Thursday, 19 June 2014

നരനാരായണന്മാര്‍ 2



നരനാരായണന്മാര്‍ - കഥ (ഭാഗം - രണ്ട്)

ശരത്ബാബു പല്ലന
.................................................................................................................

കോള്‍വാ ബീച്ചിലെ ഒരു സിമന്‍റ് ബഞ്ചില്‍ ഞാന്‍ കിടക്കുകയാണ്. ഒരു സ്പര്‍ശം. ഒരൊറ്റ കരസ്പര്‍ശം കൊണ്ട് സാന്ത്വനം പകര്‍ന്ന് തരാന്‍ അവന് കഴിഞ്ഞു. ഒന്നും ഉരിയാടെതെ തന്നെ. അതാണ് എന്‍റെ വിഷ്ണു.

മഡ്ഗാവോണ്‍ സ്റ്റേഷനില്‍ വെച്ച് അവന്‍ പറഞ്ഞു.

അശ്വത്ഥാമാവിന് കിട്ടിയ പാല് പോലെയാണ് നിന്‍റെ എല്ലാ പ്രണയങ്ങളും, ഇന്ദ്രാ നീ പോയി ജീവിക്കാന്‍ പഠിക്ക് ആദ്യം"

തലമടലുകള്‍ ഗദകളായി സങ്കല്‍പിച്ചു കൊണ്ടുള്ള ഞങ്ങളുടെ യുദ്ധക്കളികളില്‍ ഒന്നില്‍ ദുര്യോധനന്‍റെ തുടയ്ക്ക് കിട്ടിയ അടിയ്ക്ക് ഇത്തിരി ആക്കം കൂടിപ്പോയി. മടലിന്‍റെ പരുക്കന്‍ അഗ്രം കൊണ്ട് എന്‍റെ വലത്തെ തുടയില്‍ ഒരു മുറിവുണ്ടായി. വീട്ടില്‍ അറിഞ്ഞാല്‍ വഴക്ക് പറയുമെന്ന് ഭയന്ന് ഞാന്‍ അത് മറച്ചു വെച്ചു. മുറിവ് പഴുത്ത് വ്രണമായി. വ്രണത്തില്‍ നിന്ന് ചോരയും പഴുപ്പും പൊട്ടിയൊലിച്ച് കൂടുതല്‍ വികൃതമായി.

ഒടുവില്‍ അമ്മയുടെ ശ്രദ്ധയോടെയുള്ള പരിചരണം കൊണ്ട് ഭംഗിയുള്ള ഒരു മുറിപ്പാട് സമ്മാനിച്ചു ആ മുറിവ് പൊറുത്തു. ഒരിക്കലും മായാത്ത മുറിപ്പാട്. എന്‍റെ ശരീരത്തില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന മുറിപ്പാട്.

ഇന്ദ്രാ, എന്നേം അമ്മയേയും അച്ഛന്‍ കൊണ്ടു പോവുകയാ" ഒരു ദിവസം വിച്ചുപ്പാപ്പ പറഞ്ഞു.

എവിടോട്ട്?”

അച്ഛന്‍റെ ജോലിസ്ഥലത്തോട്ട്"

അങ്ങനെ ഒരു മഴ പെയ്തു തോര്‍ന്ന സന്ധ്യയില്‍ അവന്‍ നിറകണ്ണുകളോടെ യാത്ര പറഞ്ഞു പോയി. അവന്‍റെ അപ്പാപ്പനും അച്ഛാമ്മയും കരഞ്ഞതു പോലെ ഞാനും കരഞ്ഞു. ശബ്ദമുണ്ടാക്കാതെ.

വിച്ചുചേട്ടന്‍ ഇനി വരത്തില്ലേ ഇന്ദ്രുച്ചേട്ടാ?” ലക്ഷ്മി ചോദിച്ചു.

വരും" ഞാന്‍ പറഞ്ഞു.

പിന്നീടുള്ള എന്‍റെ ഓരോ അവധിക്കാലങ്ങളും ഉത്സവമാക്കി മാറ്റാന്‍ അവന്‍ എത്തുമായിരുന്നു. അവധിക്കാലങ്ങള്‍ എത്താന്‍ കണ്ണില്‍ എണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.

എനിക്കെന്‍റെ തുടയിലെ മുറിപ്പാട് ഒന്ന് കാണണമെന്ന് തോന്നി.വീട്ടില്‍ എത്തി വസ്ത്രം മാറ്റി ഞാന്‍ ആ മുറിപ്പാടിലേക്ക് നോക്കി. ദുര്യോധനന്‍റെ തുടയില്‍ പിടിവാശിക്കാരനായ കര്‍ണ്ണന്‍റെ പുഞ്ചിരിക്കുന്ന മുഖം.

എന്‍റെ നെറ്റിയിലും ഒരു മുറിപ്പാട് ഉണ്ട്. ലക്ഷ്മിയുടെ പുറകെ ഓടിയപ്പോള്‍ മറിഞ്ഞു വീണു ഉണ്ടായ മുറിവ്. മൂന്ന് തുന്നിക്കെട്ടലുകള്‍ ഉണ്ടായിരുന്നു.

ഇന്ദ്രുചേട്ടന്‍ എന്നെ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ?”

ലക്ഷ്മി അവളുടെ വിവാഹം ക്ഷണിക്കാന്‍ വന്നപ്പോള്‍ എന്നോട് തിരക്കി. ഞാന്‍ ഉത്തരമൊന്നും പറഞ്ഞില്ല.

നെറ്റിയിലെ ഈ പാട് കാണുമ്പോഴൊക്കെ എന്നെ ഓര്‍ക്കേണ്ടതല്ലേ? എന്നും കണ്ണാടി നോക്കാറില്ലേ? എന്നിട്ടെന്താ എന്നെ മറന്നു പോയത്?” അന്ന് മുതലാണ് അതൊരു യഥാര്‍ത്ഥ മുറിപ്പാട് ആയിത്തീര്‍ന്നത്.

ലക്ഷ്മി ഇപ്പോള്‍ എവിടെയാ?” കൌമാരത്തിന്‍റെ ആദ്യഘട്ടത്തിലെ ഒരു അവധിക്കാലത്ത് വിഷ്ണു എന്നോട് ചോദിച്ചു.

നീ പോയതിന്‍റെ പിറ്റേവര്‍ഷം അവളുടെ അച്ഛന്‍ വന്ന് അവളെ കൊണ്ടു പോയി, കഴിഞ്ഞ ഉത്സവത്തിന് അവള്‍ വന്നായിരുന്നു. അവളിപ്പോള്‍ ഭയങ്കര നാണക്കാരിയാ."

