വെളിച്ചത്തിലലിയുന്ന ഇരുള്‍ (കഥ -
ഭാഗം-1)
ശരത്ബാബു പല്ലന.
..........................................................................................................................
അരണ്ടവെളിച്ചത്തില്‍ നിന്നും പ്രകാശത്തില്‍ കോരിക്കുളിച്ച് നില്‍ക്കുന്ന തെരുവിലേക്കിറങ്ങിയപ്പോള്‍ അയാളുടെ അവസ്ഥ ആവാസ്ഥ വ്യവസ്ഥ നഷ്ടപ്പെട്ട ജീവികളുടേതിന് സമമായിരുന്നു. കടലില്‍ നിന്നും കരയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മത്സ്യത്തിനെപ്പോലെ. കാട്ടില്‍ നിന്നും ഇറങ്ങി ജനവാസകേന്ദ്രത്തില്‍ അകപ്പെട്ടുപോയ ഒരു ചെന്നായയെപ്പോലെ അയാള്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാനെന്നോണം പതുങ്ങി നടന്നു.
മനസ്സിനെ കീഴ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ലഹരി അയാളുടെ ശരീരത്തിനെ കീഴ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പ് അയാള്‍ ആ മദ്യശാലയില്‍ കയറിയതായിരുന്നു. കയ്യിലുള്ള അവസാനത്തെ നോട്ടിനും മദ്യം കഴിച്ച് തീര്‍ന്നപ്പോള്‍ അയാള്‍ മറ്റുള്ളവരോട് യാചിച്ച് മദ്യപിക്കാന്‍ തുടങ്ങി. സന്ദര്‍ശകര്‍ക്ക് സ്വൈര്യമായി മദ്യപിക്കാന്‍ അയാള്‍ ഒരു ശല്യമാകുന്നെന്ന് മനസ്സിലാക്കിയ നടത്തിപ്പുകാര്‍ അയാളെ മദ്യശാലയില്‍ നിന്നും കഴുത്തിന് പിടിച്ചു പുറത്താക്കി.
ഉറയ്ക്കാത്ത കാലുകളുമായി ആടിയാടി അയാള്‍ ലക്ഷ്യമില്ലാതെ നടന്നു. മദ്യശാലയ്ക്ക് മുന്നിലുള്ള തെരുവിന്‍റെ മറുവശത്തെ കടകള്‍ വൈദ്യുതിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നു. ഫാന്‍സി സ്റ്റോറുകളുടെ ധാരാളിത്തങ്ങള്‍ക്കിടയില്‍ ചെറിയൊരു പുസ്തകക്കട.
താളംതെറ്റിയ കാല്‍വെപ്പുകള്‍ക്കിടയിലും പുസ്തകക്കടയിലേക്ക് നോക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പുസ്തകക്കടയിലെ യുവതി എന്നത്തേയും പോലെതന്നെ ഇന്നു അയാളെത്തന്നെ സൂക്ഷിച്ചു നോക്കുന്നു. എന്നത്തേയും പോലെ തന്നെ അവളുടെ നോട്ടം നേരിടാന്‍ ശക്തിയില്ലാതിരുന്നത് കൊണ്ടു അയാള്‍ മുഖം പിന്‍വലിച്ച് വീണ്ടും മുന്നോട്ടു നടന്നു. ഒന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അപ്പോഴും അവള്‍ അയാളെത്തന്നെ നോക്കി നിശ്ചലം നില്‍ക്കുന്നു.
നഗരത്തിന്‍റെ ഒഴിഞ്ഞകോണിലെ പഴകിപ്പൊളിഞ്ഞ കെട്ടിടത്തിലെ അയാളുടെ വാടകമുറിയ്ക്കുള്ളിലെ കിടക്കയില്‍ നിക്ഷേപിക്കപ്പെട്ട മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് മുകളില്‍ അയാള്‍ മലര്‍ന്നു കിടന്നു. തുരുമ്പ് പിടിച്ച പങ്ക ഉറക്കെ കടകട ശബ്ദമുണ്ടാക്കിക്കൊണ്ട് അയാളുടെ ദൃഷ്ടിയ്ക്ക് മുകളില്‍ കറങ്ങിക്കൊണ്ടിരുന്നു. അയാള്‍ പുസ്തക്കടയിലെ യുവതിയെക്കുറിച്ച് ചിന്തിച്ചു.
