പാറൂ എന്നാ വിളിക്കുന്നത്"
അത് ശരിയാണ്. ഇപ്പോള്‍ മനുവും അവളെ പാറുവെന്നാണ് വിളിക്കുന്നത്. എന്തിന് ശ്രീക്കുട്ടനോട് പോലും അമ്മയുടെ പേര് ചോദിച്ചാല്‍ പാറു എന്നേ പറയൂ. ഗ്രീഷ്മ എന്ന നിന്‍റെ സ്വന്തം പേരിന് അവിടെ പ്രസക്തിയില്ല. എനിക്കിപ്പോള്‍ തോന്നുന്നത് ഗ്രീഷ്മ എന്ന പേര് നിന്‍റെ സ്വഭാവത്തിന് ഒട്ടും ഇണങ്ങുന്ന പേരല്ല. നീ ശിശിരം കഴിഞ്ഞെത്തുന്ന വസന്തമാണ്. ഗ്രീഷ്മത്തിലേക്ക് നീ ഒരിക്കലും കാലെടുത്ത് കുത്തില്ല. പക്ഷേ എന്‍റെ വസന്തങ്ങള്‍ വെറും ഗ്രീഷ്മങ്ങള്‍ മാത്രമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കാനുള്ള വൈഭവം നിനക്ക് എപ്പോഴുമുണ്ട്. ആ ഓര്‍മ്മപ്പെടുത്തലുകളില്‍ ഞാന്‍ വെന്ത് പിടയുന്നത് നീ അറിയുന്നില്ല.
നിന്‍റെ മേല്‍വിലാസങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ചന്ദ്രദത്തന്‍റ മകള്‍, ഹരിദത്തിന്‍റെ പെങ്ങള്‍, മനുവിന്‍റെ ഭാര്യ, ഇപ്പോള്‍ ശ്രീക്കുട്ടന്‍റെ അമ്മ. നിന്‍റെ പേരില്‍ ആരും അറിയപ്പെടുന്നില്ല. നീ എല്ലാവരുടേയും പേരില്‍ അറിയപ്പെടുന്നു. ഒരുവേള ഏട്ടനും ഇപ്പോള്‍ അങ്ങനെയാണ് കുട്ടീ. സാമന്തയുടെ ഭര്‍ത്താവ്, അതാണിപ്പോള്‍ എന്‍റെ മേല്‍വിലാസം.
"ഹരീ, കേരളായില്‍ സെറ്റില്‍ഡ് ആകുന്നതിനെക്കുറിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. അഥവാ ഹരിയോട് ഒരു അഡ്ജസ്റ്റ് മെന്‍റിന് ഞാന്‍ തയ്യാറായാല്‍ തന്നെ. മഹാദേവികാടോ, കാര്‍ത്തികപ്പള്ളിയോ ഹരിപ്പാടോ ഒന്നും എനിക്ക് ചിന്തിക്കാന്‍ തന്നെ പറ്റുന്നില്ല. എറണാകുളമോ, കാലിക്കറ്റോ, ട്രിവാന്‍ഡ്രമോ വല്ലതുമാണേല്‍ നമുക്ക് നോക്കാം. മോളുടെ ഫ്യൂച്ചറിന് അതാണ് ബെറ്റര്‍" സാമന്തയുടെ വാക്കുകള്‍ എന്നെ നോക്കി പരിഹസിക്കുന്നു.
വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതക് തുറന്നപ്പോള്‍ കരയുന്ന മുഖവുമായി ചിന്നദുരൈ.
"എന്തുപറ്റി ചിന്നാ?"
"സര്‍, അതുവന്ത്.. താംബരം പക്കത്തില്‍ വെച്ച് നമ്മ പുകഴേന്തി സാറിന് ആക്സിഡന്‍റ്. കൊഞ്ചം സീരിയസ്...