അവളെന്നെ തിരക്കിയായിരുന്നോ?”

ഇല്ല"

ചോദിക്കാന്‍ വഴിയില്ല. നീയായിരുന്നല്ലോ അവളുടെ ഹീറോ!"

നിന്‍റെയും ബാല്യകാലസഖി ആണല്ലോ?”

അങ്ങനെയുള്ള ചുരുക്കം ചില സംഭാഷണങ്ങളൊഴിച്ച് ഞങ്ങളുടെ ചര്‍ച്ചകള്‍ക്കിടയിലേക്ക് ലക്ഷ്മി ഒരിക്കലും കടന്നു വന്നിട്ടില്ല. എന്തായിരുന്നു അവള്‍ കടന്നു വരാതിരുന്നത്. ഋതുമാറ്റങ്ങള്‍ വസന്തം വാരിവിതറിയ നിറയൌവ്വനം യാത്ര പറഞ്ഞു പോയപ്പോഴായിരുന്നു ആ സുന്ദരിയായ യുവതി എന്‍റെ ബാല്യകാലസഖി ആയിരുന്നല്ലോ എന്നോര്‍ത്തത്.

നന്ദിനി പറഞ്ഞതുപോലെ പിന്‍വിളികള്‍ കേള്‍ക്കാത്ത ദുര്യോധനന്‍. ഒരു വാഴയിലമാത്രം ഉടുത്ത് ഇരുളിന്‍റെ മറവിലൂടെ പതുങ്ങിപ്പോയ ദുര്യോധനന്‍. വെളിച്ചത്തെ ഭയന്ന ദുര്യോധനന്‍.

നീ ഒരു വിളക്കുമാരമാണ്, പ്രക്ഷുബ്ധമായ കടലില്‍ ഒറ്റപ്പെട്ട് ഒഴുകി നടക്കുന്ന എനിക്ക് ഒരു മുക്കൂത്തി വെളിച്ചം പോലെ മിന്നുന്ന വിളക്കുമരം. കൊടുങ്കാറ്റിലും ആടിയുലാതെ തിരിനാളം കെട്ടുപോകാതെ സ്ഥായിയായി നില്‍ക്കുന്ന ഒരു വിളക്കുമരം"

ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കടല്‍ത്തീരത്തെവിടെയോ ഒരു പിഞ്ചുകുഞ്ഞ് വിതുമ്പിക്കരയുന്നു. എന്‍റെ ശരീരമാകെ വെട്ടിവിയര്‍ത്തു. എന്‍റെ തോന്നലായിരുന്നോ അത്. നന്ദിനിയുടെ കരച്ചിലായിരുന്നോ അത്? ഇപ്പോള്‍ ആ കരച്ചില്‍ നിലച്ചിരിക്കുന്നു.
ഓര്‍മ്മയിലെന്നും അവളൊരു പിഞ്ചുകുഞ്ഞായിരുന്നു അവള്‍.

ആദ്യത്തെ അവധിയ്ക്ക് എത്തിയപ്പോള്‍ ഒരു കളിപ്പാട്ടം പോലെ വിച്ചു കോണ്ടു നടന്ന അവന്‍റെ കുഞ്ഞുപെങ്ങള്‍. ചുണ്ടുകള്‍ വിടര്‍ത്തി പതുക്കെ വിതുമ്പി തുടങ്ങി ക്രമേണ ആവൃത്തി വര്‍ദ്ധിപ്പിച്ച് വലിയ വായില്‍ കരയുന്ന അവളുടെ ചിത്രമാണ് അവളെക്കുറിച്ചുള്ള ഏറ്റവും സുന്ദരമായ ഓര്‍മ്മ. ഞാന്‍ വീടിന് പുറത്തേക്കിറങ്ങി. നല്ല നിലാവുണ്ട്.

ഇന്ദ്രണ്ണാ, നമുക്കൊന്ന് തെള്ളി നോക്കിയാലോ? ചെലപ്പോള്‍ അയില വന്ന് പൊനപ്പിന് ചാടും"

ഞാന്‍ ഞെട്ടി.

ഡോ നരീ താനെന്താ മടിച്ച് നിക്കുന്നേ, ഞാന്‍ വള്ളം തെള്ളാന്‍ പോവാ, താന്‍ വരുന്നെങ്കില്‍ വാ"

ഇല്ല രാമു ഈ കടപ്പുറത്തില്ല. അവനിപ്പോള്‍ ഇപ്പോള്‍ വള്ളം തെള്ളാന്‍ വരാന്‍ പറ്റില്ല.

ഇന്ദ്രണ്ണാ എന്നും ഒഴുക്കുവലേം താങ്ങുവള്ളോം പിന്നെ മുറിവള്ള പെയ്ത്തു മായിട്ട് നടന്നാല്‍ മതിയോ നമുക്ക്, നമുക്കൊരു പ്രസ്ഥാനം ഇറക്കണം. ചൈനേടെ എഞ്ചിന്‍ വെച്ച വല്യൊരു ഇരുമ്പ് ബോട്ട്. എക്കോസൌണ്ടറും ജിപിഎസും ഒക്കെയുള്ള വല്യ ഒരു ബോട്ട്. ജപ്പാന്‍കാരെപ്പോലെ നമ്മടെ ബോട്ടിലും നമ്മള് കമ്പൂട്ടറ് ഫിറ്റ് ചെയ്യും. എന്നിട്ട് നമ്മള് രണ്ടാളും കൂടി ഒരുമിച്ച് പെയ്യും, എന്നിട്ട് പിന്നേം ബോട്ട് വാങ്ങും. എന്നിട്ട് അണ്ണന്‍ പിന്നെ കടലില് വരണ്ട. അണ്ണന്‍ കരേലെ കാര്യം നോക്കിയാല്‍ മതി. നമ്മക്കൊരു അടിപൊളി കാറ് വാങ്ങണം. എന്നിട്ട് തോപ്പുംപടി പോര്‍ട്ടില് നമുക്ക് ചെന്നിറങ്ങണം, അണ്ണാ, ഉറപ്പാണ്ണാ നമ്മള് ബോട്ടുണ്ടാക്കും, കപ്പല് പൊലത്തെ ഒരു ബോട്ട്"

നമ്മള്‍ എന്ന വാക്ക് ഏറ്റവും സുന്ദരമായി ഉപയോഗിച്ചിരുന്നത് എന്‍റെ രാമു ആയിരുന്നു. ഇപ്പോള്‍ അവന്‍റെ ചിന്തകളും സ്വപ്നങ്ങളും ഏത് ചാലകത്തിലൂടെയായിരിക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്! എവിടെയാണ് അവന്‍റെ സ്വപ്നങ്ങള്‍ പിഴച്ചത്. മരണത്തോട് യുദ്ധം ചെയ്തു ജയിക്കാന്‍ പ്രാപ്തിയുള്ളവന്‍ മനസ്സിനോട് യുദ്ധം ചെയ്തു തോല്‍ക്കുന്നു. അവന്‍റെ ധൈര്യവും മനക്കട്ടിയും വീറും വാശിയുമൊക്കെ എവിടെ പോയി!