എന്തായിരിക്കും അവള്‍ തന്നെ ഇങ്ങനെ നോക്കുന്നത്. അവള്‍ക്ക് തന്നെ പരിചയമുണ്ടോ? പരിചയമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയുമില്ലല്ലോ. അഥവാ തന്നെ പരിചയമുള്ള ആരെങ്കിലും തന്നെക്കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടാകുമോ? പക്ഷേ അതിനും വഴിയില്ലല്ലോ. തന്നെ ഈ നഗരത്തിലുള്ള ആര്‍ക്കും പരിചയമില്ലല്ലോ.
ഒരു കിര്‍ കിര്‍ ശബ്ദമുണ്ടാക്കി പങ്ക പെട്ടെന്ന് നിശ്ചലമായി. അയാള്‍ കിടക്കയിലെഴുന്നേറ്റ് നിന്ന് പങ്കയുടെ ഇലകള്‍ പിടിച്ചു കറക്കി. അത് വീണ്ടും മുരണ്ടുകൊണ്ട് കറങ്ങാന്‍ തുടങ്ങി. അയാള്‍ വീണ്ടും കിടന്നു. പുസ്തകക്കടയിലെ പെണ്ണിന്‍റെ നോട്ടം മറക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാളെക്കൊണ്ട് കഴിഞ്ഞില്ല. അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പഴകിദ്രവിച്ച ചുമരലമാരയില്‍ നിന്നും ബീഡിപ്പൊതി തപ്പിയെടുത്തു. രണ്ടു മൂന്ന് തീപ്പെട്ടിക്കൊള്ളികളെ തവിച്ച് കൊണ്ട് പങ്ക വീട്ടും ഉച്ചത്തില്‍ മുരളാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മുറിക്ക് പുറത്തേക്കിറങ്ങി.
ബീഡി കത്തിച്ച് വലിച്ചുകൊണ്ട് അയാള്‍ പാലം ലക്ഷ്യമാക്കി നടന്നു. മനസ്വസ്ഥത നഷ്ടപ്പെടുന്ന രാത്രികളില്‍ അയാള്‍ ആ പാലത്തില്‍ പോയി നില്‍ക്കാറുണ്ട്. എന്നെന്നേക്കുമായ് വരണ്ടുണങ്ങിയ പുഴയ്ക്ക് കുറുകെ ലോകത്തെ പരിഹസിച്ചു കൊണ്ട് നില്‍ക്കുന്ന പാലം ഒരു ആവശ്യമാണോ അനാവശ്യമാണോ എന്ന ഉത്തരമില്ലാത്ത സമസ്യയാണോ എന്ന് അയാള്‍ക്ക് നിരവധി തവണ തോന്നിയിട്ടുണ്ട്.
അയാളുടെ ജീവിതത്തെപ്പോലെ ഉത്തരമില്ലാത്തൊരു സമസ്യ. വറ്റിവരണ്ട പുഴ മാറാരോഗം ബാധിച്ച വേശ്യയെപ്പോലെയാണെന്ന് അയാള്‍ക്ക് തോന്നി. ഉപയോഗിച്ചവരാല്‍ തിരസ്കരിക്കപ്പെടുന്ന പുഴകള്‍. ജന്മാന്തരങ്ങളുടെ പുണ്യം വഹിക്കുന്നവളില്‍ മുങ്ങിയിറങ്ങി വിഷം സ്ഖലിപ്പിച്ച് അവളെ പാപിനിയാക്കി അവളുടെ രക്തം ഊറ്റിക്കുടിച്ച് അവളെ ഉണക്കച്ചണ്ടിയാക്കി അവളുടെ ശയ്യയ്ക്ക് തീകൊളുത്തി ഉന്മാദം ആഘോഷിക്കുന്നവനാണ് മനുഷ്യന്‍. വെന്തുകരിഞ്ഞ പ്രേതത്തിന്‍റെ അസ്ഥികള്‍ വാരിവില്‍ക്കാന്‍ അവനിലെ കച്ചവടക്കാരന്‍ അപ്പോഴും കാത്തിരിക്കുകയായിരിക്കും. അവസാനത്തെ ബീഡിയും വലിച്ചു തീര്‍ന്നപ്പോള്‍ അയാള്‍ക്ക് വീണ്ടും മദ്യപിക്കണമെന്ന് തോന്നി.