ചിന്നദുരൈ പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. രാവിലെ പാറു വിളിച്ചു പറഞ്ഞ ദുസ്വപ്നം ഇപ്പോള്‍ ഫലിച്ചിരിക്കുന്നു. എന്‍റെ സ്ഥാനത്ത് പുകഴേന്തി സാര്‍ ആയെന്ന് മാത്രം. പാറൂ, നിനക്ക് സിക്സ്ത് സെന്‍സ് ഉണ്ടോ!
ഹോസ്പിറ്റലിലേക്ക് ബൈക്ക് ഓടിച്ചത് ചിന്നദുരൈ ആയിരുന്നു. പുകഴേന്തി സാര്‍ ഒരു ധൈര്യം ആയിരുന്നു. അനുഭവകഥകള്‍ കൊണ്ട് എന്‍റെ ജീവിതവ്യഥകളെ ലഘൂകരിച്ചിരുന്ന ഒരു ആത്മസുഹൃത്ത്. അച്ഛനോളം പ്രായം ഉണ്ട് അദ്ദേഹത്തിന്. എങ്കിലും ഒരു സുഹൃത്തായി എന്നെ പരിഗണിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ ആരംഭത്തില്‍ ഒറ്റപ്പെട്ട് പോയ മനുഷ്യന്‍. സ്വാനുഭവങ്ങളിലെ സാമ്യതകള്‍ ഞങ്ങളെ ആത്മാവ് കൊണ്ട് പരസ്പരം ബന്ധിപ്പിച്ചു.
"ഹരീ, നീയിപ്പോള്‍ ഒരു ഫാദറാണ്. വെറ്റ്രിയ്ക്ക് വേണ്ടി നീയും സാമന്തയും പരസ്പരം ഫൈറ്റ് ചെയ്യുമ്പോള്‍ അവിടെ ഫെയില്‍ ആകാന്‍ പോകുന്നത് നിങ്ങളുടെ ചൈല്‍ഡിന്‍റെ ഫ്യൂച്ചര്‍ ആണ്. നിങ്ങളിലാരെങ്കിലും തോറ്റുകൊടുത്തേ മതിയാകൂ. സാമന്തയുടെ സൈഡില്‍ നിന്നും, ഒരിക്കലും അത് സംഭവിക്കില്ല. ഹരി തോറ്റ് കൊടുക്കണം. പാര്‍വണേന്ദുവിന് ഇപ്പോള്‍ മൂന്ന് വയസ്സ് ഉണ്ട്. നാളെയൊരിക്കല്‍ അവള്‍ക്ക് പതിമൂന്ന് വയസ്സ് ആകും. അന്നും നിങ്ങള്‍ തമ്മില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണേല്‍ പാര്‍വണേന്ദു അന്ന് നിങ്ങളോട് മത്സരിക്കും. അറ്റ് ലാസ്റ്റ്, ലൈഫില്‍ അവളും ഫെയിലാകും നിങ്ങളും ഫെയിലാകും. നിങ്ങള്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തുന്നത് അവളുടെ ഹാപ്പിഡെയ്സാണ്."
ഹോസ്പിറ്റലില്‍ എത്തി. പുകഴേന്തിസാറിനെ ഓപ്പറേഷന്‍ തിയേറ്റലേക്ക് മാറ്റിയിരുന്നു. സാറിന് ഇനിയും ബ്ലഡ് വേണം. എന്‍റെ ഗ്രൂപ്പും സാറിന്‍റെ ഗ്രൂപ്പും ഒന്ന് തന്നെയാണ്, ബി പോസിറ്റീവ്. ചിന്നദുരൈയ്ക്ക് സ്വന്തം ഗ്രൂപ്പ് അറിയില്ല. ഞാനും ചിന്നദുരൈയും രക്തത്തിന്‍റെ സാംപിള്‍ പരിശോധനയ്ക്കായി കൊടുത്തു. കുത്തിവെയ്ക്കുന്നത് ഭയപ്പെട്ടിരുന്ന ചിന്നദുരൈ പുകഴേന്തി സാറിന് രക്തം ദാനം ചെയ്യാന്‍ സധൈര്യം നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു. മനുഷ്യന്‍റെ വിശാലമായ സ്നേഹത്തിന് മുന്‍പില്‍ മറ്റൊരു വികാരങ്ങള്‍ക്കും സ്ഥാനമില്ലെന്ന്.