ഞാന്‍ കുഞ്ഞിക്കണ്ണന്‍റെ വാക്കുകള്‍ ഓര്‍ത്തു.

ഇന്ദ്രാ, നമ്മുടെ സ്വന്തം ദുഖങ്ങള്‍ക്ക് വില കല്‍പിക്കണം നമ്മള്‍. ഒരാളുടെ ദുഖം അകറ്റുന്ന പ്രവൃത്തി അത് നമ്മുടെ തീരാദുഖത്തിന് കാരണമാകുമെങ്കില്‍ ആ പ്രവൃത്തി നമ്മള്‍ ചെയ്യരുത്. നമ്മുടെ സ്വന്തം ദുഖം തന്നെയാണ് ഏറ്റവും നമ്മളെ പീഡിപ്പിക്കുന്നത്. അല്ലാതെ മറ്റുള്ളവരുടെ ദുഖങ്ങള്‍ അല്ല."

അതെ രാമു അവന്‍റെ സ്വന്തം ദുഖങ്ങള്‍ക്ക് വില കല്‍പ്പിച്ചില്ല. അതിനേക്കാള്‍ വില കല്‍പ്പിച്ചത് ആ പെണ്‍കുട്ടിയുടെ ദുഖങ്ങള്‍ക്കാണ്. പക്ഷേ അതൊരു നാട്യമായിരുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്നു പോയി. കുഞ്ഞിക്കണ്ണന്‍റെ വാക്കുകള്‍ എത്ര സത്യമാണ്.

രാവിലെ കുഞ്ഞിക്കണ്ണന്‍ കണികണ്ടത് എന്നെയാണ്. ചെറിയഴീക്കലുള്ള അവന്‍റെ വീട്ടില്‍ എത്തി.

എന്തോ സങ്കടം ഉണ്ടല്ലൊ നിന്‍റെ മുഖത്ത്; എന്താ കാര്യം പറ?

അവന്‍ അങ്ങനെയാണ് മുഖം വായിക്കാന്‍ മിടുക്കന്‍.

അവന്‍റെ അമ്മ വിളമ്പിയ സ്നേഹസമൃദ്ധമായ പ്രാതല്‍ അവനൊപ്പമിരുന്നു കഴിച്ചിട്ട് ഞാന്‍ അവനോടൊപ്പം പുറത്തിറങ്ങി.

രാമു ആശുപത്രിയില്‍ ആയതും നാട്ടിലേക്ക് പെട്ടെന്ന് വന്നതും എന്നെ ഇവിടെ നിര്‍ത്തിയിട്ട് കൃഷ്ണന്‍ തിരിച്ചു പോയതും ഞാന്‍ അവനോട് പറഞ്ഞു.

"
നീ അതിന് വിഷമിക്കേണ്ട കാര്യമില്ലല്ലോ! അവന് ഒരു രോഗം വന്നു. ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന ഒരു രോഗം. അവനിപ്പോള്‍ ചികിത്സയിലുമാണല്ലോ. നിനക്ക് അസുഖങ്ങള്‍ വന്നിട്ടില്ലേ! എനിക്കും വന്നിട്ടുണ്ട്. അതൊക്കെ ഭേദമായിട്ടുമുണ്ട്. അന്ന് ആക്സിഡന്‍റ് സംഭവിച്ചപ്പോള്‍ നീ പറഞ്ഞില്ലേ. നിനക്കിനി ഒരിക്കലും നടക്കാന്‍ പറ്റില്ലെന്ന്. എന്നിട്ട് നീയിപ്പോള്‍ നടക്കുന്നില്ലേ?" കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.

"
അന്ന് നീ ഉണ്ടായിരുന്നല്ലോ എനിക്ക് ധൈര്യമായിട്ട്.പക്ഷേ അവനിപ്പോള്‍"

"
അവന് നമ്മളെല്ലാവരും ഉണ്ട്"

"
കുഞ്ഞിക്കണ്ണാ, നിങ്ങളോരുരത്തരും എന്നെ എത്രമാത്രം സ്നേഹിച്ചിട്ടുണ്ട്, പക്ഷേ തിരിച്ച് നിങ്ങള്‍ക്കത് തരാന്‍ പലപ്പോഴും എനിക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ ഒരു നന്ദികെട്ടവനാണെന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?"

"
ഞാന്‍ ഇന്ന് ലീവെടുക്കാം, ഞാനും വരുന്നു തൃക്കുന്നപ്പുഴയ്ക്ക്. അനാവശ്യമായ ചോദ്യങ്ങള്‍ നിന്‍റെ സ്ഥിരം ശൈലിയാണ്? അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ വേണ്ട"

"
അല്ല കുഞ്ഞിക്കണ്ണാ, നിങ്ങളോരുത്തരും എന്നെ സ്നേഹിച്ചിട്ടേയുള്ളൂ, സഹായിച്ചിട്ടേ ഉള്ളൂ, തിരിച്ച് നിങ്ങളെ ആരേയും ഞാന്‍ സ്നേഹിച്ചിട്ടില്ല, സഹായിച്ചിട്ടില്ല. അതൊരു സത്യമാണ്"

"
ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു, സഹായിക്കുന്നു. എന്തുകൊണ്ട്?"
ഞാന്‍ ഉത്തരമൊന്നും പറഞ്ഞില്ല.

"
ഇന്ദ്രാ, വെറുതെ നമ്മള്‍ ആരെയും സ്നേഹിക്കില്ല, ഓരോരുത്തരേയും സ്നേഹിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്. നമുക്ക് മാത്രം അറിയാവുന്ന കാരണങ്ങള്‍. നിന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരു കാരണമുണ്ടായിരിക്കും, അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു കാരണം"

"
നീ എന്നെ സ്നേഹിക്കുന്നതിന്‍റെ കാരണം?"