ഓവര്‍ബ്രിഡ്ജിന്‍റെ താഴെ കള്ളച്ചാരായം രഹസ്യമായി വില്‍ക്കുന്ന സ്ഥലത്തേക്ക് അയാള്‍ പോയി. കയ്യില്‍ ഒരു ചില്ലിക്കാശ് പോലും ഇല്ലെന്ന കാര്യം അയാള്‍ അപ്പോള്‍ മറന്നു. മെലിഞ്ഞുണങ്ങിയ വൃദ്ധ അയാള്‍ക്ക് ചാരായം പകര്‍ന്നു കൊടുത്തു. ഒറ്റവലിയ്ക്ക് അയാള്‍ അത് അകത്താക്കി. അയാളുടെ കയ്യില്‍ പണം ഇല്ലെന്നറിഞ്ഞതും വൃദ്ധ ക്ഷുഭിതയായി. അവര്‍ അയാളെ ചീത്ത വിളിച്ചുകൊണ്ട് പ്രാകി. പണം നാളെക്കൊടുക്കാമെന്ന് അയാള്‍ വിചാരിച്ചിട്ടുണ്ടായിരുന്നു. കോപം വന്ന അയാള്‍ ആ വൃദ്ധയെ തെറി വിളിച്ചു, വൃദ്ധ തിരിച്ചും. വൃദ്ധയുടെ മകള്‍ ശബ്ദം കേട്ട് പുറത്തിറങ്ങി വന്നു. അവളുടെ ഒരു പതിവുകാരനായിരുന്നു ഒരിക്കല്‍ അയാള്‍. ആ അനുകമ്പ കൊണ്ടായിരിക്കണം അവള്‍ വൃദ്ധയെ അനുനയിപ്പിച്ച് അയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു.
അയാള്‍ക്ക് ഒരു ബീഡി വലിയ്ക്കണമെന്നുണ്ടായിരുന്നു. തിരികെ മുറിയിലെത്തിയ അയാള്‍ മുറി മുഴുവനും അരിച്ചു പെറുക്കി. ബീഡി ലഭിക്കാത്തത് കൊണ്ട് ഉപേക്ഷിക്കപ്പെട്ട ബീഡിക്കുറ്റികളില്‍ ഏറ്റവും നീളം കൂടിയത് തെരഞ്ഞെടുത്ത് അയാള്‍ കത്തിച്ചു വലിച്ചു. രണ്ടു പുക ശക്തിയായി വലിച്ചെടുത്തപ്പോഴേക്കും അയാളുടെ ചുണ്ടു പൊള്ളി. ശ്രദ്ധയോടെ മൂന്നാമത്തെ പുകയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. ഇത്തവണ അയാളുടെ ചുണ്ട് നന്നായിപ്പൊള്ളി. പൊള്ളിയ ചുണ്ടുമായി അയാള്‍ പുസ്തകശാലയിലെ യുവതിയെക്കുറിച്ച് ചിന്തിച്ച് കിടന്നു.
ചുണ്ടില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ടപ്പോള്‍ അയാള്‍ എഴുന്നേറ്റിരുന്നു. ചുണ്ടിലെ നീറ്റല്‍ കൂടിക്കൂടി വന്നപ്പോള്‍ അയാള്‍ ചാരായക്കച്ചവടക്കാരി വൃദ്ധയുടെ മകളെക്കുറിച്ചോര്‍ത്തു. ഒരിക്കല്‍ അയാള്‍ അവളുടെ ചുണ്ട് കടിച്ചു മുറിച്ചിട്ടുണ്ട്. അവള്‍ക്കും അന്ന് ഇതുപോലൊരു അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ടിരിക്കാം. അയാള്‍ക്കപ്പോള്‍ അവള്‍ക്കൊപ്പം ശയിക്കണമെന്ന തോന്നല്‍ ഉണ്ടായി. ആ തോന്നല്‍ അയാളെ പൂര്‍ണ്ണമായും കീഴ്പെടുത്തി.