കുറച്ച് കഴിഞ്ഞപ്പോള്‍ ചിന്നദുരൈയെ രക്തം എടുക്കാനായി നഴ്സ് വിളിച്ചു.
എന്‍റെ ഊഴത്തിനായി ഞാന്‍ കാത്തിരുന്നു. ചിന്നദുരൈ രക്തം നല്‍കി പുറത്ത് വന്നിട്ടും എന്നെ വിളിച്ചില്ല. ഞാന്‍ ബ്ലഡ്ബാങ്കിലെ ഡ്യൂട്ടി റൂമിലേക്ക് ചെന്നു. അവിടെ ഇരിക്കുന്ന പെണ്‍കുട്ടിയെ എനിക്ക് പരിചയമുള്ളത് പോലെ.
"ഹരിദത്ത് സാര്‍ അല്ലേ? ഞാനൊരിക്കല്‍ സാറിനെ പരിചയപ്പെട്ടിട്ടുണ്ട്. വള്ളികുന്നത്താ എന്‍റെ വീട്"
"ങാ.. ഞാന്‍ ഓര്‍ക്കുന്നു. നിഷ എന്നല്ലേ പേര്?"
"അതെ, സാര്‍ ഇവിടെ ഇരിക്കൂ, സാറിന് ഹെപ്പറ്റൈറ്റിസ് ആണോ എന്നൊരു സംശയം. റിപ്പോര്‍ട്ട് ഇപ്പോള്‍ വരും"
അവരുടെ നിഗമനം ശരിയായിരുന്നു.
"സാര്‍, എത്രയും പെട്ടെന്ന് ഹോസ്പിറ്റലൈസ്ഡ് ആകണം. വളരെ ഡെയിഞ്ചറസ് സിറ്റ്വേഷനാണ്" നിഷ പറഞ്ഞു.
ഞാന്‍ കുറെനേരം നിര്‍വികാരനായി ഇരുന്നു. അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ ത്വരിതഗതിയില്‍ നിഷ നടപ്പിലാക്കി. എനിക്കും ഒന്ന് കിടക്കണമെന്ന് തോന്നിക്കഴിഞ്ഞിരുന്നു. അത്രകണ്ട് എന്‍റെ ശരീരം തളരുന്നു.
മരുന്ന് തുള്ളി തുള്ളിയായി ഡ്രിപ്പ് റ്റ്യൂബിലേക്ക് വീഴുന്നത് നോക്കി ഞാന്‍ കിടന്നു.
എന്‍റെ വല്യകുളങ്ങര അമ്മേ, പുകഴേന്തി സാറിന് ഒന്നും വരുത്തരുതേ.. ഞാന്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചു. നിഷയുടെ പുഞ്ചിരിക്കുന്ന മുഖം മങ്ങി മങ്ങി വരുന്നതുപോലെ.
ഞാന്‍ ഉറക്കെ കരയുകയാണ്. പേരമരത്തില്‍ കെട്ടിയിട്ട് പുളിവടികൊണ്ട് അച്ഛന്‍ എന്നെ തല്ലുന്നു.
അയ്യോ അച്ഛാ ഏട്ടനെ തല്ലല്ലേ അച്ഛാ.. പാറുവും ഉറക്കെ കരയുന്നു.
ഞാന്‍ പനിച്ച് വിറച്ച് കിടക്കുകയാണ്. വെള്ളത്തുണി നനച്ച് പാറു എന്‍റെ നെറ്റിയില്‍ ഒട്ടിക്കുന്നു. അമ്മയും അടുത്തിരിപ്പുണ്ട്. അമ്മ കരയുന്നു.
അമ്മയ്ക്ക് എപ്പോഴും കരയാന്‍ മാത്രമേ അറിയൂ.