"
അതിനും ഒരു കാരണം ഉണ്ടായിരിക്കും. പക്ഷേ ഞാനിതുവരെ ആ കാരണമെന്തെന്ന് അന്വേഷിച്ചിട്ടില്ല"

ഇതാ വേറോരു നാരായണന്‍. എന്‍റെ തൊട്ടരികില്‍. ദീപ്തമായ മിഴികളോടെ. ചിന്തകളെ ഉദ്ദീപിക്കുന്ന മൊഴികളുമായ്.

കുഞ്ഞിക്കണ്ണാ, നീയെന്ന സുഹൃത്ത് എന്‍റെ ഭാഗ്യമാണ്. എന്‍റെ മഹാഭാഗ്യം. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഞങ്ങള്‍ ആശുപത്രിയില്‍ എത്തി. രാമുവിന്‍റെ അമ്മയും അച്ഛനും വിഷണ്ണരായി ഇടനാഴിയിലെ ചാരുബെഞ്ചില്‍ ഇരിക്കുന്നു. ഞങ്ങളെ കണ്ടതും അവരിരുവരും എഴുന്നേറ്റു.

"
മോനേ, അവന്‍ ഉറങ്ങിയെഴുന്നേറ്റു. അവനെ കാണാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചു. പക്ഷേ അവന് ആരേയും തിരിച്ചറിയാന്‍ പറ്റുന്നില്ല" അവന്‍റെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു.

ഞങ്ങള്‍ രാമു കിടക്കുന്ന മുറിയിലേക്ക് പോയി. അവന്‍ വളരെ അവശനായി കാണപ്പെട്ടു. അവന്‍റെ മുഖത്തെ തേജസ്സ് നഷ്ടപ്പെട്ടതുപോലെ. തിളങ്ങുന്ന കണ്ണുകള്‍ മാത്രം അതുപോലെയുണ്ട്. അതിന്‍റെ തിളക്കം കൂടിയതു പോലെ. അപരിചതരെപ്പോലെ അവന്‍ ഞങ്ങളെ ഓരോരുത്തരേയും മാറി മാറി നോക്കി. ഞാന്‍ അവന്‍റെ കട്ടിലില്‍ ഇരുന്നു.

"
രാമൂ, ഇത് ഞാനാടാ, നിന്‍റെ ഇന്ദ്രണ്ണന്‍"

പക്ഷേ അവന്‍ എന്നെ തിരിച്ചറിയുന്നില്ല. അന്യഗ്രഹ ജീവിയെ കണ്ടതുപോലെയാണ് അവന്‍റെ മുഖഭാവം. എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ഞാന്‍ മുന്നോട്ട് കുനിഞ്ഞ് അവന്‍റെ നെറ്റിയില്‍ ചുംബിച്ചു. ഇനി അവിടെ ഇരുന്നാല്‍ വലിയ വായില്‍ കരയുമോ എന്നു ഞാന്‍ ഭയപ്പെട്ടു. ഞാന്‍ എഴുന്നേറ്റു.

അപ്പോഴാണ് കണ്ടത്, കട്ടിലിന്‍റെ കാലിനേയും രാമുവിന്‍റെ കാലിനേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഒരു ഇരുമ്പ് ചങ്ങല. ഭ്രാന്ത് എനിക്കാണെന്ന് തോന്നി. ഞാന്‍ വായുവേഗത്തില്‍ അവിടെ നിന്നും പുറത്തേക്കെത്തി. കുറച്ചു നിമിഷം കഴിഞ്ഞപ്പോള്‍ തൊട്ടു പുറകിലെത്തിയ കുഞ്ഞിക്കണ്ണന്‍ എന്‍റെ വലതുകരം പിടിച്ചമര്‍ത്തി, എനിക്ക് ധൈര്യം തരാനെന്നോണം.

"
അവന്‍ പെട്ടെന്ന് തിരിച്ചു വരും. അന്ന് എല്ലാവരേയും തിരിച്ചറിയും" കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

എന്തോ എപ്പോഴത്തേയും പോലെ അവന്‍റെ വാക്കുകള്‍ വിശ്വസിക്കാന്‍ എനിക്ക് അപ്പോള്‍ തോന്നിയില്ല.

"
അണ്ണാ ഞാനൊന്ന് ഉറങ്ങുവാ, അണ്ണന്‍ ഒന്ന് വല നോക്ക് കുറച്ച് നേരം" അതു പറഞ്ഞിട്ട് രാമു അമരത്തെ പടിയില്‍ വിലങ്ങനെ മലര്‍ന്ന് കിടന്നു.

അവന്‍ അങ്ങനെ കിടന്ന് സുഖമായ് ഉറങ്ങും. കടലില്‍ ജീവിക്കുന്ന മനുഷ്യജീവി, അതാണവന്‍. ഞാന്‍ അണിയത്ത് ചാരിയിരുന്നു. ഒന്നര കിലോമീറ്റര്‍ നീളമുള്ള ഞങ്ങളുടെ ഒഴുക്കു വലയുടെ അങ്ങേയറ്റത്ത് ഒഴുക്ക് പന്തം ഇപ്പോഴും തെളിഞ്ഞു കത്തുന്നു. തിരമാലകളില്‍ കിടന്ന് പന്തം ചാഞ്ചാടുന്നു. രാമു സുഖമായി ഉറങ്ങിത്തുടങ്ങി. ഞാന്‍ ആകാശത്തെ നക്ഷത്രങ്ങളേയും നോക്കി കിടന്നു. ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് നക്ഷത്രങ്ങള്‍ ഞാനും രാമുവുമാണെന്ന് എനിക്ക് തോന്നി.

"
അണ്ണാ നമുക്കൊരു ഹൌസ് ബോട്ടെടുത്ത് ഒന്ന് കറങ്ങണം, അല്ലേല്‍ വേണ്ടണ്ണാ, നമുക്ക് നമ്മുടെ വള്ളത്തില്‍ പുന്നമട വരെ പോണം ഒരു ദിവസം. എന്നിട്ട് സായിപ്പിനോടും മദാമ്മയോടും ഇംഗ്ലീഷില്‍ പറയണം, വീ ആര്‍ അരിസ്റ്ററോ..ക്രാറ്റിക് ഫിഷര്‍ മേന്‍"

"
അരിസ്റ്ററോ ക്രാറ്റിക് അല്ലെടാ, അരിസ്റ്റോക്രാറ്റിക്"

"
ങാ, എന്തു കുന്തമായാലും, എന്നിട്ട് പള്ളാത്തുരുത്തി പാലത്തിന്‍റെ താഴെ എത്തുമ്പോള്‍ അണ്ണന്‍റെ ആ പാട്ട് പാടണം"

അതെ രാമു പാടുകയാണ്.

