Thursday, 19 June 2014

നക്ഷത്രങ്ങള്‍



നക്ഷത്രങ്ങള്‍ (കഥ )

ശരത്ബാബു പല്ലന
----------------------------------------------------------------------------------------------


നക്ഷത്രങ്ങള്‍ക്കിടയിലൂടെ എനിക്ക് ഒഴുകി നടക്കണം. രണ്ട് അറകളുള്ള ഒരു മഞ്ചാടിചെപ്പ് എന്‍റെ കയ്യില്‍ ഉണ്ടായിരിക്കും. അതിന്‍റെ ഒഴിഞ്ഞ അറയില്‍ ഞാന്‍ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളെ പെറുക്കിവെയ്ക്കും. ആ ചെപ്പിന്‍റെ പകുതിയില്‍ കൊള്ളുന്ന നക്ഷത്രങ്ങള്‍ മാത്രം മതി എനിക്ക്. രാത്രിയില്‍ അപ്പൂപ്പന്‍താടിക്കാവില്‍ പോയി കൂഞ്ഞുനക്ഷത്രങ്ങളെ കാറ്റത്ത് ഊതി പറത്തണം. ഇതായിരുന്നു കുട്ടിക്കാലത്ത് എന്‍റെ ആഗ്രഹം.

എന്നെങ്കിലും നീയെനിക്കൊരു സമ്മാനം തരുമെങ്കില്‍ അത് ഒരു തിളങ്ങുന്ന നക്ഷത്രമായിരിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നിനക്കിപ്പോള്‍ അറിയുമോ എന്നെനിക്കറിയില്ല. ഞാനിപ്പോള്‍ നക്ഷത്രങ്ങളില്‍ നിന്നും ഒരുപാട് ദൂരെയാണ്. അപ്പൂപ്പന്‍താടിക്കാവില്‍ രാത്രിയില്‍ പറന്നു നടന്ന കുഞ്ഞുനക്ഷത്രങ്ങളെല്ലാം മിന്നാമിനുങ്ങുകള്‍ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

ഒരിക്കല്‍ക്കൂടി നക്ഷത്രങ്ങളുടെ ഇടയിലൂടെ അപ്പൂപ്പന്‍താടി പോലെ ഒഴുകി നടക്കുന്നത് സ്വപ്നം കാണാന്‍ എനിക്ക് കഴിയില്ല. എന്‍റെ സ്വപ്നങ്ങളും നക്ഷത്രങ്ങളേക്കാള്‍ ഒരുപാട് ദൂരെയാണ്.

എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു ഒരു നക്ഷത്രത്തെ, നീയിനിയും എനിക്ക് തന്നിട്ടില്ലാത്ത ആ നക്ഷത്രത്തെ.

എന്നെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് തിരികെക്കൊണ്ടുപോകാന്‍ നിനക്ക് മാത്രമേ കഴിയൂ. എന്തെന്നാല്‍ എന്നെ നക്ഷത്രങ്ങളേക്കാള്‍ ഉയരത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നീയാണ്.

ഒരിക്കല്‍ ഞാനുമൊരു നക്ഷത്രമാകും. അന്ന് താരാപഥങ്ങളില്‍ നീ വരുന്നതും കാത്ത് ഞാനിരിക്കും. ഒരു അപ്പൂപ്പന്‍താടി പോലെ ആകാശഗംഗയിലൂടെ ഒഴുകി നടക്കാന്‍ വേണ്ടി മാത്രം.