"എന്‍റെ തോളത്ത് പിടിച്ച് നടക്ക് ഏട്ടാ, ഏട്ടനെ പിടിച്ചോണ്ട് നടക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്"
ഞാന്‍ അവളുടെ തോളത്ത് പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എനിക്ക് കഴിഞ്ഞില്ല. അവളെന്നെ കഠിനപരിശ്രമം കൊണ്ട് താങ്ങിയെഴുന്നേല്‍പ്പിച്ചു. ഒടുവില്‍ അവളുടെ ചുമലില്‍ പിടിച്ച് ഞാന്‍ നിന്നു. അവളുടെ മുഖത്ത് വിജയിയുടെ ഭാവം. ഇന്നലെ വരെ പെറ്റിക്കോട്ട് മാത്രം ഇട്ടോണ്ട് നടന്നവള്‍ ഇന്ന് വലിയ അമ്മുമ്മത്തള്ള ആയത് പോലെ.
"തോട്ടിലോണ്ട് ചാടണ്ടാന്ന് അപ്പഴേ ഞാന്‍ പറഞ്ഞതല്ലേ, കേട്ടില്ലല്ലോ. അതല്ലേ കുപ്പിച്ചില്ല് കൊണ്ട് കയറിയത്? സത്യം പറഞ്ഞാല്‍ തിരിഞ്ഞു നോക്കേണ്ടതല്ല. പിന്നെന്ത് ചെയ്യാനാ, ഒരേയൊരു ആങ്ങളയായി പോയില്ലേ"
"പോടീ കരിംകാളീ"
"അസൂയപ്പെടണ്ട മോനേ, എണ്ണക്കറുപ്പിന് ഏഴഴകാ"
"പിന്നെ എണ്ണക്കറുപ്പ്, ഇത് കാക്കക്കറുപ്പ്"
"എങ്കില്‍ ഇയാളൊരു കാര്യം ചെയ്യ് ചാമ്പക്കയുടെ ചോപ്പ് നിറമുള്ള ആ ശാരികയെ ചെന്ന് വിളിക്ക്, അവള് താലവും കൊണ്ട് വരും തമ്പുരാനെ നോക്കാന്‍"
"വരുമെടീ വരും"
"പിന്നെ വരും, ഒറ്റ ഇടി വെച്ച് കൊടുക്കും ഞാനവള്‍ക്ക്. അല്ലേലും എനിക്കറിയാം കൊരങ്ങന് ഇപ്പോ എന്നേക്കാള്‍ കാര്യം അവളെയാ"
"ഏട്ടനിപ്പോ കഴിക്കാറുണ്ട് അല്ലേ, ഏട്ടനെവിടെ നിന്ന് കിട്ടിയതാ ഈ ശീലം? ഇനി കഴിച്ചെന്നറിഞ്ഞാല്‍ കൊന്നുകളയും ഞാന്‍"
"അവളൊരു മനുഷ്യസ്ത്രീ ആണെന്ന് പോലും ഏട്ടന്‍ പരിഗണിച്ചിട്ടില്ല. അവള്‍ക്ക് ഏട്ടന്‍റെ കല്യാണത്തിന് വരണമെന്നുണ്ടായിരുന്നു. ഏട്ടന്‍ അവളെ ഒന്ന് വിളിച്ചില്ലല്ലോ, എന്‍റെ കല്യാണത്തിന് വന്നപ്പോള്‍ പോലും ഏട്ടന്‍ അവളോടൊന്ന് മിണ്ടിയില്ല."
"അതുകൊണ്ടാണോ മനുവിന്‍റെ വീട്ടിലേക്ക് പോകാനായി കാറില്‍ കയറിയ നേരത്ത് നീയെന്‍റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതിരുന്നത്"
അവളുടെ കണ്ണുകള്‍ നിറയുന്നു. വിതുമ്പിക്കൊണ്ട് അവള്‍ തോളിലേക്ക് മുഖം ചായ്ച്ചു.