പള്ളാത്തുരുത്തിയാറ്റില്‍ പണ്ട് പള്ളത്തി പിടിക്കാന്‍ വന്നവളേ
പമ്മി പമ്മി ഇരുന്ന് ചൂണ്ട ഇട്ടവളേ
കണ്ണിമാങ്ങ വീഴാന്‍ കാത്തിരുന്നവളേ
കൊയ്ത്തരിവാ കൊണ്ട് തലചൊറിഞ്ഞവളേ

കുട്ടനാടന്‍ പാടങ്ങള്‍ക്ക് മുകളിലൂടെ കായലിന് മീതേ ഞങ്ങളുടെ ഒഴുക്കുവലവള്ളം ഒഴുകുകയാണ്. ഒരു ബണ്ടുതറയില്‍ ഇരിക്കുന്ന ഭീമന്‍ ഡീസല്‍ പമ്പ് കഠോര ശബ്ദമുണ്ടാക്കിക്കൊണ്ട് പാടത്തെ വെള്ളം തേകുന്നു.

ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വീണ്ടും അതേ കഠോര ശബ്ദം. ഉള്‍ക്കിടിലത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. ഒരു കൂറ്റന്‍ ചരക്കുകപ്പല്‍ ഞങ്ങളുടെ വള്ളത്തിന് തൊട്ടരികിലൂടെ കടന്നു പോകുന്നു. ഞാന്‍ ഞെട്ടി വിറച്ചു.

"
രാമൂ...."

ഞാന്‍ അലറി വിളിച്ചു. രാമു പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പര്‍വതം പോലോരു കപ്പല്‍ ഞങ്ങളുടെ അരികിലൂടെ കടന്നു പോകുന്നത് കണ്ട് അവന്‍ ആദ്യം അന്ധാളിച്ചു പോയി.

"
കള്ളിയിലറങ്ങി കിടക്കണ്ണാ"

ഞങ്ങള്‍ കള്ളിയിലേക്ക് ചാടിയിറങ്ങി. പടിയില്‍ ബലമായി പിടിച്ചിരുന്നു. വെളിച്ചത്തില്‍ കുളിച്ച കൂറ്റന്‍ ജലപര്‍വ്വതത്തിനോട് ഞങ്ങളുടെ വള്ളം ഒട്ടി. കപ്പല്‍ കടന്നു പോയിക്കഴിയുന്ന ഉടനെ ഭീമന്‍ ചുഴികളില്‍ പെട്ട് വട്ടം തിരിഞ്ഞ് ഞങ്ങളുടെ ചെറിയ ഫൈബര്‍ വള്ളം മുങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.

ഞങ്ങളുടെ വള്ളം കപ്പലിന്‍റെ പിന്‍ഭാഗത്ത് തട്ടി ചിന്നഭിന്നമാകും. കപ്പലിന്‍റെ ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുള്ള ഭീമന്‍ പ്രൊപ്പല്ലറുകള്‍ ഞങ്ങളെ വലിച്ചെടുത്ത് കഷണങ്ങളാക്കി കടലില്‍ ഉപേക്ഷിക്കും. ഇതാ പര്‍വ്വതം പോലെ മരണം ഞങ്ങളുടെ മുന്നില്‍.

പെട്ടെന്ന് ഒരു ദൈവവിളി എന്ന പോലെ രാമൂ ചാടിയെഴുന്നേറ്റു. കപ്പല്‍ ഞങ്ങളോട് ചേര്‍ന്നു മുന്നോട്ട് കുതിക്കുന്നു. അവന്‍ കപ്പലില്‍ കൈകള്‍ അമര്‍ത്തി ശക്തിയായി തള്ളി. വള്ളം അനങ്ങുന്നില്ല. കാന്തത്തിനോട് ഒട്ടുന്നത് പോലെ വള്ളം കപ്പലിനോട് കൂടുതല്‍ അടുക്കുന്നു. വള്ളം ചെറുതായി ചരിയുകയും ചെയ്തു. പെട്ടെന്ന് വള്ളം ഒന്ന് നിവര്‍ന്ന് എതിര്‍ ദിശയിലേക്ക് കറങ്ങി ഒരു നിമിഷം നിശ്ചലമായി നിന്നു.

അടുത്തനിമിഷം വള്ളം എതിര്‍ദിശയില്‍ കറങ്ങി കപ്പലിന്‍റെ സഞ്ചാരദിശയ്ക്ക് സമാന്തരമായി വള്ളം നിന്നു. വള്ളം ഒന്നുകൂടി കപ്പലിനോട് ഒട്ടി. രാമു ആ നിമിഷം കൊണ്ട് ഔട്ട് ബോര്‍ഡ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. എന്‍ജിന്‍റെ പങ്ക അതിന്‍റെ പരമാവധി വേഗതയില്‍ കറങ്ങി. രണ്ടു മിനിറ്റോളം വള്ളം കപ്പലിന് സമാന്തരമായി മുന്നോട്ട് നീങ്ങി. പെട്ടെന്ന് കപ്പല്‍ ഞങ്ങളെ മറികടന്നു. പെട്ടെന്ന് വള്ളത്തിന്‍റെ അണിയം കപ്പലിന് എതിര്‍ ദിശയിലായി.

വള്ളത്തിനെ മുന്നോട്ട് തള്ളാനുള്ള ശക്തി ഔട്ട് ബോര്‍ഡ് എന്‍ജിന് നഷ്ടപ്പെട്ടതു പോലെ. മൂന്ന് തവണം അണിയം ശക്തിയായി ഭീമന്‍ തിരമാലകളില്‍ കുത്തിക്കയറി. ഇതാ മരണം ഞങ്ങളെ വിഴുങ്ങാന്‍ പോകുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കപ്പലിന്‍റെ ശബ്ദം ദൂരേയ്ക്ക് അകന്നു പോകുന്നത് തിരിച്ചറിഞ്ഞ ഞാന്‍ പതുക്കെ കണ്ണു തുറന്നു. ഞങ്ങളുടെ വള്ളം കറങ്ങി കറങ്ങി കപ്പലില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു. രാമു അണിയത്തേക്ക് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഹൃദയം പെരുമ്പറ കൊട്ടുന്നത് എങ്ങനെയെനെയെന്ന് ഞങ്ങള്‍ പരസ്പരം കേട്ടറിഞ്ഞു. മരണം ഞങ്ങളെ തഴുകി തലോടി മുന്നോട്ട് കടന്നു പോയിരിക്കുന്നു.