ഇണയെത്തേടുന്ന അയാളിലെ മൃഗം കിതച്ചുകൊണ്ട് ചാരായക്കാരി വൃദ്ധയുടെ കൂര ലക്ഷ്യമാക്കി നടന്നു. പക്ഷേ ആ രാത്രി വൃദ്ധയുടെ മകള്‍ക്കൊപ്പം മറ്റൊരു ഇണ ഉണ്ടായിരുന്നു. അവരുടെ കിതപ്പുകള്‍ മറഞ്ഞു നിന്ന് കേട്ട അയാള്‍ ഇച്ഛാഭംഗത്തോടെ തിരിച്ചു നടന്നു.
ഓവര്‍ബ്രിഡ്ജ് അവസാനിക്കുന്നിടത്ത് കിടന്ന് രണ്ടു തെരുവുപട്ടികള്‍ ഇണചേരുന്നത് അയാള്‍ കണ്ടു. വെറുപ്പോടെ അയാള്‍ ആ തെരുവുപ്പട്ടികളെ കല്ലെറിഞ്ഞു. ആണ്‍പട്ടി കുരച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിപ്പോയി. പെണ്‍പട്ടി എഴുന്നേല്‍ക്കാന്‍ കൂട്ടാതെ മോങ്ങിക്കൊണ്ട് കിടന്നിടത്ത് തന്നെ കിടന്നു.
രതിയോടുള്ള പുരുഷവര്‍ഗ്ഗത്തിന്‍റെ സമീപനം മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ തന്നെയാണെന്ന് അയാള്‍ക്ക് തോന്നി. രതിയ്ക്കിടയിലും ഇണയെ ഉപേക്ഷിച്ചോടാന്‍ മടികാണിക്കാത്ത പുരുഷന്‍. രതി ഇടയ്ക്ക് വെച്ച് മുറിഞ്ഞ സ്ത്രീയുടെ പക നിറഞ്ഞ നിരാശ അയാളെ നോക്കി രണ്ടു തവണ ശക്തമായി കുരച്ചു. അയാള്‍ എറിയുന്നത് പോലെ കൈയ്യോങ്ങിയപ്പോള്‍ പെണ്‍പട്ടി പിന്തിരിഞ്ഞോടി.
ഭ്രാന്ത് പിടിച്ചവനെപ്പോലെ മുറിയിലെത്തിയ അയാള്‍ മുരളുന്ന പങ്കയ്ക്ക് താഴെ വീണ്ടും മലര്‍ന്നു കിടന്നു. താന്‍ പുസ്തകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശയ്യാതലത്തിലാണ് കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. തന്‍റെ കാല്‍ച്ചുവട്ടില്‍ പുഞ്ചിരിച്ചുകൊണ്ട് പുസ്തകശാലയിലെ യുവതി ഇരിക്കുന്നു.
അവളുടെ കണ്ണുകളില്‍ ഇതുവരെ ഒരു സ്ത്രീയിലും കണ്ടിട്ടില്ലാത്ത കരുണയുടെ കിരണങ്ങള്‍. ഇതിന് മുന്‍പ് അങ്ങനെയൊന്ന് അയാള്‍ കണ്ടിട്ടുള്ളത് അയാളുടെ സ്വന്തം അമ്മയുടെ കണ്ണുകളില്‍ തന്നെയായിരുന്നു. പക്ഷേ അതിന്‍റെ പേര് വാത്സല്യം എന്നായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളുടെ വീര്‍പ്പുമുട്ടിക്കുന്ന ഗന്ധം അയാളെ സ്ഥലകാലബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. പുസ്തകങ്ങള്‍ കൊണ്ടുള്ള ശയ്യയും പുസ്തകശാലയിലെ യുവതിയും തനിക്കരികിലില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
കാരണമില്ലാതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ക്കൊന്ന് ഉറക്കെ വാവിട്ട് കരയണമെന്ന് തോന്നി. പക്ഷേ അയാള്‍ക്കതിന് കഴിഞ്ഞില്ല. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അടുത്ത പ്രഭാതത്തില്‍ അയാള്‍ വളരെ വൈകിയാണ് എഴുന്നേറ്റത്. തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്നും അയാള്‍ ഒരു ചായവാങ്ങിക്കുടിച്ചു. പറ്റ് ബുക്കിലെഴുതാന്‍ പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞ കടക്കാരന്‍റെ കറുത്തമുഖത്തേക്ക് നോക്കാതെ അയാള്‍ ക്ഷേത്രത്തിലേക്ക് നടന്നു.