"അത്, ഏട്ടന്‍റെ മുഖത്തേക്ക് നോക്കാതിരുന്നത് അതു കൊണ്ടായിരുന്നില്ലേട്ടാ. ഏട്ടന്‍റെ മുഖത്തേക്ക് നോക്കിയാല്‍ ഞാന്‍ ആ പഴയ പെറ്റിക്കോട്ട് കാരിയായി പോകും. ഏട്ടന്‍റെ കൂടെയല്ലേ ഞാന്‍ എല്ലായിടത്തും പോയിട്ടുള്ളൂ, ഏട്ടനില്ലാതെ പരിചയമില്ലാത്ത മറ്റൊരു വീട്ടിലേക്ക് ഞാന്‍ ആദ്യമായിട്ട്, പണ്ട് ഏട്ടന് യൂപി സ്കൂളില്‍ അഡ്മിഷന്‍ കിട്ടി കഴിഞ്ഞപ്പോള്‍ എല്‍പി സ്കൂളില്‍ ഒറ്റയ്ക്ക് പോകില്ലെന്ന് പറഞ്ഞ് ഞാന്‍ നിലവിളിച്ച് കരഞ്ഞില്ലേ. അതുപോലെ നിലവിളിച്ചു കരഞ്ഞുപോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അതാ ഞാന്‍ എന്‍റെ ഏട്ടന്‍റെ മുഖത്ത് നോക്കാതിരുന്നത്. അതിന്‍റെ പേരില്‍ എന്നോട് പിണക്കമൊന്നും വെക്കല്ലേ ഏട്ടാ"
അവളുടെ കണ്ണുനീര് എന്‍റെ ചുമല് നനയ്ക്കുന്നു. എന്‍റെ ശരീരമാകെ തണുത്ത് വിറയ്ക്കുന്നു.
ഞാന്‍ കണ്ണുകള്‍ മെല്ലെ തുറന്നു. ചിന്നദുരൈയുടെ വിഷമിക്കുന്ന മുഖം. ഡ്രിപ്റ്റ്യൂബിലേക്ക് മരുന്ന് ഇപ്പോഴും തുള്ളിയായി വീഴുന്നു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞ പ്രതീതി.
"നമ്മ പുകഴേന്തി സാര്‍ പോയാച്ച് സര്‍" ചിന്നദുരൈ വിതുമ്പിക്കൊണ്ട് പറഞ്ഞു.
ഒന്ന് ഉറക്കെ നിലവിളിക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ കഴിഞ്ഞില്ല. ഡ്രിപ്പ് ട്യൂബിലേക്ക് ഇറ്റുവീഴുന്ന മരുന്നു തുള്ളികള്‍ എണ്ണി സമയത്തോട് യുദ്ധം ചെയ്തുകൊണ്ട് ഞാന്‍ കിടന്നു.
"ഹരീ, വേള്‍ഡില്‍ എല്ലാ ലേഡീസിലും ഒരു ദുശ്ശള ഹൈഡ് ചെയ്ത് കിടക്കുന്നുണ്ട്. നൂറ്റിയൊന്നാമതായി എണ്ണപ്പെടുന്ന അവളുടെ ഡിസയേഴ്സും ഡ്രീംസും ഒന്നും നമുക്ക് എണ്ണാന്‍ സമയമില്ല"
സാര്‍, രാവിലെ പാറു വിളിച്ചു പറഞ്ഞ സ്വപ്നത്തിന്‍റെ കാര്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അങ്ങയോട് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ സ്വപ്നങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് മണിക്കൂറുകളോളം അങ്ങ് എന്നോട് സംസാരിച്ചേനേ. ആ സംസാരം ഞാന്‍ സുഖകരമായ ഒരു സായാഹ്നത്തിനായി മാറ്റിവെച്ചു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സായാഹ്നങ്ങളുടെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് അങ്ങ് പോയി.