"
അണ്ണാ, അണ്ണന്‍ ഗുരുത്വമുള്ളവനാ, കടലമ്മ നമ്മളെ കപ്പലിന് കൊടുത്തില്ല"
അവന്‍ എന്നെ ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കി.

പിന്നെ തട്ടിന്‍റെ മുകളില്‍ കയറി നിന്ന് അവന്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.

"
എന്‍റെ ശിവനച്ഛാ.. എന്‍റെ ശിവനച്ഛാ.."

അവന് ഭ്രാന്ത് പിടിച്ചോ എന്ന് എനിക്കാദ്യമായി സംശയം തോന്നിയത് രക്ഷപെടലിന്‍റെ ആ രാത്രിയില്‍ ആയിരുന്നു.

അവന്‍ പെട്ടെന്ന് അണിയത്ത് ചെന്നിരുന്നു എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടാക്കി.

കടലമ്മേ, ഞങ്ങള് നിന്‍റെ മുത്തുകളാടീ"

ഉപ്പുവെള്ളം തൊട്ട് നാക്കില്‍ വെച്ചു കൊണ്ട് രാമു പറഞ്ഞു. പെരുമീന്‍ വെള്ളി നോക്കി ദിശതിട്ടപ്പെടുത്തിയിട്ട് രാമു വള്ളം കര ലക്ഷ്യമാക്കി ഓടിച്ചു.

ഭ്രാന്തിന്‍റെ ചുഴികളില്‍ നിന്നും അതുപോലെ രക്ഷപെടാന്‍ അവന് കഴിഞ്ഞിരുന്നെങ്കില്‍!

ആശുപത്രിയുടെ മുറ്റത്ത് ഒരു കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. ആ മഞ്ഞപ്പൂക്കള്‍ക്ക് ഒട്ടും ഭംഗിയില്ലെന്ന് എനിക്ക് തോന്നി.

"
ആരാണ് ഇന്ദ്രന്‍?"

ഞങ്ങള്‍ തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചു കൊണ്ട് ഡ്യൂട്ടി ഡോക്ടര്‍.

"
ഇന്ദ്രനെ രാമു തിരക്കുന്നു."

ഞാന്‍ ഓടുകയായിരുന്നു അവന്‍ കിടക്കുന്ന മുറിയിലേക്ക്. എനിക്ക് വിശ്വാസം വന്നില്ല. അപരിചിതഭാവത്തോടെ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അവനിപ്പോഴും തുറിച്ചു നോക്കുന്നു. ഞാന്‍ അവന്‍റെ അരികില്‍ മുട്ടുകുത്തി ഇരുന്നു.

"
അണ്ണാ, നാളെ നമുക്ക് വള്ളം തെള്ളണം" ക്ഷീണിച്ച സ്വരത്തില്‍ അവന്‍ പറഞ്ഞു.

"
തെള്ളാം രാമൂ, നാളെ നമുക്ക് വള്ളം തെള്ളാം. കടലീന്ന് നമ്മള്‍ വാരിക്കൊണ്ട് വരും"

"
നരീ.." അവന്‍ പതിയെ വിളിച്ചു.

"
പറയെടാ, രാമൂ"

"
നമ്മള് ബോട്ട് വാങ്ങും, എന്നിട്ട് നമ്മളൊന്നിച്ച് പെയ്യും" ഞാന്‍ അവന്‍റെ തഴമ്പുറഞ്ഞ കൈകളില്‍ ബലമായി പിടിച്ചമര്‍ത്തി. അവന്‍ എന്തോ പറയാന്‍ ആഞ്ഞു. പക്ഷേ കഴിഞ്ഞില്ല. അവന്‍ പതിയെ കണ്ണുകള്‍ അടച്ചു.

"
രാമു ഉറങ്ങട്ടെ, ഇനി ശല്യപ്പെടുത്തേണ്ട, ഹി വില്‍ ബീ ഓള്‍ റൈറ്റ്" ഡോക്ടര്‍ പറഞ്ഞു.
അവന്‍ ഉറങ്ങുന്നത് ഞാന്‍ നോക്കിയിരുന്നു.

രാത്രിയായപ്പോള്‍ കുഞ്ഞിക്കണ്ണന്‍ പോയി. പോകുന്നതിന് മുന്‍പ് അവന്‍ പറഞ്ഞു.

"
ഇന്ദ്രാ, നീ ചോദിച്ചില്ലേ, നിന്നെ സ്നേഹിക്കുന്നതിന്‍റെ കാരണം എന്താണെന്ന്? ആ കാരണമാണ് ഇന്ന് രാമുവിലൂടെ നീ തിരിച്ചറിഞ്ഞത്."

ഏഴാം ദിവസം രാമുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. സൂര്യാസ്തമയം കണ്ടുകൊണ്ട് കടപ്പുറത്തിരിക്കുമ്പോള്‍ രാമു പറഞ്ഞു.

"
എനിക്ക് ഇനി അവസ്ഥ വന്നാല്‍ അണ്ണന്‍ വന്ന് എന്നെ കടലില്‍ കൊണ്ട് പോണം. തിരിച്ച് നീന്തിക്കയറാന്‍ പറ്റാത്തത്ര ദൂരത്ത്. എന്നിട്ടെന്നെ കടലില്‍ വലിച്ചെറിഞ്ഞിട്ട് അണ്ണന്‍ തിരിച്ചു വരണം"

ഞാന്‍ രാമുവിനെ ചേര്‍ത്ത് പിടിച്ചു.

"
കടലില്‍ നിനക്ക് നീന്തിക്കയറാന്‍ പറ്റാത്ത ദൂരമില്ല രാമൂ. കടലമ്മയ്ക്ക് നിന്‍റെ ജീവനെടുക്കാനും കഴിയില്ല. നിനക്കിനി അങ്ങനെ ഒരു അവസ്ഥ വരില്ല."