ക്ഷേത്രക്കുളത്തില്‍ പോയി കുളിച്ചിട്ട് ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളേയും പ്രതീക്ഷിച്ച് അയാള്‍ നിന്നു. അയാള്‍ക്ക് അന്നൊരു ഫ്രഞ്ചുകാരി ഫോട്ടോഗ്രാഫറെ കിട്ടി. വൈകുന്നേരം വരെ അവര്‍ക്കൊപ്പം അയാള്‍ നഗരത്തില്‍ കറങ്ങി. അയാള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടി. ഫ്രഞ്ചുകാരി പോയതിന് ശേഷം അയാള്‍ നേരെ മദ്യശാലയിലേക്ക് പോയി.
മദ്യത്തിന്‍റെ ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ തലേന്നാള്‍ തന്നെ പിടിച്ചു പുറത്താക്കിയ നടത്തിപ്പുകാരെ തെറി വിളിച്ചു തുടങ്ങി. അയാളുടെ തെറിവിളി അസഹ്യമായപ്പോള്‍ നടത്തിപ്പുകാര്‍ അയാളെ കയ്യേറ്റം ചെയ്തു. അയാള്‍ അവരെ തിരിച്ചു തല്ലി. തല്ല് കൊണ്ട് അവശരായി കിടക്കുന്ന മദ്യശാല നടത്തിപ്പുകാരുടെ മുഖത്തേക്ക് കുപ്പിയിലെ അവശേഷിക്കുന്ന മദ്യം തളിച്ചിട്ട് അയാള്‍ പുറത്തേക്കിറങ്ങി.
ആദ്യം വന്ന ബസില്‍ കയറി അയാള്‍ ഓവര്‍ബ്രിഡ്ജ് ബസ് സ്റ്റോപ്പില്‍ ഇറങ്ങി. ചാരായക്കാരി വൃദ്ധയുടെ കൂരയില്‍ എത്തി അവരുടെ മുഖത്തേക്ക് രണ്ട് നൂറിന്‍റെ നോട്ടുകള്‍ അയാള്‍ വലിച്ചെറിഞ്ഞു. വൃദ്ധ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ മുഖത്തെ അപ്പോഴത്തെ ഭാവം കണ്ട് വൃദ്ധയുടെ ചിരി വിളറിപ്പോയി. തറയില്‍ കിടന്ന നോട്ടുകള്‍ എടുത്തിട്ട് വൃദ്ധ അയാളെ അകത്തേക്ക് ക്ഷണിച്ചു. ഒരു പഴകിയ ബഞ്ചില്‍ അയാള്‍ ഇരുന്നു.
വൃദ്ധ അയാളുടെ മുന്നിലേക്ക് ചാരായക്കുപ്പി കൊണ്ടുവന്നു വെച്ചു. ഗ്ലാസ്സിലേക്ക് അവര്‍ ചാരായം പകര്‍ന്നു കൊടുത്തു. അത് അയാള്‍ മോന്തിക്കഴിഞ്ഞപ്പോള്‍ വൃദ്ധയുടെ നിര്‍ദേശ പ്രകാരം അവരുടെ മകള്‍ അയാള്‍ക്ക് തൊട്ടുകൂട്ടാനായി മീന്‍കറിയും കപ്പപ്പുഴുക്കുമായി എത്തി. അവളെത്തിയതും വൃദ്ധ പുറത്തേക്ക് പോയി.
അയാള്‍ക്ക് മുന്നില്‍ വൃദ്ധയുടെ മകള്‍ കപ്പപ്പുഴുക്കും മീന്‍കറിയും വെച്ചു. അയാളെ ഒന്ന് പ്രലോഭിപ്പിക്കാനെന്നോണം അവള്‍ അഴിഞ്ഞമുടി വാരിച്ചുറ്റി. മത്സ്യത്തിന്‍റെ ഉളുമ്പ് പാടപോലെ പൊങ്ങിക്കിടക്കുന്ന മീന്‍കറി യാതൊരു ഉളുപ്പുമില്ലാതെ അയാള്‍ തൊട്ടു നാവില്‍ വെച്ചു. മീന്‍കറിയുടെ എരിവ് അയാളുടെ ചുണ്ടുകളെ നീറ്റിച്ചു. അയാളപ്പോള്‍ അവളുടെ തടിച്ചുമലര്‍ന്ന ചുണ്ടുകളിലേക്ക് നോക്കി. അത് മനസ്സിലാക്കിയിട്ടെന്നോണം അവള്‍ കീഴ്ചുണ്ട് കടിച്ചമര്‍ത്തി.