വൈദ്യുതിശ്മശാനത്തിലേക്ക് പോയി വരാന്‍ ഒരു മണിക്കൂര്‍ സമയം ഡോക്ടര്‍ അനുവദിച്ചു തന്നു. വഴിയില്‍ വെച്ച് ചിന്നദുരൈയോട് ഞാന്‍ പറഞ്ഞു.
"ചിന്നാ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെടാ, എനിക്ക് രണ്ടെണ്ണം കഴിക്കണം"
"വേണ്ട സര്‍, എന്നാലേ മുടിയാത്, നീങ്ക കരള്‍ കെട്ടുപോച്ച് സാര്‍"
ചിന്നന്‍ എനിക്ക് മദ്യം മേടിച്ചു തരുന്ന ലക്ഷണമില്ല. ചുട്ടുപഴുത്ത വൈദ്യുതിച്ചിതയില്‍ നിന്നും ഒരുപിടി ചാരമായി പുകഴേന്തിസാര്‍ പുറത്തു വന്നു.
"ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ നമ്മളാരും ഫീനിക്സ് പക്ഷികളല്ലെടോ, അനുഭവങ്ങളില്‍ നിന്നും വേണം നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍" പുകഴേന്തിസാറിന്‍റെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് പോലെ.
തിരികെ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി മദ്യം മേടിക്കാന്‍ സമ്മതിക്കാഞ്ഞതിനാല്‍ ചിന്നദുരൈയെ ഞാന്‍ കുറെ തെറി വിളിച്ചു. പക്ഷേ ചിന്നദുരൈ പാറപോലെ ഉറച്ചിരുന്നു.
രണ്ടുമൂന്ന് ദിവസം ചിന്നദുരൈ എന്നെ നന്നായി നോക്കി. പിന്നെയാണ് ചിന്നദുരൈയെ സങ്കടപ്പെടുത്തിയ, എന്‍റെ ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ച ആ വാര്‍ത്ത എത്തിയത്. ചിന്നദുരൈയുടെ പതിനാറ് വയസ്സ് മാത്രം പ്രായമുള്ള മകള്‍ ആരുടെയോ കൂടെ ഒളിച്ചോടിയത്രേ. തകര്‍ന്നു പൊയ ചിന്നദുരൈ തന്‍റെ നാടായ ധാരാപുരത്തേക്ക് യാത്രയായി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള എന്‍റെ മകളെക്കുറിച്ച് അവളുടെ ഭാവിയെക്കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങിയത് അപ്പോഴാണ്.
എന്‍റെ മകളുടെ മുഖം ഒരു നോക്ക് കാണാന്‍ അവസാനമായി മുംബൈയിലേക്ക് പോയത് ആറുമാസം മുന്‍പാണ്. സാമന്തയ്ക്ക് മുംബൈ വിട്ട് വരാവുന്നതേ ഉള്ളൂ. ചെന്നൈയിലോ കോയമ്പത്തൂരോ കൊച്ചിയിലോ തിരുവനന്തപുരത്തോ എവിടെ വേണേലും അവള്‍ക്ക് ജോലി ചെയ്യാം. പക്ഷേ ആരൊക്കെയോ അവളെ വിലക്കുന്നു. മുംബൈ നഗരത്തെ ഞാന്‍ വെറുക്കുന്നു. അതിനേക്കാളധികം മുംബൈയിലെ അവളുടെ ബന്ധുക്കളുടെ എന്നോടുള്ള പുച്ഛത്തേയും അവഗണനയേയും ഞാന്‍ വെറുക്കുന്നു. എനിക്കെന്‍റെ മകളെ നഷ്ടമായി കൊണ്ടിരിക്കുന്നു. സാമന്ത അതില്‍ ആനന്ദം കണ്ടെത്തി തുടങ്ങിയതുപോലെ.
എന്‍റെ മകളുടെ ഭാവി സാമന്തയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും ഞാന്‍ ആശ്വസിച്ചു. പക്ഷേ അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ! സാമന്താ, നീയിനിയും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ആ മഹാനഗരത്തിനേക്കാള്‍ സുരക്ഷിതത്വം നിനക്കും നമ്മുടെ മകള്‍ക്കും മഹാദേവികാട് എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ട്.
മരിക്കണമെന്ന് ഇന്നലെ വരെ ഞാന്‍ ആഗ്രഹിച്ചിരുന്നു സാമന്താ. പക്ഷേ എന്‍റെ മകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മരണത്തെ ഞാന്‍ ഭയപ്പെടുന്നു. നിശബ്ദനായി മരണം എന്‍റെ തൊട്ടുപുറകില്‍ തന്നെയുണ്ട്. പുഞ്ചിരിച്ചു മാത്രം സംസാരിച്ചു കൊണ്ടിരുന്ന പുകഴേന്തി സാര്‍ ഒരു മണ്‍കുടത്തിനുള്ളില്‍ ചാരമായി അവശേഷിച്ചിരിക്കുന്നു. ഒരുപിടി ചാരമായി തീരേണ്ട ഞാനും നീയുമൊക്കെ വെറുതെ മത്സരിച്ചു സ്നേഹിച്ച് തീര്‍ക്കേണ്ട നിമിഷങ്ങള്‍ ബലികഴിച്ചു കൊണ്ടിരിക്കുന്നു.
ഫോണ്‍ റിംഗ് ചെയ്തത് കേട്ട് ഞാന്‍ ഞെട്ടി. ഡ്യൂട്ടി നഴ്സ് ഫോണ്‍ എടുത്ത് കയ്യില്‍ തന്നു.
"ഏട്ടാ ഞാനാ, അശ്വതിയ്ക്ക് വരുമോ ഏട്ടന്‍?"
"അറിയില്ല മോളേ"
"ഏട്ടാ ഇവിടെ തേരിന്‍റെ പണി തുടങ്ങി, ഏട്ടന്‍ ഈ അശ്വതിയ്ക്ക് എന്തായാലും വരണേ"
"മോളേ ഏട്ടന് മഞ്ഞപ്പിത്തമാ, ഏട്ടന്‍ ഇപ്പോള്‍ ആശുപത്രിയിലാ"
"അയ്യോ! ന്‍റെ ദേവിയമ്മേ, അമ്മ സ്വപ്നം കാണിച്ചാല്‍ അച്ചിട്ടമാ, ആരുണ്ട് ഏട്ടാ എന്‍റെ ഏട്ടനെ നോക്കാന്‍?"
ഉള്ളില്‍ ഉയര്‍ന്നു വന്ന തേങ്ങല്‍ അടക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
"ആരുമില്ലെടീ, ഏട്ടന് ആരുമില്ല."
അപ്പുറത്ത് ഒരു വിതുമ്പിക്കരച്ചില്‍ കേട്ടു. അവള്‍ ഫോണ്‍ വെച്ചു. കുറെ നേരം കഴിഞ്ഞ് ഫോണ്‍ വീണ്ടും ചിലച്ചു. ഇത്തവണ മനു ആയിരുന്നു. ചെന്നൈയില്‍ എവിടെയാണെന്നും ഏത് ഹോസ്പിറ്റലില്‍ ആണെന്നും മനു ചോദിച്ചു മനസ്സിലാക്കി. വൈകുന്നേരം ചിന്നദുരൈയുടെ ഫോണ്‍ വന്നു. ചിന്നദുരൈയുടെ മകളും കാമുകനും തിരിച്ചു വന്നു. നാളെ കോവിലില്‍ വെച്ച് ചിന്നദുരൈ അവരുടെ വിവാഹം നടത്തിക്കൊടുക്കുകയാണത്രേ. ഒരു അച്ഛന്‍റെ കടമ.
ഞാന്‍ ചിന്നദുരൈ എന്ന നിഷ്കളങ്കനായ മനുഷ്യനെക്കുറിച്ച് കുറേ നേരം ചിന്തിച്ചു കൊണ്ടു കിടന്നു. എന്‍റെ ശരീരമാകെ തണുത്ത് മരവിക്കുന്നത് പോലെ.