ദൂരെ നങ്കുരമിട്ട ഒരു ബോട്ടിലെ വെളിച്ചം കൂടുതല്‍ വ്യക്തമായി തുടങ്ങിയപ്പോള്‍ രാമു എഴുന്നേറ്റു. ഞാനവനെ വീട്ടില്‍ എത്തിച്ചു.
"
അണ്ണന്‍റെ ലീവ് കളയണ്ട, അണ്ണന്‍ നാളെ തന്നെ പോയ്ക്കോ" അവന്‍ പറഞ്ഞു.
ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചത് ഇനി അവന്‍റെ മനസ്സിന്‍റെ താളം തെറ്റരുതേ എന്നായിരുന്നു.

രാമുവിനോട് യാത്ര പറയാന്‍ പറ്റുമായിരുന്നില്ല. അമ്മ തന്ന ഒരുപൊതി ചോറുമായി വെളുപ്പിന് തന്നെ റെയില്‍വേസ്റ്റേഷനില്‍ എത്തി. ടിക്കറ്റെടുത്ത് വണ്ടിയും കാത്ത് പ്ലാറ്റ് ഫോറത്തില്‍ ഇരുന്നു.

ഞാന്‍ മുരടിപ്പിച്ച് പാകപ്പെടുത്തി ആവാസവ്യവസ്ഥകള്‍ മാറി മാറി സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഒരു ബോണ്‍സായ് വൃക്ഷമാണെന്ന് എനിക്ക് തോന്നി. സ്വന്തം മണ്ണ് നഷ്ടപ്പെട്ട ബോണ്‍സായ് വൃക്ഷം. പടര്‍ന്ന് പന്തലിച്ച് തണലേകാന്‍ കഴിയാതെ. ആഴങ്ങളിലേക്ക് വേരൂന്നി മറ്റു വൃക്ഷങ്ങളുടെ വേരുമായി ചുറ്റിപ്പിണയാന്‍ കഴിയാതെ വെറുമൊരു മണ്‍ചെട്ടിയില്‍ വളരുന്ന വൃക്ഷം.

ഫോണ്‍ ചിലയ്ക്കുന്നു. നോക്കിയപ്പോള്‍ കൃഷ്ണചന്ദ്രന്‍ വിളിക്കുന്നു.

"
രാമുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്തല്ലോ, ഇനി ഇങ്ങോട്ട് എഴുന്നള്ളുന്നില്ലേ?"

"
ഞാന്‍ ട്രയിന്‍ കാത്ത് നില്‍ക്കുന്നു"

"
നന്നായി, അല്ലേല്‍ നീ എന്നെ കാണാനും ഭ്രാന്താശുപത്രിയില്‍ വരേണ്ടി വന്നേനേ, നീയില്ലാതെ എനിക്ക് വട്ട് പിടിക്കുന്നളിയാ"

"
ഫോണ്‍ വെച്ചിട്ട് പോടാ കോപ്പേ, ദാ ട്രയിന്‍ എത്തി"

ഞാന്‍ ട്രയിനില്‍ കയറി.

ട്രയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ഞാന്‍ കിഷോര്‍ മാധവനെ കുറിച്ചോര്‍ത്തു. അയാള്‍ എന്തായിരിക്കും എന്നെ സ്നേഹിക്കുന്നത്! കുഞ്ഞിക്കണ്ണന്‍ പറഞ്ഞതുപോലെ അതിനും ഒരു കാരണമുണ്ടായിരിക്കും. കിഷോര്‍ മാധവന് മാത്രം അറിയാവുന്ന ഒരു കാരണം.

അയാള്‍ അന്ന് കോഴിക്കോട്ട് വെച്ച് കണ്ടതിന് ശേഷം പിന്നീടിതുവരെ വിളിച്ചിട്ടില്ലല്ലോ എന്ന് ഞാനോര്‍ത്തു. എന്തായിരിക്കും അയാള്‍ വിളിക്കാഞ്ഞത്? മഞ്ചേരിയില്‍ എത്തിയിട്ട് അയാളെ വിളിക്കണം.

യാത്രകളുടെ ആവര്‍ത്തനങ്ങള്‍ വളരെ വിരസമാണ്. ഒരേ മരങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുന്നു.വളരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. എന്നും ആലപ്പാട്ട് കടപ്പുറത്തെ ആ ചെറിയ ഭീമദുര്യോധനന്‍മാരായി ഇരുന്നാല്‍ മതിയായിരുന്നു. ഞാനും വിഷ്ണുവും വളരേണ്ടിയിരുന്നില്ല.

വായില്‍ പഞ്ചാമൃതത്തിന്‍റെ രുചിയുള്ളത് പോലൊരു തോന്നല്‍ എനിക്കുണ്ടായി. ആലപ്പാട്ടമ്പലത്തിലെ പത്താം ഉത്സവത്തിന് കിട്ടുന്ന പഞ്ചാമൃതത്തിന്‍റെ രുചി. പഞ്ചാമൃതം കഴിച്ചിട്ട് കൊതിയോടെ വിരലുകളും നക്കി നടക്കുന്ന ഇന്ദ്രുവിനേയും വിച്ചുപ്പാപ്പയേയും ഞാന്‍ കണ്ടു.

എന്‍റെ ശരീരം പെട്ടെന്ന് വെട്ടി വിയര്‍ത്തു. എന്‍റെ ശരീരത്തില്‍ ഇരുന്ന് ആരോ വിളിച്ചു പറയുന്നു, അവന്‍ നിന്‍റെ തൊട്ടടുത്ത് ഉണ്ടെന്ന്. ട്രയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഞാന്‍ പുറത്തേക്ക് നോക്കി. എറണാകുളം ടൌണ്‍ റെയില്‍വേ സ്റ്റേഷന്‍.

പ്ലാറ്റ്ഫോറത്തില്‍ ഒഴിഞ്ഞ ഒരു ചാരുബെഞ്ച്. ആ ചാരുബെഞ്ചിലല്ലേ ഞങ്ങള്‍ ഒരു രാത്രി മൊത്തം കഥ പറഞ്ഞിരുന്നത്! ഒരിക്കല്‍ എന്നെ യാത്രയാക്കാന്‍ വന്നപ്പോഴും അവന്‍ ആ ചാരുബെഞ്ചിലല്ലേ ഇരുന്നത്!

ട്രയിന്‍ പുറപ്പെടുന്നതിന് മുന്‍പേ ആ ചാരുബെഞ്ചില്‍ പോയി അല്‍പനേരം ഇരിക്കണം എന്ന് എനിക്ക് തോന്നി. ഞാന്‍ കംപാര്‍ട്ട്മെന്‍റിന്‍റെ വെളിയില്‍ ഇറങ്ങി. ആ ചാരുബെഞ്ചിനും പഞ്ചാമൃതത്തിന്‍റെ ഗന്ധമുണ്ടെന്ന് അതിലിരുന്നപ്പോള്‍ എനിക്ക് തോന്നി.

പെട്ടെന്ന് ഫോണ്‍ ചിലച്ചു. ഞാന്‍ ഫോണിലേക്ക് നോക്കി. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിഷ്ണു വിളിക്കുന്നു. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"
എടാ, ആലപ്പാട്ടമ്പലത്തില്‍ കൊടിയേറുന്നതെന്നാ?"

"
മീനത്തിലെ ഉത്രട്ടാതിയ്ക്ക്"

"
എന്തായാലും ഞാന്‍ വരുന്നു, പത്ത് ദിവസത്തേക്ക്"

ഞാന്‍ കുറച്ച് നേരം മിണ്ടാതെയിരുന്നു.

"
നീയെന്താടാ മിണ്ടാതിരിക്കുന്നത്? എത്ര നാളായാടെ നമ്മളൊന്നിച്ച് ഉത്സവം കൂടിയിട്ട്"

"
കുറേ നാളായി"

"
ഞാന്‍ വരുന്നു, നമ്മുടെ നഷ്ടബാല്യം തിരിച്ചെടുക്കാന്‍"

"
നീ, വാ"

"
ചിറകുകള്‍ വെച്ച് പറന്നു ഞാന്‍ വരുമെടാ കള്ള ദുര്യോധനാ, നിന്‍റെ കര്‍ണ്ണനാ പറയുന്നത്"

"
നീ വാ, എളുപ്പം വാടാ, എത്രയും പെട്ടെന്ന് വാ"

സ്ഥലകാലബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ നീങ്ങിത്തുടങ്ങിയ ട്രയിനിലേക്ക് ഓടിക്കയറി.

"
നീ ട്രയിനിലാണോ?"

"
അതെ,"

"
എങ്കില്‍ ഫോണ്‍ വെച്ചോളു, വിശേഷങ്ങളൊക്കെ വന്നിട്ട് പറയാം"

എത്ര പെട്ടെന്നാണ് അങ്ങാടിപ്പുറത്തെത്തിയത്. കൃഷ്ണചന്ദ്രന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നു.

"
എന്താടാ, എലി പുന്നെല്ല് കണ്ടപോലെ നിന്‍റെ മുഖത്തൊരു സന്തോഷം" അവന്‍ ചോദിച്ചു.

രാത്രിയില്‍ ഒരേ കിടക്കയില്‍ കിടക്കുമ്പോള്‍ കൃഷ്ണചന്ദ്രന്‍ പറഞ്ഞു.

"
ഇത്തവണ ഉത്സവത്തിന് ഞാനും വരുന്നു. നിന്‍റെ ഭൂതകാലങ്ങളിലൂടെ മറ്റൊരു ദുര്യോധനനെ പ്പോലെ എനിക്ക് നടക്കണം. ഹ ഹ ഹ!" അവന്‍ പൊട്ടിച്ചിരിച്ചു.
അവന്‍ പെട്ടെന്ന് ഉറങ്ങും. പതിയെ അവന്‍ കൂര്‍ക്കം വലിച്ചു തുടങ്ങി. കുറച്ച് കഴിഞ്ഞ് അവന്‍ വലത് കാലുയര്‍ത്തി എന്‍റെ ശരീരത്തിലേക്കിട്ടു. ആ കാലിന് ഭാരമില്ലെന്ന് എനിക്ക് തോന്നി.

അപ്പോഴാണ് ഫോണ്‍ ചിലച്ചത്. ഞാന്‍ അതെടുത്ത് ചെവിയില്‍ വെച്ചു.

"
മാഷേ ഉറങ്ങിയോ?" കിഷോര്‍മാധവന്‍.

"
ഇല്ല ഗെഡീ"

"
മാഷേ, ഒരാഴ്ചയായിട്ട് കുറെ തിരക്കുണ്ടായിരുന്നു. വിശേഷങ്ങളൊക്കെ നാളെ പറയാം, മാഷ് ഹാപ്പിയല്ലേ?"

"
ഹാപ്പിയാണ്, ഐ ആം ദ ഹാപ്പിയേസ്റ്റ് മാന്‍ ഇന്‍ ദിസ് വേള്‍ഡ്"
കിഷോര്‍ മാധവന്‍ ചിരിച്ചു.

"
അതുമതി, അപ്പോ മാഷേ നാളെ വിളിക്കാം. ഗുഡ്നൈറ്റ്"
"
ഗുഡ്നൈറ്റ്"

അയാള്‍ ഫോണ്‍വെച്ചു. കൃഷ്ണചന്ദ്രന്‍റെ കൂര്‍ക്കം വലിയുടെ ആവൃത്തി കൂടിക്കുടി വന്നു.

സുഹൃത്തുക്കള്‍ ഈശ്വരന്‍മാരാണ്. നരന്‍റെ നാരായണന്‍മാര്‍. കിഷോര്‍ മാധവനെപ്പോലെ, കൃഷ്ണചന്ദ്രനെപ്പോലെ, കുഞ്ഞിക്കണ്ണനെപ്പൊലെ, രാമുവിനെ പ്പോലെ, വിഷ്ണുവിനെപ്പോലെ. ചിലപ്പോഴൊക്കെ പരിചിതമല്ലാത്ത പ്രദേശത്ത് എത്തുമ്പോള്‍ വഴിപറഞ്ഞു തരുന്ന തദ്ദേശ്ശവാസിയെപ്പോലെ. സുഹൃത്ത് എപ്പോഴും നരന്‍റെ നാരായണന്‍ ആണ്.

അതെ ഞാന്‍ നരനാണ്. എനിക്കു ചുറ്റും നാരായണന്‍മാരും. ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്. ഞാന്‍ തിരിഞ്ഞ് കൃഷ്ണചന്ദ്രനെ നോക്കി കിടന്നു. ഉറങ്ങുമ്പോഴാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ഈശ്വരതേജസ്സ് എന്ന് എനിക്ക് തോന്നി.

ഈ ലോകത്ത് എത്രയോ നരനാരായണന്മാര്‍ ഇതുപോലുണ്ടായിരിക്കും! ഞാന്‍ കണ്ണുകള്‍ പതിയെ അടച്ചു. ഉറക്കം എന്നെ തഴുകിത്തുടങ്ങുന്നത് ഞാനറിഞ്ഞു.