അവള്‍ മുന്നോട്ട് കുനിഞ്ഞ് ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് ചാരായം പകര്‍ന്നു. അവളുടെ രണ്ടാമത്തെ പ്രലോഭനം. അവള്‍ അയാളുടെ തൊട്ടരികില്‍ ഇരുന്നു. ഒറ്റവലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കിയിട്ട് ഒരിക്കല്‍ക്കൂടി അയാള്‍ മീന്‍കറി തൊട്ടുനക്കി. തന്‍റെ തൊട്ടടുത്തിരിക്കുന്ന മാംസളതയിലൂടെ അയാളുടെ ഇടതുകൈ ഒരു വിടനെപ്പോലെ പരതി നടന്നു. അവള്‍ അയാള്‍ക്ക് രണ്ടു തവണകൂടി ചാരായം ഒഴിച്ചുകൊടുത്തപ്പോള്‍ കുപ്പി കാലിയായി. അവള്‍ ബഞ്ചില്‍ നിന്നും എഴുന്നേറ്റ് ഇടുങ്ങിയ മുറിയുടെ വാതിലിന് മുന്‍പില്‍ ചെന്ന് നിന്നു. എന്നിട്ട് അയാളെ കണ്ണുകള്‍ കൊണ്ട് ക്ഷണിച്ചു. അവളുടെ മൂന്നാമത്തെ പ്രലോഭനം.
അയാള്‍ ഉറയ്ക്കാത്ത കാലുകളോടെ എഴുന്നേറ്റ് വേച്ച് വേച്ച് അവളുടെ അരികില്‍ എത്തി. വീഴാതിരിയ്ക്കാന്‍ അവള്‍ അയാളെ താങ്ങിപ്പിടിച്ചു നിര്‍ത്തി. അയാളുടെ വിരിഞ്ഞ നെഞ്ചിലൂടെ അവളുടെ വിരലുകള്‍ പരതി നടന്നു. അയാളുടെ കുപ്പായത്തിന്‍റെ കീശയില്‍ അവശേഷിക്കുന്ന നോട്ടുകള്‍ അവള്‍ കൈക്കുള്ളിലാക്കി.
അയാളവളോട് വീണ്ടും ചാരായം ആവശ്യപ്പെട്ടു. മുറിയ്ക്കുള്ളില്‍ അയാളെ പിടിച്ചിരുത്തിയിട്ട് അവള്‍ വീണ്ടും ചാരായവുമായി എത്തി. അയാള്‍ വീണ്ടും ചാരായം ആര്‍ത്തിയോടെ കുടിച്ചു. ചുണ്ടിലെ നീറ്റല്‍ അയാള്‍ക്കപ്പോള്‍ ഒരു തരിപ്പായി അനുഭവപ്പെട്ടു. അവള്‍ കിടക്കയില്‍ ചരിഞ്ഞു കിടന്നു.
അവളുടെ വൃത്തികെട്ട കാല്‍പാദത്തില്‍ അടിഞ്ഞിരിയ്ക്കുന്ന ചെളി കണ്ടപ്പോള്‍ അയാള്‍ക്ക് ഓക്കാനം വന്നു. തികട്ടി വന്നത് പിടിച്ചു നിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ ശര്‍ദ്ദിച്ചു. അവള്‍ പെട്ടെന്ന് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റപ്പോള്‍ അയാള്‍ വീണ്ടും വീണ്ടും ശര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. വാതില്‍ തുറന്ന് അവള്‍ മുറിക്ക് പുറത്തേക്ക് പോയി. അല്‍പ്പസമയത്തിനകം വൃദ്ധ പ്രാകിക്കൊണ്ട് അകത്തേക്ക് വന്നു. ഒരു പഴന്തുണി കൊണ്ട് അവര്‍ അയാളുടെ ഛര്‍ദ്ദില്‍ തുടച്ചെടുത്ത് വൃത്തിയാക്കാന്‍ തുടങ്ങി. കുപ്പിയിലെ അവശേഷിക്കുന്ന ചാരായം വായിലേക്ക് കമഴ്ത്തിയിട്ട് അയാള്‍ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി.